മനസോടിത്തിരി മണ്ണ്: ഫെഡറല്‍ ബാങ്ക് 1.56 ഏക്കര്‍ സംഭാവന ചെയ്‌തു

തിരുവനന്തപുരം > ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് വെക്കാൻ ഭൂമി സമാഹരിക്കുന്നതിനുള്ള മനസോടിത്തിരി മണ്ണ് ക്യാമ്പയിന്‍റെ ഭാഗമായി ഫെഡറല്‍ ബാങ്കും. 1.56 ഏക്കര്‍ ഭൂമി ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത രേഖകള്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാൻ സി ബാലഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചടങ്ങില്‍ പങ്കെടുത്തു. എറണാകുളം ജില്ലയിലെ ആയവന പഞ്ചായത്തിലും തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി പഞ്ചായത്തിലുമാണ് സ്ഥലം. ആയവനയിലെ 150.9 സെന്‍റും വരന്തരപ്പിള്ളിയിലെ 5.5 സെന്‍റ് സ്ഥലവുമാണ് കൈമാറിയത്.  ചടങ്ങില്‍ ലൈഫ് മിഷൻ സിഇഒ പിബി നൂഹ് ഐഎഎസ്, ഫെഡറല്‍ ബാങ്ക് ഇന്ത്യാ ലിമിറ്റഡ് ജനറല്‍ മാനേജര്‍ എൻ രാജനാരായണൻ, സാജൻ ഫിലിപ് മാത്യു, ജെയ്ഡ് കൊറോസര്‍, ഷിഞ്ചു അബ്ദുള്ള എന്നിവരും പങ്കെടുത്തു.

മനസോടിത്തിരി മണ്ണ് ക്യാമ്പയിന്‍റെ ഭാഗമായി ഇതുവരെ 39തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 1778.72 സെന്‍റ് സ്ഥലം ലഭിച്ചിട്ടുണ്ട്. മഹാനായ ചലച്ചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണൻ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയുടെ ഭാഗമായി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ആയിരംപേര്‍ക്ക് ഭൂമി വാങ്ങാൻ 25 കോടി നല്‍കാമെന്ന് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. ഇതിനകം 67 പേര്‍ക്ക് ഭൂമി വാങ്ങി നല്‍കി, 36 ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ നടപടി പുരോഗമിക്കുന്നു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി ഭൂമി കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
അര്‍ഹരായ എല്ലാ ഭൂരഹിത ഭവന രഹിതര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു. ഭൂമി സംഭാവന ചെയ്‌ത ഫെഡ‍റല്‍ ബാങ്ക് നടപടി അഭിനന്ദനാര്‍ഹമാണ്. സഹജീവികളോട് സ്നേഹമുള്ള സുമനസുകളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും മനസോടിത്തിരി മണ്ണ് ക്യാമ്പയിന്‍റെ ഭാഗമാകണമെന്നും മന്ത്രി ആഹ്വാനം ചെയ്‌തു.
 

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭാ തീരുമാനം; ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി

 
 
 പ്രധാനപ്പെട്ട നിയമങ്ങളെല്ലാം തന്നെ ബില്ലുകളായി അവതരിപ്പിച്ച് നിയമസഭ പാസ്സാക്കി ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സഭ പാസ്സാക്കി അയക്കുന്നത് ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടി വരും. മാത്രമല്ല ഇപ്പോള്‍ ഗവര്‍ണറുടെ അനുമതി തേടി സമര്‍പ്പിച്ച പല ഓര്‍ഡിനന്‍സുകളും പല തവണ പുതുക്കിയതാണ്. അതില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.
 
 

 

കെട്ടിടാവശിഷ്‌ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനം ഒരുങ്ങുന്നു

തിരുവനന്തപുരം> കെട്ടിടനിർമ്മാണ-പൊളിക്കൽ സംബന്ധിയായ മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖ പുറത്തിറങ്ങിയതായി മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. നിലവിൽ കെട്ടിടാവശിഷ്‌ടങ്ങൾ ജലാശയങ്ങളിൽ തള്ളുന്നത് ഉൾപ്പെടെയുള്ള കൃത്യങ്ങൾ പലരും ചെയ്യുന്നുണ്ട്. ഇതിന് തടയിടുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഒന്നിലധികം ജില്ലകൾക്ക് വേണ്ടി ഒരു സം‌സ്‌കരണ യൂണിറ്റ് എന്ന നിലയിൽ ആകും സംവിധാനം. മാലിന്യം ശേഖരിക്കാനുള്ള വിപുലമായ സംവിധാനം എല്ലാ തദ്ദേശ സ്ഥാപനത്തിലും ഒരുക്കും.

കെട്ടിടാവശിഷ്‌ടം ശേഖരിക്കാനുള്ള മൊബൈൽ യൂണിറ്റുകൾ, കെട്ടിട ഉടമയ്‌ക്ക് മാലിന്യം എത്തിച്ചുതരാനാകുന്ന കളക്ഷൻ സെന്ററുകൾ എന്നിവിടങ്ങളിലൂടെയാകും മാലിന്യ ശേഖരണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കെട്ടിടാവശിഷ്‌ടങ്ങൾ ശേഖരിക്കാനുള്ള വാഹനങ്ങളും ഒരുക്കും. അഞ്ച് കിലോമീറ്റർ പരിധിയിൽ ഒരു കളക്ഷൻ പോയിൻറ് എങ്കിലും ഒരുക്കാനാകണം. മാലിന്യ ശേഖരണ സംവിധാനം തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും, വിവിധ തദ്ദേശ സ്ഥാപനങ്ങൾ കൂടിച്ചേർന്നും, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ, പൂർണമായും സ്വകാര്യ ഉടമസ്ഥതയിലോ ആകാം.

