മാനേ പുള്ളിമാനേ....
നാട്ടിലെത്തിയ പുള്ളിമാൻ ഉല്ലാസത്തിലാണ്
പത്തനംതിട്ട
''മാനേ...പുള്ളിമാനേ കാട്ടിൽനിന്ന് നാട്ടിലെത്തിയ പുള്ളിമാൻ ഉല്ലാസത്തിലാണ്. പുള്ളിമാൻ എല്ലാവരുടെയും ഹൃദയം കവർന്ന് ഓമല്ലൂരിൽ ഓടിച്ചാടി കളിക്കുന്നു. ആടും പശുവും പോത്തുമെല്ലാം ഉറ്റ ചങ്ങാതിമാർ. ആളനക്കം കണ്ടാൽ കുറ്റിക്കാട്ടിൽ ഒളിക്കും. ഓട്ടം കണ്ടാൽ വായുവിൽ പറക്കുംപോലെ.
ലോക്ഡൗണിനിടെ ആരുടെയും കണ്ണിൽ പെടാതെയാണ് ഓമല്ലൂരിൽ എത്തിയത്. നാട്ടുകാർക്ക് കൗതുകമുണർത്തിയ അതിഥിയെ പറ്റി ആദ്യദിവസം തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുശേഷം പുള്ളിമാനെ കാണാൻ നിരവധി ആളുകൾ എത്തുന്നുണ്ട്.
ഇരുപത് ദിവസം മുൻപ് കൊടുന്തറയിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ഓമല്ലൂർ ചന്തക്ക് സമീപം ഒഴിമണ്ണിൽ സൺഡേ സ്‌കൂൾ പരിസരത്ത് സമൃദ്ധമായി പുല്ലുവളർന്നു നിൽക്കുന്ന പറമ്പിൽ ഉല്ലസിച്ച് കഴിയുന്നു. തുറസായ പുൽമേടുകളിലും അർധവനങ്ങളിലും കാണപ്പെടുന്ന പുള്ളിമാൻ ഇവിടെയെത്തിയത് ഏറെ കൗതുകമുണർത്തി. വയനാട് ജില്ലയിലാണ് ഇവയെ കൂടുതലും കാണുന്നത്. ഓമല്ലൂരിലെത്തിയ പുള്ളിമാൻ തെന്മല വനമേഖലയിൽനിന്ന് വന്നതാണെന്ന് കരുതുന്നു. റാന്നി വനം ഡിവിഷനിൽനിന്ന് ദിവസേന രാവിലെയും വൈകുന്നേരവും നിരീക്ഷണവും നടത്തുന്നുണ്ട്.
പുള്ളിമാനിന് എന്തെങ്കിലും സംഭവിച്ചാൽ വന്യജീവി നിയമപ്രകാരം കേസെടുക്കുമെന്നും കടുത്ത ശിക്ഷാ നടപടി ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

 

Most Read

  • Week

  • Month

  • All