റബ്ബർ: കൂടത്തൈകൾ തയ്യാറാക്കുന്ന വിധം

റബ്ബർ കൃഷി ചെയ്യാൻ താല്പര്യമുള്ളവർ ഇന്ന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നല്ല രീതിയിൽ തയ്യാറാക്കിയ കൂട തൈകൾ വാങ്ങി നടാനാണ്. ഇതിന് മറ്റുതരത്തിലുള്ള നടീൽ വസ്തുക്കളേക്കാൾ പല മേന്മകളും ഉണ്ട്.
വേരുകൾ വളർന്നു വികസിച്ചവയായത് കൊണ്ട് കൃഷിസ്ഥലത്ത് നട്ടാൽ അവക്ക് വേഗത്തിൽ വളരാനുള്ള കഴിവുണ്ട്. നട്ട തൈകൾ എല്ലാം കേട് കൂടാതെ വളർന്നു വരും. തൈകൾ വേഗത്തിൽ വളർന്നു വരുമെന്നതിനാൽ നേരത്തെ ടാപ്പ് ചെയ്യാൻ വണ്ണമെത്തുന്നു. മരങ്ങൾ തമ്മിലുള്ള ഐക്യരൂപം കാരണം ടാപ്പിങ് തുടങ്ങുന്ന വർഷത്തിൽ തന്നെ ഭൂരിഭാഗം മരങ്ങളും ടാപ്പ് ചെയ്യാൻ സാധിക്കും.
നല്ല കൂടത്തൈകൾ തയ്യാറാക്കാൻ റബ്ബർ ബോർഡ് നൽകുന്ന നിർദ്ദേശങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പോളിത്തീൻ കൂടകൾ
പല വലിപ്പത്തിലുള്ള പോളിത്തീൻ കൂടകൾ ഉപയോഗിക്കാമെങ്കിലും 55 സെ.മീറ്റർ നീളവും 25 സെ.മീറ്റർ വീതിയും 400 ഗേജ് കനവുമുള്ള കൂടകളാണ് സൗകര്യപ്രദം. ഇതിൽ ഏതാണ്ട് 10 കി. ഗ്രാം മണ്ണ് കൊള്ളും. കറുത്ത ബാഗുകളാണ് നല്ലത്. കൂടകളുടെ താഴത്തെ പകുതിയിൽ പല ഭാഗങ്ങളിലായി ഏതാനും സുഷിരങ്ങൾ ഉണ്ടായിരിക്കണം. അമിത ജലം വാർന്നു പോകുന്നതിനും വായു സഞ്ചാരത്തിനും ഇതുപകരിക്കും.
കൂട നിറക്കൽ
ഒരു വിധം ഒട്ടിപ്പിടിക്കുന്നതും വളക്കൂറുമുളള മണ്ണാണ് കൂടകളിൽ നിറക്കേണ്ടത്. പശിമ അധികരിച്ച മണ്ണാണെങ്കിൽ അതൊഴിവാക്കാൻ മണൽ ചേർക്കണം.
വളക്കൂറ് കുറഞ്ഞ മണ്ണിൽ ചാണകപ്പൊടിയോ കംബാസ്റ്റോ ചേർത്ത് വളക്കൂറ് വർധിപ്പിക്കണം. കൂടയിൽ മണ്ണ് നിറച്ചു കൊണ്ടിരിക്കുമ്പോൾ കൂടയുടെ വശങ്ങളിൽ തട്ടിയോ ഇടക്കിടെ കൈകൊണ്ട് അമർത്തിയോ മണ്ണ് ഉറപ്പിക്കണം. മണ്ണ് ശരിയായി ഉറച്ചില്ലെങ്കിൽ നടുന്ന അവസരത്തിൽ കൂട വേർപെടുത്തുമ്പോൾ മണ്ണ് വേരിനോട് ചേർന്ന് നില്ക്കാത്തെ പൊടിഞ്ഞു പോകും. എന്നാൽ മണ്ണ് അധികമായി ഉറച്ചു പോയാൽ ജലനിർഗമനനും വായു സഞ്ചാരവും തീരെ കുറയുകയും ചെടികളുടെ വളർച്ചയെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാൽ മണ്ണിന്റെ ഉറപ്പ് ശരിയായ രീതിയിലായിരിക്കാൻ ശ്രദ്ധിക്കണം. കൂട ഏതാണ്ട് നിറയാറാകുമ്പോൾ ഓരോ കൂടയിലും 25 ഗ്രാം വീതം മസൂറിഫോസ് അല്ലെങ്കിൽ രാജ് ഫോസ് ഇട്ട് മുകൾഭാഗത്തുള്ള മണ്ണുമായി ഇളക്കി യോജിപ്പിക്കണം. ഇത് ചെടികളുടെ ശക്തമായ വേര് വളർച്ചക്ക് സഹായകമാകും.
കൂടയുടെ ക്രമീകരണം
മണ്ണ് നിറച്ച കൂടകൾ നഴ്‌സറിയിൽ ക്രമത്തിൽ അടുക്കി വെക്കണം. രണ്ടു നിരകൾ വീതം ജോഡിയായി വെക്കാം. ഒരു ജോഡി നിരകൾ തമ്മിൽ 15 സെ.മീറ്ററും നിരയിലെ കൂടകൾ തമ്മിൽ 10 സെ.മീറ്ററും അകലം നൽകുന്നത് തൈകളുടെ ആരോഗ്യകരമായ വളർച്ചക്ക് സഹായകമാണ്. രണ്ട് ജോടി നിരകൾ കഴിഞ്ഞ് ഏകദേശം രണ്ടരയടി (75 സെ.മീ.) വീതിയിൽ നടപ്പാതകൾ ഇടണം. കൂടകൾ നിരത്തിയ ശേഷം നാല് വശങ്ങളിലും കമ്പുകൾ നാട്ടി താങ്ങുകൾ കൊടുത്ത് നിർത്തുകയോ കാനകൾ ഉണ്ടാക്കി അതിൽ ഇറക്കി വയ്ക്കുകയോ ആകാം.
തറയിൽ നിരത്തുമ്പോൾ കൂടകളുടെ മുഴുവൻ ഭാഗവും മണ്ണിന് മുകളിൽ ആയതിനാൽ ബാഷ്പീകരണം മൂലം ജലം നഷ്ടമുണ്ടാവുന്നതിനാൽ വർധിച്ച തോതിലുള്ള ജലസേചനം വേണ്ടി വരും. വെയിലേൽക്കുന്നതു മൂലം കൂടപെട്ടെന്ന് കീറിപ്പോകാനും സാദ്ധ്യതയുണ്ട്. കാനകളിൽ ഇറക്കി വെച്ചാൽ ഇത്തരം കുഴപ്പങ്ങൾ ഒഴിവാക്കാം.
കാനകൾ നിർമ്മിക്കുകയാണെങ്കിൽ അതിന്റെ വീതി മണ്ണ് നിറച്ച കൂടയുടെ വ്യാസത്തിന് തുല്യവും ആഴം കൂടയുടെ നീളത്തിന്റെ മൂന്നിൽ രണ്ടും ആയിരിക്കണം. കൂടകൾ കാനയിൽ അടുക്കിയ ശേഷം കാനയിൽ നിന്നും പുറത്തെടുത്ത മണ്ണ് കൂടകളുടെ ഇടയിലിട്ട് കാന നിറക്കണം. ബാക്കി വരുന്നത് കാനക്ക് പുറത്ത് കൂടയുടെ മേൽഭാഗത്തിന് ചുറ്റുമായി കൂട്ടിയിടണം. കൂനയുടെ മേൽഭാഗത്ത് വെയിലടിച്ച് അത് പൊടിയാതിരിക്കാനും അകത്തുള്ള മണ്ണ് ചൂടാകാതിരിക്കാനും ഇത് സഹായിക്കും.

