ഫെബ്രവരി 3 ബുധനാഴ്ച
നമസ്‌കാരം, ആസാദി ന്യൂസ് ഡസ്‌ക്. ആസാദി വാർത്തയിലേക്ക് സ്വാഗതം 

പ്രധാന വാർത്തകൾ
ഇരുട്ടടിയായി പാചകവാതകവിലയും കൂട്ടി; സിലണ്ടറിന് കൊച്ചിയിൽ 739 രൂപ
ഇന്ന് 6102 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26 ആയി കുറഞ്ഞു
പെട്രോളിയം, പാചകവാതകം വിലവർധനവിനെതിരെ ആറിന് എൽഡിഎഫ് പ്രതിഷേധം
പുറത്ത് നിന്ന് വരുന്നവർക്ക് ഏഴ് ദിവസം ക്വാറന്റൈൻ നിർബന്ധം, എട്ടാം ദിവസം കോവിഡ് പരിശോധന
ബിജെപി സ്ഥാനാർഥിയായി മത്സരിക്കും: ജേക്കബ് തോമസ്
കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി ആശാൻ അന്തരിച്ചു
സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാദേശിക വികസന സാധ്യതകൾ തേടി ജില്ലാ പഞ്ചായത്ത് വികസന സെമിനാർ
പരമ്പരാഗത വ്യവസായമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെന്ന് മുഖ്യമന്ത്രി
2000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന ടെക്‌നോസിറ്റിയുടെ നാലാം ഘട്ടം ഉദ്ഘാടനം ചെയ്തു.

വാർത്തകൾ വിശദമായി
പെട്രോൾ ഡീസൽ വിലക്ക് പിറകെ ജനത്തിന് ഇരുട്ടടി നൽകി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 726 രൂപയാണ് പുതിയ വില. വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.
കാസർക്കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ഉം. നേരത്തെ 701 രൂപയായിരുന്നു സിലിണ്ടറിനുണ്ടായിരുന്നത്. ഡിസംബറിലാണ് ഇതിനു മുമ്പ് വില വർധിപ്പിച്ചത്. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവർധന കൂടിയാണിത്.


കേരളത്തിൽ ഇന്ന് 6102 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂർ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂർ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസർഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6341 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി . 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 393 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പാചകവാതകം, പെട്രോൾ വിലക്കയറ്റത്തിനെതിരെ ഫെബ്രുവരി ആറിന് നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ എൽഡിഎഫ് പ്രതിഷേധ സംഗമം നടത്തും. ഇന്ധനവില നിത്യേന കൂട്ടിയും പാചകവാതക വില മാസം തോറും വർദ്ധിപ്പിച്ചും കേന്ദ്ര ബിജെപി സർക്കാർ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോൾ രാജ്യത്ത് വില കൂട്ടി നടത്തുന്ന പകൽക്കൊള്ള ജനങ്ങളോടുള്ള ക്രൂരതയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.


സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവർ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് ് ആരോഗ്യവകുപ്പ്. ഇതിൽ യാതൊരു ഇളവും സംസ്ഥാന സർക്കാർ നൽകുന്നില്ല. ക്വാറന്റൈൻ പൂർത്തിയായ ശേഷം എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണം. പോസിറ്റീവായാൽ ആരോഗ്യകേന്ദ്രങ്ങളിലോ വീട്ടിലോ കഴിയാം. ആശാ വർക്കറോ അടുത്തുള്ള സാമൂഹ്യാരോഗ്യ കേന്ദ്രം വഴിയോ വീടുകളിൽ കഴിയുന്ന രോഗികൾക്ക് ചികിത്സയെത്തും.
രാജ്യത്തിന് പുറത്തുനിന്ന് വരുന്നവർക്കും ഇതേ ക്വാറന്റൈൻ നിയമമാണ് ഉള്ളത്. എന്നാൽ നിലവിൽ ബ്രിട്ടനിൽ നിന്ന് വരുന്നവർക്ക് സംസ്ഥാനത്ത് 14 ദിവസത്തെ ക്വാറന്റൈനാണുള്ളത്. അതിവേഗ വ്യാപന സാധ്യതയുള്ളതും ജനിതക മാറ്റം സംഭവിച്ചതുമായ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനാലാണിത്. അതേസമയം ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് പുറത്തുനിന്ന് കേരളത്തിലെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമല്ല.

