ചോദ്യോത്തരവേളയിൽ പ്രതിപക്ഷബഹളം; നിയമസഭ നിർത്തിവെച്ചു

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും പ്രതിപക്ഷ എംഎൽഎമാർ മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. കറുപ്പ് വസ്ത്രം അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങളിൽ പലരും സഭയിൽ എത്തിയത്. സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബഹളം തുടർന്നതിനാൽ സഭ നിർത്തിവെച്ചു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കർ തുടക്കത്തിൽ വ്യക്തമാക്കി. അഞ്ച് മിനിറ്റ് മാത്രമാണ് സഭ നടന്നത്. എന്നാൽ പ്രമേയത്തിന് അനുമതി നൽകിയിട്ടും പ്രതിപക്ഷം ബഹളം വെച്ച് ഇറങ്ങിപോയി.
സിൽവർലൈൻ പദ്ധതി, ബഫർ സോൺ വിഷയം എന്നിവയിലെ സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നും ഈ നിയമസഭ സമ്മേളനം ഉറ്റുനോക്കുന്നു . ഈ സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളിൽ 13 ദിവസം ധനാഭ്യർത്ഥന ചർച്ചക്കാണ് നീക്കിവച്ചത്. നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായും, ധനകാര്യബിൽ ഉൾപ്പെടെയുള്ള ബില്ലുകളുടെ പരിഗണനക്കായി നാല് ദിവസവും ഉപധനാഭ്യാർത്ഥനക്കും ധനവിനിയോഗ ബില്ലുകൾക്കുമായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ട്. ജൂൺ 27 മുതൽ 23 ദിവസത്തേക്കാണ് സഭ സമ്മേളിക്കുക.

 


കോൺഗ്രസിന് വാളയാറിന് അപ്പുറവും ഇപ്പുറവും രണ്ട് നിലപാട്: മുഖ്യമന്ത്രി 

വാളയാറിന് അപ്പുറം ഒരു നിലപാടും ഇപ്പുറം മറ്റൊരു നിലപാടുമല്ല സിപിഐ എമ്മിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടുത്തെ കോൺഗ്രസിന് ഇതാണ് രീതി. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുക,അതിലൂടെ പുകമറ സൃഷ്ടിക്കുക; അതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു
രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.1983 ലും 91 ലും എകെജി സെന്ററിന് നേരെ ആക്രമണം ഉണ്ടായി.അത് ഓർമ്മയില്ലേ.അതിനെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറായോ ?.നാടിന്റെ മുന്നിലുള്ള അനുഭവമാണ്.അതേ സമയം എംപി ഓഫീസ് ആക്രമണത്തെ സിപിഐ എം തള്ളിപ്പറഞ്ഞു
ധീരജിന്റെ കൊലപാതകം എല്ലാവരിലും വല്ലാത്ത വേദനയുണ്ടാക്കി.അന്ന് എന്താണ് കോൺഗ്രസിന്റെ നിലപാട്.ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം, അതാണ് അവർ പറഞ്ഞത്.ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് ചേരുന്നതാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വിമാനത്തിനുള്ളിലെ അക്രമത്തിലും 'ഞങ്ങളുടെ കുട്ടികൾ' എന്നതായിരുന്നു കോൺഗ്രസ് നിലപാട്.ഇത് കലാപത്തെ പിന്തുണയ്ക്കുന്ന നിലപാടാണ്.ദേശാഭിമാനി ഓഫീസ് ആക്രമണത്തെ ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ തള്ളിപ്പറഞ്ഞോ ?. ഇത്തരം സംഭവങ്ങളെ ഒന്നിനെ പോലും തള്ളിപ്പറയുന്നില്ല. ഒരു പത്രസമ്മേളനത്തിൽ നിന്നും ഇറക്കി വിടുമെന്ന് പറയുക,ചോദ്യങ്ങളെ ഭയപ്പെടുന്ന രീതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

