മണ്ണിര കംബാസ്റ്റ് നിർമ്മാണം

ജൈവ വസ്തുക്കളെ ആഹരിക്കുന്ന മണ്ണിരകളെ ഉപയോഗിച്ച് നിർമ്മിക്കുന്ന കംബാസ്റ്റിനെയാണ് മണ്ണിര കംബോസ്റ്റ് എന്നു പറയുന്നത്. നാടൻ മണ്ണിരകളെ അപേക്ഷിച്ച് ജൈവ വസ്തുക്കളെ കംബോ സ്റ്റാക്കി മാറ്റാൻ കഴിവുള്ളത് ആഫ്രിക്കൻ മണ്ണിരകൾക്കാണ്.
ഐസീനിയാ ഫോയി റ്റിഡ, യൂഡ്രില്ലസ് യൂജിനെ എന്നയിനം മണ്ണിരകളെയാണ് കംബോസ്റ്റ് നിർമ്മാണത്തിനായി ഉപയാഗിക്കുന്നത്. മണ്ണിരയുടെ ആമാശയത്തിൽ വെച്ച് ജൈവ വസ്തുക്കൾ നന്നായി പാകപ്പെടുകയും എൻസൈമുകൾ പോഷകമൂലകങ്ങളെ ചെടികൾക്ക് പെട്ടെന്ന് കിട്ടുന്ന രൂപത്തിലേക്ക് മാറ്റുകയും ചെയ്യും. കംബോസ്റ്റ് നിർമ്മാണത്തിന് സഹായിക്കുന്ന സൂക്ഷ്മാണുക്കളുടെ വർധനക്ക് ഈ പ്രക്രിയ ഉപകരിക്കും. മണ്ണിര കംബോസ്റ്റിൽ സസ്യവളർച്ചയെ ത്വരിതപ്പെടുത്തുന്ന ആന്റീബയോട്ടിക്കുകൾ, ഹോർമോണുകൾ എന്നിവയും ഉണ്ടായിരിക്കും.
*മണ്ണിര കംബോസ്റ്റ്* *നിർമ്മാണം.*
രണ്ടര മീറ്റർ നീളം, ഒരു മീറ്റർ വീതി, 45 സെ.മീറ്റർ ആഴമുള്ള കുഴികൾ നിർമ്മിക്കണം. കുഴിയുടെ തറ നന്നായി അടിച്ചുറപ്പിച്ച് ചാണകം മെഴുകണം. മണൽ പ്രദേശങ്ങളിൽ കുഴിയുടെ അടിത്തറ അടിച്ചുറപ്പിക്കുന്നതിന് ചെങ്കൽ മണ്ണോ ചെമ്മണ്ണോ വേണ്ടി വരും. തറ നന്നായി ഉറപ്പിച്ചതിനു ശേഷം ആദ്യ നിരയായി ഉണങ്ങിയ തൊണ്ടുകൾ മലർത്തി അടുക്കണം. രണ്ടു നിരയായടുക്കുന്നത് കൂടുതൽ നല്ലതാണ്. കുഴിക്ക് ചുറ്റും അരയടി ഉയരത്തിൽ വരമ്പ് ഉണ്ടാക്കാം.
അടിയിൽ വിരിച്ച തൊണ്ട് നല്ലതുപോലെ നനച്ചതിനു ശേഷം 8:1 എന്ന അനുപാതത്തിൽ ജൈവാവശിഷ്ടങ്ങളും ചാണകവും കലർത്തിയ മിശ്രിതം കൊണ്ട് കുഴി നിറയ്ക്കാം. തറ നിരപ്പിൽ നിന്നും ഒരടി ഉയരം വരെ ജൈവാവശിഷ്ടങ്ങൾ നിറയ്ക്കാവുന്നതാണ് . കുഴി നിറച്ചയുടനെ മണ്ണിരയെ നിക്ഷേപിക്കരുത്. അഴുകുന്ന