രഞ്ജി ട്രോഫിയിൽ മുബൈയെ വീഴ്ത്തി മധ്യപ്രദേശിന് കന്നിക്കിരീടം.

രഞ്ജി ട്രോഫിയിൽ മുബൈയെ വീഴ്ത്തി മധ്യപ്രദേശിന് കന്നിക്കിരീടം. ഫൈനലിൽ മുംബൈയെ 6 വിക്കറ്റിനു വീഴ്ത്തിയാണ് മധ്യപ്രദേശ് ചരിത്രവിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സിൽ മുംബൈ മുന്നോട്ടുവച്ച 108 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ മധ്യപ്രദേശ് മറികടന്നു. ആദ്യ ഇന്നിംഗ്‌സിൽ മധ്യപ്രദേശിനായി സെഞ്ചുറി നേടിയ ശുഭം ശർമ മാൻ ഓഫ് ദി മാച്ച് ആയി.
ആദ്യ ഇന്നിംഗ്‌സിൽ മുംബൈ 374 റൺസ് നേടി മികച്ച സ്‌കോർ മുന്നോട്ടുവച്ചു. മധ്യപ്രദേശിന് ഈ സ്‌കോർ വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല. മൂന്ന് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും ഇന്നിംഗ്‌സിൽ അവർക്ക് 162 റൺസിന്റെ നിർണായക ലീഡ് സമ്മാനിച്ചു. യാഷ് ദുബെ (133), രജത് പാടിദാർ (122), ശുഭം ശർമ (116), സരൻഷ് ജെയിൻ (57) എന്നിവരാണ് മധ്യപ്രദേശ് ഇന്നിംഗ്‌സിൽ തിളങ്ങിയത്.
6 മത്സരങ്ങളും 9 ഇന്നിംഗ്‌സുകളും കളിച്ച് 122 ശരാശരിയിൽ 982 റൺസ് നേടിയ മുംബൈ ബാറ്റർ സർഫറാസ് അഹ്‌മദാണ് ടൂർണമെന്റിലെ താരം.

 

ഫിലിം ചേംബറിന് കീഴിൽ ആഭ്യന്തര പരാതി പരിഹാര സമിതി ഉടനെന്ന് അമ്മ

ഫിലിം ചേംബറിന് കീഴിൽ ആഭ്യന്തര പരാതി പരിഹാര സമിതി ഉടനെന്ന് അമ്മ ഭാരവാഹികൾ വാർത്തകളുമായി വി കെ ആഷിയാന ചേരുന്നു.
ഫിലിം ചേംബറിന് കീഴിൽ ആഭ്യന്തര പരാതി പരിഹാര സമിതി ഉടനെന്ന് അമ്മ ഭാരവാഹികൾ. സിനിമയ്ക്ക് മുഴുവനായി ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നായിരുന്നു അമ്മയുടെ ആവശ്യം. വിഷയത്തിൽ നാളെ കേരള ഫിലിം ചേംബറുമായി ചർച്ച നടത്തുമെന്ന് ഇടവേള ബാബു പറഞ്ഞു
വിജയ് ബാബു വിഷയം കോടതിയുടെ പരിഗണനയിലെന്ന് അമ്മ ഭാരവാഹികൾ പറഞ്ഞു. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അമ്മ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. വിജയ് ബാബുവിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. ദിലീപിനെ പുറത്താക്കാൻ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.
'അമ്മ' തൊഴിൽ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷം ബൈലോയിൽ ഭേദഗതി വരുത്തി. പുതിയ നടപടികൾ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു വിശദീകരിച്ചു. നടൻ ഷമ്മി തിലകനെ അമ്മയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും അമ്മ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഷമ്മി നടത്തുന്ന പ്രതികരണങ്ങളിൽ അമ്മയുടെ അംഗങ്ങൾക്ക് വലിയ അതൃപ്തിയാണുള്ളതെന്ന് നടൻ സിദ്ധിഖ് പറഞ്ഞു. അമ്മ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന പ്രതികരണങ്ങളാണ് അദ്ദേഹം നടത്തുന്നത്. ഷമ്മിയെ പുറത്താക്കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്വീകരിക്കരുതുമെന്നുമെല്ലാമുള്ള ചർച്ചകൾ വന്നു. ഭൂരിപക്ഷം ഷമ്മി തിലകനെ പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ ഷമ്മിക്കെതിരെയുള്ള നടപടി ചർച്ച ചെയ്യാൻ അമ്മയുടെ എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. ഇതേതുടർന്ന് ഷമ്മിയോട് അമ്മ എക്സിക്യൂട്ടീവ് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും സിദ്ധിഖ് പറഞ്ഞു.ഉപ പതെരഞ്ഞെടുപ്പ്: പഞ്ചാബിൽ എഎപിക്ക് തരിച്ചടി, ഏക എംപി സീറ്റ് നഷ്ടമായി

ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പഞ്ചാബിൽ എഎപിക്ക് തിരിച്ചടി. പഞ്ചാബിലെ എഎപിയുടെ സിറ്റിങ് സീറ്റായ സംഗ്രൂരിൽ ശിരോമണി അകാലിദൾ സ്ഥാനാർത്ഥി സിമ്രൻജിത് സിങ് വിജയിച്ചു. 7,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടിയുടെ ഏക എംപി സീറ്റ് നഷ്ടപ്പെട്ടത് എഎപിക്ക് കനത്ത പ്രഹരമായി.
അതേസമയം യുപിയിലെ രണ്ട് ലോക്സഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ (എസ്പി) സിറ്റിം?ഗ് സീറ്റ് ബിജെപി പിടിച്ചെടുത്തു. അഖിലേഷ് യാദവ്, മുഹമ്മദ് അസംഖാൻ എന്നിവർ യുപി നിയമസഭാംഗങ്ങളായതോടെ ഒഴിവുവന്ന അസംഗഡ്, റാംപുർ ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. റാംപുർ മണ്ഡലത്തിൽ ബിജെപിയുടെ ഗൻശ്യാം ലോധി 40,000ത്തിലധികം വോട്ടുകൾക്ക് വിജയിച്ചു. അസംഗഡിൽ ബിജെപിയുടെ ദിനേഷ് ലാൽ യാദവ് മുന്നിലാണ്.
ത്രിപുരയിൽ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോൺഗ്രസും വിജയിച്ചു. ജുബരജ് നഗർ, ടൗൺ ബോർഡോവലി, അഗർത്തല, സുർന എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഡൽഹി രജിന്ദർ നഗറിൽ ആംആദ്മിയുടെ ദുർഗേഷ് പഥക് വിജയിച്ചു.


ദേശാഭിമാനി ഓഫീസ് അക്രമം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉൾപ്പെടെ നൂറോളം പേർക്കെതിരെ കേസ്

ദേശാഭിമാനി കൽപ്പറ്റ ഓഫീസിനുനേരെ അക്രമം നടത്തിയ യുഡിഎഫ് പ്രവർത്തകർക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉൾപ്പെടെ കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെയാണ് കേസ്. കലാപം സൃഷ്ടിക്കൽ, അക്രമാസക്തമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്.
കെ എം അഭിജിത്തിന് പുറമെ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം ജഷീർ പള്ളിയാൽ, കൽപ്പറ്റ പെരുന്തട്ട സ്വദേശികളായ എം ഷമീർ, സലാം, ബൈപ്പാസ് സ്വദേശി ഷൈജൽ, പ്രതാപ്, പുൽപ്പാറ സ്വദേശി ആബിദ്, വെള്ളാരംകുന്ന് സ്വദേശി സി കെ രവി, ചുണ്ടേൽ സ്വദേശി കെ എം ഷിനോദ് എന്നിവരുൾപ്പെടെ നൂറോളം പേരാണ് കേസിലെ പ്രതികൾ. ശനിയാഴ്ച വൈകിട്ട് യുഡിഎഫ് റാലിക്കിടെയാണ് കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ജില്ലാ ബ്യൂറോയ്ക്കുനേരെ അക്രമം നടത്തിയത്.


