മുന്തിരി എന്ന ശ്രേഷ്ഠ ഫലം
എംകെപി മാവിലായി
കവികളും കലാകാരമാരും മറ്റു ഫലങ്ങളേക്കാൾ കാൽപ്പനിക ഛായ മുന്തിരിക്ക് ചാർത്തി കൊടുത്തിട്ടുണ്ട്. സോളമന്റെ ഗീതങ്ങളിലെ കാതരയായ ഇടയകന്യകയുടെ പ്രണയം പൂക്കുന്ന മുന്തിരിത്തോട്ടം അവാച്യമായ ഒരു കാവ്യാനുഭവമാണ്. മുന്തിരിങ്ങ മധുരങ്ങളിൽ രാജനും, ഔഷധങ്ങളിൽ ഉത്തമവുമാണ്.'ദ്രാക്ഷാ ഫലോത്തമാ ' എന്നാണ് ആചാര്യമതം. ബൈബിൾ ഉൾപ്പെടെ പല ഗ്രന്ഥങ്ങളിലും പരാമർശിച്ചിട്ടുള്ള മുന്തിരി പുരാതന കാലം മുതലേ കൃഷി ചെയ്തു വന്നിരുന്ന പഴച്ചെടിയാണ്. ഇത് ആഹാരമായും ഔഷധമായും ലഹരിയായും ആഗോള വ്യാപകമായി ഉപയോഗിച്ചിരുന്നു. ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന മുന്തിരിയുടെ എഴുപത് ശതമാനത്തിലേറെയും വൈൻ ഉൽപ്പാദനത്തിനാണ് ഉപയോഗിക്കുന്നത്.
ജോർജിയയിലാണ് മുന്തിരി ആദ്യമായി കൃഷി ചെയ്തിരുന്നതെന്നാണ് വിശ്വാസം. പുരാതന ഗ്രീക്ക് , റോമൻ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്നു ഈ വള്ളിച്ചെടി. പശ്ചിമേഷ്യയിലും യൂറോപ്പിലും ഇത് വ്യപകമായി കൃഷി ചെയ്തു വരുന്നു. ലോക രാജ്യങ്ങളിൽ ഇറ്റലിയാണ് മുന്തിരിയുടെ ഉൽപ്പാദനത്തിൽ ഒന്നാമത്. മഹാരാഷ്ട സംസ്ഥാനമാണ് നമ്മുടെ രാജ്യത്ത് ഏറ്റവും അധികമായി മുന്തിരി ഉൽപ്പാദിപ്പിക്കുന്നത്. കൂടാതെ തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ പ്രദേശങ്ങളിലും, കർണ്ണാടക, ആന്ധ്രാപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, കാശ്മീർ , പഞ്ചാബ് എന്നിവിടങ്ങളിൽ മുന്തിരി കൃഷി ചെയ്യുന്നുണ്ട്.
കേരളത്തിൽ
കുറഞ്ഞ രീതിയിലാണെങ്കിലും പാലക്കാട്, ഇടുക്കി, തൃശൂർ ജില്ലകളിലെ മഴനിഴൽ പ്രദേശങ്ങളിൽ മുന്തിരി കൃഷി ചെയ്തു വരുന്നുണ്ട്. പലരും ഇപ്പോൾ കൗതുകത്തിനായി മുന്തിരി വളർത്തി വരുന്നുണ്ട്.
ലോകമാകെയുളള ക്രിസ്തീയ ദേവാലയങ്ങളിലെ ആരാധനാകത്തിൽ മുന്തിരി വീഞ്ഞ് ഒരു പ്രധാന ഘടകമാണ്.
വൈറ്റേസിയേ (്ശമേരലമല) സസ്യകുടുംബത്തിൽപ്പെട്ട മുന്തിരിയുടെ ശാസ്ത്രനാമം വൈറ്റിസ് വിനിഫെറ (്ശശേ െ്ശിശളലൃമ) എന്നാണ്.


