ന്യൂഡല്‍ഹി
ഉത്തരേന്ത്യയില്‍ ചൂട് കനത്തതോടെ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരകേന്ദ്രങ്ങളില്‍ മുളവീടുകള്‍ നിര്‍മിക്കുന്ന തിരക്കില്‍ കര്‍ഷകര്‍. സിന്‍ഘു, ടിക്രി അതിര്‍ത്തികളില്‍ നൂറുകണക്കിന് മുളവീട് പൊങ്ങി. ട്രാക്ടര്‍- ട്രോളികളില്‍ കഴിഞ്ഞിരുന്നവര്‍ മുളവീടുകളിലേക്ക്മാറി. വിളവെടുപ്പ് സമയമായതിനാല്‍ ട്രാക്ടര്‍- ട്രോളികളേറെയും ഗ്രാമങ്ങളിലേക്ക് മടങ്ങി.
മുളയും മുളകെട്ട് തൊഴിലാളികളും ഹരിയാനയിലെ സൊനിപ്പത്തില്‍നിന്ന് എത്തി. മുള ചേര്‍ത്തുകെട്ടി ചുമരുകള്‍ക്ക് മുകളില്‍ പച്ചനിറത്തിലുള്ള തണല്‍വല പാകുന്നു. പകല്‍ താപനില കുറയ്ക്കാന്‍ വീടുകള്‍ക്കുള്ളില്‍ എയര്‍ കൂളറുകളും സ്ഥാപിച്ചിട്ടുണ്ട്.
10 അടി വീതിയിലും 12 അടി നീളത്തിലുമാണ് ഓരോ വീടും. തറയില്‍ മുളകള്‍ പാകി മെത്തകള്‍ വിരിക്കും. ഒരു വീട്ടില്‍ 10 പേര്‍ക്ക് ഉറങ്ങാം. ഇഷ്ടിക വീടുകളും നിര്‍മിച്ചിട്ടുണ്ട്. മെയ് മുതല്‍ സമരകേന്ദ്രങ്ങള്‍ കൂടുതല്‍ സജീവമാകുമെന്ന് പഞ്ചാബിലെ ഫത്തേഗഢ് സാഹിബില്‍ റെയിലി ഗ്രാമത്തില്‍നിന്നുള്ള ഗുര്‍ജീത് സിങ് പറഞ്ഞു. അദ്ദേഹം നവംബര്‍ മുതല്‍ സമരകേന്ദ്രത്തിലുണ്ട്.

 

Most Read

  • Week

  • Month

  • All