ശംഖുപുഷ്പം ( CONCH FLOWER )


ശാസ്ത്രനാമം: ക്ലിറ്റോറിയ ടെർനേറ്റിയ
(clitoria ternatia )
സസ്യകുടുംബം :
പാപ്പിലിയോണേസീ
(Papilionaceae)
അപരാജിത, ഗിരി കർണിക എന്നീ പേരുകളിലാണ് സംസ്‌കൃതത്തിൽ ഈ ചെടി അറിയപ്പെടുന്നത്.

സസ്യ വിവരണം
വേലികളിലും താങ്ങുകളിലും പടർന്നു കയറുന്ന വള്ളി സസ്യമാണിത്. പൂവിന് ശംഖിന്റെ ആകൃതിയുള്ളതിനാൽ ഈ ഔഷധ സസ്യത്തിന് ശംഖുപുഷ്പം എന്ന പേര് കിട്ടി. ഇതിൽ രണ്ടിനങ്ങളുണ്ട്. ഒന്നിൽ വെളുത്ത പുക്കളും മറ്റേതിൽ നീല പുഷ്പങ്ങളും ഉണ്ടാകുന്നു. ഇതൊരു അലങ്കാരച്ചെടി കൂടിയാണ്. ഇതിന്റെ ഇല വീതി കുറഞ്ഞ് നീണ്ട് ധൂസര വർണ്ണവും മാർദ്ദവും ഉള്ളതാണ്. ഒരു തണ്ടിൽ തന്നെ അഞ്ചോ ആറോ ഇലകൾ കാണും. പത്രകക്ഷത്തിൽ നിന്നുമാണ് പൂക്കൾ ഉണ്ടാകുന്നത്.

പ്രവർധനം
ഉണങ്ങിയ വിത്ത് പാകി തൈകൾ ഉണ്ടാക്കാം. വേരിൽ നിന്ന് പൊട്ടി വളരുന്ന തൈകളും , പതിവെക്കൽ വഴി ഉണ്ടാക്കിയ തൈകളും നടാനായി ഉപയോഗിക്കാം.
ഏപ്രിൽ മാസമാകുമ്പോഴേക്കും ഇത് പൂവിട്ട് തുടങ്ങും. തുടർന്ന് കായ്കളും ഉണ്ടാവും.

വിളവെടുപ്പ്
ചെടികൾ പാകമാകുമ്പോഴേക്കും പൂക്കളും വേരുകളും ശേഖരിക്കുകയും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ചെടികൾ പൂർണ്ണമായും ഔഷധങ്ങൾക്കായി ഉപയോഗിക്കാറുണ്ട്.

രാസഘടകം
ടാനിൻ, റെസിൻ എന്നിവയാണ് ചെടിയിലെ മുഖ്യ രാസഘടകങ്ങൾ.

ഔഷധ ഗുണങ്ങൾ
ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നു.
ഉറക്കത്തെ ത്വരിതപ്പെടുത്തുന്നു.
ശരീരബലം, ലൈംഗിക ശക്തി എന്നിവ വർദ്ധിപ്പിക്കുന്നു.
ഗർഭാശയ രക്തസ്രാവം കുറയ്ക്കും.
മാനസിക രോഗം ശമിപ്പിക്കുന്നു.

വേര്
വിഷത്തിന്നെതിരെ പ്രവർത്തിക്കുന്നു.

ഔഷധപ്രയോഗങ്ങൾ
ഒരു ഗ്രാം ശംഖുപുഷ്പം അരച്ച് നെയ് ചേർത്ത് തുടർച്ചയായി കഴിക്കുന്നത് ബുദ്ധിശക്തി വർധനവിന് ഉപകരിക്കും.
നീലശംഖുപുഷ്പത്തിന്റെ സമൂല ഭാഗമെടുത്ത് കഷായം വച്ചു കുടിച്ചാൽ ഉന്മാദം, ഉറക്കമില്ലായ്മ, മദ്യാധിക്യം കൊണ്ടുള്ള ലഹരി, ശ്വാസകോശ രോഗം എന്നിവ ശമിക്കും.

പാമ്പ് വിഷത്തിന് വേര് അരച്ചത് ഒന്നു മുതൽ മൂന്ന് ഗ്രാം ദിവസവും രണ്ടുനേരം സേവിക്കുന്നത് നല്ലതാണ്.
വെള്ളയിനത്തിനാണ് വിഷത്തെ ഹനിക്കാനുള്ള ശക്തി കൂടുതൽ.

ഗർഭാശയ രക്തസ്രാവം ശമിക്കാൻ ഒരു ഗ്രാം വീതം പൂവ് മൂന്നു നേരം തേനിൽ കഴിക്കണം.

പാണ്ട് രോഗത്തിന് ശംഖുപുഷ്പത്തിന്റെ വേര് അരച്ച് തുടർച്ചയായി പുരട്ടുന്നത് വ്യാപനം തടയും.

കഫാധിക്യവും ചുമയും ഉണ്ടാകുമ്പോൾ ഇതിന്റെ വേര് ഇടിച്ചു പിഴിഞ്ഞ നീര് പാലും ചേർത്ത് കഴിക്കുന്നത് ഗുണകരമാണ്.

ഇതിന്റെ രണ്ടു മൂന്ന് വിത്തുകൾ മുലപ്പാലിൽ കുതിർത്ത് അതിൽ തന്നെ അരച്ചു കൊടുക്കുന്നത് കുട്ടികൾക്കുണ്ടാകുന്ന മലബന്ധത്തിനും വയറു വേദനക്കും ഫലവത്താണ് .

മാനസമിത്രവടകം, മഞ്ചിഷ്ടാദി കഷായം, ബ്രഹ്‌മിഘൃതം തുടങ്ങിയ ആയുർവേദ ഔഷധങ്ങളിലെ പ്രധാന ചേരുവയാണിത്.
സിദ്ധ വൈദ്യത്തിൽ നൽകുന്ന കാക്കട്ടാൻ ഗുളികയിലെ പ്രധാന ഘടകമാണിത്.

 

Most Read

  • Week

  • Month

  • All