ബിജെപി സ്ഥാനാർഥിയായി ചിഹ്നത്തിൽ മൽസരിക്കാൻ താൽപര്യമുണ്ടെന്ന് മുൻ ഡിജിപി ജേക്കബ് തോമസ് ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്നതിൽ ചർച്ചകൾ തുടരുകയാണ്. ബിജെപി അംഗത്വം പാർടിയാണ് നൽകേണ്ടതെന്നും ജേക്കബ് തോമസ് പറഞ്ഞു. ബിജെപി രാജ്യം ഭരിക്കുന്ന പാർടിയാണ്. വികസനത്തിൽ കേരളം മുന്നോട്ട് പോകണമെന്നും ജേക്കബ് തോമസ് പറഞ്ഞു.

പ്രശസ്ത കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി ആശാൻ(80) അന്തരിച്ചു. സ്ത്രീ വേഷം കൊണ്ടു കഥകളി പ്രേമികളുടെ മനം കവർന്ന മാത്തൂരിന്റെ നളചരിതത്തിലെ ദമയന്തി, ദുര്യോധന വധത്തിലെ പാഞ്ചാലി, കർണശപഥത്തിലെ കുന്തി തുടങ്ങിയ വേഷങ്ങൾ പ്രശസ്തമാണ്.
കേന്ദ്ര സംസ്ഥാന സംഗീതനാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചു. കഥകളി പരിശീലന കേന്ദ്രമായ കുടമാളൂർ കലാകേന്ദ്രത്തിൽ അധ്യാപകനും പ്രിൻസിപ്പലുമായിരുന്നിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള വികസന പദ്ധതികളിലൂടെ ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതികളുടെ ഭാഗമായാണ് സഹകരണ മേഖലയുടെ പങ്കാളിത്തത്തോടെയുള്ള പ്രാദേശിക വികസന സാധ്യതകൾക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ മുന്നോടിയായി സംഘടിപ്പിച്ച വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ധനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഇ വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കാപ്പാട്- പെരിങ്ങളായി നീർത്തട മണ്ണ് ജല സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് നടക്കും. കാപ്പാട് കൃഷ്ണ വിലാസം യു പി സ്‌കൂളിൽ നടക്കുന്ന പരിപാടി തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. കാപ്പാട് - പെരിങ്ങളായി, കൂടത്തുംതാഴെ, തയ്യിൽ, മുണ്ടയാട്-പടന്ന, തിലാന്നൂർ- ആദികടലായി എന്നിങ്ങനെ നാല് നദീതടങ്ങൾ ചേർന്നാണ് കനാമ്പുഴ നദീതടം രൂപപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ കാപ്പാട് - പെരിങ്ങളായി നീർത്തടത്തിലെ മണ്ണ് ജല സംരക്ഷണ പദ്ധതിയാണ് നടപ്പാക്കുന്നത്. നബാർഡിന്റെ
ധനസഹായത്തോടെ 181 കോടി രൂപ ചെലവിലാണ് പദ്ധതി.

പരമ്പരാഗത വ്യവസായമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമ്പരാഗത വ്യവസായമേഖലാ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഖാദിഗ്രാമം സ്ഥാപിക്കുന്നത് പരിഗണിക്കും. ഖാദി ക്ഷേമനിധിയുടെ ഭാഗമായി നൽകാനുള്ള കുടിശ്ശിക പ്രശ്നം പരിഹരിക്കും. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കമീഷൻ ആവശ്യമെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും. വനംവകുപ്പിന്റെ കൈവശമുള്ള സ്ഥലങ്ങളിൽ കശുമാവ് വളർത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി ഇ പി ജയരാജൻ ഓൺലൈനിൽ പങ്കെടുത്തു. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ സംബന്ധിച്ചു.

