കണ്ണൂർ
കണ്ണൂർ മണ്ഡലത്തിൽ ആരംഭിച്ച കേരള മാരിടൈം അക്കാദമി ഉത്തര മലബാറിലെ പ്രധാന കോളേജായി മാറും. കപ്പൽ, ബോട്ട് മേഖലയിൽ തൊഴിൽ നേടുന്നതിന് വേണ്ടി ശാസ്ത്രീയമായി നൽകുന്ന കോഴ്‌സുകളാണ് ഇവിടെ ഉള്ളത്.
മാപ്പിളബേയിൽ തുഖമുഖ വകുപ്പിന്റെ കെട്ടിടത്തിലാണ് താൽക്കാലികമായി കോളേജ് പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടം എടുക്കുന്നതിന് ഫണ്ട് മാറ്റി വെച്ചിട്ടുമുണ്ട്. ലോകത്തിലെ കപ്പൽ വ്യവസായ ഗതാഗത മേഖലയിലെ വർദ്ധിച്ചു വരുന്ന തൊഴിലവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുതിനാണ് രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ കോളേജ് ആരംഭിച്ചത്. കേരള ഇൻലാന്റ് വെസ്റ്റൽ റൂൾ 2010 പ്രകാരം ജലയാനങ്ങളിൽ ജോലി ചെയ്യുന്നതിനാവശ്യമായ ലാസ്‌കർ, ബോട്ട് ശ്രാങ്കർ എന്നീ കോഴ്‌സുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചത്. ആറ് മാസം മുന്നേ ഉദ്ഘാടനം ചെയ്ത കോളേജിൽ കോവിഡ് കാരണം ഇപ്പോൾ ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്.
കെട്ടിടം നിർമിച്ചാൽ കൂടുതൽ നൂതന കോഴ്‌സുകൾ ആരംഭിക്കും. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്ഥാവന പ്രതീക്ഷയോടെയാണ് തീരദേശവാസികൾ കാണുന്നത്. കണ്ണൂർ മണ്ഡലത്തിൽ നിലവിൽ സർക്കാർ കോളേജുകളൊന്നുമില്ല. വലിയ ക്യാമ്പസ് സൗകര്യത്തോടെ മാപ്പിളബേയിൽ കോളേജ് സ്ഥാപിക്കാനാണ് നീക്കം. കണ്ണൂർ കോട്ടയുടെയും ആയിക്കര കടപ്പുറത്തിന്റെ സമീപത്ത് നിർമിക്കുന്ന കോളേജ് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ കൂടി ആകർഷിക്കുന്നതായിരിക്കും.
മാരിടൈം അക്കാദമി കേന്ദ്രം ഉന്നത രീതിയിൽ നിർമിക്കുകയും പുതിയ കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്യുമെന്നത് എൽഡിഎഫ് കണ്ണൂർ മണ്ഡലത്തിലെ മാനിഫെസ്റ്റോവിലെ പ്രധാന നിർദേശമാണ്. കണ്ണൂർ ആയിക്കര, അഴീക്കൽ മേഖലകളിലായി അയ്യായിരത്തോളം മൽസ്യ തൊഴിലാളി കുടുംബങ്ങളുണ്ട്. ഈ കുടുംബങ്ങളിൽ നിന്ന് തന്നെ നിരവധി വിദ്യാർത്ഥികൾക്ക് പഠനത്തിന് അവസരം ലഭിക്കും.

Most Read

  • Week

  • Month

  • All