ശുഭ സൂചന
ശുഭ സൂചന
ജനാധിപത്യത്തിന്റെ ഉൽസവമാണ് തെരഞ്ഞെടുപ്പുകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഭൂരിപക്ഷം നൽകിയ കക്ഷിയാണ് 5 വർഷം ഭരിക്കുക. കേരളത്തിൽ എൽഡിഎഫും രാജ്യത്ത് എൻഡിഎയും ഭരിക്കുമ്പോൾ ഫെഡറൽ സംവിധാനത്തിൽ ഊന്നി പരസ്പരം സഹകരിച്ചും സഹകരിപ്പിച്ചും ഭരിക്കുന്നതാണ് നാടിന്റെ വികസനത്തിന് ഉചിതം.
സംസ്ഥാന സർക്കാരും ഗവർണർ ആരീഫ് മുഹമ്മദ്ഖാനും തമ്മിലുള്ള തർക്കം തുടർന്ന് പോകണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. എന്നാൽ നാടിനെ സ്നേഹിക്കുന്നവർക്കും വികസനം ആഗ്രഹിക്കുന്നവർക്കും ഇത്തരം ചിന്ത ഉണ്ടാകില്ല. സർക്കാരും ഗവർണറും തമ്മിലുള്ള മഞ്ഞുരുകലിന്റെ ലക്ഷണമാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ തിരുവനന്തപുരത്ത് ഗവർണ്ണറെ പങ്കെടുപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സാധാരണ മുഖ്യമന്ത്രിയാണ് തലസ്ഥാനത്ത് പതാക ഉയർത്തകയും വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡിൽ പങ്കെടുക്കുകയും ചെയ്യുക. മുഖ്യമന്ത്രി ചികിൽസാർത്ഥം അടുത്ത ദനസം അമേരിക്കയിലേക്ക് പോകും. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ ഗവർണ്ണറോടൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുക്കും.
രണ്ട് വർഷം മുമ്പ് പൗരത്യഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനത്തോടെയാണ് സർക്കാരും ഗവർണറും തമ്മിൽ തർക്കം തുടങ്ങിയത്. തർക്കം രൂക്ഷമായതോടെ സംസ്ഥാന സർക്കാരിനെ പിരിച്ച് വിടാൻ ശുപാർശ ചെയ്യുമെന്ന ഘട്ടം വരെ എത്തിയിരുന്നു.
2019 ഡിസംബർ 26 മുതൽ കണ്ണൂർ സർവ്വകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ വന്ന ഗവർണറെ സിപിഐഎം പോഷക സംഘടനകൾ കരിങ്കൊടി കാണിച്ചതും തടയാൻ ശ്രമിച്ചതും പ്രശ്നം രൂക്ഷമാക്കി. ശബരിമല വിഷയത്തിലും കേന്ദ്ര സർക്കാരിന്റെ കൂടെ തന്നെയായിരുന്നു ഗവർണറുടെയും പിന്തുണ.
ഇത്തരത്തിലുള്ള പ്രശ്നം നടക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ സൗഹൃദം സർക്കാരിന് ഗുണമേകി. ഇപ്പോൾ കേരള സർവ്വകലാശാല വിഷയത്തിലും വാക്തർക്കങ്ങൾ നടന്നപ്പോൾ സംസ്ഥാന സർക്കാരോ മന്ത്രിമാരോ പ്രതികരിക്കാതെ മൗനം പാലിച്ചതും മഞ്ഞുരുക്കലിന് കാരണമായി.
തർക്കം രൂക്ഷമാകുമ്പോഴും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണയാണ് ഗവർണർ നൽകുന്നത്. ഇത് ബിജെപി നേതൃത്വത്തിന്റെ അതൃപ്തി പിടിച്ചു പറ്റാനും കാരണമായി. തങ്ങളുടെ ന്യൂനപക്ഷം മുഖം എടുത്ത് കാണിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം പ്രത്യേകം കണ്ടെത്തി നിയമിച്ചതാണ് ആരീഫ് മുഹമ്മദ് ഖാനെ.
കേരളം ഇത് വരെ ദർശിച്ചിട്ടില്ലാത്ത വൻ വികസനത്തിന് കേന്ദ്രത്തിന്റെ പുന്തുണ വേണം. ഇതിന്റെ പാലമാണ് ഗവർണർ. പൊതു രാഷ്ട്രീയ അഭിപ്രായ വ്യത്യാസമൊക്കെ ഉണ്ടെങ്കിലും ദേശീയ പാതാ വികസനം, ഗെയിൽ പൈപ്പ്ലൈൻ തുടങ്ങിയ പദ്ധതികൾക്കൊക്കെ കേന്ദ്രത്തിന്റെ പൂർണ പിന്തുണ കേരളത്തിന് ലഭിച്ചിട്ടുണ്ട്. ഗവർണറുടെ ഇടപെടലും ഇതിന് കാരണമായിട്ടുണ്ട്.