തൈകൾ നടുന്ന വിധം
നഴ്‌സറികളിൽ സ്ഥാപിച്ച കൂടകളിൽ ഒട്ടുതൈ കുറ്റികളാണ് പൊതുവെ നടുന്നത്. തായ് വേരിന് ഏതാണ്ട് 35 സെ.മീറ്റർ നീളം മതി. തൈകൾ കൂടയിൽ നട്ടു കഴിയുമ്പോൾ തായ് വേരിന്റെ അഗ്രഭാഗം കൂടയുടെ ചുവട്ടിൽ നിന്നും 10-15 സെ.മീറ്റർ ഉയർന്നിരിക്കാനാണിത്.
കൂടയുടെ മേൽഭാഗത്ത് നടുവിലായി ഏതാണ്ട് മൂന്ന് സെ.മീറ്റർ ആഴത്തിൽ മണ്ണ് വശങ്ങളിലേക്ക് മാറ്റി ഒരു ചെറിയ തടമുണ്ടാക്കണം. അതിന്റെ മദ്ധ്യത്തിൽ ചെറിയ കൂർത്ത കമ്പ് കൊണ്ട് ഏതാണ്ട് 35 സെ.മീറ്റർ ആഴമുള്ള ഒരു കുഴിയുണ്ടാക്കി അതിൽ തൈകൾ നടണം. നട്ടു കഴിയുമ്പോൾ തൈയുടെ ഒട്ടു കണ്ണിന്റെ അടിഭാഗം കൂടയുടെ വക്കിൽ നിന്ന് രണ്ടു സെ.മീറ്ററെങ്കിലും താഴെയായിരിക്കണം. ഒട്ടു കണ്ണുകൾ നടപ്പാതയുടെ നേരെ തിരിഞ്ഞിരിക്കത്തക്ക രീതിയിൽ വേണം കൂടകൾ ക്രമീകരിക്കാൻ. തൈകൾ നട്ടതിന് ശേഷം കൂടയിലെ മണ്ണ് വെള്ളം ഒഴിച്ച് നല്ലപോലെ നനക്കണം. അപ്പോൾ മണ്ണ് താഴേക്ക് അവർന്ന് വായു അറകളെല്ലാം അടയും. ഇങ്ങനെ മണ്ണ് ഒതുങ്ങിക്കഴിയുമ്പോൾ അതിന്റെ ഉപരിതലം ഒട്ടു കണ്ണിന്റെ അഭിഭാഗത്തിനു തൊട്ടു താഴെയായിരിക്കണം. കൂടുതൽ താഴ്ന്ന് പോയാൽ പുതിയതായി മണ്ണിട്ട് ഉയർത്തണം. ഒട്ടുകണ്ണ് മൂടിയിട്ടുണ്ടെന്നു കണ്ടാൽ മണ്ണെടുത്ത് മാറ്റി നിരപ്പ് ശരിയാക്കുകയും വേണം.
വിത്തുകൾ കൂടകളിൽ നടുന്ന രീതി
ഒട്ടുതൈക്കുറ്റികൾക്ക് പകരം വിത്തുകൾ നേരിട്ട് നടുന്ന രീതിയുമുണ്ട്. ഓരോ കൂടയിലും മുളപ്പിച്ച രണ്ടോ മൂന്നോ വിത്തുകൾ നടും. കൈകൾ അൽപ്പം വളർന്നു കഴിഞ്ഞാൽ നന്നായി വളരുന്ന ഒരെണ്ണം നിർത്തി ബാക്കിയുള്ളവ നീക്കം ചെയ്യണം. അഞ്ച് - ആറ് മാസം കഴിയുമ്പോൾ ഇവയിൽ ഗ്രീൻ ബഡിങ് നടത്താം. ബഡ് പിടിച്ച തൈകളുടെ മുകൾ ഭാഗം ബഡ് ചെയ്തതിന് മുകളിൽ വെച്ച് മുറിച്ചു കളയും . ഇപ്രകാരം തയ്യാറാക്കുന്ന കൂട തൈകൾക്ക് ഒട്ടുതൈക്കുറ്റിയിൽ നിന്നു വളർത്തിയെടുക്കുന്നതിനേക്കാൾ കൂടുതൽ വികാസം പ്രാപിച്ച വേരു പടലം ഉണ്ടായിരിക്കും. ഈ രീതിയിൽ കൂടത്തൈകൾ തയ്യാറാക്കാൻ ചെലവ് താരതമ്യേന കൂടുതലായിരിക്കും.

