കശുമാങ്ങയിൽ നിന്നും വിവിധ വിഭവങ്ങൾ

പോഷക സമൃദ്ധമാണ് കശുമാങ്ങ. ഔഷധ ഗുണം വേറേയും. ധാരാളം ചാറും മധുരവുമുണ്ടെങ്കിലും കശുമാങ്ങയുടെ ചവർപ്പ് തൊണ്ടയിൽ കാറൽ ഉണ്ടാക്കുന്നു. നേരിട്ട് ഭക്ഷിക്കാനോ സംസ്‌ക്കരണത്തിനോ കശുമാങ്ങ വളരെ കുറച്ചുപയോഗിക്കുന്നതിന് കാരണമിതാണ്. മറ്റൊരു കാരണം ഇതെളുപ്പം ചീത്തയായി പോകുന്നു എന്നതാണ്.
കശുമാങ്ങ നേരിട്ട് ഭക്ഷിക്കാം. മുഴുവനായോ കഷണങ്ങളാക്കി ഉപ്പ് കൂട്ടിയോ കഴിക്കാം. ചെറിയൊരു ശതമാനം മാത്രമാണ് ഇപ്രകാരം ഇത് ഉപയോഗിച്ചു വരുന്നത്.

 കശുമാങ്ങ ശേഖരണം, സംസ്‌കരണം.
പഴുത്ത് പാകമായി താഴെ വീഴുന്ന കശുമാങ്ങ അന്നു തന്നെ എടുക്കണം. നിലത്ത് അധിക ദിവസം കിടന്നു പഴുത്ത് ചീഞ്ഞതോ പക്ഷി കൊത്തിയതോ ആയ കശുമാങ്ങ സംസ്‌ക്കരണത്തിന് എടുക്കരുത്. തോട്ടത്തിൽ നിന്ന് പെറുക്കിയെടുത്ത് ശ്രദ്ധയോടെ കഴുകി വൃത്തിയാക്കണം.
കശുമാവിൽ നിന്നും വീണ് കഴിഞ്ഞ് രണ്ടാം ദിവസം തന്നെ മാങ്ങ പൂർണ്ണമായും നശിച്ചു പോകുമെന്നതിനാൽ എത്രയും പെട്ടെന്ന് സംസ്‌ക്കരണത്തിന് വിധേയമാക്കേണ്ടതുണ്ട്. പ്രത്യേക സീസണിൽ മാത്രം ലഭ്യമാകുന്ന കശുമാങ്ങ മാങ്ങയായോ, നീരെടുത്ത ശേഷമോ, പൾപ്പായോ ,സൂക്ഷിച്ചു വെച്ചാൽ മാത്രമേ ആവശ്യാനുസരണം ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാൻ സാധിക്കുകയുള്ളൂ.

