ചരിത്രത്തിലെ ഏറ്റവും വലിയ അറിവിന്റെ ശേഖരമായി സന്നദ്ധ സേവന തല്പരരായ ഉപയോക്താക്കളുടെ സഹകരണത്തോടെ അവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ടുതന്നെ വളർന്നുവന്ന സ്വതന്ത്ര സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയ ആരംഭിച്ചിട്ട് ഇന്നേക്ക് 20 വർഷം. ഇരുപതാം ജന്മദിനമാഘോഷിക്കുന്ന വിക്കിപീഡിയക്ക് ജന്മദിനാശംസകൾ.
ലോകത്തിലെ ഏറ്റവും വലിയ അറിവിന്റെ ശേഖരമാണ് വിക്കിപീഡിയ. അത് സ്വതന്ത്രമായി വായിക്കാനും പങ്കുവയ്ക്കാനും കൂട്ടായി മെച്ചപ്പെടുത്താനും കഴിയുന്ന രീതിയിൽ ലഭ്യമാണ്. സ്വതന്ത്രവും, ലോകമെമ്പാടും ഉള്ള അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ് ഇന്ന് കാണുന്ന വിക്കിപീഡിയയുടെ ഉള്ളടക്കം. നിലവിൽ 306 ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. മലയാളമടക്കം 20 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ പ്രവർത്തിക്കുന്നു. പ്രതിമാസം 280,000 ആളുകളാണ് വിക്കിപീഡിയ തിരുത്തുന്നത്. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത് എന്നാണർത്ഥം. വിക്കിപീഡിയക്കായി സേവനങ്ങൾ ചെയ്യാൻ സന്നദ്ധരായവരെ പൊതുവേ വിക്കിപീഡിയർ എന്നു വിളിക്കുന്നു.
ജിമ്മി വെയിൽസ്, ലാറി സാങർ എന്നിവർ 2001 ജനുവരി 15-നാണ് വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പര ബഹുമാനവും വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് വിക്കീപീഡിയയുടെ ശക്തി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് 2003 മുതൽ ഈ പദ്ധതി പ്രവർത്തിക്കുന്നത്. സ്വകാര്യതാ വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഈ അവസരത്തിൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വകാര്യതാനയം വളരെ പ്രസക്തമാണ്. സ്വകാര്യതയെ വളരെ ഗൗരവത്തിൽ സമീപിക്കുന്ന ഒരു ഇടമാണ് വിക്കിപീഡിയ സംരംഭം. അതുകൊണ്ടുതന്നെ ഈ സംരംഭത്തിന്റെ പങ്കെടുക്കാൻ വ്യക്തിഗത വിവരങ്ങൾ നൽകേണ്ടതില്ലെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ വിശ്വസിക്കുന്നതിനാൽ ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യാതെ തന്നെ വിക്കിപീഡിയ താൾ വായിക്കാനും, തിരുത്തുവാനും ഉപയോഗിക്കാനും സാധിക്കും.
2006-ൽ ഇംഗ്ലീഷിൽ 10 ലക്ഷം വിജ്ഞാന ലേഖനങ്ങളുമായി വിക്കിപീഡിയ ഒരു നാഴികക്കല്ല് പിന്നിട്ടു. 2007-ൽ വിക്കിപീഡിയയിൽ അമ്പത് ലക്ഷത്തിലധികമായി ഉപഭോക്താക്കളുടെ എണ്ണം. 2008-ൽ 251 ഭാഷകളിലായി 10 ലക്ഷം ലേഖനങ്ങളുമായി മറ്റൊരു ചരിത്രം കുറിച്ചു. 2017-ൽ ഒരു വെബ് ട്രാഫിക് അനാലിസിസ് കമ്പനിയായ അലക്‌സ ലോകത്തിലെ ഏറ്റവും ജനപ്രിയമായ അഞ്ചാമത്തെ വെബ്സൈറ്റായി വിക്കിപീഡിയയെ പട്ടികപ്പെടുത്തി.