 


രണ്ട് ടണ്ണിൽ താഴെയുള്ള കെട്ടിടാവശിഷ്‌ടങ്ങൾക്ക് കളക്ഷൻ ഫീസ് ഉണ്ടാകില്ല. കെട്ടിടസ്ഥലത്തെത്തി തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ മാലിന്യം ശേഖരിക്കുകയോ, കളക്ഷൻ കേന്ദ്രത്തിൽ കെട്ടിട ഉടമ സ്വന്തം ചെലവിൽ മാലിന്യം എത്തിക്കുകയോ ചെയ്യാം. രണ്ട് ടണ്ണിനും ഇരുപത് ടണ്ണിനും ഇടയിലുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ കളക്ഷൻ ഫീസ് കെട്ടിട ഉടമ നൽകണം. ഇല്ലെങ്കിൽ സ്വന്തം ചെലവിൽ കളക്ഷൻ സെന്ററുകളിൽ മാലിന്യം എത്തിച്ച് നൽകണം. 20 ടണ്ണിലധികം കെട്ടിടാവശിഷ്‌ടങ്ങൾ ഉണ്ടെങ്കിൽ, കെട്ടിട ഉടമ സ്വന്തം ചെലവിൽ കളക്ഷൻ കേന്ദ്രങ്ങളിൽ മാലിന്യം എത്തിക്കുകയും, സംസ്‌കരണത്തിനുള്ള ഫീസ് അടയ്ക്കുകയും ചെയ്യണം.

ജില്ലാ തല മേൽനോട്ട സമിതി കളക്ഷൻ ഫീസും സംസ്‌ക‌‌രണ ഫീസും നിശ്ചയിക്കും. ജില്ലാ കളക്‌ട‌ർ ഈ സമിതിയുടെ അധ്യക്ഷനും ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കൺവീനറുമായിരിക്കും. ജില്ലയിൽ എത്ര സംസ്‌കരണ പ്ലാന്റ് വേണമെന്നും ശേഷി എത്രയാകണമെന്നും ഈ സമിതി നിശ്ചയിക്കും. നിലവിലുള്ള ക്വാറികൾ, ക്രഷറുകൾ എന്നിവ ഉപയോഗിക്കാനുള്ള സാധ്യതയും തേടും. ഹോളോ ബ്രിക്‌സ്, നടപ്പാത നിർമ്മാണ യൂണിറ്റുകളെയും സംസ്‌കരണത്തിന് ഉപയോഗിക്കാം.
 


സംസ്‌കരണകേന്ദ്രം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലോ, പൊതു-സ്വകാര്യ പങ്കാളിത്തത്തിലോ സ്വകാര്യ ഉടമസ്ഥതയിലോ ആകാം. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ആണെങ്കിൽ, ദിനംപ്രതി ചുരുങ്ങിയത് നൂറ് ടൺ മാലിന്യം കൈകാര്യം ചെയ്യാൻ കഴിയുന്ന പ്ലാന്റ് ഒരുക്കാനുള്ള സ്ഥലം സർക്കാർ നൽകും. യന്ത്രസാമഗ്രികളുടെയും നടത്തിപ്പിന്റെയും ചുമതല സ്വകാര്യ വ്യക്തി/കമ്പനികൾക്ക് ആയിരിക്കും. സംസ്‌കരണ ഫീസും റീസൈക്കിൾ ചെയ്‌ത വസ്‌തുക്കൾ വിറ്റുമാണ് വരുമാനം. കൈകാര്യം ചെയ്യാൻ കൊടുക്കുന്ന മാലിന്യത്തിന്റെ കുറഞ്ഞ അളവ് എത്രയെന്ന് തദ്ദേശ സ്ഥാപനം തീരുമാനിക്കണം. ആ അളവിൽ മാലിന്യം നൽകാനായില്ലെങ്കിൽ നഗരസഭ നഷ്‌ടപരിഹാരവും നൽകും. സ്വകാര്യ ഉടമസ്ഥതയിലാണ് സംസ്‌കരണ യൂണിറ്റെങ്കിൽ പ്രതിദിനം 100ടൺ കൈകാര്യം ചെയ്യാൻ ഒരു ഏക്കർ എന്ന നിരക്കിൽ സ്ഥലം വേണം‍. ഏറ്റവും ചുരുങ്ങിയത് 75 സെന്റ് സ്ഥലം എങ്കിലും ഉണ്ടെങ്കിൽ മാത്രമേ യൂണിറ്റ് ആരംഭിക്കാനാകൂ. സംസ്‌കരണയൂണിറ്റിന്റെ 100 മീറ്റർ ചുറ്റളവിൽ പൊതുസ്ഥാപനങ്ങളോ വീടുകളോ ആരാധനാലയങ്ങളോ പാടില്ല.

