ഹൈസ്പീഡ് പാതയിൽ നിന്ന് സെമി ഹൈസ്പീഡ് പാതയിലേക്ക് മാറുമ്പോൾ
2011-16 കാലത്തെ യുഡിഎഫ് ഭരണത്തിന്റെ വികസന ചർച്ചയിൽ പ്രധാനപ്പെട്ടത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗ റെയിൽപാത നിർമിക്കുമെന്നായിരുന്നു. പാത നിർമാണവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും പരിശോധനകളും നടന്നിരുന്നു. ഈ അതിവേഗപാത സംസ്ഥാനത്തിന് യോജിച്ചതല്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗ തോമസ് ഐസക് അന്ന് പറഞ്ഞതല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി പ്രത്യക്ഷത്തിൽ എതിർപ്പുമായി രംഗത്ത് വന്നിട്ടില്ല. അതെ സമയത്ത് ഗെയിൽ ഉൾപ്പെടെയുള്ള വൻ വികസന സാധ്യതയുള്ള പദ്ധതി പല കക്ഷികളുടെയും എതിർപ്പിനെ തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ നിർത്തിവെക്കുകയും ചെയ്തു.
അന്നത്തെ പ്രധാന പ്രതിപക്ഷമായ എൽഡിഎഫിന്റെ നിലപാട് ഏത് വികസനം വരുമ്പോഴും പരിസ്ഥിതിയെ പരിഗണിക്കണം, സ്ഥലവും കെട്ടിടവും നൽകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു.
തുടർന്ന് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഈ പാക്കേജാണ് നടപ്പാക്കിയത്. ഗെയിൽ ഇന്ന് യാഥാർഥ്യമായി. കോവിഡ് ഉണ്ടായിരുന്നില്ലെങ്കിൽ വീടുകളിൽ മീറ്റർ വെച്ച് ഗ്യാസ് വിതരണം നടക്കുമായിരുന്നു. എന്ത് തന്നെയായാലും അടുത്ത മാർച്ച് മുതൽ ഇത് പ്രാവർത്തികമാകും. ജില്ലയിലെ ഗെയിലിന്റെ പ്രധാന സബ്ബ് സ്റ്റേഷനും വിതരണ കേന്ദ്രവും കൂടാളിയിൽ നിർമാണം പൂർത്തിയായി. പൈപ്പ് ലൈൻ വലിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
ഇവിടെ വിഷയം കെ റെയിലാണ്. അതിവേഗ പാത വേണമെന്ന് പറഞ്ഞ യുഡിഎഫ് സെമിഹൈസ്പീഡ് റെയിലിനെ എന്തിനാണ് എതിർക്കുന്നതെന്ന് മലയാളികൾക്ക് മനസ്സിലാകുന്നില്ല. വികസനത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. പരിഗണിക്കേണ്ട ഒരു വിഷയം പരിസ്ഥിതിയാണ്. ശാസ്ത്ര സംഘടനകൾ അതിന് ഉത്തരം പറയേണം. ശാസ്ത്രസാഹിത്യ പരിഷത് ഇതിന് വേണ്ടി പഠനം ആരംഭിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 530 കിലോമീറ്റർ ദൂരത്തെ 5കി. മീറ്റർ വീതമുള്ള സെഗ്മെന്റുകളാക്കി യാണ് പഠനം നടത്തുക.
106 സെഗ്മെന്റുകൾ ഉണ്ടാകും. പാത കടന്നുപോകുന്ന പ്രദേശത്തെ 45 മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പഠനം. ഒരു മേഖല സെഗ്മെന്റ് ൽ നിന്നും 8 പേരാണ് പങ്കെടുക്കുക. തുടർന്ന് ഫീൽഡ് വിസിറ്റ് നടത്തി 31 ന് പഠനം പൂർത്തിയാക്കും.
അതിവേഗത്തിലുള്ള യാത്ര സൗകര്യം മാത്രമല്ല സംസ്ഥാനത്തിന്റെ മുഖം തന്നെ മാറ്റിയേക്കാവുന്ന സമഗ്ര വികസന പദ്ധതി കൂടിയാണ് കെ റെയിൽ. സംസ്ഥാനത്തെ വാണിജ്യ-വ്യവസായ മേഖലകളേയും തൊഴിൽ മേഖലകളേയും ആഴത്തിൽ പരിപോഷിപ്പിക്കുന്നതും ടൂറിസമടക്കുമുള്ള പരോക്ഷ തൊഴിൽ മേഖലകൾക്ക് വൻ തോതിലുള്ള കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുകയും ചെയ്യും. ലോകത്ത് ജനതയുടെ ജീവിത നിലവാരത്തേയും രാജ്യത്തിന്റെ സമ്പദ് ഘടനയെ തന്നെയും മാറ്റി മറിച്ചു വികസനത്തിന്റെ പാതയിലേക്ക് നയിച്ചതിൽ സിൽവർ ലൈൻ പോലുള്ള അതിവേഗ റെയിൽ പാതകൾക്ക് വലിയ പങ്കുണ്ട്. കേരളത്തിലെ ഭൂരിഭാഗം മനുഷ്യർക്കും വേഗതയേറിയ ഗതാഗതം, വിദ്യാഭ്യാസം, തൊഴിൽ, വാണിജ്യം, വ്യവസായം, ചരക്ക് നീക്കം, ടൂറിസം എന്നിങ്ങനെ വ്യത്യസ്ത രംഗങ്ങളിൽ ഏറെ ഉപകാരപ്രദമായ സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫിന്റെ ജനപ്രതിനിധികൾ തന്നെ രംഗത്ത് വരുന്നത് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് തന്നെയുള്ള വെല്ലുവിളിയാണ്. നഷ്ടപരിഹാരം, പരിസ്ഥിതി പ്രശ്‌നം ഇവയൊടൊന്നും വിട്ട് വീഴ്ച വേണ്ടതില്ല. ഇതൊക്കെ സംരക്ഷിച്ച് കൊണ്ട് തന്നെ ഈ പദ്ധതി നടപ്പാക്കാൻ സാധിക്കും.

 

Most Read

  • Week

  • Month

  • All