വസ്തുക്കളിൽ ധാരാളം സൂക്ഷ്മ ജീവികൾ ഉണ്ടാകുമെന്നതിനാൽ അവയുടെ ശ്വസനം കൊണ്ടും വർദ്ധിച്ച ഊഷ്മാവിൽ പ്രവർത്തിക്കാൻ ശേഷിയുള്ള സൂക്ഷ്മ ജീവികളുടെ പ്രവർത്തനം ഊർജ്ജസ്വലമാകുന്നതു കൊണ്ടും അഴുകൽ നടന്നുകൊണ്ടിരിക്കുന്ന കംബോസ്റ്റ് കുഴിയിൽ ചൂടുണ്ടായിരിക്കും. അഴുകൽ പൂർത്തിയാകുമ്പോൾ ചൂട് തനിയെ ശമിച്ച് സാധാരണ നിലയിൽ എത്തും. ഇതിന് ഏകദേശം രണ്ടാഴ്ച സമയമെടുക്കും. അതിന് ശേഷം 500 മുതൽ 1000 വരെ ( ഒരു കി.ഗ്രാം) മണ്ണിരയെ നിക്ഷേപിക്കാം. കുഴിയിൽ മഴ വെള്ളം വീഴാതിരിക്കാനും ശക്തിയായ വെയിൽ ഉണ്ടാകാതിരിക്കാനും മുകളിൽ ഷെഡ് ഉണ്ടാകണം. മെടഞ്ഞ ഓലകൊണ്ടുള്ള മേൽക്കൂര മതിയാകും. ഉറുമ്പും എലിയും മണ്ണിരകൾക്ക് ശത്രുക്കളാണ്. കുഴിക്ക് ചുറ്റും ഒരു പാത്തിയിൽ വെള്ളം കെട്ടി നിർത്തിയാൽ ഉറുമ്പിന്റെ ശല്യമുണ്ടാകില്ല. കുഴിയുടെ വശങ്ങൾ ഇഷ്ടിക കൊണ്ട് കെട്ടുകയും മുകളിൽ ഇരുമ്പ് വലയിടുകയും ചെയ്താൽ എലിയുടെ ശല്യം ഒഴിവാക്കാം.
കമ്പോസ്റ്റ് കുഴിയിൽ രണ്ടു ദിവസം കൂടുമ്പോൾ നനയ്ക്കണം. നന അധികമാകരുത്. രണ്ടു മൂന്നുതവണകളിൽ ജൈവ വസ്തുക്കൾ ഇളക്കിമറിക്കുന്നതും നല്ലതാണ്.
കം ബോസ്റ്റ് 40-45 ദിവസത്തിൽ പാകമാകും. കംബോസ്റ്റ് ശേഖരിക്കുന്നതിന് മുമ്പ് മൂന്ന് നാല് ദിവസം നനയ്ക്കരുത്. വെള്ളം തളിക്കാതെ വരുമ്പോൾ മണ്ണിരകൾ കുഴിയുടെ താഴേക്ക് പോകാൻ തുടങ്ങും. കുഴിയിൽ നിന്നും കംബോസ്റ്റ് വാരി അധികം വെയിലില്ലാത്തതും എന്നാൽ നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് കുനയാക്കി വെക്കണം. സൂര്യപ്രകാശമേൽക്കുമ്പോൾ ശേഷിക്കുന്ന മണ്ണിരകളും അടിയിലേക്ക് പോകും. മുകളിലുള്ള കംബോസ്റ്റ് മാറ്റി താഴെയുള്ള മണ്ണിരകളെ എടുത്ത് വീണ്ടും കംബോസ്റ്റുണ്ടാക്കുന്നതിന് ഉപയോഗിക്കാം.

