വർക്ക് ഷോപ്പുകളും എഞ്ചിൻ കോച്ചു ഫാക്ടറികളും പ്രത്യേക കോർപ്പറേഷനാക്കും
കൂടുതൽ ട്രെയിനുകൾ സ്വകാര്യ മേഖലക്ക്
പികെ ബൈജു
കണ്ണൂർ
കൂടുതൽ ട്രെയിനുകൾ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നടപടിയുമായി ഇന്ത്യൻ റെയിൽവേ.
കോവിഡ് മഹാമാരി അവസരമായി കണ്ട് റെയിൽവേ വർക്ക് ഷോപ്പുകളും എഞ്ചിൻകോച്ചു ഫാക്ടറികളും പ്രത്യേകം കോർപ്പറേഷനുകളാക്കി സ്വകാര്യവൽക്കരിക്കാനും നീക്കമുണ്ട്. 109 റൂട്ടുകളിലായി 152 ജോഡി യാത്രാ വണ്ടികൾ സ്വകാര്യ സംരംഭകർക്കു കൈമാറാനുമുള്ള ടെൻഡർ നടപടികളാണ് പുരോഗമിക്കുന്നത്. സ്വകാര്യവൽക്കരണത്തിനു അരങ്ങൊരുക്കാൻ റയിൽവെയുടെ മൂന്ന് തേജസ്സ് എക്്‌സ്പ്രസുകളെ പൊതു മേഖലാ സ്ഥാപനമായ ഐആർസിടിസിയെ ഏൽപ്പിച്ചിരുന്നു. പിന്നീടത് സ്വകാര്യ മേഖലക്ക് കൈമാറി, കോവിഡ് ലോക്ക് ഡൗൺ മാറിയിട്ടും യാത്രക്കാരുടെ കുറവിന്റെ പേരിൽ സർവ്വീസ് നിർത്തിവച്ചിരിക്കുകയാണ്. ഐആർടിസി തന്നെ ഒരു വെള്ളാനയാണെന്നും റെയിൽവേക്കു കിട്ടേണ്ട വരുമാനം ഒരു ഇടനിലക്കാരനായി നിന്ന് ഈടാക്കുകയും ധൂർത്തടിക്കുകയുമാണ് ചെയ്യുന്നതെന്ന് ഈ മേഖലയിലെ ട്രേഡ് യൂനിയൻ സംഘടനകൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. തേജസ്സ് എക്‌സ്പ്രസ്സ് സ്വകാര്യ വൽക്കരിക്കുന്നതിനെതിരെ വിവിധ സംഘടനകളും ഒറ്റക്കെട്ടായി എതിർക്കുകയും വലിയ പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. വർക്ക് ഷോപ്പുകളുടെയും ഫാക്ടറികളുടെയും കോർപ്പറേറ്റ് വൽക്കരണത്തിനെതിരെ രാജ്യത്താകമാനം റെയിൽവേ ജീവനക്കാരും കുടുംബാംഗങ്ങളും പ്രക്ഷോഭത്തിലാണ്.
ട്രെയിനും അനുബന്ധ മേഖലകളും സ്വകാ ര്യവൽക്കരിക്കുന്നതിനെതിരെ 1974 മാതൃകയിൽ ശക്തമായ പ്രക്ഷോഭത്തിനാണ് സംഘടനകളുടെ ഐക്യ വേദി രൂപം കൊടുത്തിരിക്കുന്നത്. കോവിഡ് കാലത്ത് ആയിരക്കണക്കിന് ജീവനക്കാരാണ് മരണപ്പെട്ടത്. നിരവധി പേർക്ക് കോവിഡ് ബാധിച്ചു. ഇതിനിടയിലും റെയിൽവേ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ട് പോകാൻ ജീവൻ പണയം വെച്ച് ജീവനക്കാർ ജോലിയിൽ മുഴുകുകയാണ്. യാത്രാ വണ്ടികളിൽ കുറവുണ്ടായ സന്ദർഭങ്ങൾ കുടിശ്ശികയായിരുന്ന ട്രാക്ക് അറ്റകുറ്റ പണികൾ ചെയ്തും കൂടുതൽ ചരക്കു വണ്ടികൾ ഓടിച്ചും റയിൽവെയുടെ പ്രവർത്തനം കൂടുതൽ സുരക്ഷിതമാക്കുന്നതിനും ചരക്കുകടത്തലിലും പാർസൽ കടത്തലിലും റെക്കോർഡ് വരുമാന വർധനവുണ്ടാക്കുന്ന തിനുമാണ് ജീവനക്കാർ പ്രവർത്തിച്ചത്. എന്നാൽ യൂണിയനുകൾ ഉന്നയിച്ചിട്ടുള്ള എതിർപ്പ് കണക്കിലെടുക്കാനോ ചർച്ചകൾക്ക് പോലുമോ തയ്യാറാകാതെ കോവിഡ് കാലത്തു തന്നെ സ്വകാര്യവൽക്കരണം സാധ്യമാകണമെന്ന വാശിയോടെ റെയിൽവേ മുന്നോട്ട് പോകുകയാണ്.
സ്വകാര്യവൽക്കരണത്തിന് മുന്നോടിയായി ട്രെയിനുകൾ സ്വകാര്യവൽക്കരിക്കുന്ന നടപടികൾ പൂർത്തിയായെന്നും ജൂലൈ അവസാനത്തോടെ തീരുമാനം നടപ്പാക്കുമെന്നാണ് റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞത്. ് പത്ത് കമ്പനികൾ യോഗ്യത നേടിയിട്ടുണ്ടന്നും അവർക്കുള്ള സാമ്പത്തിക ടെൻഡർ മാത്രമാണ് ഇനി പൂർ ത്തീകരിക്കാനുള്ളതെന്നും ചെയർമാൻ സാക്ഷ്യപ്പെടുത്തുന്നു.
ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ വണ്ടികൾ ഓടിക്കാൻ കഴിയുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ലോകസഭയെയും രാജ്യസഭയെയും നോക്ക് കുത്തിയാക്കിയാണ് തീരുമാനങ്ങൾ സർക്കാർ എടുക്കുന്നത്.
യോഗ്യത നേടിയ കമ്പനികൾ റോളിങ് സ്റ്റോക്ക് സംഭരണത്തിനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. സതേൺ റെയിൽവേയിൽ ചെന്നൈ -മധുരൈ, -കന്യാകുമാരി -തിരുനെൽവേലി കോയമ്പത്തൂർ -തൃച്ചി -മംഗ്ലൂർ, -സെക്കന്തരാബാദ് -മുംബൈ -ഡൽഹി തുടങ്ങി 11 റൂട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ ഓട്ടാനുള്ള തയ്യാറെടുപ്പിലാണ് സതേൺ റെയിൽവേ. ചെന്നൈ താംബരവും തൊണ്ടിയർപേട്ടും സ്വകാര്യ ട്രെയിനുകൾക്കായി നാമ നിർദേശം ചെയ്തതായും പറയുന്നുണ്ട്.
റെയിൽവേ സ്വകാര്യവൽക്കരണത്തിൽ നിന്ന് വിവിധ രാജ്യങ്ങൾ പിൻമാറി വീണ്ടും ദേശസാൽക്കരണത്തിലേക്ക് പോകുമ്പോഴാണ് ഇന്ത്യൻ റെയിൽവേ 13ലക്ഷം ജീവനക്കാരുടെ ഒറ്റക്കെട്ടായ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ടു മുന്നോട്ട് പോകുന്നത്.

Most Read

  • Week

  • Month

  • All