 
ചവർപ്പ് മാറ്റുന്ന വിധം.
വിഭവങ്ങൾ ഉണ്ടാക്കുന്നതിന് മുമ്പ് കശുമാങ്ങയിലെ ചവർപ്പ് മാറ്റണം. പാനീയാവശ്യത്തിന് കശുമാങ്ങ ഉപയോഗിക്കുമ്പോൾ , അതിൽ നിന്നെടുത്ത നീരിൽ നിന്നുമാണ് കറ നീക്കം ചെയ്യേണ്ടത്. ജലാറ്റിൻ, പോളി വിനൈൽ , സ്റ്റാർച്ച്, സ്റ്റാർച്ചിന്റെ വിവിധ രൂപങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് നീരുമായി കലർത്തി ഇളക്കിയാണ് കറ നീക്കം ചെയ്യുന്നത്.. ഇതിന് ഏറ്റവും ലളിതവും , ലാഭകരവുമായ മാർഗ്ഗം കഞ്ഞി വെള്ളം ഉപയോഗിക്കലാണ്. ഒരു ലിറ്റർ കശുമാങ്ങ നീരിന്, ഒരു കപ്പ് കഞ്ഞി വെള്ളം ചേർത്ത് 12 മണിക്കൂർ അനങ്ങാതെ വെക്കുക. കേരള കാർഷിക സർവ്വകലാശാല മറ്റൊരു രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചൗവരി 5 ഗ്രാം പൊടിച്ച് വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി തണുത്ത ശേഷം ഒരു ലിറ്റർ കശുമാങ്ങ നീരിൽ ചേർത്ത് 12 മണിക്കൂർ വെക്കണം. അപ്പോൾ നീരിലെ ടാനിൻ അടങ്ങിയ വസ്തുക്കൾ വെളുത്ത അവശിഷ്ടമായി പാത്രത്തിന്നടിയിൽ അടിഞ്ഞു കൂടും. തെളിഞ്ഞ നീര് മുകൾഭാഗത്ത് ഊറി നിൽക്കും. ഈ തെളിഞ്ഞ നീരിന് ചവർപ്പുണ്ടാകുകയില്ല.
ഇതിനൊപ്പം തന്നെ ലിറ്ററൊന്നിന് രണ്ടര ഗ്രാം പൊട്ടാസിയം മെറ്റാബൈ സൾഫേറ്റ്, 0. 8ഗ്രാം സോഡിയം ബെൻസോയേറ്റ് , 5 ഗ്രാം സിടിക് ആസിഡ് തന്നിവ കൂടി ചേർത്ത് അരിച്ചെടുത്ത ശേഷം അണുവിമുക്തമാക്കിയ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്ക് പാത്രങ്ങളിലടച്ചു വെച്ചാൽ കശുമാങ്ങ ലഭ്യമല്ലാത്ത സീസണിൽ ഉപയോഗിക്കാം.
ജാം, ക്യാൻഡി , ടൂട്ടി - ഫ്രൂട്ടി എന്നിവയുണ്ടാക്കാൻ പഴുത്ത മാങ്ങയിൽ നിന്നു തന്നെ കറ കളയണം. കഴുകി വൃത്തിയാക്കിയ മാങ്ങ അഞ്ചു ശതമാനം ഉപ്പ് (50 ഗ്രാം ഒരു ലിറ്ററിൽ )ലായനിയിൽ തുടർച്ചയായി മൂന്നു ദിവസം മുക്കിവെക്കണം. ദിവസവും കറിയുപ്പ് ലായനി പുതുതായി ഒഴിക്കാനും കശുമാങ്ങ പൂർണ്ണമായും മുങ്ങിക്കിടക്കാനും ശ്രദ്ധിക്കണം. നാലാം ദിവസം മാങ്ങ ഉപ്പുലായനിയിൽ നിന്നു മാറ്റി വെള്ളത്തിൽ കഴുകിയെടുത്ത് ഉപയോഗിക്കാം.
അച്ചാറുണ്ടാക്കാൻ കറ കളയേണ്ട പച്ചമാങ്ങ ചെറുതായി മുറിച്ചു ചെറിയ കഷണങ്ങളാക്കി 8 ശതമാനം വീര്യമുള്ള ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കണം. വൈൻ, വിനാഗിരി തുടങ്ങിയ പുളിപ്പിച്ചുണ്ടാക്കുന്ന വിഭവങ്ങൾ തയ്യാറാക്കുമ്പോൾ കരുമാങ്ങയിലെ കറ കളയേണ്ടതില്ല.
കരു മാങ്ങയിൽ നിന്ന് പാനീയങ്ങൾ ഉണ്ടാക്കുവാനായി ആദ്യം കശുമാങ്ങയിൽ നിന്നും നീരെടുക്കണം.
ഗാർഹികാവശ്യത്തിനാണെങ്കിൽ കൈ കൊണ്ട് പിഴിഞ്ഞാൽ മതി. എന്നാൽ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമ്മാണത്തിന് കൂടുതൽ അളവ് നീര് വേണമെന്നതിനാൽ (സ്‌കൂ പ്രസ്സോ , ഹൈ ഡ്രോളിക് പ്രസ്സോ ഉപയോഗിക്കണം.

കശുമാങ്ങ ജ്യൂസ്
പിഴിഞ്ഞെടുത്ത നീരിൽ മുൻപ് വിവരിച്ച ഏതെങ്കിലുമൊരു മാർഗ്ഗമുപയോഗിച്ച് കറ നീക്കം ചെയ്യണം. തുടർന്ന് ഒരു ലിറ്റർ കശുമാങ്ങ നീരിന് 0.8 ഗ്രാം സോഡിയം ബെൻസോയേറ്റ് , 60 ഗ്രാം പഞ്ചസാര, പുളിപ്പ് ആവശ്യമെങ്കിൽ ഒരു ഗ്രാം സിട്രിക്ക് ആസിഡ് അല്ലെങ്കിൽ ചെറുനാരങ്ങ നീര് എന്നീ തോതിൽ ചേർത്ത് നല്ലവണ്ണം ഇളക്കിയെടുത്ത് മൂന്ന് - നാല് മണിക്കൂർ വെച്ച ശേഷം തെളിഞ്ഞ ജ്യൂസ് ശേഖരിച്ച് കുപ്പിയിലടച്ചു വെച്ച് ഉപയോഗിക്കാം.