തറക്ക് മുകളിൽ
കുഴികൾക്ക് പകരം തറയുടെ മുകളിൽ ടാങ്ക് ഉണ്ടാക്കിയോ അല്ലെങ്കിൽ വീഞ്ഞപ്പെട്ടിയിലോ, അടി വിസ്താരമുള്ള
പ്ലാസ്റ്റിക്ക് പാത്രങ്ങളിലോ മൺപാത്രങ്ങളിലോ
കംബോസ്റ്റ് ഉണ്ടാക്കാൻ കഴിയും.
തറയുടെ മുകളിൽ ടാങ്ക് പണിയുമ്പോൾ ഇവയുടെ അടിയിൽ വെള്ളം വാർന്നു പോകാനുള്ള പൈപ്പ് ഇടണം. ഈ പൈപ്പുകളിൽ കൂടി ഊറി വരുന്ന ദ്രാവകം ശേഖരിക്കാവുന്നതാണ്. ഇതിന് വെർമി വാഷ് എന്നു പറയും. ഇത് നേർപ്പിച്ച് ചെടികളിൽ തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്യാം.
അടുക്കളയിൽ നിന്നുള്ള അവശിഷ്ടങ്ങളും കംബോസ്റ്റാക്കാം. ഇതിനായി ഉദ്ദേശം 40 സെ.മീറ്റർ ഉയരവും ഒരു മീറ്റർ വ്യാസവുമുള്ള കോൺക്രീറ്റ് റിങ് ഉപയോഗിക്കാം. ഒരു മീറ്ററിലധികം വ്യാസമുള്ള വൃത്താകൃതിയിലുള്ള കോൺക്രീറ്റ് പ്ലാറ്റ്‌ഫോമിൽ റിങ് വെയ്ക്കുക. റിങ്ങിന് പുറത്ത് വരുന്ന പ്‌ളാറ്റ്‌ഫോമിൽ വെള്ളം നിറുത്തുന്നതിനുള്ള ചാല് പ്‌ളാറ്റ്‌ഫോം ഉണ്ടാക്കുമ്പോൾ തന്നെ നിർമ്മിക്കണം. ചാലിൽ വെള്ളം നിർത്തണം. റിങ്ങിന്റെ അടിയിൽ ഒരു നിര ഉണങ്ങിയ ചകിരി അടുക്കാം. 100 മുതൽ 250 വരെ മണ്ണിരകളെ ഇതിൽ നിക്ഷേപിക്കാം. ഗാർഹിക അവശിഷ്ടങ്ങൾ റിങ്ങിൽ നിക്ഷേപിക്കണം. ഇടക്ക് അല്പം ചാണകം ചേർക്കുന്നത് കംബോസ്റ്റ് നിർമ്മാണത്തെ ത്വരിതപ്പെടുത്തും.
അധികം നനവുള്ള അവശിഷ്ടങ്ങൾ കനത്തിലിട്ടാൽ മണ്ണിരകൾക്ക് വായുവിന്റെ ലഭ്യത നിലയ്ക്കും. ഗാർഹിക അവശിഷ്ടത്തിൽ മുറ്റത്ത് നിന്നുള്ള ഉണങ്ങിയ ഇലകൾ മാതിരിയുള്ള അവശിഷ്ടങ്ങളും കടലാസ് കഷണങ്ങളും കൂട്ടി ചേർക്കുന്നത് നല്ലതാണ്. ഓരോ ദിവസവും അടുക്കളയിൽ നിന്നുള്ള അവശിഷ്ടങ്ങൾ നേരിയ കനത്തിൽ വേണം ഇടാൻ. കംബോസ്റ്റിലെ വായു സഞ്ചാരം കൂട്ടാൻ ഇടയ്ക്കിടെ ഇളക്കിമറിക്കണം. എരിവും എണ്ണമയവുമുള്ള അവശിഷ്ടങ്ങൾ നല്ലതല്ല. ഒരു മാസത്തിനുള്ളിൽ കംബോസ്റ്റ് തയ്യാറാകും.
വീഞ്ഞപ്പെട്ടിയാണ് കം ബോസ്റ്റ് നിർമ്മാണത്തിനുപയോഗിക്കുന്നതെങ്കിൽ ഒന്നരയടി നീളവും വീതിയും ഉയരവുമുള്ളതാണ് നല്ലത്. ഇതിന്റെ അടിവശത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് ചെറിയ സുഷിരങ്ങൾ ഇട്ടു കൊടുക്കണം. വെള്ളം വാർന്നു പോകുന്നതിനും വീഞ്ഞപ്പെട്ടി ചീത്തയാകാതിരിക്കുവാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഏകദേശം 4' ഘനത്തിൽ ചരലും ഇതിനു മീതെ 4' ഘനത്തിൽ ചകിരിയും നിരത്തി നല്ലവണ്ണം നനച്ചതിനു ശേഷം 100 മുതൽ 250 വരെ മണ്ണിരകളെ നിക്ഷേപിക്കാം. ദിവസവും ജൈവാവശിഷ്ടങ്ങൾ ഇതിന് മേലെ നിരത്താം. മുകളിൽ സൂചിപ്പിച്ച രീതിയിൽ ജൈവാവശിഷ്ടങ്ങൾ ഇതിൽ നിക്ഷേപിക്കാം. പെട്ടി നിറഞ്ഞു കഴിഞ്ഞാൽ മുകളിൽ ഒരു കമ്പി വല വെച്ച ശേഷം ചാക്ക് കൊണ്ട് മൂടണം. ഇഷ്ടികയുടേയോ കല്ലിന്റേയോ മുകളിൽ വീഞ്ഞപ്പെട്ടി വെക്കാം. കല്ലിന് ചുറ്റും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത മിശ്രിതം തൂവി കൊടുക്കുന്നത് ഉറമ്പു ശല്യം ഒഴിവാക്കാൻ ഉപകരിക്കും. രണ്ട് മൂന്ന് ആഴ്ചക്കകം നല്ല കറുപ്പ് നിറമുള്ള കംബോസ്റ്റ് തയ്യാറാക്കും. വിരകളെ മുകൾഭാഗത്തു നിന്നും താഴേക്ക് മാറ്റുന്നതിനായി വീഞ്ഞപ്പെട്ടി ഇളം വെയിലത്ത് വെക്കണം. മീതെയുള്ള കംബോസ്റ്റ് മാറ്റിയതിനു ശേഷം വീണ്ടും കംബോസ്റ്റ് നിർമ്മാണത്തിനായി ഉപയോഗിക്കാം.
പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഐ.ആർ.ടി.സി എന്ന സ്ഥാപനം ചെറുതും വലുതുമായ അളവിൽ മണ്ണിര കംബോസ്റ്റ് നിർമ്മിക്കുന്നതിനുള്ള വിവിധ രീതികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതോടൊപ്പം മണ്ണിൽ നിർമ്മിച്ച റെഡീമെയ്ഡ് ടാങ്കുകളും വിതരണത്തിന് തയ്യാറാക്കുന്നുണ്ട്.
പ്രത്യേകതകൾ
മണ്ണിര കംബോസ്റ്റിന് ദുർഗന്ധമുണ്ടാകാറില്ല.കാരണം ദുർഗന്ധത്തിന് കാരണമായ ഹൈഡ്രജൻ സൾഫൈഡ്, മെർ ക്യാപ്റ്റൻ എന്നിവയെ വിഘടിപ്പിക്കുവാനുള്ള കഴിവ് മണ്ണിരക്കുള്ളതു കൊണ്ട് ഇത് വീട്ടിനുള്ളിൽ തന്നെ തയ്യാറാക്കാനാവും.
മണ്ണിര കംബോസ്റ്റിൽ എൻസൈമുകൾ , ആന്റിബയോട്ടിക്കുകൾ, ഹോർമോണുകൾ, വിറ്റാമിനുകൾ എന്നിവ കൊണ്ട് സമൃദ്ധമാണ്. അന്തരീക്ഷത്തിലെ നൈട്രജനെ സ്വീകരിക്കുന്നതിനും മണ്ണിലെ ഫോറഫറസ് സംയുക്തങ്ങളെ ലയിപ്പിക്കുന്നതും ജൈവാവശിഷ്ടങ്ങളിലെ സെല്ലുലോസിനെ വിഘടിപ്പിക്കുന്നതുമായ സൂക്ഷമാണുക്കൾ മണ്ണിരക്കമ്പോസ്റ്റിലുണ്ട്.
ഒരു കിലോ മണ്ണിരക്ക് പ്രതിദിനം 5 കി.ഗ്രാം വരെ ജൈവ വസ്തുക്കളെ കംബോസ്റ്റ് വളമാക്കി മാറ്റാനാകും. ഈ തോതിൽ ഒരു ടൺ ജൈവവസ്തു കംബോസ്റ്റാവാൻ ഒരു മാസം മതിയാകും.
പോഷകമൂലകങ്ങളുടെ തോത് നാം ഇട്ടു കൊടുക്കുന്ന പാഴ് വസ്തുക്കൾക്കനുസരിച്ച് വ്യത്യാസപ്പെടും. പൊതുവെ 1.8 % നൈട്രജൻ, 0.9% ഫോസ്ഫറസ്, 0.8 % പൊട്ടാഷ് , 0.44% കാത്സ്യം, 0.23 % മനീഷ്യം, 27.3 പി.പി.എം കോപ്പർ, 115 പി.പി.എം സിങ്ക്, 419 പി.പി.എം മാംഗനീസ് എന്നിവ അടങ്ങിയിരിക്കുന്നു.

 

Most Read

  • Week

  • Month

  • All