സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥയ്‌ക്കെതിരെയുള്ള ചൂണ്ടു വിരലാണ് ഷാനവാസ് നരണിപ്പുഴ രചനയും സംവിധാനവും നിർവഹിച്ച കരി. തലശ്ശേരിയിൽ നടക്കുന്ന 25ാ മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഷാനവാസ് നരണിപ്പുഴയോടുള്ള ആദര സൂചകമായി ഹോമേജ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
വിദേശത്തു ജോലി ചെയ്യുന്ന സുഹൃത്തിന് കരിങ്കാളി വഴിപാട് നടത്തുന്നതിന് വേണ്ടി രണ്ട് സുഹൃത്തുക്കൾ പുറപ്പെടുന്നതാണ് കഥാതന്തു. കെട്ടുപിണഞ്ഞു കിടക്കുന്ന ജാതി വ്യവസ്ഥയിലെ സങ്കീർണതയെക്കുറിച്ച് ചിത്രം ചർച്ച ചെയ്യുന്നു. ലളിതവും സരളവുമായ അവതരണത്തിന്റെ ആസ്വാദനവുമാണ് കരി. മലബാറാണ് ചിത്രത്തിന്റെ പശ്ചാത്തലം. 2015 ൽ പുറത്തിറങ്ങിയ ചിത്രം ഇതിനോടകം വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്.
ശക്തമായ രാഷ്ട്രീയം പറയുന്ന കാലിക പ്രസക്തമായ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇന്ത്യൻ സിനിമ വിഭാഗത്തിൽ തമിഴ് ചിത്രമായ കുതിരൈവാൽ, ഗോഡ് ഓൺ ദി ബാൽക്കണി, ദി ഷെപ്പേർഡ്സ് ആൻഡ് ദി സെവൻ സോങ് എന്നിവയും പ്രദർശിപ്പിച്ചു. മലയാള സിനിമ വിഭാഗത്തിൽ അറ്റെൻഷൻ പ്ലീസ്, വാങ്ക് എന്നീ ചിത്രങ്ങളും പ്രദർശനത്തിനെത്തി. കലൈഡോസ്‌കോപ്പ് വിഭാഗത്തിൽ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

 

Most Read

  • Week

  • Month

  • All