ഒന്നരവയസ്സുകാരൻ ആദിദേവിന്റെ കൈയിൽ‌ മന്ത്രി കെ കെ ശൈലജ റേഷൻകാർഡ്‌ വച്ചുകൊടുത്തപ്പോൾ ചിരി‌ക്കുകയായിരുന്നു അവൻ.  ഇരുവൃക്കകളും തകരാറിലായ ആദിദേവിന്റെ ചികിത്സയ്‌ക്ക്‌ സഹായം ലഭിക്കാനുള്ള അടിസ്ഥാനരേഖയായിരുന്നു അത്‌‌. കത്തിനശിച്ച വീടിന്റെ ആധാരം മന്ത്രിയിൽനിന്ന്‌ ഏറ്റുവാങ്ങിയ മാതാപിതാക്കളായ രാജേഷും അശ്വതിയും കണ്ണീരൊപ്പുകയായിരുന്നു ആ നിമിഷം.  വെസ്‌റ്റ്‌ എളേരി കാറ്റാംകവല കോളനിയിലെ ഈ കുടുംബത്തിന്‌ സാന്ത്വനസ്‌പർശം അദാലത്തിൽ ലഭിച്ചത്‌ പുതുജീവിതം.   

ആദിദേവിന്‌ ജന്മനാ മലമൂത്ര വിസർജന അവയവങ്ങളില്ലായിരുന്നു. വൃക്കകൾക്കും തകരാറുണ്ട്‌‌.  ജനിച്ച നാൾ മുതൽ ആശുപത്രിയിൽ. അശ്വതിയുടെ പിതാവ്‌ ബാലൻ, അമ്മ കുമ്പ എന്നിവരടങ്ങിയ കുടുംബത്തിനുള്ള ഏക വരുമാനമാർഗം  രാജേഷിന്റെ കൂലിപ്പണിയായിരുന്നു.  റേഷൻ കാർഡില്ലാത്തതിനാൽ ചികിത്സാ ആനുകൂല്യങ്ങളുമില്ല. പത്ത്‌ വർഷംമുമ്പ്‌ പട്ടികവർഗ ഫണ്ടിൽ വീട്‌ ലഭിച്ചിരുന്നുവെങ്കിലും നമ്പറില്ല. ആകെയുണ്ടായിരുന്ന മൂന്ന്‌ സെന്റ്‌ ഭൂമിയുടെ ആധാരം കത്തി നശിച്ചു.  കഴിഞ്ഞ 30ന്‌ ഭീമനടിയിൽ വില്ലേജ്‌  ക്വാർട്ടേഴ്‌സ്‌ ഉദ്‌ഘാടനത്തിനെത്തിയപ്പോഴാണ്‌ കലക്ടർ ഡോ. സജിത്ത്‌ ബാബുവിന്റെ ശ്രദ്ധയിൽ ഇക്കാര്യം വരുന്നത്‌. കലക്ടർ ഉടൻ അദാലത്തിൽ ഉൾപ്പെടുത്തി  പരിഹരിക്കാൻ നടപടി സ്വീകരിച്ചു. അഞ്ച്‌ ദിവസംകൊണ്ട്‌ കാര്യങ്ങൾ പൂർത്തിയായി. ബളാൽ രജിസ്‌ട്രാർ ഓഫീസിൽനിന്ന്‌ ആധാരത്തിന്റെ പകർപ്പെടുത്തു. പഞ്ചായത്തിൽനിന്ന്‌ വീട്ടുനമ്പർ വാങ്ങി.  റേഷൻ കാർഡ്‌ ശരിയാക്കി. വൈദ്യുതി കണക്‌ഷൻ നൽകി.  ദേശീയ ആരോഗ്യദൗത്യമിഷൻ വഴി കുഞ്ഞിനുള്ള തുടർചികിത്സ ഉറപ്പുവരുത്തുമെന്നും അറിയിച്ചു.

ഹോസ്‌ദുർഗ്‌ സിവിൽ സ്‌റ്റേഷനിൽ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ,   കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ സമാനരീതിയിൽ പരിഹാരമായത്‌ നിരവധി കുടുംബങ്ങളുടെ പ്രയാസങ്ങൾക്കാണ്‌.

 

 

Most Read

  • Week

  • Month

  • All