കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കണ്ണൂര്‍> കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. 1,531 ഗ്രാം സ്വര്‍ണമാണ്‌
 പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശി അബ്ദുള്‍ ബാസിത്, കാസര്‍കോട് സ്വദേശി ഇബ്രാഹിം ഖലീല്‍ എന്നിവരാണ് പിടിയിലായത്.

 

രാഷ്‌‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം

തിരുവനന്തപുരം> സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ രാഷ്‌‌ട്രപതിയുടെ പൊലീസ്‌ മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥർ പുരസ്‌കാരത്തിന് അർഹരായി. 10 പേർക്ക് സ്‌‌തുത്യർഹ സേവനത്തിനുള്ള പുരസ്‌കാരവും രണ്ടുപേർക്ക് വിശിഷ്‌ട സേവനത്തിനുള്ള പുരസ്‌കാരവുമാണ് ലഭിച്ചത്.
വിജിലൻസ് മേധവി എഡിജിപി മനോജ് എബ്രാഹാം, കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജ് എന്നിവർ വിശിഷ്‌ട സേവനത്തിനുള്ള പുരസ്‌കാരത്തിന് അർഹരായി. കുര്യാക്കോസ് വി യു, പി എ മുഹമ്മദ് ആരിഫ്, സുബ്രമണ്യൻ ടി കെ, സജീവൻ പി സി, സജീവ് കെ കെ, അജയകുമാർ വി നായർ, പ്രേംരാജൻ ടി പി, അബ്‌ദു‌‌ൾ റഹീം അലികുഞ്ഞ്, രാജു കെ വി, ഹരിപ്രസാദ് എം കെ എന്നിവർ സ്‌തുത്യർഹ പുരസ്‌കാരത്തിന് അർഹരായി. രാജ്യത്താകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ രാഷ്‌‌ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത്.

കനത്ത സുരക്ഷയിൽ രാജ്യം; സ്വാതന്ത്ര്യ ദിനത്തെ വരവേറ്റ് ഇന്ത്യ


എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ചെങ്കോട്ടയിൽ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴ് മണിക്കാണ് ദ്രൗപദി മുർമ്മുവിന്റെ ആദ്യ അഭിസംബോധന.
സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനമടക്കം കനത്ത സുരക്ഷയിലാണ്. അതേസമയം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ' പ്രചാരണം രാജ്യം അഭിമാനപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്. 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വീടുകളിൽ പതാക ഉയർത്തി.
ഇന്നലെ ആരംഭിച്ച് സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം. സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ജയന്തി വീടുകളിൽ പതാക ഉയർത്തി ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്‌കൂളിലും സ്ഥാപനങ്ങളിലുമെല്ലാം ഇന്നലെ രാവിലെ തന്നെ ദേശീയ പതാകകൾ ഉയർന്നു. കേന്ദ്ര സാസ്‌കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി വിതരണം ചെയ്തത്.
ഇന്നലെ ആരംഭിച്ച് സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയർത്താനുള്ള ആഹ്വാനമാണ് 'ഹർ ഘർ തിരംഗ' ക്യാമ്പയിനിലൂടെ നൽകിയിരിക്കുന്നത്. എല്ലാ വീടുകളിലും സ്വാന്ത്ര്യാഘോഷത്തിന്റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഒപ്പം ജനങ്ങളെയാകെ വജ്ര ജയന്തിയിൽ പങ്കാളിയാക്കാനും ഇതിലൂടെ ശ്രമിക്കുന്നു. വീട്ടിലുയർത്തിയ പതാകയുമൊത്ത് സെൽഫിയെടുത്ത ശേഷം 'ഹർ ഘർ തിരംഗ' എന്ന വെബ്‌സൈറ്റിൽ ഇത് അപ്ലോഡ് ചെയ്യാം. ഇരുപത് കോടി വീടുകളിലെങ്കിലും പതാക ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.

 

 

 

 

യാത്രാക്ലേശത്തിന് പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്‌ളൈ ഓവർ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

