കണ്ണൂർ കാലാനുസൃതമായ മാറ്റം എല്ലാ മേഖലകളെയും പോലെ ഗ്രന്ഥാലയങ്ങൾക്കും അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ നിയോജക മണ്ഡലത്തിലെ വായനശാലകൾ ഹൈടെക്ക് ആയതിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പഴയകാലത്തെ പോലെയുള്ള പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് രീതി മാറി. വായനക്കാരന്റെ അരികിലേക്ക് പുസ്തകങ്ങൾ എത്തുകയാണ്. കലാസ്വാദനവും ആശയവിനിമയവും വിരൽത്തുമ്പിൽ എത്തുമ്പോൾ ആ മാറ്റം ലൈബ്രറികൾക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലോക്ക്ഡൗൺ കാലത്ത് വീടുകളിൽ ഒതുങ്ങിയവർ അഭയം തേടിയത് പുസ്തകങ്ങളിലാണ്. പുസ്തകങ്ങൾ എത്തിച്ചു നൽകാൻ വായനശാലകൾ ശ്രമിച്ചു. എന്നാൽ വൈറസ് ബാധ കാരണം ആളുകൾ ഇ പുസ്തകങ്ങളെയാണ് ആശ്രയിച്ചത്. വായനക്കാരന്റെ ഈ മനോഭാവത്തെ ഉൾക്കൊണ്ടുള്ള മാറ്റം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ ചെലവഴിച്ചാണ് കണ്ണൂർ നിയോജക മണ്ഡലത്തിലെ 51 വായനശാലകൾ ഹൈടെക്ക് ആയി മാറ്റിയത്. വായനശാലകൾക്ക് ആവശ്യമായ ലാപ്പ്‌ടോപ്പ്, മൾട്ടിമീഡിയ പ്രൊജക്റ്റർ, പ്രിന്റർ, സൗണ്ട് സിസ്റ്റം തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ ലൈബ്രറിയിൽ കേന്ദ്രീകൃത സെർവർ സിസ്റ്റവും വീഡിയോ കോൺഫറൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.

Most Read

  • Week

  • Month

  • All