മത്സ്യതൊഴിലാളികളുടെ ക്ഷേമം ഇടതുപക്ഷ സർക്കാർ ഉറപ്പുവരുത്തും: മുഖ്യമന്ത്രി

 

മത്സ്യതൊഴിലാളികളുടെ ക്ഷേമം ഇടതുപക്ഷ സർക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച മത്സ്യതൊഴിലാളി സംഗമം കൊല്ലം തങ്കശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് തീരദേശ മേഖലയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സർക്കാർ കവർന്നെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്ര സർക്കാരും ഇപ്പോഴത്തെ ബിജെപി സർക്കാരും മത്സ്യമേഖലയെ തകർത്തു. കേന്ദ്രം പുതിയ ഫിഷറീസ് നയം കൊണ്ടുവരുന്നത് കുത്തകകളെ സഹായിക്കുന്നതിനാണ്. ജനങ്ങളെ ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളും കോർപ്പറേറ്റുകൾക്ക് എഴുതി കൊടുക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൽസ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ആവുന്നതെല്ലാം കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്തുവരികയാണ്. കേന്ദ്രം ഭരിച്ച നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മത്സ്യബന്ധനം വിദേശ ട്രോളറുകൾക്ക് തുറന്നുകൊടുത്തു. ബിജെപി സർക്കാരാവട്ടെ ഒരു പടികൂടി മുന്നോട്ടുപോയി തീരക്കടലിനുമേൽ സംസ്ഥാന സർക്കാരുകൾക്കുള്ള നിയന്ത്രണാവകാശംകൂടി കവരുന്നു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ അത് വെല്ലുവിളി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


കുഴിയടയ്ക്കുന്ന കാര്യത്തിൽ കർക്കശ നടപടി; അറ്റകുറ്റപ്പണി കൃത്യമായി നടത്തണമെന്നത് സർക്കാർ നിലപാട്- മന്ത്രി മുഹമ്മദ് റിയാസ്

റോഡിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സർക്കാർ നിലപാടെന്നും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർക്കശ നടപടിയെടുക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴിയടയ്ക്കാൻ എൻഎച്ച്എഐക്ക് സഹായം ആവശ്യമെങ്കിൽ നൽകാൻ സന്നദ്ധമെണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത അതോറിറ്റിക്ക് നേരിട്ട് കുഴിയടയ്ക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പിഡബ്ല്യുഡിക്ക് കീഴിലെ ദേശീയപാത വിഭാഗം കുഴിയടയ്ക്കാൻ സന്നദ്ധമാണ്. ആവശ്യമായ ഫണ്ട് എൻഎച്ച്എഐ നൽകിയാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാം. നേരത്തെ ആലപ്പുഴയിൽ സമാനമായ രീതിയിൽ ദേശീയപാതയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
അതേസമയം ദേശീയപാത പാത നവീകരണത്തിന്റെ ഭാഗമായി രാമനാട്ടുകരയിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നിർമ്മാണം 2023 ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള മേൽപ്പാലത്തിന് സമാന്തരമായുള്ള പുതിയ മേൽപ്പാലത്തിന്റെയും റോഡിന്റെയും പ്രവൃത്തി പരിശോധിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.


സ്വർണക്കടത്ത് അന്വേഷിച്ച ഇ.ഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
ഹർ ഘർ തിരംഗ' ആഹ്വാനം ഏറ്റെടുത്ത് രാജ്യംസ്വർണക്കടത്ത്, ഡോളർക്കടത്ത് കേസിൽ ആദ്യം മുതൽ തന്നെ അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണന് അപ്രതീക്ഷിത സ്ഥലം മാറ്റം. ചെന്നൈയിൽ 10 ദിവസത്തിനകം ജോയിൻ ചെയ്യാനാണ് അദ്ദേഹത്തിന് നിർദേശം നൽകിയിരിക്കുന്നത്. പകരം ചുമതല ആർക്കെന്ന് വ്യക്തമല്ല.