നിയമസഭയിൽ മാധ്യമവിലക്കില്ല; വാർത്ത സംഘടിതവും ആസൂത്രിതവും: സ്പീക്കർ

നിയമസഭയിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്ത സംഘടിതവും ആസൂത്രിതവുമാണെന്ന് സ്പീക്കർ എം ബി രാജേഷ്. നിയമസഭ റിപ്പോർട്ട് ചെയ്യാൻ പാസ് അനുവദിച്ച എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി പാസ് പരിശോധിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. തുടക്കത്തിൽ അത് ചില ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ പാസ് അനുവദിച്ച എല്ലാവരെയും പ്രവേശിപ്പിച്ചു. പാസ് പുതുക്കാതെ പഴയ പാസ് ഉള്ളവർക്കും പ്രവേശനം നൽകി. എന്നാൽ മാധ്യമവിലക്ക് എന്നത് കുറച്ച് കടന്നു പോയി. ചിലകാര്യങ്ങൾ പ്രചരിപ്പിച്ചത് തീർത്തും അടിസ്ഥാന രഹിതമാണെന്നും സ്പീക്കർ പറഞ്ഞു.
പാസ് അനുവദിച്ച എല്ലാ മാധ്യമപ്രവർത്തകരെയും ഇന്ന് നിയമസഭയിൽ പ്രവേശിപ്പിച്ചു. പാസ് കർശനമായി ചോദിച്ചിട്ടുണ്ട്. അത് കുറച്ച് പേർക്ക് ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവും. പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ല. പാസ് ചോദിക്കും. ക്യാമറയ്ക്ക് എപ്പോഴും മീഡിയ റൂമിൽ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. അത് ഇന്ന് ഏർപ്പെടുത്തിയ നിയന്ത്രണമില്ല. അത് അബദ്ധത്തിൽ കൊടുത്ത വാർത്തായി തോന്നുന്നില്ല. സഭാ നടപടികൾ ലഭ്യമാക്കുന്നത് സഭാ ടിവി വഴിയാണ്. ചാനൽ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 ശിവസേന വക്താവ് സഞ്ജയ് റാവുത്തിന് ഇഡി നോട്ടീസ്

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിനിടെ ഉദ്ധവ് താക്കറയുടെ വിശ്വസ്തനായ ശിവസേന വക്താവ് സഞ്ജയ് റാവുത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച മുംബൈയിലെ ഇഡി ആസ്ഥാനത്ത് എത്തിച്ചേരണമെന്ന് നോട്ടീസിൽ വ്യക്തമാക്കി.
മുംബൈയിൽ 1,034 കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. എന്നാൽ തന്നെ തടയുന്നതിനുള്ള ഗൂഢാലോചനയാണ് ഇഡിയുടെ നടപടിയ്ക്ക് പിന്നിലെന്ന് സഞ്ജയ് റാവുത്ത് പ്രതികരിച്ചു.

 


ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വയനാട്ടിൽ 16 സ്‌കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ: ഭക്ഷ്യവിഷബാധയെന്ന് സംശയം

നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് 16 വിദ്യാർഥികളെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടേയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
നല്ലൂർനാട്ടിലെ അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. രാവിലെ അസംബ്ലി നടന്ന സമയത്ത് കുട്ടികൾ തല കറങ്ങി വീഴുകയായിരുന്നു. കുട്ടിൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ എന്താണ് കാരണമെന്ന് ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്. സ്‌കൂളിലുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ച മറ്റ് കുട്ടികൾക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ഞായറാഴ്ച വീടുകളിൽ നിന്നും കൊണ്ടുവന്ന പലഹാരം കുട്ടികൾ ഒരുമിച്ച് കഴിച്ചതാണ് പ്രശ്‌നമായതെന്നും പരിശോധിക്കുന്നുണ്ട്. ഭക്ഷ്യ വിഷബാധയാണോ എന്നതിലും വ്യക്തത വരുത്തും.