തിരുവനന്തപുരം> തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര വികസന മാസ്റ്റർ പ്ലാൻ മുഖേന പൂർത്തിയായ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 16ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മെഡിക്കൽ കോളേജിലെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീർഘകാലമായുള്ള ആവശ്യമാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. ഈ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസനപ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. റോഡ് മേൽപ്പാല നിർമ്മാണത്തിന് 18.06 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിലൂടെ കാമ്പസിലുള്ള 6 പ്രധാന റോഡുകളുടേയും പാലത്തിന്റേയും നിർമ്മാണ പ്രവർത്തനങ്ങളാണ് പൂത്തിയാകുന്നത്. മെഡിക്കൽ കോളേജ് കാമ്പസിലെ യാത്രാക്ലേശം ഇതോടെ വലിയ അളവുവരെ പരിഹരിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജ് കുമാരപുരം റോഡിൽ മെൻസ് ഹോസ്റ്റലിനു സമീപത്ത് നിന്നും എസ്എടി ആശുപത്രിയുടെ സമീപത്ത് എത്തിച്ചേരുന്നതാണ് മേൽപാലം. ഈ ഫ്‌ളൈ ഓവർ വരുന്നതോടുകൂടി കുമാരപുരം ഭാഗത്തേക്ക് ക്യാമ്പസിൽ നിന്നും പുതിയയൊരു പാത തുറക്കപ്പെടുകയാണ്. ഇത് ക്യാമ്പസിൽ നിന്ന് വാഹനങ്ങൾക്ക് തിരക്കേറിയ അത്യാഹിതവിഭാഗം പാത ഒഴിവാക്കി സുഗമമായ ഗതാഗതത്തിനു വഴിയൊരുക്കും. ഇതോടുകൂടി ക്യാമ്പസിന് പ്രധാന റോഡുകളുമായി മൂന്നു പാതകൾ തുറക്കപ്പെടുകയാണ്.

കിഫ്ബി ഫണ്ടുപയോഗിച്ച് ഇൻകെൽ മുഖാന്തിരമാണ് പദ്ധതി സാക്ഷാത്ക്കരിച്ചത്. 96 മീറ്റർ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് മേൽപ്പാലത്തിന്റെ വീതി. മോട്ടോർ വേ 7.05 മീറ്ററും വാക് വേ 04.05 മീറ്ററുമാണ്. ഇന്ത്യയിൽ അപൂർവമായിട്ടുള്ള ജോയിന്റ് ഫ്രീ മേൽപ്പാലമാണിത്. യൂണീഫോം സ്ലോപ്പിലാണ് ഈ മേൽപ്പാലം നിർമ്മിച്ചിട്ടുള്ളത്. എസ്എടി ആശുപത്രി, ശ്രീചിത്ര, ആർസിസി, മെഡിക്കൽ കോളേജ് ബ്ലോക്ക്, പ്രിൻസിപ്പൽ ഓഫീസ്, സിഡിസി, പിഐപിഎംഎസ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ തിരക്കിൽപ്പെടാതെ നേരിട്ടെത്താവുന്നതാണ്. ഇതിലൂടെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും തിരക്കില്ലാതെ എത്താനും സാധിക്കുന്നു.

മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് മന്ത്രി നിരവധി തവണ ചർച്ച നടത്തുകയും മേൽപ്പാലം സന്ദർശിക്കുകയും ചെയ്‌തിരുന്നു. മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യാതിഥിയാകും. 

 

റെയിൽവേ ക്രൂരത തുടരുന്നു, കോവിഡിന് ശേഷമുള്ള ഓണത്തിനും മലയാളികൾക്ക് നാട്ടിലെത്താനാവില്ല
മറുനാടൻ മലയാളികൾക്ക് ഓണം കറുക്കും


ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാകുമ്പോഴും മറുനാടൻ മലയാളികൾക്ക് നാട്ടിലെത്തുക പ്രയാസമായിരിക്കും. ദക്ഷിണ റെയിൽവേ ആകെ പ്രഖ്യാപിച്ചത് അഞ്ച്‌ട്രെയിനും പത്ത് സർവീസും മാത്രം. യാത്രക്കാർ കൂടുതലുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിനില്ല. ചെന്നൈയിലേക്ക്‌രണ്ടും താംബരത്തേക്ക്ഒന്നും മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഓരോ ട്രെയിൻ വീതവുമാണ് അനുവദിച്ചത്. നിലവിലുള്ള കേരള എക്‌സ്പ്രസ്, ചെന്നൈ മെയിൽ, നേത്രാവതി എക്സ്പ്രസ് , മംഗള, തുടങ്ങി പ്രധാന ട്രെയിനുകളിലൊക്കെ ഓണം സീസണിൽ ടിക്കറ്റ് കിട്ടാനില്ല. മാസങ്ങൾക്ക് മുന്നേ ടിക്കറ്റുകൾ ബുക്കിംഗ് പൂർത്തിയായി. മലബാർ ഭാഗത്താണെങ്കിൽ മലയാളികൾ പതിനായിരക്കണക്കിന് പേർക്ക് നാട്ടിലെത്തണം. ട്രെയിൻ ടിക്കറ്റ് കഴിഞ്ഞതോടെ സ്വകാര്യ ബസുകൾ നിരക്ക് ഉയർത്തി തുടങ്ങി. കഴിഞ്ഞ രണ്ടു വർഷം കോവിഡിന്റെ ദുരിതംകാരണം മറുനാടൻ മലയാളികൾ കൂടുതലായി ഓണത്തിന് നാട്ടിൽ എത്തിയിട്ടില്ല. ഇത്തവണ കോവിഡ് നിയന്ത്രണത്തിൽ ഇളവ് വന്നതോടെ നാട്ടിലെത്താൻ മോഹിച്ചവരെയാണ് യാത്രാക്ലേശം വലക്കുന്നത്. നേരത്തേ ട്രെയിനുകൾ അനുവദിക്കാതെ അവസാനഘട്ടത്തിൽ പ്രത്യേക നിരക്കിൽ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിച്ച് തൽക്കാലിന്റെയും പ്രീമിയം തൽക്കാലിന്റെയും പേരിൽ യാത്രക്കാരെ കൊള്ളയടിക്കലാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
ബംഗളൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ മലയാളികൾ നാട്ടിലേക്ക് എത്താനുള്ളത്. ന്യൂഡൽഹിയിൽ നിന്നുള്ള പ്രധാന ട്രെയിനായ കേരള എക്സ്പ്രസിൽ സെപ്തംബർ അഞ്ചുമുതൽ 11 വരെ ടിക്കറ്റ് ആർഎസിയിൽ എത്തി. 2, 3, 4 തീയതികളിൽ വെയിറ്റിങ് ലിസ്റ്റാണ്. ചെന്നൈ-ട്രിവാൻഡ്രം മെയിൽ, ചെന്നൈ-ട്രിവാൻഡ്രം സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളിലും ഇനി ടിക്കറ്റ് കിട്ടുക പ്രയാസം.
മുംബൈ ലോകമാന്യ തിലക് നേത്രാവതിയിൽ രണ്ടുമുതൽ 11 വരെ ആർഎസിയാണ്. മുംബൈ വഴിയുള്ള സമ്പർക്കക്രാന്തി, വെരാവൽ, യശ്വന്ത്പുർ-കൊച്ചുവേളി എക്സ്പ്രസുകളിലും ഇതേ അവസ്ഥ തന്നെ. പാലക്കാട്ടുനിന്ന് ചെന്നൈവരെ സ്ലീപ്പർ ടിക്കറ്റിന് 350 രൂപയാണ് നിരക്ക്. തൽക്കാൽ ആണെങ്കിൽ 455ഉം പ്രീമിയം തൽക്കാലിൽ 1060 രൂപയും നൽകണം. എസി ത്രീ ടയറാണെങ്കിൽ 915 സാധാരണ നിരക്കും 1250 തൽക്കാലും 2649 രൂപ പ്രീമിയം തൽക്കാലുമാണ്. സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായാണ് എക്‌സ്പ്രസ് ട്രെയിനുകളിൽ തൽക്കാൽ സീറ്റുകൾ വർധിപ്പിച്ചത്. ആകെ സീറ്റിന്റെ 20 ശതമാനമാണ് തൽക്കാൽ നൽകുക. എന്നാൽ ഇത് 35 ശതമാനംവരെ ആകാറുണ്ട്.
ഇപ്പോൾ റിസർവേഷൻ പൂർത്തിയായി പ്രീമിയം തത്കാൽ അനുവദിച്ചാൽ വിമാനടിക്കറ്റിനേക്കാൾ കൂടുതലാകും അത്. യാത്രക്കാരെ കൊള്ളയടിക്കാനുള്ള പദ്ധതികളാണ് ഉൽസവ കാലത്ത് റെയിൽവേ നടപ്പാക്കുന്നത്.
യാത്രാ പ്രശ്‌നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരളത്തിലെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

നെഹ്റുവില്ല, പകരം സവർക്കർ; സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കി കർണാടക സർക്കാർ

ബം​ഗളൂരു> സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കി കർണാടക സർക്കാർ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സർക്കാർ നൽകിയ പത്രപരസ്യത്തിൽ നിന്നാണ് നെഹ്റു ഒഴിവാക്കിയത്. ആർഎസ്എസ് നേതാവ് വി ഡി സവർക്കറിന്റെ ചിത്രം പരസ്യത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌തു.

മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായി പട്ടേൽ, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, ലാലാ ലജ്പത് റായി, ബാല ഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ, ഡോ ബി ആർ അംബേദ്കർ, ലാൽ ബഹദൂർ ശാസ്‌ത്രി, മൗലാനാ അബ്ദുൾ കലാം ആസാദ് തുടങ്ങിയ സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രങ്ങൾക്കൊപ്പമാണ് ദേശീയ വിമോചനസമരത്തെ ഒറ്റുകൊടുത്ത, ബ്രിട്ടീഷുകാരുടെ കാൽക്കൽ വീണ് പലവട്ടം മാപ്പിരന്ന്  ജയിൽ വിമോചിതനായ സവർക്കറിന്റെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്.