സർക്കാരിന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും ചുരുങ്ങിയത് 20% റീസൈക്കിൾ ചെയ്‌ത കെട്ടിടാവശിഷ്‌ടം ഉപയോഗിക്കണമെന്നും നിബന്ധനയുണ്ട്. റീസൈക്കിൾ ചെയ്‌ത കെട്ടിടാവശിഷ്ടം, പൊളിക്കൽ ആവശ്യമായി വരുന്ന എല്ലാ പുതുക്കിപ്പണിയലുകൾക്കും 20% ഉപയോഗിക്കണം. ഈ നിബന്ധന സ്വകാര്യ കെട്ടിടങ്ങൾക്കും ബാധകമാണ്. പ്രകൃതിചൂഷണം കുറയ്ക്കാനും പരമാവധി പുനരുപയോഗം ഉറപ്പാക്കാനും ഈ സംവിധാനം പ്രയോജനകരമാകും. ടൈലുകളും ഉപകരണങ്ങളും മരഉരുപ്പടികളുമടക്കം പരമാവധി വസ്‌തുക്കൾ പുനരുപയോഗിക്കാൻ സജ്ജമാക്കണമെന്നും മാർഗനിർദേശം പറയുന്നു. റോഡ് നിർമ്മാണം, നികത്തലിൽ മണ്ണിന് പകരമായി,ടെട്രാപോഡ് നിർമ്മാണത്തിൽ, കട്ടകളും ടെലുകളും ഹോളോ ബ്രിക്കുകളും നടപ്പാതകളും പാർക്ക് ബെഞ്ചുകളും നിർമ്മിക്കാൻ തുടങ്ങി നിരവധി കാര്യങ്ങൾക്ക് റീസൈക്കിൾ ചെയ്‌ത കെട്ടിടാവശിഷ്‌ടങ്ങൾ ഉപയോഗിക്കാനാകും.
 


നിയമം കർശനമായി നടപ്പാക്കാൻ വിവിധ ശിക്ഷാനടപടികളും തീരുമാനിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്‌ടങ്ങൾ മറ്റ് മാലിന്യവുമായി കൂട്ടിക്കലർത്തിയാൽ പതിനായിരം രൂപയും പൊതുസ്ഥലത്ത് നിക്ഷേപിച്ചാൽ ഇരുപതിനായിരം രൂപയുമാണ് പിഴ. ജലാശയങ്ങളിൽ കെട്ടിടാവശിഷ്‌ടങ്ങൾ തള്ളിയാൽ മൂന്ന് വർഷം വരെ തടവോ രണ്ട് ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം. കെട്ടിടം പൊളിച്ച് ഏഴ് ദിവസത്തിനകം മാലിന്യം നീക്കം ചെയ്‌തില്ലെങ്കിൽ ഓരോ ടണ്ണിനും അയ്യായിരം രൂപ പിഴയിടാം. വേർതിരിച്ച നിലയിൽ കെട്ടിടാവശിഷ്‌ടം നൽകിയില്ലെങ്കിലും, ശരിയല്ലാത്ത രീതിയിലാണ് വാഹനത്തിൽ കൊണ്ടുവരുന്നതെങ്കിലും പതിനായിരം രൂപയാണ് പിഴ. കെട്ടിടാവശിഷ്‌ടങ്ങൾ ലൈസൻസ് ഇല്ലാതെ കൈകാര്യം ചെയ്‌താലും പതിനായിരം രൂപ പിഴ ശിക്ഷയുണ്ട്. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാം.

മാലിന്യമുക്ത കേരളത്തിനായുള്ള സുപ്രധാന ചുവടുവെപ്പാകും നടപടിയെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കെട്ടിടാവശിഷ്‌ടങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്. ഇത്തരം അവശിഷ്‌ടങ്ങളെ പരമാവധി പുനരുപയോഗിക്കാൻ കഴിയുന്ന രീതിയാണ് മുന്നോട്ടുവെക്കുന്നത്. ഖര-ദ്രവ മാലിന്യങ്ങൾക്കൊപ്പം കെട്ടിടാവശിഷ്‌ടങ്ങളും കൈകാര്യം ചെയ്യാൻ വിപുലമായ സംവിധാനം വരുന്നതോടെ മാലിന്യപ്രശ്‌നത്തിന് വലിയ ഒരു അളവു വരെ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു.

 

പീഡനകേസ്‌: കോൺഗ്രസ്‌ നേതാവിന്‌ ജാമ്യം

+

തലശേരി> വനിതാ സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ്‌ നേതാവും കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറുമായ പി വി കൃഷ്ണകുമാറിന്‌ അഡീഷനൽ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ ജാമ്യം അനുവദിച്ചു. പീഡനകേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുപ്പതിയിൽ നിന്ന്‌ എടക്കാട്‌ പൊലീസ്‌ കഴിഞ്ഞ ദിവസമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള വനിതാ സഹകരണസംഘം ശാഖാ ഓഫീസിൽ ജൂലൈ 15നാണ്‌ കേസിനാസ്‌പദമായ പീഡനം.

സംഘത്തിലെ മുൻ ജീവനക്കാരനായ കൃഷ്‌ണകുമാർ യുവതിയെ കടന്നുപിടിച്ചെന്നും എതിർത്തപ്പോൾ ബലംപ്രയോഗിച്ച്‌ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമായിരുന്നു പരാതി. എടക്കാട്‌ പൊലീസ്‌ കേസെടുത്തതോടെ ഒളിവിൽപോയി. ബംഗളൂരു, ഗൂഡല്ലൂർ,  ഹൈദരാബാദ്‌, വയനാട്‌ എന്നിവിടങ്ങളിലെ ലൊഡ്‌ജുകളിലാണ്‌ ഒളിച്ചുകഴിഞ്ഞത്‌. മുൻ കൂർ ജാമ്യഹർജി ജില്ല സെഷൻസ്‌ കോടതി നേരത്തെ തള്ളിയിരുന്നു.