 
വുമൺ ഫിലീം ഫെസറ്റിന് ബുധനാഴ്ച തുടക്കമാകും

കുടുംബശ്രി 25ാം വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രി കണ്ണൂർ ജില്ലാ മിഷന്റെയും ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തിൽ ജില്ലയിലെ 81 കേന്ദ്രങ്ങളിൽ നടത്തുന്ന വുമൺ ഫിലീം ഫെസ്റ്റ് ബുധനാഴ്ച ആരംഭിക്കും. സിഡിഎസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് തലശേരി ടൗൺഹാളിൽ നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്യും. സ്ത്രീപക്ഷ സിനിമകൾക്ക് പ്രാമുഖ്യം നൽകി ദേശീയ അന്തർ ദേശീയ ചിത്രങ്ങളുടെ പ്രാദേശിക പ്രദർശനമാണ് നടക്കുക. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, 2022 ഫ്രീഡം ഫൈറ്റ്, ഒഴിവ് ദിവസത്തെ കളി, ഒറ്റമുറി വെളിച്ചം, ഒഴിമുറി, തിങ്കളാഴ്ച നിശ്ചയം, ഹൈദി, ചിൽഡ്രൻസ് ഓഫ് ഹെവൻ, ബസന്തി, പെണ്ണിനെന്താ കുഴപ്പം, ഫോർ എ ബെറ്റർ ടുമാറോ തുടങ്ങിയ സിനിമകളും ഹ്രസ്വ സിനിമകളും പ്രദർശിപ്പിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രി മിഷൻ ജില്ലാ കോർഡിനേറ്റർ എം സുർജിത്ത്, ചലച്ചിത്ര അക്കാദമി കമ്മിറ്റി അംഗം പ്രദീപ് ചൊക്ലി, പി കെ ബൈജു, മറ്റ് ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഫെസ്റ്റിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ പുസ്തകോൽസവവും വിവിധ കേന്ദ്രങ്ങളിൽ നടക്കും. ജൂലൈ, ആഗസ്ത്, സെപ്തംബർ മാസങ്ങളിലായാണ് വിവിധ കേന്ദ്രങ്ങളിൽ ഫിലീം ഫെസ്റ്റ് നടക്കുക.

 വിജയ് ബാബു അമ്മയിൽ നിന്ന് രാജി വെയ്ക്കണം; കെ.ബി. ഗണേഷ് കുമാർ

ദിലീപ് രാജിവെച്ചതുപോലെ വിജയ് ബാബുവും രാജി വെയ്ക്കണമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മോഹൻലാലിന് കത്ത് അയക്കുമെന്നും കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. അമ്മ സംഘടനയുടെ അച്ചടക്ക നടപടിയിൽ നടൻ ഷമ്മി തിലകന് അദ്ദേഹം പിന്തുണയും നൽകി. ഷമ്മി തിലകന്റെ പല നിലപാടുകളോടും യോജിപ്പാണെന്ന് കെ.ബി ഗണേഷ് കുമാർ പറഞ്ഞു.
നടൻ ഷമ്മി തിലകനെ അമ്മയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് അമ്മ ഇന്നലെ വിശദീകരിച്ചിരുന്നു.


പുസ്തകം പ്രകാശനം ചെയ്തു

വി പുരുഷോത്തമന്റെ കണ്ണൂർ നടന്ന് തീർത്ത വഴികൾ പുസ്തകം പ്രകാശനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ കരിവെള്ളൂർ മുരളിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. കലാ സാംസ്‌കാരിക പ്രവർത്തക സംഘമാണ് പുസ്തകം തയ്യാറാക്കിയത്. പുകാസ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകാശനം. ആർ സുനിൽകുമാർ അധ്യക്ഷനായി. പുകാസ ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി പുസ്തക പരിചയം നടത്തി.
കെ പി സുധാകരൻ, വിപി പവിത്രൻ, എം കെ മനോഹരൻ, വിപി കിഷോർ, എം ഉദയകുമാർ, ടി വേണുഗോപാലൻ, എവി അജയകുമാർ, പികെ വിജയൻ, ടിആർ രാജൻ, കെ കെ ലതിക, ടിപി വേണുഗോപാലൻ, പി കെ ബൈജു, വർഗീസ് കളത്തിൽ, വിജയൻ മാച്ചേരി തുടങ്ങിയവർ സംസാരിച്ചു.