സസ്യ വിവരണം
വൃക്ഷങ്ങളിലോ പന്തലിലോ പടർന്നു വളരുന്ന ബഹുവർഷ വളളിച്ചെടിയാണ് മുന്തിരി . കട്ടി കുറഞ്ഞ ഇലകളാണ് മുന്തിരിക്ക്. ഇലകൾക്ക് വൃത്താകാരമോ ഹൃദയാകൃതിയോ ആണ്. ഇലയുടെ അരികുകൾ ദന്തുരമായിരിക്കും. മുട്ടുകളിൽ നിന്നും ഉണ്ടായി വരുന്ന സ്പ്രിങ്ങ് പോലെയുള്ള വളളി ഉപയോഗിച്ചാണ് ചെടി പടർന്ന് പന്തലിക്കുക.ഇളം പച്ചനിറത്തിൽ കുലകളായി ഉണ്ടാവുന്ന പൂക്കൾ സുഗന്ധികളാണ്. പൊതുവെ മെയ്-ജൂൺ മാസങ്ങളിലാണ് മുന്തിരി പൂവിടുന്നത്. പൂക്കൾ ഒരു മാസത്തിനുളളിൽ കായ്കളായി മാറുന്നു.വേനൽക്കാലമാണ് വിളവെടുപ്പ് കാലം. കറുപ്പ്, കടുംനീല, പച്ച, പിങ്ക് തുടങ്ങിയ നിറങ്ങളിലുള്ള മുന്തിരിയിനങ്ങൾ ഇന്ന് കൃഷി ചെയ്തു വരുന്നുണ്ട്. ഭക്ഷ്യാവശ്യത്തിനുള്ള ടേബിൾ മുന്തിരി, വൈൻ നിർമ്മിക്കുവാനുളള വൈൻ മുന്തിരി എന്നിങ്ങനെ മുന്തിരിയെ രണ്ടു ഗ്രൂപ്പുകളായി വിശേഷിപ്പിക്കാറുണ്ട്.

കൃഷി രീതി
നമ്മുടെ നാട്ടിലെ ഉയർന്ന ഈർപ്പാവ സ്ഥയും മഴക്കാലങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴയും മുന്തിരി കൃഷിക്ക് അത്ര അനുയോജ്യമല്ല. പഴത്തിന് അമ്ലത കൂടുകയും രുചിയിൽ കുറവ് വരികയും ചെയ്യും. തണുപ്പുളള വരണ്ട കാലാവസ്ഥയാണ് കൃഷിക്ക് ഏറ്റവും അനുയോജ്യമായി കണ്ടിട്ടുള്ളത്.
മുന്തിരിയിൽ ഒട്ടേറെ ഇനങ്ങൾ പ്രചാരത്തിലുണ്ട്. കുരുവില്ലാത്ത മുന്തിരിയിനങ്ങളാണ് തോംസൺ സീഡ് ലെസ്, പൂനാ സീഡ് ലെസ്, ബ്യൂട്ടി സീഡ് ലെസ് എന്നിവ.
പച്ച മുന്തിരി ഇനങ്ങളാണ് അനാബി ശാഹി, പച്ച ദ്രാക്ഷി, അർക്ക ഹൻഡ്, പെർലറ്റ്, പൂസ ഐശ്വര്യ, പൂസ ഉർവ്വശി എന്നിവ. പ്രധാനപ്പെട്ട ഉണക്ക് മുന്തിരി ഇനങ്ങളാണ് സുൽത്താന, തോംസൺ സീഡ് ലെസ്, പൂസാ സീഡ് ലെസ്, അർക്ക കാഞ്ചൻ എന്നിവ. വീഞ്ഞ് തയ്യാറാക്കുവാൻ പറ്റിയവയാണ് റൂബി റെഡ്, ബ്യൂട്ടി സീഡ് ലെസ്, ബ്ലാക്ക് ചമ്പ, ഹാന്റസി , ബാംഗ്‌ളൂർ ബ്ലൂ എന്നിവ.
മുന്തിരിയുടെ തണ്ടുകളാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്.ഒരു വർഷം പ്രായമെത്തിയ പെൻസിൽ വണ്ണമുളള വള്ളികൾ മുറിച്ചെടുത്ത് 25-30 സെ.മീറ്റർ വലുപ്പമുള്ള കഷണങ്ങളാക്കണം. ഇത് കെട്ടാക്കി ഈർപ്പമുളള മണലിൽ ഒരു മാസത്തോളം ചായ്ച്ച് വെച്ചതിന് ശേഷം സാധാരണ പോലെ വളക്കൂറ് വരുത്തിയ മണ്ണ് നിറച്ച കവറിൽ നട്ട് വേരു പിടിപ്പിക്കാം. തണ്ടിന്റെ ഒരു മുട്ട് മാത്രം മണ്ണിന് മുകളിലും ബാക്കിയുള്ളവ മണ്ണിന്നടിയിലും വരുന്ന വിധത്തിൽ നടണം. ഇവ നന്നായി തളിർപ്പുകൾ വന്ന ശേഷം സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം.
. തൈകൾ നടാനായി 60 സെ.മീറ്റർ സമചതുരത്തിലുള്ള കുഴികൾ തയ്യാറാക്കണം. ഇത് മേൽമണ്ണും ചാണകപ്പൊടിയും ചേർത്ത മിശ്രിതം കൊണ്ട് നിറക്കണം.കഴിയുടെ മധ്യത്തിൽ വേരുപിടിപ്പിച്ച തൈ നടാം. ഇവ മുകളിലേക്ക് വളർന്നു തുടങ്ങിയാൽ പന്തൽ ഒരുക്കി അതിൽ പടർത്തി കയറ്റണം. പന്തലിന്റെ ഉയരം രണ്ട് മീറ്ററാകാം. വള്ളികൾ പന്തലിൽ പടർന്നു കയറിയ ശേഷം കായ്പിടുത്തം കൂട്ടുന്നതിനും വളർച്ച കമീകരിക്കുന്നതിനും വളളികളിൽ കാലാകാലങ്ങളിൽ പ്രൂണിംഗ് നടത്തണം. ഏപ്രിൽ-മെയ്, ഒക്ടോബർ - നവംബർ മാസങ്ങളിലായി രണ്ടു തവണയാണ് വർഷത്തിൽ മുന്തിരി പ്രൂൺ ചെയ്യേണ്ടത്. ഒരു വർഷത്തെ വളർച്ചയെത്തിയതും പെൻസിൽ വണ്ണത്തിലുമുള്ളതുമായ വള്ളികളിലാണ് കായ്കൾ ഉണ്ടാവുക.
എല്ലാ വർഷവും മുന്തിരി കൃഷിക്ക് വളം ചെയ്യണം. ജൈവ വളങ്ങളായ കംബോസ്റ്റ്, കാലിവളം, എല്ലുപൊടി, പിണ്ണാക്ക് വളങ്ങൾ എല്ലാം ഉപയോഗിക്കാം. വേനൽക്കാലത്ത് നനക്കണം. പൂവിടുമ്പോഴും കായ്കൾ ഉണ്ടാവുമ്പോഴും മണ്ണിൽ ഈർപ്പം നിലനിൽക്കണം.
നമ്മുടെ കാലാവസ്ഥയിൽ വർഷത്തിൽ രണ്ടു തവണയായി മുന്തിരിയുണ്ടാവാറുണ്ട്. വേനൽക്കാലത്ത് ലഭിക്കുന്ന മുന്തിരിക്ക് നല്ല മധുരം കാണും. ഈർപ്പമുള്ള കാലാവസ്ഥയിൽ കിട്ടുന്നതിന് പുളി അൽപ്പം കൂടും. മുന്തിരി നട്ട് വളവും വെള്ളവും നൽകി പരിപാലിച്ചാൽ ഒന്നര - രണ്ട് വർഷമാകുമ്പോൾ കായ്കൾ ലഭിച്ചു തുടങ്ങും. മുന്തിരി നന്നായി പഴുത്ത് കിട്ടാൻ ഉയർന്ന താപനില ആവശ്യമാണ്. നന്നായി പഴുത്ത ശേഷമേ ചെടിയിൽ നിന്നും കായ്കൾ ശേഖരിക്കാവൂ.