 

 

ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു

President appoints Justice U U Lalit as next Chief Justice of India
 

ദില്ലി: ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്. രാഷ്ട്രപതി ഇന്ന് വൈകീട്ട് നിയമന ഉത്തരവ് പുറത്തിറക്കി. ഈ മാസം 27നാണ് സത്യപ്രതിജ്ഞ. നിലവിലുള്ള ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഓഗസ്റ്റ് 26ന് വിരമിക്കും. ചീഫ് ജസ്റ്റിസ് എൻ.വി.രമണ കഴിഞ്ഞാൽ സുപ്രീംകോടതിയിലെ മുതിർന്ന ജ‍ഡ്ജിയാണ് ജസ്റ്റിസ് യു.യു.ലളിത്. സുപ്രീംകോടതി ജഡ്ജിയായി ബാറില്‍ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് യു.യു .ലളിത്. ജസ്റ്റിസ് എസ്.എം.സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്.

ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വര്‍ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റീസ് എൻ.വി.രമണ ശുപാർശ ചെയ്തിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ജസ്റ്റിസാണ് യു.യു.ലളിതിന്റെ പേര് നിർദേശിച്ചുള്ള ശുപാർശ അദ്ദേഹം കൈമാറിയത്. നിയമ മന്ത്രാലയം കൈമാറിയ ഈ ശുപാർശയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. 

1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014ൽ ആണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. അതിനു മുമ്പ് 2 ജി സ്പെക്ട്രം കേസിൽ സിബിഐയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി യു.യു.ലളിത് ഹാജരായിരുന്നു.

പുതിയ ചീഫ് ജസ്റ്റീസിനെ ശുപാർശ ചെയ്യാൻ നേരത്തെ സുപ്രീംകോടതി കൊളീജിയം യോഗം ചേർന്നിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ജസ്റ്റിസുമാരായ യു.യു.ലളിത്, ഡി.വൈ.ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ്  കൊളീജിയത്തിലെ അംഗങ്ങൾ. കൊളീജിയത്തിന്റെ തീരുമാനമാണ് ചീഫ് ജസ്റ്റിസ് ശുപാർശയായി കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത്. 

 

ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു

young man killed a woman who was the DYFI unit secretary

ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയയെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമൂർത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കിഴടങ്ങി. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അം​ഗവുമാണ് സൂര്യപ്രിയ. ഇന്ന് 11.30നാണ് സംഭവം. സൂര്യപ്രിയയും സുജീഷും തമ്മിൽ ഏതാണ്ട് ആറ് വർഷമായി പരിചയമുണ്ട്. മേലാർകോട് പഞ്ചായത്ത് സി.ഡി.എസ് അംഗംകൂടിയായിരുന്നു കൊല ചെയ്യപ്പെട്ട സൂര്യപ്രിയ. ( young man killed a woman who was the DYFI unit secretary )വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛൻ ഇയാളെത്തുന്നതിന് തൊട്ടുമുമ്പ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് കൊലപാതകം നടത്തിയത്. തുടർന്ന് യുവതിയുടെ ഫോണും എടുത്തുകൊണ്ടാണ് പ്രതി ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങിയത്

 ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോവുകയുള്ളൂ എന്നാണ് അറിയുന്നത്. എല്ലാവരുമായും നല്ല അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു സൂര്യപ്രിയയെന്ന് നാട്ടുകാർ പറയുന്നു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പ്രാഥമിക നി​ഗമനം.

 

ബിഹാറില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്തു.

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

 ഗവര്‍ണര്‍ ഫഗു ചൗഹാനാണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. സ്പീക്കര്‍ പദവിയും ആര്‍ജെഡിക്ക് നല്‍കും. തേജസ്വി യാദവ് ആഭ്യന്തര വകുപ്പ് മന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

ആര്‍ജെഡിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ് കുമാറിന്റെ പുതിയ സര്‍ക്കാര്‍ രൂപീകരണം നടന്നത്. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ബിജെപിയുമായി മാസങ്ങളായി ജെഡിയു അകല്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി വിമത നീക്കം നടത്തി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ആശങ്ക നിതീഷ് കുമാറിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ രാജി.

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ ഉലച്ചിലിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍ രാജി വച്ചത്. ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാറാണ് എംഎല്‍എമാരെ അറിയിച്ചിരുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചിരുന്നത്.

 

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം-ഡി എം ഒ
 
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണം. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വൈറൽ പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് അധികമായി കണ്ടുവരുന്നത്. 
ജലജന്യ രോഗങ്ങൾ തടയുന്നതിനായി ക്ലോറിനേഷൻ നടത്തണം. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. പഴകിയതും തുറന്നു വച്ചിരിക്കുന്നതുമായ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. വയറിളക്കം വന്നാൽ ഒആർഎസ് ലായനി ആവശ്യാനുസരണം നൽകണം. വർധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചർമ്മം, മയക്കം, മൂത്രം കുറവ്, കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം തുടങ്ങിയ നിർജ്ജലീകരണ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കണം. മാസ്‌ക് കൃത്യമായി ധരിക്കണം. ഇതിലൂടെ വിവിധ വായുജന്യ രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും. വ്യാജവാർത്തകളിൽ പരിഭ്രാന്തരാകരുത്. ആധികാരിക നിർദ്ദേശങ്ങൾ മാത്രമേ സ്വീകരിക്കാവൂ എന്നും അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും ഡി എം ഒ അറിയിച്ചു. .
 