വയനാട്ടിലെ എസ്എഫ്ഐ സമരം വിജയിച്ചു: പി ഗഗാറിൻ


വയനാട്ടിലെ എസ്എഫ്ഐ സമരം വിജയിച്ചെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ .എസ്എഫ്ഐ സമരം ചെയ്ത ദിവസം രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. അതാണ് ഇപ്പോൾ പത്രത്തിൽ വന്നിരിക്കുന്നത്. ഗാന്ധി ആരാണെന്ന രാഷ്ട്രീയ വിവേകമുള്ള ആളുകളാണ് എസ്എഫ്ഐയിലുള്ളതെന്നും പി ഗഗാറിൻ പറഞ്ഞു. കോൺഗ്രസസിനെതിരായ പ്രതിഷേധ മാർച്ചിൽ വയനാട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, തെറ്റ് പറ്റിയവരെ തിരുത്തുമെന്ന് സി കെ ശശീന്ദ്രൻ പറഞ്ഞു. എസ്എഫ്ഐക്കാരെ മൂക്കിൽ വലിച്ചു കയറ്റാം എന്നാരും വിചാരിക്കേണ്ടെന്നും സി കെ ശശീന്ദ്രൻ വ്യക്തമാക്കി.
ബഫർസോൺ നിശ്ചയിക്കുമ്പോൾ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടായിരിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് ബഫർസോൺ നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് പ്രാവർത്തികമാകുന്നതോടെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മേഖലയിൽ അസാധ്യമായി തീരും. യു.പി.എ സർക്കാരിന്റെ കാലത്ത് ജയറാം രമേശ് വനം പരിസ്ഥിതി മന്ത്രിയായിരുന്ന ഘട്ടത്തിലാണ് വന്യ ജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും 12 കിലോ മീറ്റർ വരെ ബഫർസോൺ ആക്കണമെന്ന നിർദ്ദേശം ഉയർന്നുവന്നത്. ഈ നിർദ്ദേശത്തെ പൊതുവിൽ പിന്തുണക്കുന്ന നിലപാടാണ് യു.ഡി.എഫിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
തുടർച്ചയായ പ്രളയവും, മറ്റ് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 2019 ൽ 12 കിലോമീറ്ററിന് പകരം ഒരു കിലോ മീറ്റർ വരെ ഇവ നിശ്ചയിക്കാമെന്ന സമീപനമാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. എന്നാൽ ഇത് പ്രായോഗികമാക്കപ്പെടുമ്പോൾ ചില മേഖലയിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കണമെന്ന നിലപാട് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചു.
നിയമ നിർമ്മാണം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് സംസ്ഥാന സർക്കാർ ഇതിന്റെ അടിസ്താനത്തിൽ കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിയെ കണ്ട് സംസ്ഥാന സർക്കാരിന്റെ ആക്ഷേപങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണമെന്ന് വനം വകുപ്പ് മന്ത്രി തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതും നിഷേധിക്കപ്പെടുകയാണ് ഉണ്ടായത്. ബഫർസോണായി 12 കിലോ മീറ്റർ വരെ വേണമെന്ന നിലപാട് സ്വീകരിച്ചവരാണ് പ്രളയ കാലത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു കിലോ മീറ്റർ വരെ ബഫർ സോണാക്കണമെന്ന് സർക്കാർ നിലപാടിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഒരു കിലോമീറ്റർ പരിധിയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാറിന്റെ നിർദ്ദേശം കേന്ദ്ര സർക്കാറിന്റെ പരിഗണനയിലിരിക്കുമ്പോഴാണ് ഇത്തരമൊരു വിധി ഉണ്ടായത്. ഈ വിധിയിൽ അപ്പീൽ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനെ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്.
വയനാട്ടിലെ സമരം ശക്തമാക്കുന്നതിന് വേണ്ടി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി നാളെ കൽപ്പറ്റയിൽ എത്തുന്നുണ്ട്.