പോഷക , ഔഷധ ഗുണങ്ങൾ
മുന്തിരിപ്പഴത്തിൽ കൊളസ്‌ട്രോളും കൊഴുപ്പും തീരെ ഇല്ല . കാർബോഹൈഡ്രേറ്റ് 6 ഗ്രാം, ഡയറ്റി നാരുകൾ ഒരു ഗ്രാം, പഞ്ചാസാര 1.9 ഗ്രാം മാംസ്യം ഒരു ഗ്രാം എന്നിങ്ങനെ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളിൽ വിറ്റാമിൻ സി യാണ് കൂടുതലായുളളത്.കൂടാതെ വിറ്റാമിൻ എ, വിറ്റാമിൻ ബി ഇനങ്ങൾ . വിറ്റാമിൻ ഇ, കെ എന്നിവയും ഈ ഫലത്തിലുണ്ട്. ധാതുലവണങ്ങളായ കാൽസ്യം 15.1 മി.ഗ്രാം , ഇരുമ്പ് 0.5 മി.ഗ്രാം , മഗ്‌നീഷ്യം 10.6 മി.ഗ്രാം , ഫോസ്ഫറസ് 20.2 മി.ഗ്രാം , പൊട്ടാസ്യം 28.8 മി.ഗ്രാം , സോഡിയം 3 മി.ഗ്രാം ഇവയുമുണ്ട്. ഈ പഴത്തിൽ കാണപ്പെടുന്ന വിവിധ തരം ഓർഗാനിക് അമ്ലങ്ങൾ ത്വക്കിന് നല്ല മിനുസം നൽകുന്നു. മുന്തിരിച്ചാറ് രക്തശുദ്ധി നൽകുവാൻ കഴിവുള്ളതാണ്. ഗർഭിണികൾ ഈ പഴം കഴിക്കുന്നത് അവരുടെ ആരോഗ്യത്തിനും കുട്ടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ആയുർവ്വേദ വിധികളിൽ പ്രധാനമായും ഉപയോഗിക്കുന്നത് ഉണക്കമുന്തിരിയാണ്.
മുന്തിരി വിത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ
പാചകാവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.

 

Most Read

  • Week

  • Month

  • All