 

ദേശാഭിമാനം സിരകളിൽ പകർന്ന് നവൽ അക്കാദമി ബാൻഡ് സംഘം 

സിരകളിൽ ദേശാഭിമാനം പകർന്ന് ഏഴിമല നേവൽ അക്കാദമി ബാൻഡ് സംഘത്തിന്റെ സംഗീതവിരുന്ന്. ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് നേവൽ അക്കാദമി ബാൻഡ് വാദ്യസംഗീത പരിപാടി അവതരിപ്പിച്ചത്. എൻ സി സി, എസ് പി സി വിദ്യാർഥികളും പൊതുജനങ്ങളും തിങ്ങിനിറഞ്ഞ സദസ്സ് സൈനിക സംഗീതത്താൽ സാന്ദ്രമായി.
ജില്ലാ ഭരണകൂടം, ഡിടിപിസി, കണ്ണൂർ കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഉയർന്ന പരിശീലനം നേടി അന്തർദേശീയ തലത്തിൽ പ്രശസ്തമായ നേവൽ ബാൻഡ് സംഘം ഒരു മണിക്കൂർ നേരമാണ് ആസ്വാദകരുടെ മനം കവർന്നത്. സാരേ ജഹാം സെ അച്ഛാ, വിവിധ ദേശഭക്തിഗാനങ്ങൾ, ആയോധന ബീറ്റുകൾ, മലയാളം, ഹിന്ദി, തമിഴ് ചലച്ചിത്ര ഗാനങ്ങൾ തുടങ്ങി പത്തിലധികം ഇനങ്ങളാണ് അവതരിപ്പിച്ചത്.
മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ എസ് ജാനകിരാമന്റെ നേതൃത്വത്തിലുള്ള 28 അംഗ സംഘമാണ് സംഗീത പരിപാടി അവതരിപ്പിച്ചത്. ഫ്‌ളൂട്ട്, ക്ലാരിനെറ്റ്, വിവിധ തരം സാക്‌സഫോണുകൾ, ഗിറ്റാർ, കീബോർഡ്, ജാസ്ഡ്രം, തബല, സൈലഫോൺ തുടങ്ങി 17 തരം സംഗീതോപകരണങ്ങൾ ചടങ്ങിനെ പ്രൗഢഗംഭീരമക്കി. ബാൻഡിനോടൊപ്പം സദസ്സിന്റെ കരഘോഷവും ചേർന്നതോടെ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷാഘോഷം ആവേശകരമായി.
കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ എന്നിവർ ആശംസ നേർന്നു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നേവൽ ബാൻഡിന് ഉപഹാരം നൽകി. ഏഴിമല നാവികസേനാ അക്കാദമിയെ പ്രതിനിധീകരിച്ച് കമാൻഡർ എസ് സുനിൽ കുമാർ, ഓഫീസർ ഇൻ ചാർജ് ലെഫ്റ്റനന്റ് കമാൻഡർ പ്രതിക്ക് ധാരിയ, പബ്ലിക് റിലേഷൻസ് ഓഫീസർ ലെഫ്റ്റനന്റ് കമാൻഡർ വിഷ്ണു എസ് നായർ, ബാൻഡ് ഇൻ ചാർജ് ചീഫ് പെറ്റി ഓഫീസർ എസ് ജാനകീ രാമൻ മാസ്റ്റർ, കണ്ണൂർ എഡിഎം കെ കെ ദിവാകരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജീഷ് കുമാർ എന്നിവർ സംബന്ധിച്ചു.

എകെജി സ്മൃതി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തി

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പെരളശ്ശേരിയിലെ എകെജി സ്മൃതി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി പോരാടിയ എകെജിക്ക് ആദരവ് നൽകുന്നതിന്റെ ഭാഗമായാണ് ദേശീയ പതാക ഉയർത്തിയത്. സർക്കാർ, തദ്ദേശസ്വയംഭരണ വകുപ്പ്, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ ദേശീയ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ, പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, പഞ്ചായത്ത് സെക്രട്ടറി പി പി സജിത, പി വി ഭാസ്‌കരൻ, ടി സവിത, പി രഘു, കെ കെ സുഗതൻ, എ ടി റീന, കെ ഷാജൻ, പെരളശ്ശേരി എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സി പി ഒമാരായ എൻ സുനിൽകുമാർ, ആർ കെ രജിത, യു അനിത തുടങ്ങിയവർ പങ്കെടുത്തു.

ഹർ ഘർ തിരംഗ' ആഹ്വാനം ഏറ്റെടുത്ത് രാജ്യം 
സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ' പ്രചാരണത്തിന് തുടക്കം. 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വീടുകളിൽ പതാക ഉയർത്തി. ഇന്നു മുതൽ സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം.
സ്വാതന്ത്ര്യത്തിൻറെ വജ്ര ജൂബിലി ജയന്തി വീടുകളിൽ പതാക ഉയർത്തി ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്‌കൂളിലും സ്ഥാപനങ്ങളിലുമെല്ലാം രാവിലെ തന്നെ ദേശീയ പതാകകൾ ഉയർന്നു. കേന്ദ്ര സാസ്‌കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി വിതരണം ചെയ്തത്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹർ ഘർ തിരംഗ ക്യാംപെയ്ൻ സംസ്ഥാനത്തും തുടങ്ങി. വീടുകളിലും സർക്കാർ ഓഫീസുകളിലും പതാക ഉയർത്തി. മോഹൻലാലും സുരേഷ്‌ഗോപിയും ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും മന്ത്രിമാരും പതാക ഉയർത്തി. അതേസമയം 'ഹർ ഘർ തിരംഗ' പരിപാടി കേരളത്തിൽ അട്ടിമറിച്ചുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചു.