ആഫ്രിക്കൻ പന്നിപ്പനി: നഷ്ടപരിഹാര വിതരണം 11ന്
 
കണിച്ചാർ പഞ്ചായത്തിലെ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച ഫാമുകളുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം ആഗസ്റ്റ് 11 വ്യാഴാഴ്ച വൈകീട്ട് 3.30ന് കണ്ണൂർ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കും. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നഷ്ടപരിഹാര തുക വിതരണം നിർവഹിക്കും. രണ്ട് കർഷകരുടെ 247 പന്നികളെയാണ് ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതിനെ തുടർന്ന് ഉൻമൂലനം ചെയ്ത് സംരക്ഷണ നടപടികൾ സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായുള്ള സെമിനാർ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. എംപിമാരായ കെ സുധാകരൻ, അഡ്വ. പി സന്തോഷ് കുമാർ എന്നിവർ ഉപഹാര സമർപ്പണം നടത്തും. പന്നിപ്പനി രോഗപ്രതിരോധ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിക്കും.
 
എംഎൽഎ ഫണ്ട്: പാറപ്രം, മണക്കായി പാലങ്ങളിൽ തെരുവു വിളക്കുകൾക്ക് ഭരണാനുമതി
 
ധർമ്മടം നിയോജക മണ്ഡലത്തിൽ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ പാറപ്രം പാലത്തിലും വേങ്ങാട് ഗ്രാമപഞ്ചായത്തിലെ മണക്കായി പാലത്തിലും തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ എംഎൽഎ പ്രത്യേക വികസന നിധിയിൽനിന്ന് 22.81 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. പാറപ്രം പാലത്തിന് 10,59,000 രൂപയും മണക്കായി പാലത്തിന് 12,20,000 രൂപയും ചെലവഴിക്കുന്നതിനാണ് ഭരണാനുമതി. അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ഇലക്ട്രിക്കൽ, തലശ്ശേരിയാണ് നിർവഹണ ഉദ്യോഗസ്ഥൻ. ആറ് മാസമാണ് പൂർത്തീകരണ കാലാവധി.
 
അമൃത് സരോവർ മിഷൻ: ആദ്യഘട്ടത്തിൽ 44 കുളങ്ങൾ
 
അമൃത് സരോവർ മിഷന്റെ ഭാഗമായി ജില്ലയിൽ ആദ്യഘട്ടത്തിൽ 44 കുളങ്ങൾ ഉൾപ്പെടുത്തി. ഇതിൽ ആറ് കുളങ്ങൾ പുതുതായി നിർമ്മിക്കും. 38 കുളങ്ങൾ നവീകരിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അമൃത് സരോവർ മിഷൻ നടപ്പിലാക്കുന്നത്. മറ്റ് വകുപ്പുകളുടെ സഹായവും പദ്ധതിക്ക് ലഭ്യമാക്കും. ഇതനുസരിച്ച് ആറ് കുളങ്ങൾ ചെറുകിട ജലസേചന വകുപ്പിന്റേയും പത്ത് കുളങ്ങൾ മണ്ണ് സംരക്ഷണ വകുപ്പിന്റേയും പദ്ധതികളിൽ ഉൾപ്പെടുത്തി നവീകരിക്കാനും പ്രാഥമിക ധാരണയായി.  ഇത് സംബന്ധിച്ച് പ്രത്യേക യോഗം വിളിച്ച് ചേർക്കും. ആറളം ഫാമിലെ നാല് കുളങ്ങൾ എസ് ടി വകുപ്പുമായി ചേർന്ന് നവീകരിക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി. ഇത് സംബന്ധിച്ച പട്ടിക, എസ്റ്റിമേറ്റ് എന്നിവ ഐ ടി ഡി പിയെ  അറിയിക്കണം. കുടിവെള്ള ക്ഷാമം നേരിടുന്ന പട്ടികവർഗ കോളനികളിൽ കൂടുതൽ കുളങ്ങൾ കുഴിക്കാനുള്ള  സാധ്യതകൾ ആരായും.
അമൃത് മിഷൻ പദ്ധതിയിൽ ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലെ കൂടുതൽ കുളങ്ങൾ ഉൾപ്പെടുത്തി നവീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും കലക്ടറേറ്റിൽ ചേർന്ന അവലലോകന യോഗത്തിൽ കലക്ടർ പറഞ്ഞു. കൂത്തുപറമ്പ് ബ്ലോക്കിൽ നീർവേലി ക്ഷേത്രക്കുള നവീകരണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറായതായി ജോയിന്റ് ബി  ഡി ഒ അറിയിച്ചു. എം ജി എൻ ആർ ഇ ജി എസ് ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി സുരേന്ദ്രൻ, ബി ഡി ഒ മാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 
ആസാദി കാ അമൃത് മഹോത്സവം: 
നേവൽ അക്കാദമി ബാൻഡ് വാദ്യ സംഗീത പരിപാടി 13ന്
 
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി ബാൻഡ് സംഘം ആഗസ്റ്റ് 13ന് വൈകീട്ട് മൂന്ന് മണിക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വാദ്യ സംഗീത പരിപാടി അവതരിപ്പിക്കും. ആയോധന ബീറ്റുകൾ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവയാണ് അവതരിപ്പിക്കുക. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.
അന്തർദേശീയ തലത്തിൽ പ്രശസ്തമായ നേവൽ ബാൻഡ് സംഘത്തിൽ 25 പേരാണ് അണി നിരക്കുക. ജില്ലാ ഭരണകൂടം, ഡിടിപിസി, കണ്ണൂർ കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കണ്ണൂരിൽ പരിപാടി ഒരുക്കുന്നത്.
 
