പെൻഷൻ വിതരണം ഇന്ന് മുതൽ ജൂൺ 5 വരെ
മെയ് മാസത്തെ സാമൂഹ്യ പെൻഷന് 728 കോടി രൂപ
പികെ ബൈജു
കണ്ണൂർ
മെയ് മാസത്തെ സാമൂഹ്യ പെൻഷൻ വിതരണം ചെയ്യുന്നതിന്
എഴുനൂറ്റി ഇരുപത്തി എട്ട് കോടി അറുപത്തി രണ്ട് ലക്ഷത്തി പതിനൊന്നിയിരത്തി ഒരുനൂറ് രൂപ (728,62,11,100 രൂപ)അനുവദിച്ച് സർക്കാർ ഉത്തരവായി.
നാൽപത്തി ഏഴ് ലക്ഷത്തി എഴുപത്തി രണ്ടായിരത്തി ഇരുനൂറ്റി എഴുപത്തി ഒമ്പത് (47,72,279) പേർക്കാണ് പെൻഷന് അർഹതയുള്ളത്. ഇതിൽ 23 ലക്ഷത്തോളം പേർ ബേങ്ക് അക്കൗണ്ട് വഴിയാണ് പെൻഷൻ സ്വീകരിക്കുന്നത്. 24 ലക്ഷത്തോളം പേർക്ക് നേരിട്ട് വീടുകളിലെത്തിച്ച് നൽകുന്നതാണ്. സഹകരണ ബേങ്ക് ജീവനക്കാരാണ് പെൻഷൻ തുക വീടുകളിലെത്തിച്ച് നൽകുന്നത്.


അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിൽ നിന്ന് അവരവരുടെ അക്കൗണ്ടിലേക്ക് മാറ്റും. പെൻഷൻ വിതരണം ഇന്നലെ തുടങ്ങി ജൂൺ 5ന് പൂർത്തീകരിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
പെൻഷൻ എല്ലാ മാസവും വിതരണം ചെയ്യുമെന്ന് സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോവിലെ പ്രധാന കാര്യവും പെൻഷൻ ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്നതും മാസത്തിൽ വിതരണം ചെയ്യുമെന്നതുമാണ്. പിണറായി സർക്കാരിന് തുടർ ഭരണം നേടികൊടുത്തതിൽ പ്രധാന പങ്ക് മാസത്തിൽ പെൻഷൻ വീട്ടിലെത്തിച്ച് നൽകിയതായിരുന്നു. അതൊടൊപ്പം ഭക്ഷ്യ കിറ്റും. മഹാമാരികാലത്തും ഈ സർക്കാർ കൂടെയുണ്ടാകും എന്ന സന്ദേശം പരത്താൻ സർക്കാരിന് സാധിച്ചു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസത്തെ പെൻഷൻ കുടിശിഖയുണ്ടായിരുന്നു.
കോവിഡ് കാലത്ത് നികുതി വരുമാനം കുറഞ്ഞിട്ടും സർക്കാർ പെൻഷൻ നൽകുന്നത് ശരിയായ മാനേജ്‌മെന്റിലൂടെയാണ്. എന്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും പെൻഷനും ഭക്ഷ്യകിറ്റും യഥാ സമയം വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

Most Read

  • Week

  • Month

  • All