 

ചെന്നൈയിൽ പട്ടാപ്പകൽ വൻ ബാങ്ക് കൊള്ള; 20 കോടി കവർന്നു

ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച. 20 കോടി രൂപ മോഷ്ടാക്കൾ കവർന്നു. ബാങ്കിലെ സെക്യൂരിറ്റ് മയക്കുമരുന്ന് നൽകി മയക്കി കിടത്തിയായിരുന്നു മോഷണം. ജീവനക്കാരെ കവർച്ചക്കാർ കെട്ടിയിടുകയും ചെയ്തു.ഫെഡ് ഗോൾഡ് ബാങ്ക് അരുമ്പാക്കം ശാഖയിൽ നിന്നാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ തന്നെ ജീവനക്കാരനാ മുരുകൻ എന്നയാളിന്റെ നേതൃത്വത്തിലാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കോറളായി ദ്വീപിലെ കരയിടിച്ചൽ: നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

മയ്യിൽ ഗ്രാമപഞ്ചായത്തിലെ കോറളായി ദ്വീപിലെ കരിയിടിച്ചൽ തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കോറളായി ദ്വീപിലെ പുഴയോരം സന്ദർശിച്ച ശേഷമാണ് മന്ത്രി പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയത്.
സംരക്ഷണ ഭിത്തി നിർമ്മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജലസേചന വകുപ്പിന് മന്ത്രി നിർദേശം നൽകി. കോറളായി പാലം നിർമ്മിക്കുമ്പോൾ പുഴയിൽ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്തിട്ടില്ലെന്ന് പ്രദേശവാസികൾ മന്ത്രിയെ അറിയിച്ചു. അത് പരിശോധിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന, സ്ഥിരം സമിതി അധ്യക്ഷൻ എം രവി, വാർഡ് അംഗം എ പി സുചിത്ര, തഹസിൽദാർ കെ ചന്ദശേഖരൻ, ഇറിഗേഷൻ വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ ടി എം ശരത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


അമിത ഫീസ് വർധന പിൻവലിക്കണം: പാസഞ്ചേഴ്സ് അസോസിയേഷൻ
റെയിൽവേ സ്റ്റേഷനുകളിലെ പുസ്തകശാലകൾക്കും പത്ര വിതരണത്തിനും ഏർപ്പെടുത്തിയ അമിത ലൈസൻസ് ഫീ പിൻവലിക്കണമെന്ന് റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ട്രെയിൻ യാത്രക്കാരുടെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഇടങ്ങളാണ് റെയിൽവേ സ്റ്റേഷനുകളിലെ ബുക്ക് സ്റ്റാളുകൾ. യാത്രക്കാരുടെ വായിക്കാനുള്ള അവകാശത്തിന് നേരെയാണ് റെയിൽവേ കത്തി വെക്കുന്നത്. പത്ര വിൽപ്പനക്ക് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നു. അതി രാവിലെയൊക്കെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു ട്രെയിനുകളിലെ യും സ്റ്റേഷനുകളിലെയും പത്ര വിൽപ്പന. അമിത ഫീസ് ഈടാക്കി ചെറുകിട പത്ര വിൽപ്പന ഇല്ലാതാക്കിയതിന് പിന്നാലെയാണ് പുസ്തക ശാലകളും ഒഴിവാക്കുന്നത്.
വായനയോടും സംസ്‌കാരത്തോടുമൊക്കെ റെയിൽവേ അധികാരികൾ കാട്ടുന്ന നിലപാട് തിരുത്തണമെന്നും കേരളമാകെ ഇതിൽ പ്രതിഷേധിക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി പി കെ ബൈജുവും പ്രസിഡന്റ് രാജേഷ് കൊല്ലറേത്തും അഭ്യർത്ഥിച്ചു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എംപിമാർക്ക് നിവേദനം നൽകി.

