സമരകേന്ദ്രങ്ങളെ ഒറ്റപ്പെടുത്തി കര്‍ഷക സമരത്തിലെയ്ക്ക് കര്‍ഷകര്‍ എത്തുന്നത് തടയാനുള്ള ഡല്‍ഹി പൊലീസിന്റെ ശ്രമങ്ങളെ ചെറുത്ത് സംഘടനകള്‍. കല്‍നടയായി അടക്കം ആയിരക്കണക്കിന് കര്‍ഷകരാണ് ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തികളിലെയ്ക്ക് എത്തുന്നത്.സമരകേന്ദ്രങ്ങളെ ഒറ്റപ്പെടുത്തി കമ്പി വേലികള്‍ക്കുള്ളില്‍ ബന്ധിക്കാനാണ് ഡല്‍ഹി പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. കര്‍ഷകരാകട്ടെ ഈ വെല്ലുവിളിയെയും മറികടക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി. ആറാംതിയതി നടക്കുന്ന വഴിതടയല്‍ സമരം വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഊര്‍ജ്ജിതമാക്കിയത്. രാജ്യം എമ്പാടും ഉള്ള സമരത്തോട് അനുഭാവം പുലര്‍ത്തുന്ന സംഘടനകളുടെ സഹായം ഇതിനായി കര്‍ഷക സംഘടനകള്‍ തേടി.സമരകേന്ദ്രങ്ങളിലെ കര്‍ഷകരെ ഭയപ്പെടുത്തി വിരട്ടിയോടിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ കരുതേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. ജാട്ട്, കര്‍ഷക സംഘടനകളുടെ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം.യുപി, ഹരിയാന എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചേര്‍ന്ന അഞ്ചാമത്തെ മഹാപഞ്ചായത്ത് സമ്മേളനമായിരുന്നു ജിന്ദിലേത്. രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും മഹാപഞ്ചായത്തുകള്‍ ചേര്‍ന്നു. ഇതിനിടെ, പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള അക്കൗണ്ടുകള്‍ അനുമതിയില്ലാതെ പുനഃസ്ഥാപിച്ചതില്‍ വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനു നോട്ടിസ് അയച്ചു. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പു നല്‍കി. ആറാം തിയതി നടക്കുന്ന വഴിതടയല്‍ സമരത്തെ നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

Most Read

  • Week

  • Month

  • All