പരിചരണം
മണ്ണിൽ ജലാംശം ശരിയായ നിലവാരത്തിൽ നിലനിർത്തുന്ന രീതിയിൽ ജലസേചനം നൽകണം. കളകൾ ഒഴിവാക്കണം.തൈകൾ ആരോഗ്യകരമായി വളരുന്നതിന് ശരിയായ രീതിയിലുള്ള വളപ്രയോഗം അത്യാവശ്യമാണ്. 10- 10 - 4 - 1.5 എന്ന അനുപാതത്തിലുള്ള എൻ.പി.കെ.എംജി. മിശ്രിതം ആണ് ഇതിന് ഏറ്റവും യോജിച്ചത്. ആദ്യ ഇലകൾ വളർന്ന് മൂപ്പെത്തിയതിനു ശേഷമാണ് ആദ്യ തവണത്തെ വളമിടൽ നടത്തേണ്ടത്. തുടർന്ന് നാലാഴ്ചയിലൊരിക്കൽ എന്ന ക്രമത്തിൽ വളമിടാം. ആദ്യ തവണ 15 ഗ്രാം വീതവും രണ്ടാം തവണ 20 ഗ്രാം വീതവും തുടർന്നുള്ള ഓരോ തവണയും 30 ഗ്രാം വീതവും വളം നൽകാം.
തൈകൾ തോട്ടത്തിലേക്ക് മാറ്റി നടുന്നതിന് തൊട്ടു മുമ്പുള്ള ഒരു മാസക്കാലം വളം ഇടരുത്. അങ്ങനെ ചെയ്താൽ തൈകൾ ഇളക്കിയെടുക്കാൻ സമയമാകുമ്പോൾ അവയ്‌ക്കെല്ലാം പുതിയ തളിരിലകൾ ഉണ്ടായി തോട്ടത്തിൽ നടാൻ പറ്റാത്ത അവസ്ഥയിൽ ആയിപ്പോകും.
കൂടയിലെ മണ്ണിന് മുകളിൽ കൂടയുടെ അരികുകളിലായി വളമിട്ടതിനു ശേഷം വെള്ളം ആവശ്യത്തിന് ഒഴിച്ചു കൊടുക്കണം. ഒട്ടു കണ്ണിൽ വളർന്നു വരുന്ന മൃദുവായ കിളിർപ്പിലും ഇലകളിലും വളം വീഴാതിരിക്കാൻ ശ്രദ്ധിക്കണം.

