ഭിന്ന ശേഷിക്കാർക്കായി 'സഹജീവനം'
ഭിന്നശേഷിക്കാരുടേയും രക്ഷകർത്താക്കളുടേയും സംരക്ഷണത്തിനായി സർക്കാർ നടപ്പാക്കുന്ന 'സഹജീവനം'പദ്ധതി പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റുന്ന പദ്ധതിയാണ്.
പ്രകൃതി ദുരന്തങ്ങളുടേയും മഹാമാരിയുടേയും പ്രയാസഘട്ടങ്ങളിൽ നാട്ടിലെ സൂക്ഷ്മ ജീവിയെപോലും സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമായി ഏറ്റെടുത്ത് പദ്ധതികൾ ആസൂത്രണം ചെയ്ത് വരുന്ന സംസ്ഥാന സർക്കാർ ഭിന്നശേഷിക്കാരുടേയും അവരുടെ രക്ഷകർത്താക്കളുടേയും സംരക്ഷണത്തിനായി വിഭാവനം ചെയ്ത പദ്ധതിയാണ് സഹജീവനമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
സമൂഹത്തിലെ ഭിന്നശേഷി വിഭാഗത്തെ സർവ്വതല സ്പർശിയായ സംരക്ഷണത്തിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ശ്രദ്ധേയമായ പരിപാടിയാണിത്. പല കാരണങ്ങളാൽ പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാർ കൊവിഡ് കാലത്ത് കൂടുതൽ പ്രയാസത്തിലായി.
അവർക്കായി പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. അതിനാൽ തന്നെ വീട്ടിലകപ്പെട്ട ഇവർക്ക് മാനസികവും വൈകാരികവുമായ പുതിയ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു. ഇതിനുള്ള പരിഹാരമായിരിക്കും ഹെൽപ് ഡെസ്‌ക്.
ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകൾ, ബഡ്‌സ് സ്‌കൂളുകൾ, വൊക്കേഷണൽ ട്രെയ്നിങ് സെന്ററുകൾ, ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചും സഹായ കേന്ദ്രങ്ങൾ ആരംഭിക്കും. ഈ കേന്ദ്രവുമായി ബന്ധപ്പെടുന്നവരുടെ ആവശ്യങ്ങളിൽ ഉടൻ നടപടി സ്വീകരിക്കാനാണ് സർക്കാർ നിർദ്ദേശം.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർ ഉണ്ടാകും. ഇവർ ഭിന്നശേഷിക്കാരെയും അവരുടെ രക്ഷിതാക്കളെയും ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിക്കുകയും ഇവ ക്രോഡീകരിച്ച് ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്യും.
കൗൺസിലിങ്, ഡോക്ടർമാരുടെ സേവനം എന്നിവയും ആവശ്യാനുസൃതം ഉറപ്പാക്കും. കുടുംബാംഗങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നടപ്പാക്കും. ഇത്തരം ഇടപെടലുകളിലൂടെ ലഭ്യമാകുന്ന വിവരങ്ങളെ ശ്രേണിബന്ധിതമായി ഏകോപിപ്പിച്ച് നിരീക്ഷിക്കുകയും അവശ്യം വേണ്ട ഇടപെടൽ നടത്തുകയും ചെയ്യും.
ഭിന്ന ശേഷിക്കാരും അവരുടെ രക്ഷിതാക്കളും നേരിടുന്ന പ്രശ്‌നങ്ങൾ പറഞ്ഞറിയിക്കാൻ സാധിക്കില്ല. അനുഭവിച്ചറിയുക തന്നെ വേണം. ഇത്തരം വിഭാഗങ്ങൾക്ക് നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെങ്കിലും ഇതെല്ലാം യഥാർത്ഥ ആവശ്യക്കാരിൽ പലപ്പോഴും എത്തുന്നില്ല. ഹെൽപ്പ് ഡസ്‌ക് തുടങ്ങി ഫലപ്രദമായാൽ ഏറെ ആശ്വാസകരമാകും.

Most Read

  • Week

  • Month

  • All