2022ലും കോവിഡിനെ പിടിച്ചുകെട്ടാനാകില്ല ; ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

നൂറുകോടി പ്രഭയിൽ രാജ്യം, സംസ്ഥാനം 100 ശതമാനത്തിലേക്ക്

പി കെ ബൈജു
തിരുവനന്തപുരം
രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ് 100 കോടി കടന്നു. ജനുവരി 16ന് ആരംഭിച്ച കുത്തിവയ്പ് 279 ദിവസമെടുത്താണ് 100 കോടിയിലെത്തിയത്. ഒരു ഡോസ് എടുത്തവർ 71.03 കോടി (ജനസംഖ്യയുടെ 51 ശതമാനം), രണ്ടു ഡോസും എടുത്തവർ 29.4 കോടി (21 ശതമാനം).
പ്രായപൂർത്തിയായവരിൽ 75 ശതമാനം ആദ്യ ഡോസും 31 ശതമാനം രണ്ടു ഡോസുമെടുത്തു. യുപി, ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ ദേശീയ ശരാശരിയേക്കാൾ പിന്നിൽ. ഇന്ത്യ ചരിത്രം കുറിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ചെങ്കോട്ടയിൽ ഏറ്റവും വലിയ ദേശീയപതാക ഉയർത്തിയതടക്കം ആഘോഷ പരിപാടികളും കേന്ദ്രസർക്കാർ സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും ഇന്ത്യയെ അഭിനന്ദിച്ചു.
കോവിഡ് വാക്‌സിൻ വിതരണത്തിൽ റെക്കോഡ് നേട്ടത്തിലേക്ക് കേരളം കുതിക്കുകയാണ്. ആദ്യ ഡോസ് എടുത്തവർ 95 ശതമാനമായി. രണ്ട് ഡോസും എടുത്തവർ 50 ശതമാനത്തോട് അടുക്കുന്നു. രോഗവ്യാപനം, പ്രതികൂല കാലാവസ്ഥ തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണ്‌സംസ്ഥാനം നേട്ടം കൈവരിക്കുന്നത്. ഒരു തുള്ളിപോലും ചോർന്നുപോകാതെ വാക്‌സിന്റെ പരമാവധി ഉപയോഗത്തിന് രാജ്യത്തിന്റെ അനുമോദനവും കേരളത്തിന് ലഭിച്ചു.
കേന്ദ്ര ജനസംഖ്യാ കണക്കുപ്രകാരം 18 വയസ്സ് കഴിഞ്ഞ 2.67 കോടി പേർ സംസ്ഥാനത്തുണ്ട്. ഇവരിൽ 94.15 ശതമാനം പേർക്ക് (2,51,47,655) ആദ്യ ഡോസും 46.92 ശതമാനത്തിന് (1,25,32,397) രണ്ടാം ഡോസും നൽകി. ഈ വർഷം അവസാനത്തോടെ എല്ലാവർക്കും ആദ്യ ഡോസും 2022 ജനുവരിയോടെ രണ്ടാം ഡോസും ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
പട്ടികവർഗ മേഖലയിൽ വാക്‌സിനേഷൻ സമ്പൂർണമാണ്. വയോജനങ്ങൾക്ക് വാക്സിൻ നൽകുന്നതിലും മുമ്പിലാണ്. കുട്ടികൾക്ക്‌വാക്‌സിൻ വിതരണം ഈ വർഷം തുടങ്ങുമെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. കോവിഡ് പ്രതിരോധത്തിന് ഇത് കൂടുതൽ കരുത്തുപകരും.
വാക്‌സിൻ വിതരണത്തിൽ സംസ്ഥാനത്ത് മുന്നിൽ പത്തനംതിട്ട ജില്ലയാണ്. ലക്ഷ്യമിട്ട എല്ലാവർക്കും ആദ്യ ഡോസ് നൽകി നൂറ്ശതമാനത്തിലെത്തി. 60 ശതമാനത്തിന് രണ്ടാം ഡോസും നൽകി. ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലയിലും വിതരണം 90 ശതമാനം പിന്നിട്ടു. അഞ്ച്ജില്ല ഉടൻ നൂറിലെത്തും.
അതിനിടെ ദരിദ്രരാജ്യങ്ങൾക്ക് എത്രയും വേഗം വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തിയില്ലെങ്കിൽ വരും വർഷത്തിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമെന്ന് ലോകാരോ?ഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിക്ക ഭൂഖണ്ഡങ്ങളിലും 40 ശതമാനത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചെങ്കിലും ആഫ്രിക്കയിൽ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് കുത്തിവയ്പ് എടുത്തത്. ആഗോള ജനസംഖ്യയുടെ 70 ശതമാനത്തിന് ആവശ്യമായ വാക്‌സിൻ 2021ൽ നിർമിക്കപ്പെട്ടു. എന്നാൽ, നല്ലൊരുപങ്കും സമ്പന്ന രാജ്യങ്ങൾ സ്വന്തമാക്കി. ആഫ്രിക്കയ്ക്ക് ലഭിച്ചത് ആഗോളതലത്തിൽ വിതരണം ചെയ്ത വാക്‌സിന്റെ 2.6 ശതമാനം ഡോസ് മാത്രമെന്നും ഡബ്ല്യുഎച്ച്ഒ വിദഗ്ധൻ ഡോ. ബ്രൂസ് അയ്ൽവാർഡ് ബിബിസിയോട് പറഞ്ഞു.

 

Most Read

  • Week

  • Month

  • All