ദേശീയ ലോക് അദാലത്ത് ആഗസ്റ്റ് 13ന്
 
കണ്ണൂർ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലുള്ള ദേശീയ ലോക് അദാലത്ത് ആഗസ്റ്റ് 13ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ ജില്ലയിലെ വിവിധ കോടതികളിൽ നടക്കും. കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്ന സിവിൽ കേസുകൾ, ഒത്തുതീർപ്പാക്കാൻ പറ്റുന്ന ക്രിമിനൽ കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്ക് കേസുകൾ എന്നിവ പരിഗണിക്കും. കോടതികളിൽ നിലവിലില്ലാത്ത കേരള ബാങ്ക്, കനറാ ബാങ്ക്, എസ്ബിഐ, ഇന്ത്യൻ ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും പരിഗണിക്കുന്നതാണ്. തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽ അനാലത്ത് നടത്തും. എല്ലാ മജിസ്‌ട്രേറ്റ് കോടതികളിലും പ്രത്യേക സിറ്റിംഗ് ഉണ്ടാകും. പിഴയടച്ച് തീർപ്പാക്കാവുന്ന കുറ്റങ്ങൾക്ക് കക്ഷികൾക്ക് നേരിട്ടോ വക്കീൽ മുഖേനയോ പിഴയടച്ച് കേസ് അവസാനിപ്പിക്കാം. ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ നിന്ന് അറിയിപ്പ് ലഭിച്ചവർ ഹാജരാകണമെന്ന് ഡി എൽ എസ് എ സെക്രട്ടറി അറിയിച്ചു. ഫോൺ: 0490 2344666, 0490 2993328.
 
സ്വാതന്ത്യ ദിനം: യാത്രാ സൗജന്യം നിഷേധിക്കരുത്-ജില്ലാ കലക്ടർ
 
സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ പൊതുഅവധി ദിനങ്ങളിൽ വിദ്യാർഥികൾക്ക് ബസ്സുകളിൽ യാത്രാ സൗജന്യം നിഷേധിക്കരുതെന്ന് സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി ചെയർമാനായ ജില്ലാ കലക്ടർ അറിയിച്ചു.
 
ഭൂമി ലേലം
 
വിൽപന നികുതി കുടിശിക ഈടാക്കാനായി ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് അയ്യൻകുന്ന് അംശം ദേശത്തിൽ റീ.സ 1081 ലെ 0.0202 ഹെക്ടർ ഭൂമി ആഗസ്റ്റ് 16ന് സ്ഥലത്ത് വെച്ച് ലേലം ചെയ്യും. വിശദാംശങ്ങൾ അയ്യൻകുന്ന് വില്ലേജ് ഓഫീസ്, ഇരിട്ടി താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാം. ഫോൺ: 0490 2494910.
 
എരഞ്ഞോളിയിലും ആന്തൂരിലും സർവേ തുടങ്ങി
 
'ഹരിതമിത്രം' ആപ്പ്: 33 തദ്ദേശ സ്ഥാപനങ്ങൾ ഡിജിറ്റലാകുന്നു
 
സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ മാസം അവസാനത്തോടെ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ നിലവിൽ വരുന്നു. 
എരഞ്ഞോളി, കതിരൂർ, പന്ന്യന്നൂർ, മാങ്ങാട്ടിടം, കോട്ടയം, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, ചെമ്പിലോട്, പെരളശ്ശേരി, കരിവെള്ളൂർ-പെരളം, രാമന്തളി, കടന്നപ്പളളി, ഉദയഗിരി, ചെങ്ങളായി, കണ്ണപുരം, ചെറുതാഴം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കുറ്റിയാട്ടൂർ, മലപ്പട്ടം, കോളയാട്, കണിച്ചാർ, പേരാവൂർ, മാലൂർ, കേളകം, പടിയൂർ, പയ്യാവൂർ, പായം, കൂടാളി ഗ്രാമപഞ്ചായത്തുകളിലും ആന്തൂർ ഉൾപ്പടെ രണ്ട് നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുക. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പരിശീലനം പൂർത്തിയായി. എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലും ആന്തൂർ നഗരസഭയിലും സർവേ ആരംഭിച്ചു. മറ്റിടങ്ങളിൽ ഈ മാസം സർവേ നടത്തും.
ഹരിത കർമസേന അംഗങ്ങൾ ഹരിതമിത്രം ആപ് ഡൗൺലൗഡ് ചെയ്ത് വീടുകളിലും കടകളിലും കയറിയാണ് വിവരശേഖരണം നടത്തുന്നത്. ശേഷം ക്യൂ ആർ കോഡ് പതിക്കും. തുടർന്നുള്ള മാസങ്ങളിൽ ഇവിടങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിവരങ്ങൾ ക്യൂ ആർ കോഡ് വെച്ച് പുതുക്കാനാവും. ആപ്പ് നിലവിൽവരുന്നതോടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ആവശ്യപ്പെടാം. പരാതികൾ ഉന്നയിക്കാനും മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും കഴിയും. തദ്ദേശ സ്ഥാപന അധ്യക്ഷർ, അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, സൂപ്പർവൈസർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ എന്നീ വിഭാഗക്കാർക്ക് ആപ്പിലൂടെ വിവരങ്ങൾ ലഭിക്കും. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇത് ഓഫ്ലൈനായും ഓൺലൈനായും ഉപയോഗിക്കാം. തദ്ദേശം, ജില്ല, സംസ്ഥാനതലം വരെ മോണിറ്റർ ചെയ്യാനുള്ള സംവിധാനമാണ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാർബേജ് ആപ്പിലുള്ളത്.
 
