വേമ്പനാട് കായലിന്റെ ആഴം കുറഞ്ഞതായി പഠനം

കൊച്ചി
നദികളിൽനിന്നുള്ള ചെളിയും മണ്ണും അടിഞ്ഞുകൂടി വേമ്പനാട് കായലിന്റെ ആഴവും ശേഷിയും വൻതോതിൽ കുറഞ്ഞതായി പഠനം. ആലപ്പുഴ– തണ്ണീർമുക്കം ഭാഗം ഉൾപ്പെടുന്ന വേമ്പനാട് സൗത്ത് സെക്ടറിലെ 82 ശതമാനം മേഖലകളിലും കായലിന്റെ ആഴം രണ്ടുമീറ്ററിൽ കുറവാണ്‌. ഇത്‌ കുട്ടനാട്ടിൽ പ്രളയത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായും പഠനം പറയുന്നു.  കുഫോസിലെ സെന്റർ ഫോർ അക്വാട്ടിക് റിസോഴ്സ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ സമിതിയുടെതാണ്‌ കണ്ടെത്തൽ. 2018ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഡോ. വി എൻ സഞ്ജീവന്റെ നേതൃത്വത്തിലുള്ള സമിതിയാണ്‌ പഠനം നടത്തിയത്.

പാടശേഖരങ്ങൾ അതിരുകെട്ടി ബലപ്പെടുത്തിയപ്പോൾ നദികളിലെ ചെളിയും മണ്ണും നേരിട്ട്‌ കായലിലേക്ക്‌ ഒഴുകിയെത്തുന്നതാണ്‌ ആഴം കുറയാൻ ഒരു കാരണം.  90 വർഷത്തിനിടെ വെള്ളം ഉൾക്കൊള്ളാനുള്ള കായലിന്റെ ശേഷി 85.7 ശതമാനം കുറഞ്ഞു. കുറഞ്ഞ ആഴം 0.6 മീറ്ററും പരമാവധി 6.73 മീറ്ററുമാണ്. സംസ്ഥാന തുറമുഖവകുപ്പിന്റെ ഹൈഡ്രോഗ്രഫിക് സർവേ വിഭാഗവുമായി ചേർന്നായിരുന്നു ഇക്കോ സൗണ്ടിങ് സർവേ.

കടലിലേക്കു വെള്ളം പുറന്തള്ളാനുള്ള ശേഷി തോട്ടപ്പള്ളി സ്പിൽവേക്ക്‌ കുറവാണ്‌. പ്രളയജലം ഒഴുകിപ്പോകാൻ മറ്റൊരു ഔട്ട്‌ലൈറ്റിനുള്ള സാധ്യത പരിശോധിക്കണം. അച്ചൻകോവിൽ, പമ്പ, മണിമലയാറുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം മറ്റൊരു ഔട്ട്‌ലെറ്റ് വഴി കടലിലേക്ക് ഒഴുക്കിയാൽ കുട്ടനാട്, ചേർത്തല പ്രദേശങ്ങളിൽ പ്രളയഭീഷണി കുറയും. മൂന്നു നദികളെയും ബന്ധിപ്പിച്ച് പുറക്കാട് കായൽ ഭാഗത്തുനിന്ന് ഔ‌ട്ട്‌ലെറ്റ് പണിയാം.

 

Most Read

  • Week

  • Month

  • All