കണ്ണൂര്‍: കണ്ണൂര്‍ സഹകരണ സ്പിന്നിങ്ങ് മില്‍ ആദ്യമായി വിദേശത്തേക്ക് നൂല്‍ കയറ്റി അയയ്ക്കുന്നു. അയല്‍രാജ്യങ്ങളായ മ്യാന്‍മറിലേക്കും ശ്രീലങ്കയിലേക്കുമാണ് കണ്ണൂരിന്റെ നൂല്‍ കൊണ്ടുപോകുന്നത്. മ്യാന്‍മറിലേക്കുള്ള ഒരു ലോഡ് നൂലിന്റെ ഉല്‍പ്പാദനം പൂര്‍ത്തിയായി. ശ്രീലങ്കയില്‍നിന്ന് ഓര്‍ഡര്‍ ലഭിച്ച രണ്ട് ലോഡ് നൂലിന്റെ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കും.

മികച്ച നിലവാരമുള്ള 2/80 ഇനം നൂലിനാണ് വിദേശത്തുനിന്ന് ആവശ്യക്കാര്‍ എത്തിയത്. 5400 കിലോ നൂലാണ് മ്യാന്‍മറിലേക്ക് അയയ്ക്കുന്നത്. ശ്രീലങ്കയിലേക്ക് 6780 കിലോയുള്ള രണ്ട് ലോഡാണ് അയയ്ക്കുക. ആകെ 65 ലക്ഷത്തോളം രൂപയുടെ നൂലാണിത്. ചെന്നൈ തുറമുഖം വഴിയാണ് നൂല്‍ കൊണ്ടുപോവുക. ബംഗ്ലാദേശില്‍നിന്നും നൂലിന് ആവശ്യക്കാര്‍ എത്തിയിട്ടുണ്ട്. വ്യവസായ വകുപ്പിനു കീഴിലുള്ള ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്ലും ആലപ്പുഴ സ്പിന്നിങ്ങ് മില്ലും വിദേശത്തേക്ക് നൂല്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

കണ്ണുര്‍ മില്ലിന്റെ നവീകരണം 2008 ല്‍  ആരംഭിച്ചതാണ്. എന്നാല്‍, 2011-15 കാലയളവില്‍ നവീകരണം ഇഴഞ്ഞു. ഈ ഗവണ്‍മെന്റ് അധികാരമേറ്റതോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ കഴിഞ്ഞ നവംബറില്‍ മില്‍ സന്ദര്‍ശിച്ചിരുന്നു. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ഉയര്‍ത്തി വിപുലമായ വിപണി കണ്ടെത്താന്‍ മന്ത്രി നിര്‍ദേശിച്ചു. 

നവീകരണത്തിലൂടെ ഉല്‍പ്പാദനം 30 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ഹാങ്ങ് യാണ്‍ യൂണിറ്റും ഏറ്റവുമൊടുവില്‍ സ്ഥാപിച്ച ഇറ്റലിയില്‍നിന്നുള്ള ഓട്ടോ കോണര്‍ യന്ത്രങ്ങളും വഴി നിലവാരമുള്ള ഉല്‍പ്പന്നം ഉണ്ടാക്കിയത് വിദേശ ഓര്‍ഡറുകള്‍ ലഭ്യമാകാന്‍ സഹായിച്ചു. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലുള്ള നെയ്ത്തു സംഘങ്ങള്‍ക്ക് കണ്ണൂര്‍ മില്‍ മാസം 20,000 കിലോ നൂല്‍ നല്‍കുന്നുണ്ട്.  60 ലക്ഷം രൂപയുടെ നൂല്‍ ഇത്തരത്തില്‍ നല്‍കി. 

മില്ലിന്റെ രണ്ടാംഘട്ട നവീകരണം പുരോഗമിക്കുകയാണ്. 40 വര്‍ഷം പഴക്കമുള്ള യന്ത്രങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ 17.5 കോടിയുടെ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ എന്‍സിഡിസിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഉല്‍പ്പാദന വര്‍ദ്ധനവിലൂടെ വര്‍ഷം 8 കോടി രൂപ വരുമാനമാണ് ലക്ഷ്യം. പത്തുവര്‍ഷത്തിലധികം പരിചയസമ്പത്തുള്ള തൊഴിലാളികളാണ് ഇവിടെയുള്ളത്. എല്ലാം സ്ഥിരം തൊഴിലാളികളാണ്. 

തൊഴിലാളികളുടെയും മാനേജ്‌മെന്റിന്റെയും കഠിനപ്രയത്നത്തിന്റെ ഫലമായി മില്ലില്‍ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം നടപ്പില്‍  വരുത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.  ഐഎസ്ഒ അംഗീകാരത്തിനുള്ള നടപടികളും എന്‍സിഡിസി മുഖേന ലഭിക്കുന്ന സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും അവസാനഘട്ടത്തിലാണ്.

 
 
 

Most Read

  • Week

  • Month

  • All