ആർക്കും തിരുത്താവുന്ന വിക്കിപീഡിയയിലെ ലേഖനങ്ങളുടെ ആധികാരികതയും വിശ്വസനീയതയും എങ്ങിനെ ഉറപ്പാക്കാം എന്നുള്ള ചോദ്യങ്ങൾ വരാം. വിക്കിപീഡിയർ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ചോദ്യമാണ് ഇത്. പരിപൂർണമായും ആധികാരികതയുള്ള ഒരു വിജ്ഞാനസ്രോതസ്സുപോലും ഇല്ലെന്നുള്ളതാണ് വാസ്തവം. വിക്കിപീഡിയയും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. എങ്കിലും, വിക്കിപീഡിയയിലെ തിരുത്തലുകൾ ചില നിബന്ധനകൾക്കു വിധേയമാണ്. കഴിയാവുന്നത്ര ആധികാരികത ഉറപ്പിക്കാൻ വേണ്ടി മാത്രം കാര്യനിർവഹകരും മറ്റ് അനേകം പേർ നിരന്തരം ലേഖനങ്ങൾ പരിശോധിക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപന സമയത്ത് വിശ്വസനീയവും വസ്തുതാപരവുമായ വിവരങ്ങൾ നൽകുന്നതിനും തെറ്റായ വിവരങ്ങളെ ചെറുക്കാൻ വേണ്ടിയും വിക്കിപീഡിയയും ലോകാരോഗ്യ സംഘടനയും കൂട്ടായി പ്രവർത്തിച്ചു.
ഇരുപത് വർഷംകൊണ്ട് മറ്റൊരു വിജ്ഞാനകോശത്തിനും സാധ്യമാകാത്ത ഉയരങ്ങൾ കൈവരിക്കാൻ വിക്കിപീഡിയ സംരംഭത്തിന് സാധിച്ചത് ലോകമെമ്പാടും ഉള്ള സംയുക്ത പ്രവർത്തനത്തിന്റെ ഫലമായാണ് എന്നതിൽ ഒരു സംശയവുമില്ല. കടപ്പാട് രേഖപ്പെടുത്തിയാൽ വിക്കിമീഡിയ പദ്ധതികളിലെ ഏത് ഉള്ളടക്കവും ആർക്കും പകർപ്പവകാശഭീതിയില്ലാതെ, വ്യാപാരാവശ്യത്തിനുപോലും സ്വതന്ത്രമായി പുനരുപയോഗിക്കാം. എല്ലാവർക്കും അനന്തകാലത്തേക്കും ഉടമാവകാശമുള്ളതാണ് വിക്കിപീഡിയയിൽ ലഭ്യമായ അറിവുകളെല്ലാം. വിക്കിമീഡിയ എന്ന പ്രസ്ഥാനംതന്നെ ഏതെങ്കിലും ഒരു വ്യക്തിക്കു മാത്രമായി ഉടമാവകാശമുള്ളതല്ല. ഈ പദ്ധതികളിൽ സജീവമായി പ്രവർത്തിക്കുന്നവർ കൂട്ടായി തെരഞ്ഞെടുത്ത, വിക്കിമീഡിയ ഫൌണ്ടേഷൻ എന്നറിയപ്പെടുന്ന ഒരു നിർദേശകസമിതിയാണ് ഔദ്യോഗികമായി വിക്കിപീഡിയയുടെയും മറ്റും ഉടമസ്ഥൻ. സ്ഥാപകരിലൊരാളായ ജിമ്മി വെയിൽസിനുപോലും വളരെ പരിമിതമായ അധികാരമേ വിക്കിപീഡിയയിൽ ഉള്ളൂ.
വിക്കിഗ്രന്ഥശാല, വിക്കിമീഡിയ കോമൺസ്, വിക്കിഡാറ്റ, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകൾ തുടങ്ങിയുള്ള 13 അനുബന്ധ വിക്കിമീഡിയ പദ്ധതികളും വിക്കിപീഡിയ പോലെ പ്രമുഖമായ സ്ഥാനം വഹിക്കുന്നു.
മലയാളം വിക്കിപീഡിയ
മലയാളം വിക്കിപീഡിയ ആരംഭിച്ചത് 2002 ഡിസംബർ 21 ന് ആണ്. അമേരിക്കൻ സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം. പിയാണ് മലയാളം വിക്കിപീഡിയയുടെ മലയാളം പതിപ്പ് അവതരിപ്പിക്കാനും അത് സജീവമാക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. മലയാളം വിക്കിപീഡിയ 25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് 2012 ജൂലൈ 23-ന് പിന്നിട്ടു. 71,700ലധികം ലേഖനങ്ങൾ ഇപ്പോൾ മലയാളം വിക്കിപീഡിയയിലുണ്ട്. ഏകദേശം 328 സജീവ ഉപയോക്താക്കളാണ് മലയാളം വിക്കിപീഡിയയിൽ നിലവിലുള്ളത്.
വിക്കിഗ്രന്ഥശാല