 

ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി: 12 പ്രവൃത്തികൾ പൂർത്തീകരിച്ചു 

ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് സുരക്ഷിത കുടിവെള്ളം ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാജീവ് ഗാന്ധി ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ 2017 മുതൽ ഇതുവരെ ആകെ 17 പദ്ധതികളിൽ 12 എണ്ണവും പൂർത്തീകരിച്ചു. മൂന്ന് വൻകിട പദ്ധതികൾ ഉൾപ്പെടെ നാല് പദ്ധതികൾ പുരോഗമിക്കുന്നു. ഒന്ന് ഉപേക്ഷിച്ചു. ഡിസ്ട്രിക്റ്റ് ഡവലപ്മെൻറ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) 2022-23 ഒന്നാം പാദ അവലോകന യോഗത്തിൽ എഡിസി ജനറൽ അറിയിച്ചതാണിത്.
1.70 കോടി രൂപയുടെ പായം ഗ്രാമപഞ്ചായത്തിലെ നരിമട കോളനി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി രണ്ടായി വിഭജിച്ച് ഭരണാനുമതി നൽകിയിട്ടുണ്ട്. സാങ്കേതികാനുമതിക്ക് സമർപ്പിച്ചു. 84 ലക്ഷത്തിന്റെ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ തലത്തണ്ണി-മുതുശ്ശേരി എസ്ടി കോളനി പദ്ധതി കരാർ വെച്ച് പ്രവൃത്തി തുടങ്ങി. 22.30 ലക്ഷത്തിന്റെ ചിറ്റാരിപ്പറമ്പ പഞ്ചായത്തിലെ തൊടീക്കളം യുടിസി കോളനി കുടിവെള്ള പദ്ധതി ഭരണാനുമതി പുതുക്കി. സാങ്കേതികാനുമതി ലഭിക്കാനുണ്ട്.
കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഓടപ്പുഴ താഴെ പണിയ കോളനി, നിടുപുറംചാൽ എസ്ടി കോളനി, ഓടപ്പുഴ എസ്ടി കോളനി സ്‌കൂൾ പരിസരം, ഏലപ്പീടിക കുറിച്യ കോളനി, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളേരി നാല് സെൻറ് കോളനി, ആനന്ദതീർഥനഗർ കോളനി, തളിപ്പറമ്പ ചെറുപാറ-ഏണ്ടി-ചുണ്ണാമുക്ക് എസ്ടി കോളനി, ഇരിക്കൂർ കോട്ടപ്പാറ കോളനി, മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ചപ്പണക്കൊഴുമ്മൽ, കത്തിയണക്കൽ കോളനി, ഇരിട്ടി നഗരസഭയിലെ ഇരിട്ടിക്കുന്ന്, പേരാവൂർ മുട്ടുമാറ്റി വാളുമുക്ക് കോളനി എന്നീ കുടിവെള്ള പദ്ധതികളാണ് പൂർത്തീകരിച്ചത്.
ജലനിധി പൈപ്പ് ലൈൻ നിലവിലുള്ളതിനാൽ മാടായി കുതിരുമ്മൽ കോളനി കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ നീട്ടൽ രണ്ടാംഘട്ടം പദ്ധതി ആവശ്യമില്ലെന്ന് മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കണ്ണൂർ കോർപറേഷനിലെ അമൃത് പദ്ധതിയുടെ ഇതുവരെയുള്ള പ്രവൃത്തി 100 ശതമാനം പൂർത്തീകരിച്ചു.
പ്രധാൻമന്ത്രി ഗ്രാമസഡക് യോജന (പിഎംജിഎസ്വൈ) പദ്ധതിയിൽ സാഗി സ്‌കീമിൽ ഉൾപ്പെടുത്തി ആരംഭിച്ച നാല് റോഡ് പ്രവൃത്തികളും പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ മൂന്ന് റോഡുകളുടെ പ്രവൃത്തി പൂർത്തിയായി. രണ്ടെണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. മൂന്നാം ഘട്ടത്തിൽ ഏഴ് റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുന്നു. 12 റോഡുകളുടെ ഡിപിആർ തയാറാവുന്നു.
മുദ്ര ബാങ്ക് വായ്പ, ദേശീയ ആരോഗ്യ പദ്ധതി, പ്രധാൻമന്ത്രി ആവാസ് യോജന (പിഎംഎവൈ), പ്രധാൻമന്ത്രി കൃഷി സിഞ്ചായി യോജന (നീർത്തടം), എംപിമാരുടെ പ്രാദേശിക വികസന പദ്ധതി, മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ കേന്ദ്രവിഷ്‌കൃത പദ്ധതികളും അവലോകനം ചെയ്തു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ, ദാരിദ്ര്യ ലഘൂകരണ യൂനിറ്റ് പ്രൊജക്ട് ഡയറക്ടർ ടൈനി സൂസൻ ജോൺ, മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിൻറ് പ്രൊജക്ട് മാനേജർ ഹൈദർ അലി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