 

ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ്‌ ജുൻജുൻവാല അന്തരിച്ചു

മുംബൈ > പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ രാകേഷ്‌ ജുൻജുൻവാല (62) അന്തരിച്ചു. ഇന്ന്‌ രാവിലെ മുംബൈയിലായിരുന്നു അന്ത്യം. ആകാശ എയർ വിമാനക്കമ്പനി ഉടമയാണ്‌. ഇന്ത്യയുടെ വാരൻ ബഫറ്റ്‌ എന്നാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. 5000 രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി ഷെയര്‍ മാര്‍ക്കറ്റ് രാജാവായി മാറിയ ആളാണ് രാകേഷ് ജുന്‍ജുന്‍വാല.

1960 ൽ മുംബൈയിലെ മാർവാടി കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാർട്ടേർഡ് അക്കൗണ്ടന്റായി. ആപ്ടെക് ലിമിറ്റഡ് ചെയർമാനായും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ് ചെയർമാനായും പ്രവർത്തിച്ചു.

ബിഗ് ബുൾ ഓഫ് ഇന്ത്യ, കിങ് ഓഫ് ബുൾ മാർക്കറ്റ് എന്നെല്ലാം അദ്ദേഹത്തെ ബിസിനസ് ലോകം വിശേഷിപ്പിച്ചിരുന്നു. നിലവിൽ രണ്ട് വിമാനങ്ങളുള്ള കമ്പനി 70 എയർക്രാഫ്റ്റുകളുമായി ആഭ്യന്തര വിമാന സർവീസ് രംഗത്ത് കുതിച്ചു ചാട്ടത്തിന് ഒരുങ്ങി നിൽക്കെയാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാലയുടെ മരണം.
പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്റോയ് ഹോട്ടൽസ്, ടോപ്‌സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്.

 

സ്വാതന്ത്ര്യദിനാഘോഷം: എല്ലാ പാർട്ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും നാളെ പതാക ഉയർത്തും: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

 

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പാർട്ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും ആഗസ്‌ത് 15 ന് പതാക ഉയർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. അതിനുശേഷം ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പാർട്ടി പ്രവർത്തകർ പ്രതിജ്ഞ എടുക്കും.എകെജി സെന്ററിൽ രാവിലെ 9 മണിക്ക് എസ് രാമചന്ദ്രൻപിള്ള പതാക ഉയർത്തുംഅതേസമയം കെപിസിസി സ്വാതന്ത്ര്യദിനാഘോഷം രാവിലെ 10ന് നടക്കും. കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് കെ.സുധാകരന്‍ എംപി ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു.

 

ഈജിപ്‌തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീപ്പിടുത്തം; 41 മരണം

കെയ്‌റോ> ഈജിപ്‌തിലെ കോപ്റ്റിക് ചര്‍ച്ചിലുണ്ടായ തീപ്പിടിത്തത്തില്‍ 41 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 55 പേര്‍ക്ക് പൊള്ളലേറ്റു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് നിഗമനം. ഇംബാബയിലെ അബു സിഫീന്‍ പള്ളിയിലാണ് തീപ്പിടിത്തമുണ്ടായത്.

ഞായറാഴ്ച രാവിലെ പള്ളിയില്‍ പ്രാര്‍ഥന നടക്കുമ്പോഴാണ് തീപടര്‍ന്നത്. വിവരമറിഞ്ഞയുടന്‍ 55 ലധികം അഗ്നിശമന വാഹനങ്ങള്‍ പള്ളിയിലെത്തി. സംഭവത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി അനുശോചിച്ചു.

 

ദേശീയ പതാക ഉയർത്തുന്നതിനിടെ മേൽക്കൂരയിൽ നിന്ന് വീണ് 65 കാരൻ മരിച്ചു

 

മഹാരാഷ്ട്രയിൽ ദേശീയ പതാക ഉയർത്താനായി മേൽക്കൂരയിൽ കയറിയ 65–കാരൻ കാൽവഴുതി വീണ് മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ദേശീയ പതാക ഉയർത്തുന്നതിന് ഇടയാണ് മേൽക്കൂരയിൽ നിന്ന് ലക്ഷ്മൺ ഷിൻഡെ കാൽവഴുതി താഴേക്ക് വീണത്. വീഴ്ചയില്‍ ഗുരുതര പരുക്കേറ്റ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നലെ രാവിലെയാണ് സംഭവം.(man falls off roof dies to hoist flag)ലക്ഷ്മൺ ഷിൻഡെ രാവിലെ 8 മണിയോടെ വീടിന്റെ മുകളിൽ നിന്ന് വീണുവെന്ന് പൊലീസ് പറഞ്ഞു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മണിനെ മഹാരാഷ്ട്ര ജവഹറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നാസിക്കിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. അപകട മരണം എന്ന തരത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Most Read

  • Week

  • Month

  • All