 

''എന്റെ തൊഴിൽ, എന്റെ അഭിമാനം' ആദ്യഘട്ടം പൂർത്തിയായി; രണ്ടാം ഘട്ടത്തിന് ഉടൻ തുടക്കം
കെ ഡിസ്‌കും കുടുംബശ്രീയും ചേർന്ന് നടത്തുന്ന 'എന്റെ തൊഴിൽ, എന്റെ അഭിമാനം' ക്യാമ്പയിൻ ആദ്യഘട്ടം പൂർത്തിയായതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മൂലം മാറ്റിവെച്ച എറണാകുളത്തെ സർവ്വേ വ്യാഴാഴ്ചയാണ് പൂർത്തിയായത്. സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത് 53,42,094 തൊഴിലന്വേഷകരാണ്. തൊഴിൽ അന്വേഷകരിൽ 58.3% സ്ത്രീകളും 41.5% പുരുഷന്മാരുമാണ്. 3578 ട്രാൻസ്ജൻഡർ വിഭാഗത്തിൽ പെട്ടവരും പട്ടികയിലുണ്ട്. 81,12,268 വീടുകളിലെത്തി കുടുംബശ്രീ വളണ്ടിയർമാർ വിവരങ്ങൾ തേടി. 79,647 കുടുംബശ്രീ പ്രവർത്തകരാണ് സർവ്വേയ്ക്ക് നേതൃത്വം നൽകിയത്. യുവതയ്ക്ക് തൊഴിൽ ഒരുക്കാനുള്ള പദ്ധതിയിൽ സർക്കാരിനൊപ്പം ആവേശപൂർവ്വം പങ്കാളിയായ കുടുംബശ്രീ വളണ്ടിയർമാരെ മന്ത്രി അഭിനന്ദിച്ചു.
തൊഴിൽ അന്വേഷകരുടെ വിശദമായ പ്രൊഫെയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്ന ഘട്ടം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. അധിക യോഗ്യതയും പ്രവർത്തി പരിചയവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുക. തൊഴിൽ സർവ്വേയിൽ നിലവിൽ രജിസ്റ്റർ ചെയ്തവരുടെ അടുത്തെത്തി കുടുംബശ്രീ വളണ്ടിയർമാർ ഈ വിവരം തേടും. 40 വയസിൽ താഴെയുള്ള ബിരുദധാരികളായ തൊഴിൽ അന്വേഷകരുടെ വിവരം ജൂലൈ 31നകം പൂർണ്ണമായി അപ്ഡേറ്റ് ചെയ്യാനാണ് ആദ്യം ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കെ ഡിസ്‌കിന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മന്റ് സിസ്റ്റം ആണ് വിവരശേഖരണത്തിനുള്ള ആപ്പ് ആക്കി മാറ്റുന്നത്. അധിക യോഗ്യത, പ്രവർത്തി പരിചയം, അഭിരുചി, നൈപുണ്യം എന്നിവയോടൊപ്പം പ്രതീക്ഷിക്കുന്ന ശമ്പളവും രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലാകും ആപ്പിന്റെ രൂപകൽപ്പന. ഡിജിറ്റൽ സർവ്വകലാശാലയാണ് അപ്പ് തയ്യാറാക്കുന്നത്. തൊഴിൽദായകരെയും തൊഴിൽ അന്വേഷകരെയും ബന്ധിപ്പിക്കാനുള്ള പ്രധാന സങ്കേതമായി ആപ്പിനെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള തൊഴിൽ അന്വേഷണ ആപ്പുകൾക്കുള്ള കേരളത്തിന്റെ ബദലാകാൻ ഈ സംവിധാനത്തിന് കഴിയും. സ്വകാര്യ കമ്പനികൾക്കും ജോലിക്കാരെ തേടാനുള്ള ഇടമായി ആപ്പിനെ മാറ്റാനാകണം എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.
രണ്ടാം ഘട്ടം വിവരശേഖരണത്തിന് വാർഡ് അടിസ്ഥാനത്തിൽ കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കും. ഒന്നാം ഘട്ട സർവ്വേയിൽ നിയോഗിച്ച എന്യൂമറേറ്റർമാരിൽ ബിരുദധാരികൾ ആയവരെ ആകും നിയോഗിക്കുക. ഇവർക്ക് ആവശ്യമായ പരിശീലനം ജൂലൈ 4ന് ശേഷം നൽകുമെന്നും മന്ത്രി അറിയിച്ചു.

