പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ നാളെ മുതല്‍ കോവിഡ് ഐപി ആരംഭിക്കും. ഇവിടെ ഒരേസമയം 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സജ്ജീകരണം പൂര്‍ത്തിയായി. കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായാണ് മെയിന്‍ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നതെന്ന് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. എം.എസ് പത്മനാഭന്‍ അറിയിച്ചു.

രോഗലക്ഷണം കുറഞ്ഞ ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികള്‍ക്കാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് എന്ന രീതിയില്‍ ചികിത്സ നല്‍കുക. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആരോഗ്യനില പരിശോധിച്ച് ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതാണ്.

നിലവില്‍ ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് ഒപിയും സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കൊവിഡ് പരിശോധന നടത്തുന്നതിനായി സജ്ജമാക്കിയ ആര്‍ടിപിസിആര്‍ ലാബിന് ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചതായും നാളെ മുതല്‍ പരിശോധന തുടങ്ങാനാകുമെന്നും മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ.എം.എസ് പത്മനാഭന്‍ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ പരിശോധന ആരംഭിക്കുന്നതോടെ ജില്ലയില്‍ കൊവിഡ് ഫലം നിലവിലുള്ളതിനേക്കാള്‍ വേഗത്തില്‍ ലഭിച്ചു തുടങ്ങും.