ചലച്ചിത്രോൽസവത്തിന് തുടക്കമായി

 

സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമി കണ്ണൂർ റീജിനൽ കേന്ദ്രം സംഘടിപ്പിക്കുന്ന സിനിമാ പ്രദർശനത്തിന് തുടക്കമായി.
മഹാത്മാ മന്ദിരത്തിൽ ദേശീയ പുരസ്‌കാരം നേടിയ തിങ്കളാഴ്ച നിശ്ചയത്തിന്റെ അവതരണത്തോടെയാണ് ഫെസ്റ്റിന് തുടക്കമായത്. എഡിഎം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഓഫ് ഫിലീം സൊസൈറ്റീസ് ഓഫ് ഇന്ത്യ റീജിനൽ കമ്മിറ്റി അംഗം സി മോഹനൻ അധ്യക്ഷനായി. ആകാശവാണി മുൻ പ്രോഗ്രാം ഡയരക്ടർ ബാലകൃഷ്ണൻ കൊയ്യാൽ, കെ ജയരാജൻ എന്നിവർ സംസാരിച്ചു. ചലച്ചിത്ര അക്കാദമി റീജിനൽ കമ്മിറ്റി അംഗം പി കെ ബൈജു സ്വാഗതവും രാജീവൻ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ഗാനാലാപനം നടക്കും. ആറിന് ഗാന്ധി സിനിമപ്രദർശിപ്പിക്കും. എപിജെ ലൈബ്രറിയിലെ കണ്ണൂർ ഫിലീം സൊസൈറ്റിയുടെയും മഹാത്മാ മന്ദിരത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

 

സമ്പദ് വ്യവസ്ഥയിൽ ഇടപെടാൻ തദ്ദേശ സ്ഥാപനങ്ങൾ പ്രാപ്തി നേടണം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
 
ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതോടൊപ്പം സമ്പദ് വ്യവസ്ഥയിൽ ഇടപെടാൻ കഴിയുന്ന പ്രാദേശിക സർക്കാരുകളായി തദ്ദേശസ്ഥാപനങ്ങൾക്ക് ഉയരാൻ കഴിയണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇരിട്ടി നഗരസഭയുടെ രണ്ടാം നില കെട്ടിടത്തിന്റെയും അനുബന്ധ ഓഫീസുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിജ്ഞാന സമൂഹം എന്നതിലുപരി വിജ്ഞാന സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യാൻ നമുക്ക് ആകണം. ലക്ഷക്കണക്കിന് സ്റ്റാർട്ടപ്പുകൾക്ക് സാധ്യതയുള്ള നാടാണ് കേരളം. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി സംരംഭകരെ മുന്നോട്ട് കൊണ്ട് വന്നാൽ സമ്പദ് വ്യവസ്ഥയുടെ ഭാഗമാകാൻ കഴിയും. മന്ത്രി പറഞ്ഞു. 
ഓഖി, കൊവിഡ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ ജനങ്ങളെ ചേർത്തു നിർത്തി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിന് വലിയ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞവരാണ് തദ്ദേശസ്ഥാപനങ്ങളെന്നും ഇനിയും അത് മുന്നോട്ട് കൊണ്ടു പോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
 
നഗരസഭയുടെ 2019-20 വർഷത്തെ വാർഷിക പദ്ധതിയിൽ  നിന്നും 25 ലക്ഷവും 2021-22 വാർഷിക പദ്ധതിയിൽ നിന്നും 27 ലക്ഷവും ചേർത്ത് ആകെ 52 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ടാം നില കെട്ടിടത്തിന്റെയും അനുബന്ധ ഓഫീസുകളുടെയും നിർമ്മാണം നടത്തിയത്. കൗൺസിൽ ഹാളും, സ്ഥിരം സമിതി അധ്യക്ഷരുടെ ഓഫീസ് മുറിയും ടോയ്ലറ്റ് സൗകര്യങ്ങളുമാണ് രണ്ടാം നിലയിൽ ഒരുക്കിയിട്ടുള്ളത്.
വിവിധ ഓഫീസുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ നിർവഹിച്ചു. അഡ്വ.സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. ഇരിട്ടി നഗരസഭ അസിസ്റ്റന്റ് എൻജിനീയർ എ സ്വരൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത, വൈസ് ചെയർമാൻ പി പി ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ പി കെ ബൾക്കീസ്, എ കെ രവീന്ദ്രൻ, കെ സുരേഷ്, കെ സോയ, ടി കെ ഫസീല, കൗൺസിലർമാരായ വി ശശി, എ എ കെ ഷൈജു, പി ഫൈസൽ, നഗരസഭാ സെക്രട്ടറി കെ അഭിലാഷ്, ഇരിട്ടി നഗരസഭ മുൻ ചെയർമാൻ പി പി അശോകൻ, വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രതിനിധികൾ, ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
 
 
 
 
 
ReplyForward

 

Most Read

  • Week

  • Month

  • All