 


പൊലീസുകാരെ ആക്രമിച്ചു; ടി സിദ്ദിഖിന്റെ ഗൺമാന് സസ്പെൻഷൻ

കോൺഗ്രസുകാർക്കൊപ്പം ചേർന്ന് പൊലീസിനെ ആക്രമിച്ച് ടി സിദ്ദിഖ് എംഎൽഎയുടെ ഗൺമാൻ സ്മിബിൻ കെ വിയെ സസ്പെൻഡ് ചെയ്തു. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.

വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാർച്ചിനിടെയുണ്ടായ അനിഷ്ട സംഭവങ്ങൾക്കിടെ യുഡിഎഫ് പ്രവർത്തകരോടൊപ്പം ചേർന്ന് പൊലിസിൻറെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. പൊലീസുകാരെ തള്ളിയിടാൻ ശ്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒയുടെ യൂണിഫോം പിടിച്ച് കൈവശമുണ്ടായിരുന്ന ലാത്തി തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണവും നടത്തും.ഇന്നലെ കൽപ്പറ്റയിൽ കോൺഗ്രസ് നടത്തിയ അക്രമത്തിൽ ഗൺമാൻ പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് നടപടി.

 
യുവാക്കളിലെ മദ്യാസക്തി; വ്യാജ വാർത്ത സ്പോട്ടിൽ പൊളിച്ച് മന്ത്രി എം വി ഗോവിന്ദൻ

തന്റെ പേരിൽ വന്ന വ്യാജ വാർത്തയെ സ്പോട്ടിൽ പൊളിച്ച് മന്ത്രി എം വി ഗോവിന്ദൻ. യുവജന വിദ്യാർഥി സംഘടനകളിൽ ഭൂരിഭാഗവും മദ്യാസക്തി ഉള്ളവരാണെന്ന് മന്ത്രി പറഞ്ഞു എന്നായിരുന്നു മലയാളം ചാനലകളും ഓൺലൈൻ പോർട്ടലുകളും വാർത്ത നൽകിയത്. വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ചാനലിൽ വന്ന വാർത്തയ്ക്ക് അതേ വേദിയിൽത്തന്നെ മന്ത്രി മറുപടി നൽകുകയായിരുന്നു.
വിദ്യാർഥികളിലും ചെറുപ്പക്കാരിലും നല്ലപോലെ മദ്യാസക്തി നിലവിലുണ്ട്. അത് ഒഴിവാക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തനം വേണം എന്നായിരുന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. ഇതിനെ 'യുവജനസംഘടനകളിൽ നല്ലൊരു പങ്കും കുടിയൻമാർ, സ്വയം നിയന്ത്രിക്കണം - മന്ത്രി' എന്നാണ് മിക്ക മാധ്യമങ്ങളും വാർത്ത നൽകിയത്. ഇത് നെഗറ്റീവായാണ് മാധ്യമങ്ങളിൽ വാർത്ത നൽകിയത്. വിദ്യാർഥികളിലും ചെറുപ്പക്കാരിലും മദ്യാസക്തി നിലവിലുണ്ട് എന്നത് ഉറപ്പിച്ച് പറയുന്നതായും മന്ത്രി പറഞ്ഞു.
ഇത്തരം നെഗറ്റീവ് വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ യഥാർത്ഥത്തിൽ മയക്കുമരുന്ന് ലോബിയെ സഹായിക്കുകയാണ് ചെയ്യുന്നത്. കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കുന്നതിന് പകരം ആളുകളെ വഴിതെറ്റിക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവ്വമായ പ്രചാരവേല നടത്തുന്നത് പത്രധർമ്മമല്ല. അത് പത്ര മുതലാളിയുടെ ധർമ്മമാണ് - മന്ത്രി പറഞ്ഞു.