സ്വതന്ത്ര വിവരങ്ങളടങ്ങിയ വിക്കി ഗ്രന്ഥശാല സൃഷ്ടിക്കുന്നതിനുള്ള ഒരു വിക്കിമീഡിയ സംരംഭമാണ് വിക്കിഗ്രന്ഥശാല. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശ കാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പബ്ലിക്ക് ഡൊമൈനിൽ ആക്കിയ കൃതികൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക. വിക്കിസോഴ്‌സിലെ എല്ലാ കൃതികളും ഒന്നുകിൽ പകർപ്പാവകാശരഹിതമോ അല്ലെങ്കിൽ ഗ്‌നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിക്ക് കീഴിൽ പ്രസിദ്ധീകരിച്ചതോ ആയിരിക്കും. മറ്റ് ഭാഷകളിൽ നിന്നുള്ള തർജ്ജമകളും വിക്കിസോഴ്‌സിൽ ശേഖരിക്കപ്പെടുന്നു. 2008 ഡിസംബർ വരെയുള്ള കണക്കുകളനുസരിച്ച് 56 ഭാഷകളിൽ വിക്കിഗ്രന്ഥശാല പ്രവർത്തിക്കുന്നു.
മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത കൃതികൾ സമാഹരിച്ച് വിക്കിഗ്രന്ഥശാലയുടെ സിഡി രണ്ടാം പതിപ്പ് 2013 ഒക്ടോബർ 14 പുറത്തിറക്കിയത്
2006 മാർച്ച് 29-നാണ് മലയാളം വിക്കിഗ്രന്ഥശാലയുടെ തുടക്കം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയാണ് ആദ്യമായി വിക്കിഗ്രന്ഥശാലയിൽ ചേർത്ത് തുടങ്ങിയത്. പകർപ്പവകാശം കഴിഞ്ഞ മലയാളത്തിലെ പ്രധാനപ്പെട്ട പല കൃതികളും വിക്കിഗ്രന്ഥശാലയിൽ ഇപ്പോൾ ലഭ്യമാണ്.
വിക്കിമീഡിയ കോമൺസ്
സ്വതന്ത്ര പകർപ്പവകാശ അനുമതിപത്രങ്ങൾ ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണിയാണ് വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ കോമൺസ്. വിക്കിമീഡിയ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ഈ ശേഖരിണിയിൽ ശേഖരിക്കപ്പെടുന്ന പ്രമാണങ്ങൾ വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കി പാഠശാല, വിക്കിചൊല്ലുകൾ തുടങ്ങി എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിമീഡിയ പദ്ധതികളിലും ഉപയോഗിക്കുവാനും, വേണമെങ്കിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും. 2004 സെപ്റ്റംബറിൽ വിക്കിമീഡിയ കോമൺസ് നിലവിൽ വന്നു.
വിക്കിഡാറ്റ
വിക്കിമീഡിയ സംരഭങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതും വിവിധഭാഷകളിൽ ഉൾച്ചേർന്നു പ്രവൃത്തിക്കാൻ കഴിയുന്ന തരത്തിൽ സൗജന്യവും എല്ലാവർക്കും ഉപയോഗിക്കുന്നതായി വികസിപ്പിച്ച ഒരു വിവരസംഭരണിയാണ് വിക്കിഡാറ്റ. പ്രപഞ്ചത്തിൽ ലഭ്യമായ എല്ലാത്തരം വിവരവും പരസ്പരബന്ധിതമായും അടുക്കോടെയും ലഭ്യമാക്കുന്ന വിവരസംഭരണിയാണിത്. ഇവിടെ ലഭ്യമായ എല്ലാവിവരവും പൊതുസഞ്ചയത്തിലുള്ളതാണ്. നിലവിൽ 92,016,123 ഡാറ്റ പോയന്റുകൾ വിക്കിഡാറ്റയിൽ ലഭ്യമാണ്.
അല്ലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗോർഡോൺ ആന്റ് ബെറ്റി മൂർ ഫൗണ്ടേഷൻ, ഗൂഗിൾ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി തുടങ്ങിയത്. വിക്കിമീഡിയ ഡോയ്ച്‌ലാന്റാണ് ഈ പദ്ധതിയുടെ ചുക്കാൻ പിടിച്ചത്. 2012 ഒക്ടോബർ 29ന് ഈ പദ്ധതി ആരംഭിച്ചു.
പരിപൂർണ്ണമായും സ്വതന്ത്രമായ ഡാറ്റ ശേഖരമായതുകൊണ്ടുതന്നെ ഭാവിയിൽ വരാനിരിക്കുന്ന നിർമ്മിതബുദ്ധി സാങ്കേതികവിദ്യയിലും മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയിലും പ്രധാനപ്പെട്ട പങ്കുവഹിക്കാൻ കഴിയുന്ന ഒരു പദ്ധതിയാണിത്.

 

Most Read

  • Week

  • Month

  • All