ബുധൻമുതൽ 4 ദിവസം വ്യാപക മഴ ; ശക്തമായ കാറ്റിന് സാധ്യത ; ഇടുക്കി ജലനിരപ്പ് ഓറഞ്ച് അലർട്ടിലേക്ക്


തെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിനു സമീപമുണ്ടായിരുന്ന ന്യൂനമർദം ദുർബലമായതിനാൽ സംസ്ഥാനത്ത് തിങ്കൾമുതൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്. എന്നാൽ, കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ ബുധൻമുതൽ നാലു ദിവസം വ്യാപക മഴയുണ്ടാകാം. വ്യാഴംവരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

കേരളം, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കൾ രാത്രിവരെ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണം.ഓറഞ്ച് അലർട്ടിലേക്ക് ; ഇടുക്കിയിൽ ജലനിരപ്പ് 2396.04
കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ ഇടുക്കിയിൽ ജലനിരപ്പ് 2396.04 അടിയായി. ശേഷിയുടെ 91.20 ശതമാനമാണിത്. പരമാവധി ശേഷി 2403 അടിയാണ്. ജലനിരപ്പ് 2396.86 ആയാൽ ഓറഞ്ച് അലർട്ടും 2397.86 ആയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. തുടർന്ന് ആവശ്യമെങ്കിൽ സംഭരണി തുറക്കും. കമീഷൻ ചെയ്തശേഷം 1981, 1992, 2018 വർഷങ്ങളിലാണ് ഇടുക്കിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്. നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം കൂട്ടിയിട്ടുണ്ട്.

കൃഷിമന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം
കൃഷിനാശം അറിയിക്കാൻ കൃഷിമന്ത്രി പി പ്രസാദിന്റെ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി.

ഫോൺ:
8075074340, 9446474714, 8848072878, 8089771652, 9946010595, 9447388159, 8547046467

 

Most Read

  • Week

  • Month

  • All