കശുമാങ്ങ ശീതള പാനീയം
മുക്കാൽ ലിറ്റർ വെള്ളത്തിൽ 150 ഗ്രാം പഞ്ചസാര ചേർത്ത് തിളപ്പിച്ച ശേഷം 150 മില്ലി ലിറ്റർ ചവർപ്പ് മാറ്റിയ ജ്യൂസ് ചേർത്ത് അടുപ്പിൽ നിന്നും മാറ്റി വെക്കുക. തണുത്ത ശേഷം ഒരു നുള്ള് ലെ മൺ യെല്ലോ കളർ ചേർത്ത് അരിച്ചെടുത്താൽ ഒരു ലിറ്റർ ശീതള പാനീയം തയ്യാറായി. ഈ പാനീയം കുപ്പികളിൽ നിറച്ചതിനു ശേഷം തിളപ്പിച്ച വെള്ളത്തിൽ ഇറക്കി വെച്ച് വീണ്ടും പത്ത് മിനിട്ട് സമയത്ത് വെക്കുകയാണെങ്കിൽ മൂന്നു മാസം വരെ കേടുകൂടാതെയിരിക്കും.
നാരങ്ങ, പൈനാപ്പിൾ എന്നീ ജ്യൂസുകളുമായി 3:1 അല്ലെങ്കിൽ 1:1 എന്നീ അനുപാതത്തിൽ കലർത്തിയോ, ഇഞ്ചി, ഏലക്ക തുടങ്ങിയവയുടെ സത്ത് ചേർത്തോ കശുമാങ്ങാ നീര് പാനീയമുണ്ടാക്കാൻ ഉപയാഗിക്കാം.

കശുമാങ്ങ ക്യാൻഡി
കറ മാറ്റിയ പഴുത്ത കശുമാങ്ങ ഒരു കി.ഗ്രാം, പഞ്ചസാര ഒരു കി.ഗ്രാം , സിട്രിക്ക് ആസിഡ് ഒരു ഗ്രാം, പൊട്ടാസിയം മെറ്റാബൈ സൾഫൈറ്റ് നാല് നുള്ള് എന്നിവയാണ് ഇതിനാവശ്യമായ വസ്തുക്കൾ.
ഉപ്പുവെള്ളത്തിൽ മുക്കി കറഞ്ഞ കശുമാങ്ങ, രണ്ട് നുള്ള് പൊട്ടാസ്യം മെറ്റാബൈ സൾഫൈറ്റ് ലയിപ്പിച്ച വെള്ളത്തിൽ രണ്ടു മൂന്ന് ദിവസം സൂക്ഷിക്കണം.
അതിനു ശേഷം കശുമാങ്ങ പത്തിരുപത് മിനുട്ട് വെന്തു പോകാതെ ആവി കൊള്ളിക്കണം.
തുടർന്നുമുള ചീളു കൊണ്ടോ ഫോർക്ക് കൊണ്ടോ മാങ്ങയിൽ നല്ല ആഴത്തിൽ സുഷിരങ്ങൾ ഉണ്ടാക്കണം.
250 ഗ്രാം പഞ്ചസാര ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് നല്ലപോലെ ചൂടാക്കുക. ഈ ലായനിയിൽ സിട്രിക്ക് ആസിഡും രണ്ട് നുള്ള് പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റും ലയിപ്പിക്കണം.