തണൽ നൽകൽ
തൈകൾക്ക് തണൽ ആവശ്യമാണ്. തണലുള്ള സ്ഥലത്താണ് നഴ്‌സറി തയ്യാറാക്കുന്നതെങ്കിൽ കൃത്രിമമായി തണൽ നൽകേണ്ടതില്ല. അല്ലാത്ത ഇടങ്ങളിൽ തണൽ നൽകാനുളള സംവിധാനമൊരുക്കണം.
വേനൽക്കാലം കഴിഞ്ഞാലുടനെയോ തൈകൾ നടീലിനായി എടുക്കുന്നതിന് ഒരു മാസം മുൻപെങ്കിലുമോ ചെടികൾക്ക് സൂര്യ പ്രകാശം പൂർണ്ണമായി കിട്ടാനുള്ള സാഹചര്യം സൃഷ്ടിക്കണം. മുഴുവൻ തണലും ഒരുമിച്ച് മാറ്റുന്നതിനേക്കാൾ ഘട്ടംഘട്ടമായി തണൽ ഒഴിവാക്കുന്നതാണ് നല്ലത്.

രോഗ നിയന്തണം
കൂമ്പ് ചീയൽ, പൊടിക്കുമിൾ, ഇല കൊഴിച്ചിൽ എന്നിവ പ്രധാന രോഗങ്ങളാണ്. രോഗ പ്രതിരോധ നടപടിയെന്ന നിലയിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തയ്യാറാക്കി ഒന്നോ രണ്ടോ തവണ തളിക്കണം.

 

Most Read

  • Week

  • Month

  • All