തേങ്ങ പൊതിക്കാൻ നൂതന യന്ത്രവുമായി അഭിലാഷ്

കാസർഗോഡ്
തേങ്ങ പൊതിക്കാൻ ജോലിക്കാരെ കിട്ടാതെ വന്നപ്പോൾ പുതിയ യന്ത്രം തന്നെ കണ്ടുപിടിച്ചു, ഈ യുവ കർഷകൻ. ഈസ്റ്റ് എളേരി മുനയംകുന്നിലെ കാഞ്ഞമല അഭിലാഷാണ് തേങ്ങ പൊതിക്കാൻ പുതിയ യന്ത്രം കണ്ടുപിടിച്ചത്. മണിക്കൂറിൽ 1200 തേങ്ങ വരെ പൊതിക്കാം. ദിവസം പതിനായിരത്തിൽ അധികവും.
സ്ത്രീകൾക്കും ആയാസമില്ലാതെ യന്ത്രം ഉപയോഗിക്കാം. ഒരു ലിറ്റർ ഡീസൽ ഉപയോഗിച്ച് നാല് മണിക്കൂർ പ്രവർത്തിപ്പിക്കാം. ഒരേ സമയം മൂന്ന് തേങ്ങ ഒന്നര സെക്കന്റിൽ പൊതിക്കാൻ പറ്റും. ചകിരി നന്നായി ചതഞ്ഞ് നാര് രൂപത്തിൽ ലഭിക്കും. അത് ചകിരി ഫാക്ടറിക്ക് കൊടുക്കാനും പറ്റും. മൂന്നര വർഷത്തെ ഗവേഷണത്തിനൊടുവിലാണ്‌യന്ത്രം നിർമിച്ചത്.
ഏഴ് എച്ച്പി ഡീസൽ എൻജിൻ ഉപയോഗിച്ച് ഗിയറിൽ നിയന്ത്രിക്കുന്നതാണ് യന്ത്രം. ഒന്നര ടൺ ഭാരമുള്ള യന്ത്രത്തിന് എട്ടര മീറ്റർ നീളവും അഞ്ചര മീറ്റർ ഉയരവും അഞ്ചര മീറ്റർ വീതിയുമുണ്ട്. കൃഷിയിടത്തിലേക്ക് കൊണ്ടുപോകുന്നത് ട്രാക്ടറിലാണ്. ഇത് വാഹനത്തിൽ കയറ്റാനും പരസഹായം വേണ്ട. സ്വിച്ചിട്ടാൽ തനിയേ വാഹനത്തിൽ കയറും. ആവശ്യപ്പെടുന്നവർക്ക് തോട്ടത്തിൽ എത്തി തേങ്ങ പൊതിച്ചു നൽകും. കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി തോട്ടങ്ങളിൽ ഇതിനകം അഭിലാഷിന്റെ യന്ത്രം തേങ്ങ പൊതിച്ചു നൽകി. ആദ്യ സംരംഭമായതിനാൽ എട്ടര ലക്ഷത്തോളം രൂപ ചിലവായി.
സാധാരണക്കാരനും വാങ്ങി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ രൂപമാറ്റം വരുത്തി ചിലവ് കുറച്ച് യന്ത്രം നിർമിക്കാനുള്ള ശ്രമത്തിലാണ് അഭിലാഷ്. ഫോൺ: 9656204650.

 

Most Read

  • Week

  • Month

  • All