പഞ്ചായത്ത് ലൈബ്രറികൾ നശിക്കുന്നു
പി കെ ബൈജു
കണ്ണൂർ
സംസ്ഥാനത്തെ പഞ്ചായത്ത് ലൈബ്രറികളിൽ ഭൂരിഭാഗവും നാശത്തിന്റെ വക്കിലേക്ക്.
ജീവനക്കാരുടെ ശ്രദ്ധ ഇല്ലാത്തതിനാൽ പുസ്തകങ്ങളും ഫർണിച്ചറുകളും നശിക്കുകയാണ്. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾക്കും മറ്റ് ഇടപെടലുകൾക്കും ഉപയോഗിക്കാൻ പര്യാപ്തമാക്കേണ്ട ലൈബ്രറികളെയാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്.
66 ലൈബ്രറികളിൽ മാത്രമാണ് പിഎസ് സി നിശ്ചയിച്ച ് ലൈബ്രേറിയൻമാരുള്ളത്. കണ്ണൂർ ജില്ലയിലെ വളപട്ടണം പഞ്ചായത്ത് ലൈബ്രറി മാതൃകയിൽ ഒറ്റപ്പെട്ട ലൈബ്രറികൾ മാത്രമാണ് നല്ല പ്രവർത്തനം കാഴ്ചവെക്കുന്നത്. പിഎസ് സി നിയമനമില്ലാത്ത മറ്റ് ലൈബ്രറികളിൽ താൽക്കാലികമായി ലൈബ്രേറിയൻമാരെ നിശ്ചയിച്ചിരുന്നു. പത്ത് വർഷം കഴിഞ്ഞതിന് ശേഷം പതിനൊന്നിന പരിപാടിയുടെ ഭാഗമായി അവരെ പഞ്ചായത്ത് സ്ഥിരപ്പെടുത്തിയെങ്കിലും ലൈബ്രറിയുടെ ചുമതല ഇവർക്ക് നൽകിയില്ല. പകരം പഞ്ചായത്തിലെ ഓഫീസ് പ്രവർത്തനമാണ് ഇവർ നടത്തുന്നത്. കേരളത്തിലെ പഞ്ചായത്ത് വകുപ്പിൽ ഗ്രേഡ് 4 വിഭാത്തിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് നിമയനത്തിനായി പി.എസ്.സി. 2019 ഓഗസ്റ്റ് മാസത്തിൽ കാറ്റഗറി നമ്പർ 539 / 2019 പ്രകാരം പതിനാല് ജില്ലകളിലേക്കും റാങ്ക് ലിസ്റ്റ് പ്രസ്ദ്ധീകരിക്കുകയുണ്ടായി . ലിസ്റ്റ് നിലവിൽ വന്ന് രണ്ട് വർഷം പൂർത്തിയാകാറായിട്ടും ഈ ലിസ്റ്റിൽ നിന്നും കോഴിക്കോട് ജില്ലയിൽ മാത്രമാണ് രണ്ട് നിയമനം നടന്നത്. മറ്റൊരു ജില്ലയിലും ഒന്നാം റാങ്ക് കാർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല . ഒഴിവുകൾ ഇല്ല എന്നുള്ളതാണ് പറയപ്പെടുന്നകാരണം. കേരളത്തിലെ 941 പഞ്ചായത്തുകളിലാണ് 66 പഞ്ചായത്തുകളിൽ പോസ്റ്റ് പി.എസ്.സി യ്ക്ക് നൽകിയത്.
താൽക്കാലിക നിയമനം നടന്നവരിൽ ഭൂരിഭാഗവും വേണ്ടത്ര വിദ്യാഭ്യാസ യോഗ്യത ഉള്ളവരല്ല .ലഭിച്ച വിവരാവകാശ രേഖകൾ പ്രകാരം എഴാം ക്ലാസ്സ് മുതൽ വിവിധ ഡിപ്ലോമ കോഴ്‌സുകൾ കഴിഞ്ഞവർ ഉണ്ട് .എന്നാൽ പി.എസ്.സി ലിസ്റ്റിൽ ഉള്ളവർ എല്ലാം തന്നെ ലൈബ്രറി സയൻസിൽ യോഗ്യത നേടിയവരാണ്. ഇവരിൽ തന്നെ ഭൂരിഭാഗവും ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞവരാണ്.
പുസ്തക വിതരണം എന്നതിലുപരി വിവിധ ഓൺലൈൻ സേവനങ്ങൾ നൽകാനും , താഴേ തട്ടിൽ ആദിവാസി, കാർഷിക മേഖലകളിൽ ഉൾപ്പടെ വിവിധ പദ്ധതികളിലും യോഗ്യനായ ഒരു ലൈബ്രേറിയന്റ സേവനം കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കും .പഞ്ചായത്ത് പരിധിയിൽ വരുന്ന സ്‌കൂളുകൾ ഇപ്പോൾ ഉന്നത നിലവാരത്തിലേക്ക് മാറിയെങ്കിൽ പോലും കുട്ടികളുടെ വായനയെ പ്രോൽസാഹിപ്പിക്കാനും വേണ്ട സൗകര്യങ്ങൾ നൽകാൻ ഒരു സ്‌കൂളിലും യോഗ്യരായ ലൈബ്രേറിയൻമാരില്ല.
പഞ്ചായത്ത് ലൈബ്രേറിയൻമാരുണ്ടെങ്കിൽ ഇവരുടെ പ്രവർത്തനങ്ങളെയാകെ ഏകോപിപ്പിക്കാൻ സാധിക്കും. മാത്രമല്ല ഗ്രാമീണ ലൈബ്രറികളെയും ഇവരുടെ സഹായത്താൽ വിവര സാങ്കേതിക കേന്ദ്രമാക്കി മാറ്റാൻ സാധിക്കും.
നിലവിൽ ഉള്ള ലിസ്റ്റിൽ ഓരോ ജില്ലയിലും 30 ൽ താഴേ ആളുകൾ മാത്രമാണ് ഉള്ളത് ഇവരിൽ ഭൂരിഭാഗവും ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാൻ പ്രായപരിധി അനുവദിക്കുന്നവരല്ല.
വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നാവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നേതൃത്വത്തിൽ തദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി.

Most Read

  • Week

  • Month

  • All