 
തിളക്കുന്ന പഞ്ചസാര ലായനിയിലേക്ക് മുൻപ് സൂചിപ്പിച്ച പ്രകാരം തയ്യാറാക്കിയ മാങ്ങ ഇടുക. രണ്ടാം ദിവസം മാങ്ങ പുറത്തെടുത്തതിനു ശേഷം 125 ഗ്രാം പഞ്ചസാരയിട്ട് വീണ്ടും ചൂടാക്കുക. ചൂടായിരിക്കുമ്പോൾ തന്നെ വീണ്ടും മാങ്ങ പഞ്ചസാര ലായനിയിലേക്കിടുക. തുടർച്ചയായി അഞ്ചു ദിവസം ഇത് ആവർത്തിക്കുക.
ഏഴാം ദിവസം പഞ്ചസാര ലായനിയുടെ അളവ് മൂന്നിലൊന്ന് ഭാഗമായി കുറയും. എട്ട് പത്ത് ദിവസം ഇങ്ങനെത്തന്നെ വെച്ചതിനു ശേഷം മാങ്ങ മാറ്റി തുറന്ന സ്ഥലത്ത് പോളിത്തീൻ ഷീറ്റിൽ വെച്ച് ഉണക്കണം. ഇപ്രകാരം തയ്യാറാക്കിയ കശുമാങ്ങ ക്യാൻഡി വൃത്തിയുള്ള പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.
കശുമാങ്ങ പുളിപ്പിച്ച് മദ്യം, വീഞ്ഞ്, വിനാഗിരി തുടങ്ങിയ ഉൽപ്പന്നങ്ങൾ എളുപ്പം തയ്യാറാക്കാം. നമ്മുടെ നാട്ടിൽ ഈയൊരു കാര്യത്തിൽ കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല.
കേരളത്തിനേക്കാൾ പകുതി മാത്രം കശുമാങ്ങ ഉൽപ്പാദിപ്പിക്കുന്ന ഗോവയിൽ കശുമാങ്ങ ഉപയോഗിച്ച് 'ഫെനി ' എന്ന മദ്യം നിർമ്മിച്ചു വരുന്നുണ്ടു. നിരവധി പേർക്ക് ഇത് വഴി ജോലി ലഭിക്കുന്നുണ്ട്. ലഹരി പദാർത്ഥമെന്നതിനു പരി ഒരു ഔഷധമായാണ് ഫെനിയെ അവർ കാണുന്നത്. കുട്ടികൾക്കുണ്ടാകുന്ന വിരശല്യം ,ചുമ, ജലദോഷം എന്നിവക്ക് കുമാങ്ങയിൽ നിന്നുള്ള ജ്യൂസ് പ്രയോജനപ്പെടും. പേശിവേദന, താഴ്ന്ന രക്തസമ്മർദ്ദം, ഉറക്കമില്ലായ്മ എന്നിവക്ക് കശുമാങ്ങ സത്ത് ആശ്വാസമേകും.
ഇതിന് പുറമെ ജാം, ചട്ണി, അച്ചാറുകൾ, വൈൻ, വിനാഗിരി, ജ്യൂസ് തുടങ്ങി നിരവധി മൂല്യവർധിത ഉല്പന്നങ്ങൾ കശുമാങ്ങ ഉപയോഗിച്ച് തയ്യാറാക്കുവാനുളള ലളിതമായ സാകേതിക വിദ്യ കേരള കാർഷിക സർ വ്വ കലാശാലയും മറ്റു ചില ഗവേഷണ കേന്ദ്രങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിലകൂടിയതും സങ്കീർണ്ണരുമായ ഉപകരണങ്ങൾ കൂടാതെ തന്നെ ആർക്കും പലതരം ഉൽപ്പന്നങ്ങൾ കശുമാങ്ങയിൽ നിന്നും ഉണ്ടാക്കാവുന്നതാണ്.എന്നാൽ ചുരുക്കം ചില ഉൽപ്പന്നങ്ങളൊഴികെ മറ്റെല്ലാം തന്നെ പരീക്ഷണശാലകളിൽ ഒതുങ്ങി നില്ക്കുകയാണിന്നും.
100 ഗ്രാം കശുമാങ്ങയിൽ കാർ ബോ ഹൈഡ്രേറ്റ് - 12.3 ഗ്രാം, മാംസ്യം - 0.2 ഗ്രാം, കൊഴുപ്പ് 0.1 ഗ്രാം, കാത്സ്യം -10 മില്ലിഗ്രാം , ഇരുമ്പ് -23 മില്ലിഗ്രാം , ജീവകം എ- 23 ഐ.യു., ജീവകം ബി (തയമിൻ) - 0.02 മില്ലിഗ്രാം , റൈബോഫ്‌ളേവിൻ - 0.05 മില്ലിഗ്രാം , നിയാസിൻ - 0.4 മില്ലിഗ്രാം , ജീവകം സി- 180 മില്ലിഗ്രാം എന്നിങ്ങനെ പോഷകമൂലകങ്ങൾ അടങ്ങിയിട്ടുണ്ട്.

 

Most Read

  • Week

  • Month

  • All