രാജ്യം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വർഷ കാലയളവിലേക്കുള്ള അഞ്ചിന പരിപാടി പ്രധാനമന്ത്രി പ്രസംഗത്തിൽ മുന്നോട്ടുവച്ചു. സമ്പൂർണ വികസിത ഭാരതം, അടിമത്ത മനോഭാവത്തിൽ നിന്നുള്ള പരിപൂർണ മോചനം, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും അഖണ്ഡതയും, പൗരധർമം പാലിക്കൽ എന്നിവയാണ് പ്രതിജ്ഞകളായി പ്രധാനമ ന്ത്രി മുന്നോട്ടുവെച്ചത്.
വികസിത ഇന്ത്യയെന്നതാവണം നമ്മുടെ ലക്ഷ്യം. അടിമത്തത്തെ പൂർണമായി ഉന്മൂലം ചെയ്യാൻ കഴിയണം. നമ്മുടെ പാരമ്പര്യത്തിൽ നാം അഭിമാനം കൊള്ളണം. രാജ്യത്തെ 130 കോടി ജനങ്ങളും ഒന്നിച്ച് നിൽക്കണം. ഓരോരുത്തരും പൗരന്റെ ഉത്തരവാദിത്വം നിർവഹിക്കണമെന്നും മോദി പറഞ്ഞു.
സംസ്ഥാനത്ത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു: കിഫ്ബിയിലൂടെ വികസനവും സമത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപാതക ഉയർത്തി. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി കിഫ്ബിയുടെ പ്രധാന്യം എടുത്തു പറഞ്ഞത് ശ്രദ്ധേയമായി.
സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമം. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നത്. പശ്ചാത്തല സൗകര്യവികസനം എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികൾ നടപ്പാക്കുന്നതന്ന് - സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഫെഡറൽ തത്വങ്ങൾ പുലരണമെന്നും രാജ്യത്തിന്റെ നിലനിൽപ്പിനുള്ള അടിസ്ഥാന ഘടക ഫെഡറലിസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ അടയാളം. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്ത്‌ന്റെ കരുത്ത്. അടിസ്ഥാന യാഥാർത്ഥ്യം മറന്നുള്ള നിലപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങൾ കെടുത്തുന്നതാണ്.മതനിരപേക്ഷതക്ക് നേരെ കയ്യറ്റം നടക്കുന്ന നിലയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ദേശീയപാതക ഉയർത്തി. പതാകയിൽ കയർ കുടുങ്ങിയ കാരണം ഉയർത്തിയ പതാക ഇവിടെ തിരിച്ചറക്കേണ്ടി വന്നു. മന്ത്രി സല്യൂട്ട് ചെയുന്നതിനിടെയാണ് പതാക തിരിച്ചിറക്കി മാറ്റി കയറ്റിയത്. എറണാകുളം ജില്ലയിലും സ്വാതന്ത്രദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു.കാക്കനാട് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് പതാക ഉയർത്തി.
ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനാണ് പതാക ഉയർത്തിയത്.
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണിയും
കണ്ണൂരിൽ തദ്ദേശസ്വയംഭരണസ്ഥാപന മന്ത്രി എംവി ഗോവിന്ദനും
വയനാട്ടിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും
ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി പി പ്രസാദും പതാക ഉയർത്തി.
മലപ്പുറം എംഎസ് പി മൈതാനത്ത് നടന്ന സ്വാതന്ത്യദിനാഘോഷത്തിൽ മന്ത്രി വിഅബ്ദുറഹ്‌മാൻ പതാക ഉയർത്തി. കോണ്ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ദേശീയപതാക ഉയർത്തി. ഇന്നലെവരെ സ്വാതന്ത്ര്യത്തെ ദിനത്തിൽ കരിദിനമാചരിച്ച കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണെന്നും സ്വാതന്ത്ര്യ സമര ചരിത്രം എടുത്താൽ ഒരു ബിജെപിക്കാരനെ കാണാനാവില്ലെന്നും കെ.സുധാകരൻ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സിപി ഐഎം സംസ്ഥാനത്തെ എല്ലാ പാർടി ഓഫീസുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തി. എകെജി സെന്ററിൽ എസ് രാമചന്ദ്രൻപിള്ള പതാക ഉയർത്തി. പതാക ഉയർത്തലിന് ശേഷം ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പാർടി പ്രവർത്തകർ പ്രതിജ്ഞ എടുത്തു.