ഗ്രാമ്പൂതൈകൾ ഉൽപാദിപ്പിക്കാം
എം കെ പി മാവിലായി

ഗാമ്പൂവിൽ സങ്കര ഇനങ്ങൾ ഒന്നും ഉരുത്തിരിച്ചെടുത്തിട്ടില്ല.
വാണിജ്യപരമായി ഗ്രാമ്പു അത് ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തിന്റെ പേരിനോട് ചേർത്ത് അറിയപ്പെടുന്നു. ഇതിൽ ഏറ്റവും ഗുണമേന്മയുളളത് പെനാങ്ങ് ഗ്രാമ്പുവാണ്. ഇത് കഴിഞ്ഞാൽ സാൻസിബാർ ഗ്രാമ്പുവിനും പിന്നെ മെഡഗാസ്‌ക്കർ ഗ്രാമ്പുവിനുമാണ് മാർക്കറ്റിൽ പ്രിയം.
സാധാരണയായി ഗ്രാമ്പൂ കൃഷി ചെയ്യുന്നത് വിത്ത് പാകി മുളപ്പിച്ച തൈകൾ ഉണ്ടാക്കിയാണ് . നല്ലത് പോലെ വിളഞ്ഞ് പാകമായ പഴങ്ങളിൽ നിന്നുളള വിത്തുകളാണ് തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.
പത്തു വർഷമെങ്കിലും പ്രായമുളള നല്ല വിളവ് നൽകുന്ന ആരോഗ്യമുള്ള മരങ്ങളിൽ നിന്നുമാണ് വിത്തിന് വേണ്ടി പഴങ്ങൾ ശേഖരിക്കേണ്ടത്. ജൂലൈ - ആഗസ്ത് മാസമാണ് ഇതിന് പറ്റിയ സമയം

ശേഖരിച്ച പഴങ്ങൾ
ഒന്നോ രണ്ടോ ദിവസം വെള്ളത്തിൽ കുതിർത്ത ശേഷം കനം കുറഞ്ഞ മരച്ചീളുകൾ കൊണ്ടോ വിരലുകൾ കൊണ്ടോ പുറന്തൊലി മാറ്റണം. തൊലി പൊളിച്ചു കഴിഞ്ഞാൽ കഴിവതും വേഗത്തിൽ നടണം.
വെള്ളം കെട്ടി നിൽക്കാത്ത നീർവാർച്ചയുളള പ്രദേശങ്ങളാണ് തവാരണ ഉണ്ടാക്കുന്നതിന് യോജിച്ചത്. തണുപ്പും തണലുമുളള പ്രദേശങ്ങളാണ് നല്ലത്. വിത്തുകൾ 12 മുതൽ 15 സെ. മീ അകലത്തിൽ പൊഴിയുളള ഭാഗം അടിയിലാകത്തക്കവണ്ണം 3 മുതൽ 5 സെ.മീറ്റർ ആഴത്തിൽ പാകണം. വിത്തിന്റെ മൂന്നിലൊരു ഭാഗം മണ്ണിന് മുകളിൽ വരത്തക്കവണ്ണമാണ് പാകേണ്ടത്. തണൽ ഇല്ലെങ്കിൽ പന്തലിടേണ്ടിവരും. അതിന് പുറമെ ഉണങ്ങിയ ഇലകൾ കൊണ്ടോ മറ്റോ പുതയിടുന്നത് നല്ലതാണ്. ദിവസവും നനക്കണം. നനവ് കൂടാനും ഉണക്കം ബാധിക്കാനും പാടില്ല.

പത്ത് - പതിനഞ്ച് ദിവസത്തിനകം ബീജ പത്രങ്ങൾ മണ്ണിന് മുകളിൽ കാണും. പുതയിട്ടിട്ടുണ്ടെങ്കിൽ ഈ സമയത്ത് മാറ്റണം.
ബീജപത്രങ്ങളുടെ മദ്ധ്യഭാഗത്തുള്ള ആവരണത്തിൽ നിന്നും രണ്ടു ചെറിയ മുകുളങ്ങൾ വളരാൻ തുടങ്ങിയാൽ തൈകൾ കേടുകൂടാതെ പോട്ടിങ് മിക്‌സച്ചർ
നിറച്ച പോളിത്തീൻ സഞ്ചികളിൽ മാറ്റി നടാം.
സഞ്ചികളിൽ നിറയ്ക്കാനുള്ള പോട്ടിങ്ങ് മിക് സച്ചർ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുമ്പേ തയ്യാറാക്കേണ്ടതാണ് . തുല്യ അളവിൽ മണ്ണും മണലും ഉണങ്ങിയ ചാണകപ്പൊടിയും കുട്ടി കലർത്തി തയ്യാറാക്കുന്നതാണ് പോട്ടിങ്ങ് മിക്‌സച്ചർ.
നല്ല രീതിയാൽ വളർത്തുന്ന തൈകൾക്ക് ഒന്നര-രണ്ട് വർഷം പ്രായമാകുമ്പോൾ
45 സെ.മീറ്ററിൽ കുറയാത്ത ഉയരവും രണ്ടോ മൂന്നോ ശാഖകളും ഉണ്ടായിരിക്കും. ഈ പ്രായമാണ് പറിച്ചു നടാൻ ഉത്തമം. പറിച്ചു നട്ട തൈകൾക്ക് 25 മുതൽ 50 ശതമാനം തണൽ നൽകണം.
തൈകളുടെ പരിചരണത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് സസ്യസംരക്ഷണമാണ്. തവാരണയാലോ ബാഗുകളിലോ വെളളം കെട്ടി നിൽ
ക്കാതിരിക്കാൻ ശ്രദ്ധിക്കണം. രോഗ - കീടബാധകൾ വരാതിരിക്കാനുളള മുൻകരുതലുകളും ഉണ്ടാവണം. വെള്ളത്തിൽ പൂർണ്ണമായും ലയിക്കുന്ന
19:19:19 എന്ന വളം
വളർച്ചക്കനുസരിച്ച് ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു ഗ്രാം മുതൽ 5 ഗ്രാം വരെ കലർത്തി രണ്ടാഴ്ചയിലൊരിക്കൽ ചെടികൾക്ക് നൽകുന്നത് ചെടികളുടെ കരുത്തുറ്റ വളർച്ചക്ക് ഉപകരിക്കും.
തെങ്ങിൻ തോട്ടങ്ങളിലും, കവുങ്ങിൻ തോപ്പിലും, കാപ്പിതോട്ടങ്ങളിലും ഇടവിളയായി വളർത്താൻ യോജിച്ച ഒരു വിളയാണ് ഗ്രാമ്പു

 

Most Read

  • Week

  • Month

  • All