കൊവിഡ്: കോർബി വാക്സിനേഷൻ ഊർജിതമാക്കും

ജില്ലയിൽ 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ കൊവിഡ് വാക്സിനേഷൻ ഊർജിതമാക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന വാക്സിൻ ടാസ്‌ക് ഫോഴ്സ് യോഗം തീരുമാനിച്ചു. ഈ വിഭാഗത്തിലെ വാക്സിനേഷൻ ശതമാനം ഏറെകുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. അതിനായി സ്‌കൂൾ അധിക്യതർക്ക് പ്രത്യേക നിർദ്ദേശം നൽകും. അതത് സ്‌കൂളുകളുടെ പരിധിയിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി സ്‌കൂളുകളിൽ വാക്സിൻ ക്യാമ്പുകൾ നടത്തും. കോർബി വാക്സിനാണ് ഈ പ്രായത്തിലുള്ളവർക്ക് നൽകുന്നത്. രക്ഷിതാക്കളിലെ ബോധവത്കരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും. പി. ടി എ യോഗങ്ങൾ വിളിച്ചു ചേർക്കും. വാക്സിൻ സംബന്ധിച്ച് സ്‌കൂളുകളിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ കെ ബിന്ദു അറിയിച്ചു. വാക്സിനേഷൻ കാര്യക്ഷമമാക്കാൻ സ്‌കൂൾ മേധാവികൾക്ക് കത്ത് നൽകുമെന്നും അവർ പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ നാരായണ നായ്ക്ക്, ആർ സി എച്ച് ഓഫീസറുടെ ചുമതലയുള്ള ഡോ ബി സന്തോഷ്, ഡി എം ഒ (ഐ എസ് എം) ഡോ മാത്യൂസ് പി കുരുവിള, ഡി പി എം ഡോ പി കെ അനിൽകുമാർ മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സംസ്ഥാന സീനിയർ വോളി: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കണ്ണൂരിൽ ജൂലൈയിൽ നടക്കുന്ന പുരുഷ, വനിത സംസ്ഥാന സീനിയർ വോളി ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘം ഓഫീസ് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അധ്യക്ഷയായി.
സ്പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഒ കെ വിനീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ കെ പവിത്രൻ മാസ്റ്റർ, സെക്രട്ടറി ഷിനിത് പാട്യം തുടങ്ങിയവർ പങ്കെടുത്തു. ജൂലൈ 16 മുതൽ 19 വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ്.