മഹാരാഷ്ട്ര പ്രതിസന്ധി : വിമതരെ പിളർത്താൻ ഉദ്ധവ് പക്ഷം, 20 എംഎൽഎമാരുമായി ചർച്ച തുടങ്ങി 

മഹാരാഷ്ട്രയിൽ പ്രതിസന്ധി മറികടക്കാൻ വിമതരെ പിളർത്താനുള്ള നീക്കവുമായി ഉദ്ധവ് പക്ഷം. ഹോട്ടലിൽ തങ്ങുന്നവരിൽ 20 വിമത എംഎൽഎമാരുമായി സമ്പർക്കം പുലർത്തുന്നുവെന്നാണ് സൂചന. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും എന്നാൽ ശിവസേനയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. അതേസമയം ഒരു ശിവസേന മന്ത്രി കൂടി ഇന്ന് ഷിൻഡെ ക്യാമ്പിലെത്തി. ഇതോടെ 9 മന്ത്രിമാർ ഷിൻഡേക്ക് ഒപ്പമായി. ഏകനാഥ് ഷിൻഡെ അടക്കമുള്ള 5 മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ ഉദ്ധവ് താക്കറെ നടപടികൾ തുടങ്ങിയതിനിടെയാണ് ഒരു മന്ത്രി കൂടി മറുകണ്ടം ചാടിയത്. വൈകീട്ടോടെയാണ് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയിൽ എത്തിയത്. ഇതോടെ ഉദ്ധവ് പക്ഷത്തിൽ അവശേഷിക്കുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി ചുരുങ്ങി.
അതിനിടെ 15 വിമത എംഎൽമാർക്ക് വൈപ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം ഉത്തരവായി. നാട്ടിൽ എംഎൽഎമാരുടെ വീടിനും കുടുംബത്തിനും കേന്ദ്ര സേനകളുടെ സുരക്ഷയുണ്ടാകുമെന്നു ഏകനാഥ് ഷിൻഡെ ഇന്ന് ചേർന്ന യോഗത്തിൽ വിമത എംഎൽഎമാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഷിൻഡെയെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ കോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി. അതിനിടെ വിമത എംഎൽമാരിൽ ഒരാളുടെ പിറന്നാൾ ആഘോഷവും ഇന്ന് ഗുവാഹത്തിയിലെ ഹോട്ടലിൽ നടന്നു.
അസമിലെ വിവിധ ബിജെപി മന്ത്രിമാരും വിമതരുമായി ചർച്ചകൾ തുടരുകയാണ്. നാട്ടിൽ വീടുകൾക്കും ഓഫീസുകൾക്കും നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുന്ന വിമത എംഎൽഎമാർ ആശങ്കയിലാണ്. നിലനിൽപ്പിനായുള്ള തീരുമാനമെടുക്കാൻ ഏകനാഥ് ഷിൻഡെക്ക് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് വിമതർ.

വായനപക്ഷാചരണം എപിജെ ലൈബ്രറിയിൽ ഗാന സന്ധ്യ.


വായനാപക്ഷാചരണത്തിന്റെ ഭാഗമായി തെക്കീ ബസാർ എപിജെ അബ്ദുൾ കലാം ലൈബ്രറിയിൽ ഗാനസന്ധ്യ അരങ്ങേറി. കെ സമീറ, എഎം രമേശൻ, കെപി ജ്യോതിനാഥ്, പി രാജി, പി കെ വൽസരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള എപിജെ ഗായക സംഘമാണ് ഗാന സന്ധ്യ അരങ്ങേറിയത്. 29ന് എഴുത്തുകാരുടെ സംഗമവും വി പുരുഷോത്തമന്റെ കണ്ണൂർ നടന്ന് തീർത്ത വഴികൾ പുസ്തക ചർച്ചയും നടക്കും.

Most Read

  • Week

  • Month

  • All