തിരുവനന്തപുരം
തിരുവനന്തപുരം നഗരത്തിനുള്ളിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് കെഎസ്ആർടിസി പുതിയ സർവീസുകൾ തുടങ്ങുന്നു. 27 മുതൽ വിവിധ ഡിപ്പോകളിൽനിന്ന് 21 പുതിയ റൂട്ടുകളിലാണ് സർവീസുകൾ തുടങ്ങുന്നത്. മെഡിക്കൽ കോളേജ്, ആർസിസി, ശ്രീചിത്ര, എസ്എടി തുടങ്ങിയ ആശുപത്രികളിൽ അതിരാവിലെ എത്താൻ കഴിയുംവിധം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നുമാണ് കൂടുതൽ സർവീസുണ്ടാകുക. ആശുപത്രി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ഇടയിൽ സർവേ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർവീസ്.
പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, വിതുര, കുളത്തൂപ്പുഴ, ആര്യങ്കാവ്, വെള്ളനാട്, വെള്ളറട, പൂവാർ, വിഴിഞ്ഞം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, കണിയാപുരം, പാലോട് എന്നിവിടങ്ങളിൽനിന്ന് രാവിലെ ആറിന് ഒപിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസുകൾ ക്രമീകരിക്കുക. ഒപിയിലെ പരിശോധനയ്ക്കുശേഷം തിരികെ പോകാനായി പകൽ 11 മുതൽ മൂന്നുവരെ 15 മിനിറ്റ് ഇടവേളയിൽ പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് എന്നീ പ്രദേശങ്ങളിലേക്ക് തിരികെ സർവീസ് ഉണ്ടാകും. ഈസ്റ്റ് ഫോർട്ടിൽനിന്ന് തമ്പാനൂർ ബസ് ടെർമിനൽ വഴി മെഡിക്കൽ കോളേജിലേക്കും സർവീസ് നടത്തും. രാവിലെ ഏഴുവരെയുള്ള സർവീസുകൾ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിൽ വരെ സർവീസ് നടത്തും.
ഒരു മാസത്തെ പരീക്ഷണ സർവീസിനുശേഷം വേണമെങ്കിൽ സർവീസുകളിലും സമയക്രമത്തിലും മാറ്റംവരുത്തുമെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സ്‌കൂൾ ഓഫ് മാനേജ്‌മെന്റാണ് സർവേ നടത്തിയത്.
കെഎസ്ആർടിസിയെ ആശ്രയിക്കുന്നവർ വിവിധ സ്ഥലങ്ങളിൽ ബസ് ഇറങ്ങിയും കയറിയും കാൽനടയായിട്ടുമൊക്കെയാണ് ആശുപത്രിയിൽ എത്തുന്നതെന്നും രാവിലെ ഏഴിനുമുമ്പ് ഒപിയിൽ എത്താനാകാത്തതിനാൽ പലരും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നുവെന്നും സർവേയിൽ കണ്ടെത്തിയിരുന്നു.

Most Read

  • Week

  • Month

  • All