ശാസ്ത്രസാഹിത്യ പരിഷത് വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്ര സാംസ്‌കാരികോൽസവത്തിന്റെ ഭാഗമായുള്ള ആയിരം ക്ലാസുകൾക്ക് ഞായറാഴ്ച തുടക്കമാകും. വൈകീട്ട് ഏഴിന് ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ക്ലാസ് കർഷക സമര നേതാവ് വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സുരക്ഷയും കർഷക സമരവും എന്ന വിഷയത്തിൽ ഡോ ജിജു പി അലക്‌സ് ക്ലാസെടുക്കും. 20 മുതൽ 28 വരെയാണ് ജില്ലയിൽ അമ്പത് കേന്ദ്രങ്ങളിൽ ഒരാഴ്ച നീണ്ടു നിൽകുന്ന സാംസ്‌കാരികോൽസവവും ആയിരത്തോളം കേന്ദ്രങ്ങളിൽ ക്ലാസും നടക്കുന്നത്.


എ പി ജെ അബ്ദ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ആസ്ഥാനത്തിന്റെ നിർമ്മാണോദ്ഘാടനം ഈ മാസം നടക്കും. ജനുവരി 22 ന് സർവവലാശാലയ്ക്കായി വിളപ്പിൽശാലയിൽ 100 ഏക്കർ ഏറ്റെടുത്ത സർക്കാർ വിജ്ഞാപനം ഇറങ്ങിയിരുന്നു. ഐ ബി സതീഷ് എംഎൽഎയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഇടപെടലുകളുടെ ഭാഗമായാണ് ഫെബ്രുവരിയിൽ നിർമ്മാണോദ്ഘാടനം നടത്തുന്നത് . ആയിരത്തിലധികം കോടി ചെലവഴിച്ച് ലോകോത്തര നിലവാരത്തിലുള്ള ഗ്രീൻ ക്യാമ്പസ് എന്ന കാഴ്ച്ചപ്പാടോടു കൂടിയാണ് ആസ്ഥാനം സ്ഥാപിക്കുക.


ടെക്നോപാർക്കിന്റെ നാലംഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിൽ രണ്ടു ലക്ഷം ചതുരശ്രയടിയിൽ നിർമിച്ച 'കബനി' സജ്ജം. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 2000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. 23 കമ്പനികൾ കബനിയിൽ സ്ഥലം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഐടി ഇടത്തിന്റെ വിസ്തീർണം ഇതോടെ 102 ലക്ഷം ചതുരശ്രയടിയായി.

പ്രധാന വാർത്തകൾ വീണ്ടും
ഇരുട്ടടിയായി പാചകവാതകവിലയും കൂട്ടി; സിലണ്ടറിന് കൊച്ചിയിൽ 739 രൂപ
ഇന്ന് 6102 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26 ആയി കുറഞ്ഞു
പെട്രോളിയം, പാചകവാതകം വിലവർധനവിനെതിരെ ആറിന് എൽഡിഎഫ് പ്രതിഷേധം
പുറത്ത് നിന്ന് വരുന്നവർക്ക് ഏഴ് ദിവസം ക്വാറന്റൈൻ നിർബന്ധം, എട്ടാം ദിവസം കോവിഡ് പരിശോധന
ബിജെപി സ്ഥാനാർഥിയായി മത്സരിക്കും: ജേക്കബ് തോമസ്
കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി ആശാൻ അന്തരിച്ചു
സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാദേശിക വികസന സാധ്യതകൾ തേടി ജില്ലാ പഞ്ചായത്ത് വികസന സെമിനാർ
പരമ്പരാഗത വ്യവസായമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെന്ന് മുഖ്യമന്ത്രി
2000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന ടെക്‌നോസിറ്റിയുടെ നാലാം ഘട്ടം ഉദ്ഘാടനം ചെയ്തു.

ആസാദി വാർത്തകൾ സമാപിച്ചു. അടുത്ത വാർത്താ ബുള്ളറ്റിൻ നാളെ വൈകുന്നേരം.

Most Read

  • Week

  • Month

  • All