'ഭാവി വീക്ഷണത്തോടെ കേരളം' അന്താരാഷ്ട്ര സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ 14--ാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന് ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി കെ രാമചന്ദ്രൻ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 11 രാജ്യങ്ങളിൽനിന്നായി നൂറ്റിത്തൊണ്ണൂറിൽപ്പരം പ്രഭാഷകർ പങ്കെടുത്ത സമ്മേളനം ഭാവി കേരളം രൂപപ്പെടുത്തുന്നതിൽ ഒട്ടേറെ നിർദേശം മുന്നോട്ടുവച്ചു. പുതുതലമുറ സാമ്പത്തിക പരിവർത്തനത്തിന് സംസ്ഥാനത്തെ സജ്ജമാക്കാനുള്ള ആഹ്വാനമായിരുന്നു പ്രധാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്ത സമ്മേളനത്തിൽ നൊബേൽ സമ്മാന ജേതാക്കൾ, വ്യവസായ പ്രമുഖർ, ശാസ്ത്രജ്ഞർ, ആസൂത്രണ---സാമ്പത്തിക-- വികസന വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു. വെല്ലുവിളികൾ നേരിടാനും വിപണി സഹായത്തിനും സർക്കാരിന്റെ നേതൃത്വപരമായ പങ്ക് പ്രധാനമാണെന്ന് സമ്മേളനം വിലയിരുത്തി. കേരളത്തിന്റെ അമൂല്യ സമ്പത്തായ മാനവികത, യുക്തി എന്നിവ പ്രയോജനപ്പെടുത്തണം. പൊതുജനാരോഗ്യ സംവിധാനത്തിന്റെ നവീകരണം, സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കൽ, രോഗപ്രതിരോധത്തിന് ഊന്നൽ എന്നിവയാണ് ആരോഗ്യമേഖലയുടെ വെല്ലുവിളികൾ.
ജീനോം എഡിറ്റിങ് സാങ്കേതികവിദ്യയിൽ കാർഷിക ഉൽപ്പാദനക്ഷമതയും വിളവെടുപ്പും വർധിപ്പിക്കണം. മൃഗസംരക്ഷണ മേഖലയിൽ വൈവിധ്യവൽക്കരണം, മൂല്യവർധന, പാൽപ്പൊടി ഫാക്ടറി എന്നിവയ്ക്ക് ഊന്നലുണ്ടാകണം. 'ഇൻഡസ്ട്രി 4.0' അടിസ്ഥാനമാക്കി വ്യവസായ സാങ്കേതികവിദ്യാ പങ്ക് ഉയർത്തണം. നൈപുണ്യ നവീകരണത്തിന് ലോകമാതൃക ഉൾക്കൊള്ളണം. ഹൈ ടച്ച് ഹൈ ടെക് (എച്ച്ടിഎച്ച്ടി) സമീപനവും പ്രധാനം. വ്യക്തിഗത വിദ്യാഭ്യാസത്തിലേക്ക് പരിവർത്തനവും പഠനരീതിയായി നിർമിതബുദ്ധി അവലംബിക്കുന്നതും ഇതിലുൾപ്പെടും. ആഗോള നിലവാരത്തിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര സഹകരണത്തിനും തുല്യമായി ഉയർന്ന അക്കാദമിക് നിലവാരം കേരളം കൈവരിക്കണം. ലോക മാറ്റങ്ങൾക്കനുസൃതമായി ഐടി നയം പ്രോത്സാഹിപ്പിക്കണം.
സംസ്ഥാനത്തെ മുഴുവനായും ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി ശാക്തീകരിക്കണം. അന്താരാഷ്ട്ര വിനോദസഞ്ചാരം പൂർവസ്ഥിതിയിലെത്താൻ 2024 വരെ കാക്കണം. അതുവരെ പ്രാദേശിക ടൂറിസത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും സമ്മേളനം അഭിപ്രായപ്പെട്ടതായി ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി വേണു പറഞ്ഞു.

 

Most Read

  • Week

  • Month

  • All