 
 
ദേശീയ അവാർഡ് അപേക്ഷ ക്ഷണിച്ചു
 
ശാരിരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി 2021-22 വർഷത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ദേശീയ അവാർഡിന് അപേക്ഷ  ക്ഷണിച്ചു. മികച്ച വികലാംഗ ജിവനക്കാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, വികലാംഗർക്ക് നിയമനം നൽകിയ മികച്ച തൊഴിൽ ദായകർ, വികലാംഗ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, വികലാംഗരുടെ ഉന്നമനത്തിനായി നൂതന സാങ്കേതിക വിദ്യ കണ്ടുപിടിച്ചവർ, വികലാംഗർക്ക് തടസ്സമില്ലാത്ത ചുറ്റുപാട് സൃഷ്ടിക്കുന്നതിന് മികച്ച പ്രകടനം നടത്തുന്നവർ, പുനരധിവാസ പ്രവർത്തനം നടത്തുന്ന ജില്ല, സൃഷ്ടിപരമായ കഴിവ് തെളിയിച്ച വികലാംഗരായ വ്യക്തികൾ/കുട്ടികൾ, മികച്ച ബ്രെയിലി പ്രസ്സ്, മികച്ച വികലാംഗ കായിക താരം എന്നി വിഭാഗങ്ങളിലാണ് അവാർഡ് നൽകുക. ഓരോ വിഭാഗത്തിലും നിശ്ചിത മാനദണ്ഡമനുസരിച്ച് ഓൺലൈനായാണ് അപേക്ഷകൾ നൽകേണ്ടത്. നോമിനേഷൻ ലഭ്യമാക്കേണ്ട അവസാന തീയതി ആഗസ്ത് 28. വെബ്സൈറ്റ് https://disabilityaffairs.gov.in/  ഫോൺ: 8281999015.
 
തൊഴിൽ നിയമം: കിലെ പരിശീലന ക്ലാസ് തുടങ്ങി
 
മലബാർ മേഖലയിലെ തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർക്കായി തൊഴിൽ നിയമം സംബന്ധിച്ച് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെൻറ് (കിലെ) സംഘടിപ്പിച്ച പരിശീലനം കണ്ണൂരിൽ കിലെ ചെയർമാൻ കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയെ ആകർഷിക്കാൻ അറിവ് അടിസ്ഥാനമാക്കിയുള്ള തൊഴിലാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കിലെ ഒരു സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുമെന്നും അറിയിച്ചു. കിലെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ടി കെ രാജൻ അധ്യക്ഷത വഹിച്ചു. കിലെ ഫാക്കൽട്ടി വർക്കിച്ചൻ പേട്ട ക്ലാസെടുത്തു.
കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, ജില്ലാ ലേബർ ഓഫീസർ എം സിനി, കിലെ സീനിയർ ഫെലോ ജെ എൻ കിരൺ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച ഡെപ്യൂട്ടി ലേബർ കമ്മീഷണർ ബേബി കാസ്ട്രോ ക്ലാസെടുക്കും. ലേബർ കമ്മീഷണർ ഡോ. നവ്ജ്യോത് ഖോസ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
 
അപേക്ഷ ക്ഷണിച്ചു
 
കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസും ഐ എച്ച്ആർഡി യും സംയുക്തമായി ചീമേനി അപ്ലൈഡ് സയൻസ് കോളേജിൽ സങ്കൽപ്പ് സ്‌കീമിന്റെ ഭാഗമായി ഇലക്ട്രോണിക്സ് ഹാർഡ് വെയർ ഡിസൈൻ എഞ്ചിനീയർ, ഇലക്ട്രോണിക്‌സ് പ്രൊഡക്റ്റ് ഡിസൈൻ സപ്പോർട്ട് എഞ്ചിനീയർ വിഭാഗങ്ങളിലായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/മെക്കാനിക്കൽ ഡിപ്ലോമ അഥവാ ഡിഗ്രി (ബിഎസ്‌സി/ബിടെക്/ബിഇ) ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/മെക്കാനിക്കൽ. ആറു മാസ കാലാവധിയുള്ള കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തീയ്യതി ആഗസ്റ്റ് 17. ഫോൺ : 9605446129.
 
എല്ലാ ബൂത്തുകളിലും വെബ്കാസ്്റ്റിംഗ്
 
മട്ടന്നൂർ തെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം
 
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന്് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സ്ഥാനാർഥികളോടും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി നിർദേശിച്ചു. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആർ കീർത്തിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
തെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവ്വവുമായി നടത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം, വോട്ടെടുപ്പ് എന്നീ പ്രവർത്തനങ്ങളെല്ലാം സമാധാനപരമായിരിക്കുമെന്ന് പാർട്ടി നേതൃത്വം ഉറപ്പുവരുത്തണം. താഴെ തട്ടിലുള്ള പ്രവർത്തകരിൽ വരെ ഈ സന്ദേശം എത്തിക്കാൻ രാഷ്ട്രീയപാർട്ടികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായ ചില പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടി പൊലീസ് സ്വീകരിക്കും. വോട്ടെടുപ്പ് ദിവസം സമീപ പഞ്ചായത്തുകളിൽ നിന്ന് ആളുകൾ മട്ടന്നൂരിൽ കേന്ദ്രീകരിക്കുന്നത് തടയാനുള്ള നടപടികളും കൈക്കൊള്ളുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രചാരണം അവസാനിക്കുന്ന ദിവസത്തെ ക്രമീകരണങ്ങൾക്കായി മട്ടന്നൂരിൽ ആഗസ്റ്റ് 13ന് രാഷ്ട്രീയപാർട്ടികളുടെ യോഗം ചേരും. നഗരസഭയുടെ പ്രസിദ്ധീകരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതായ പരാതിയിൽ പരിശോധിച്ച് നടപടി ആവശ്യമെങ്കിൽ കൈക്കൊള്ളുമെന്ന് കലക്ടർ അറിയിച്ചു.
ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, റിട്ടേണിംഗ് ഓഫീസർ പി കാർത്തിക്, സിറ്റി ഡിവൈഎസ്പി പി കെ ധനഞ്ജയ ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ എം കൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 
 
