വൈദ്യുതി സർക്കാർ കൈവിടരുത്
രാജ്യത്തെ വൈദ്യുതിവിതരണ മേഖല സ്വകാര്യകുത്തകകൾക്ക് തീറെഴുതുന്നതിനുള്ള നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്. - ജനങ്ങളുടെ നികുതിപ്പണംകൊണ്ട് കെട്ടിയുയർത്തിയ വൈദ്യുതിവിതരണ ശൃംഖലകൾ കൈമാറി കൊള്ളലാഭം കൊയ്യാൻ വൻകിട കോർപറേറ്റുകൾക്ക് അവസരമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഒരു പ്രദേശത്ത് ഒന്നിൽ കൂടുതൽ വിതരണക്കമ്പനികളെ അനുവദിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ കഴിയുമെന്നും കമ്പനികൾ മത്സരിച്ച് ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുമെന്നും അതുവഴി വൈദ്യുതി വില കുറയുമെന്നുമുള്ള കപടവാഗ്ദാനങ്ങളാണ് നൽകുന്നത്. സ്വകാര്യ കമ്പനികൾ അവർക്ക് ലാഭം കൊയ്യാൻ കഴിയുന്ന നഗര, വാണിജ്യ- വ്യവസായ മേഖലകളിലെ വൈദ്യുതി വിതരണം നടത്താനാണ് തയ്യാറാകുക. ഉയർന്ന വൈദ്യുതി ചാർജ് താങ്ങാനാകാതെ പാവങ്ങൾ വൈദ്യുതി ഉപേക്ഷിക്കേണ്ടിവരും. കൃഷിയും ചെറുകിട വ്യവസായങ്ങളും തകരും. ഉൽപ്പാദനമേഖല മുരടിക്കും. തൊഴിലില്ലായ്മ പെരുകും. സാമ്പത്തികവളർച്ച മുരടിക്കും. വ്യവസായങ്ങളുടെ വ്യവസായമായ വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നത് രാജ്യത്തിന്റെ ഉൽപ്പാദനമേഖലയുടെ മത്സരക്ഷമത കുറയ്ക്കുന്നതിനും ഇന്ത്യൻ വിപണി വിദേശ ഉൽപ്പന്നങ്ങളുടെ പറുദീസയായി മാറുന്നതിനും ഇടയാക്കും. ആധുനിക ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഊർജരൂപമാണ് വൈദ്യുതി. താങ്ങാവുന്ന വിലയ്ക്ക് നൽകിയെങ്കിലേ കോടിക്കണക്കിന് സാധാരണക്കാർക്ക് വൈദ്യുതി ഉപയോഗിക്കാനാകൂ. വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണം സാധാരണക്കാരുടെ ജീവിതം ഇരുട്ടിലാക്കും.
കേരളത്തെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. 10,000 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിക്ക് വിവിധ ഘട്ടം പൂർത്തീകരിച്ചു. വിതരണ ലൈനുകൾ നവീകരിച്ച് തടസ്സമില്ലാത്ത ഗുണമേന്മയുള്ള വൈ ദ്യുതി ഉറപ്പുവരുത്താൻ 4036 കോടി രൂപയുടെ വൈദ്യുതി പദ്ധതി നടപ്പാക്കിവരുന്നു. ഫിലമെന്റ് രഹിത കേരളം പദ്ധതി നടപ്പാക്കി. സൗരോർജത്തിൽനിന്ന് 500 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് 'സൗര' പദ്ധതി നടപ്പാക്കിവരുന്നു. കെ- ഫോൺ, ഇ- മൊബിലിറ്റി, ഇ- സേഫ് പദ്ധതികളും നടപ്പാക്കുന്നു. എല്ലാവർക്കും വൈദ്യുതി, ഗുണമേന്മയുള്ള ഇടതടവില്ലാത്ത വൈദ്യുതി കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുക എന്നതാണ് കെഎസ്ഇബിയുടെ ലക്ഷ്യം.
കേരള മാതൃക രാജ്യമാകെ പിന്തുടരാൻ സർക്കാർ തയ്യാറാകണം.

Most Read

  • Week

  • Month

  • All