കാട്‌ കണ്ട്‌ ‘ജംഗിൾ സഫാരി’; കെഎസ്‌ആർടിസിക്ക്‌ അരക്കോടി വരുമാനം

കൊച്ചി> ഭൂതത്താൻകെട്ടിലെ ബോട്ടുയാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്‌ചകൾ, ലക്ഷ്‌മി എസ്റ്റേറ്റിലെ തേയിലഭംഗി, കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും... മലയോരനാടിന്റെ സൗന്ദര്യം തൊട്ടറിഞ്ഞ കെഎസ്ആർടിസിയുടെ ജംഗിൾ സഫാരിക്ക്‌ സഞ്ചാരികളുടെ ഫുൾ മാർക്ക്‌. പരിചിതമല്ലാത്ത വഴിയിലൂടെയുള്ള മൂന്നാർയാത്രയുടെ വിനോദസഞ്ചാര സാധ്യതകളാണ്‌ ജംഗിൾ സഫാരി തുറന്നിടുന്നത്‌. 197 ട്രിപ്പുകളിലായി 9697 പേരാണ് കെഎസ്ആർടിസിയുടെ വനയാത്ര ആസ്വദിച്ചത്. 51,20,384 രൂപ വരുമാനം ലഭിച്ചു. ഇതുവരെ 45,200 കിലോമീറ്റർ സഞ്ചരിച്ചു. ഏകദേശം 12,800 ലിറ്റർ ഡീസൽ ഉപയോഗിച്ചു. ജീവനക്കാരുടെ ശമ്പളവും മറ്റ്‌ ചെലവുകളുമെല്ലാം കഴിച്ച് 25,20,129 രൂപയാണ് മെയ്‌വരെയുള്ള ലാഭം.

ആറുമാസംകൊണ്ട്‌ 'സൂപ്പർ ഹിറ്റ്‌'

നവംബർ ഇരുപത്തെട്ടിനാണ്‌ ജംഗിൾ സഫാരി കോതമംഗലം ഡിപ്പോയിൽനിന്ന് ആരംഭിച്ചത്‌. കോതമംഗലത്തുനിന്ന്‌ ബസിൽ യാത്ര ചെയ്‌ത് ഭൂതത്താൻകെട്ടിൽ എത്തുകയും അവിടെനിന്ന്‌ ബോട്ടിൽ കാനനഭംഗി ആസ്വദിച്ച്‌ തട്ടേക്കാട്ടെത്തി അവിടെനിന്ന്‌ വീണ്ടും കെഎസ്ആർടിസി ബസിൽ യാത്ര തുടരും. കുട്ടമ്പുഴ, മാമലക്കണ്ടം മാങ്കുളം, ആനക്കുളം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് പെരുമ്പൻകുത്തിനുസമീപം ഒരു റിസോർട്ടിൽ ഉച്ചഭക്ഷണവും കഴിച്ച് ലക്ഷ്‌മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്. ഒരു ബസായിരുന്നു തുടക്കത്തിൽ. യാത്രികർ വർധിച്ചതോടെ ഏഴു ബസുകൾവരെയായി.

700 രൂപയ്‌ക്ക്‌ കാട്‌ ചുറ്റാം

ഒരാൾക്ക് 550 രൂപയായിരുന്നു നിരക്ക്. ബോട്ടുയാത്രകൂടി ഉൾപ്പെടുത്തിയശേഷം 700 രൂപയാക്കി. ഭക്ഷണവും വൈകിട്ട് ചായയും ഉൾപ്പെട്ടതാണ് പാക്കേജ്. രാവിലെ എട്ടിന്‌ കോതമംഗലത്തുനിന്ന് പുറപ്പെട്ട് രാത്രി പത്തോടെ തിരിച്ചെത്തും. മടക്കയാത്ര മൂന്നാർ– ആലുവ റോഡിലൂടെയാണ്‌. പക്ഷികളെയും മൃഗങ്ങളെയും കണ്ട്‌ ബോട്ടിൽ പെരിയാറിലൂടെ, കാടിനെ അടുത്തറിഞ്ഞ്‌ മാമലക്കണ്ടം വനത്തിലൂടെ, തേയിലത്തോട്ടത്തിന്റെ വശ്യഭംഗി ആസ്വദിച്ച് ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ് ജംഗിൾ സഫാരി സമ്മാനിക്കുന്നത്. യാത്ര ചെയ്യാൻ മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 94479 84511, 94465 25773.

 

 

Most Read

  • Week

  • Month

  • All