കണിച്ചാർ പഞ്ചായത്തിൽ ഒഴികെ
ക്വാറികളുടെ നിരോധനം നീക്കി
 
ജില്ലയിലെ ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ജില്ലയിൽ കാല വർഷത്തിന്റെ തീവ്രത കുറഞ്ഞ സഹചര്യത്തിൽ പിൻവലിച്ച് ജില്ലാ കലക്ടർ ഉത്തരവായി. എന്നാൽ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലെ വിവിധ മേഖലകളിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കണിച്ചാർ പഞ്ചായത്തിലെ ക്വാറികളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കി.
 
ക്വട്ടേഷൻ ക്ഷണിച്ചു
 
ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഏഴ് വരെ കണ്ണൂർ പൊലീസ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് നടത്തുന്ന കാർഷിക പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണന മേളയിൽ ഫുഡ് കോർട്ട് നടത്താൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ആഗസ്റ്റ് 17ന് വൈകീട്ട് മൂന്ന് മണിക്കകം മാനേജർ (ജില്ലാപഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2700928, 0497 2707522.
 
കാലാവധി നീട്ടി
 
കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് കുടിശ്ശിക ഒടുക്കാനുള്ള കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
 
കുമരകത്തേക്ക് കെ എസ് ആർ ടി സി യാത്ര
 
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ എസ് ആർ ടി സി കണ്ണൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്ര നടത്തുന്നു. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. ആദ്യ ദിവസം കെ എസ് ആർ ടി സി ഡബിൾ ഡെക്കർ ബസിൽ തിരുവനന്തപുരം നഗരം ചുറ്റിക്കാണും. പത്മനാഭസ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം, പ്ലാനറ്റേറിയം, കോവളം ബീച്ച്, ശംഖുമുഖം ബീച്ച്, ലുലുമാൾ എന്നിവയും കാണാൻ സൗകര്യമൊരുക്കും. രണ്ടാം ദിവസം കുമരകത്ത് ഹൗസ് ബോട്ടിൽ കായൽ സഞ്ചാരവും മറൈൻ ഡ്രൈവിംഗിൽ സൈറ്റ് സീൻ സൗകര്യവും ഒരുക്കും. ഡോർമിറ്ററിയിലെ താമസം ഉൾപ്പടെ ഒരാൾക്ക് 3400 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089463675, 9496131288, 9048298740 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
 
ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 159 കുടുംബങ്ങൾ
 
കാലവർഷക്കെടുതിയും ഉരുൾപൊട്ടലും കാരണം ഇരിട്ടി, തലശ്ശേരി താലൂക്കുകളിൽ പ്രവർത്തിക്കുന്ന നാല് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 159 കുടുംബങ്ങൾ. 170 പുരുഷന്മാരും 150 സ്ത്രീകളും 65 കുട്ടികളുമടക്കം ആകെ 385 പേരാണ് ക്യാമ്പുകളിൽ താമസിക്കുന്നത്. ഇരിട്ടി താലൂക്കിൽ പൂളക്കുറ്റി എൽ പി സ്‌കൂൾ, പൂളക്കുറ്റി സെന്റ് മേരീസ് പള്ളി പാരിഷ്ഹാൾ എന്നിവയാണ് ക്യാമ്പുകൾ. വെക്കളം എ യുപി സ്‌കൂൾ, നരിക്കോട്ടുമല സാംസ്‌കാരിക കേന്ദ്രം എന്നിവയാണ് തലശ്ശേരി താലൂക്കിലെ ക്യാമ്പുകൾ.
ഇരിട്ടി താലൂക്കിൽ ആകെ 79 കുടുംബങ്ങളിലായി 242 പേരാണുള്ളത്-116 പുരുഷന്മാരും 94 സ്ത്രീകളും 32 കുട്ടികളും. തലശ്ശേരി താലൂക്കിൽ 80 കുടുംബങ്ങളിലെ 143 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത് ഇതിൽ 54 പുരുഷന്മാരും 56 സ്ത്രീകളും 33 കുട്ടികളുമാണ്.
 
സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം: ദീപാലങ്കാര മത്സരത്തിന് രജിസ്റ്റർ ചെയ്യാം
 
സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ദേശീയപതാകയിലെ നിറങ്ങളിലുള്ള ദീപാലങ്കാരം നടത്താം. ഏറ്റവും നന്നായി അലങ്കരിച്ച ഓഫീസിന് സമ്മാനം നൽകും. ദീപാലങ്കാര മത്സരത്തിൽ പങ്കെടുക്കുന്ന ഓഫീസുകളുടെ പേര് വിവരം കണ്ണൂർ തഹസിൽദാരെ ആഗസ്റ്റ് 13നകം അറിയിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഫോൺ: 04972700225
 
 
 
 

Most Read

  • Week

  • Month

  • All