റണ്ണിംഗ് കോൺട്രാക്റ്റ് നടപ്പാക്കുന്നത് പരിശോധിക്കാൻ ചെക്കിംഗ് ടീം: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ റണ്ണിംഗ് കോൺട്രാക്റ്റ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഒരു ചെക്കിംഗ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഈ ടീം ഈ മാസം 20 മുതൽ പരിശോധന ആരംഭിക്കും. കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പരിശോധനാ മാനദണ്ഡങ്ങളും തീരുമാനിച്ചു. മൂന്ന് ലക്ഷം കിലോമീറ്റർ റോഡാണ് കേരളത്തിലുള്ളത്. ഇതിൽ 30,000 കിലോമീറ്റർ റോഡ് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്. ഇത് മികച്ച നിലയിൽ പരിപാലിക്കുകയാണ് ലക്ഷ്യം. കാലാവസ്ഥ മാത്രമല്ല റോഡ് തകർച്ചയ്ക്ക് കാരണം. പല കാരണങ്ങളിൽ ഒന്ന് മാത്രമാണ് കാലാവസ്ഥ. തെറ്റായ പ്രവണതകളും റോഡിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. അതിനെതിരെ കർശന നടപടികളുണ്ടാകും-മന്ത്രി പറഞ്ഞു
കാലാവസ്ഥ വ്യതിയാനവും റോഡിനെ ബാധിക്കുന്നു. ഇതിനെതിരെ നിർമ്മാണ രീതികളിൽ മാറ്റം വരുത്തും. ഇതിനായി ക്ലൈമറ്റ് സെൽ രൂപീകരിച്ചു. കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ചുള്ള നിർമ്മാണ രീതികളെക്കുറിച്ച് ആലോചിക്കാൻ കേരള ഹൈവെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ (കെ എച്ച് ആർ ഐ) ചുമതലപ്പെടുത്തി. ഇതിന്റെ ദേശീയ സെമിനാർ തിരുവനന്തപുരത്ത് നടക്കും-മന്ത്രി പറഞ്ഞു.
പരിപാലന കാലാവധിയുള്ള റോഡുകളിൽ പച്ച ബോർഡുകളും റണ്ണിംഗ് കോൺട്രാക്ട് ഉള്ള റോഡുകളിൽ നീല ബോർഡും സ്ഥാപിക്കും. തെറ്റായി പണമുണ്ടാക്കി ശീലിച്ചവർ ഈ ബോർഡുകൾ കണ്ട് ഞെട്ടുന്ന സ്ഥിതിയുണ്ടാവും. 2025 ഓടെ കാസർകോട് തിരുവനന്തപുരം ദേശിയ പാതാ വികസനം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ റോഡുകളുടെ ഡിസൈൻ പ്രശ്നമാണെന്ന രാഹുൽ ഗാന്ധിയുടെ വാദം ന്യായമാണ്. പോസിറ്റീവാണത്. പരമ്പരാഗത റോഡുകളാണ് കേരളത്തിലേത് അവയുടെ ഡിസൈൻ മാറണം. അതാണ് കിഫ് ബി ഏറ്റെടുത്ത റോഡുകളിൽ നടപ്പിലാക്കുന്നത്. കേരളത്തിൽ നിന്നുള്ള ജനപ്രതിനിധി എന്ന നിലയിൽ രാഹുൽ ഗാന്ധി നിർദ്ദേശങ്ങൾ സമർപ്പിച്ചാൽ ചർച്ചയ്ക്ക് തയ്യാറാണ്-മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

 

എൻ. ഷാജിത്ത് മട്ടന്നൂർ നഗരസഭ ചെയർമാൻ ഒ. പ്രീത വൈസ് ചെയർപേഴ്‌സൺ

മട്ടന്നൂർ നഗരസഭയുടെ ആറാമത് ഭരണ സമിതിയുടെ ചെയർമാനായി സിപിഎമ്മിലെ എൻ. ഷാജിത്തിനെ തെരഞ്ഞെടുത്തു.
വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത് യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥിയായി മണ്ണൂർ വാർഡിൽ
നിന്നും വിജയിച്ച കോൺഗ്രസിലെ പി. രാഘവനാണ് മൽസരിച്ചത് ഇന്ന് രാവിലെ് നടന്ന തെരഞ്ഞെടുപ്പിൽ ഷാജിത്തിന് 21 വോട്ടും എതിരാളി കോൺഗ്രസ്സിലെ പി.രാഘവന് 14 വോട്ടും ലഭിച്ചു.
രണ്ടുതവണ മട്ടന്നൂർ പഞ്ചായത്ത് പ്രസിഡന്റും പിന്നീട് മുനിസിപ്പൽ ഉപദേശക സമിതി ചെയർമാനുമായിരുന്ന എൻ. മുകുന്ദൻ മാസ്റ്ററുടെ മകനാണ് ഷാജിത്ത്. മട്ടന്നൂർ ഹയർ സെക്കന്ററി സ്‌കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകനാണ്.
ചാവശ്ശേരി ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപിക ലീനയാണ് ഭാര്യ. 2007 ലെ ഭരണഭരണസമിതിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. വരണാധികാരി ഡി.എഫ്.ഒ പി. കാർത്തിക് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സി.പി.എം നേതാവ് ടി. കൃഷ്ണൻ, മുൻ ചെയർമാൻമാരായ കെ.ടി. ചന്ദ്രൻ മാസ്റ്റർ, കെ. ഭാസ്‌കരൻ മാസ്റ്റർ, അനിതാവേണു എന്നിവരും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ഉച്ചയ്ക്കുശേഷം നടന്ന ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഒ. പ്രീത വൈസ് ചെയർപേഴ്‌സണായി തെരഞ്ഞെടുത്തു. ദേവർക്കാട് വാർഡിൽനിന്നാണ് ഒ. പ്രീത തെരഞ്ഞെടുത്തത്. യു.ഡി.എഫിൽ പാലോട്ടുപള്ളി വാർഡിൽ നിന്നു വിജയിച്ച മുസ്ലിംലീഗിലെ പി.പ്രജിലയെയാണ് പരാജയപ്പെടുത്തിയത്.


കാപ്പികോ റിസോർട്ട് പൊളിക്കൽ തുടങ്ങി
പാണാവള്ളി നെടിയതുരുത്തിലെ കാപ്പികോ റിസോർട്ട് പൊളിക്കൽ നടപടി തുടങ്ങി. രാവിലെ 10ന് നടപടികൾ ആരംഭിച്ചു. ഘട്ടംഘട്ടമായാണ് പൊളിക്കൽ. ആദ്യം വില്ലകളാകും പൊളിച്ചുനീക്കുക. റിസോർട്ട് ഉടമകളുടെ ചെലവിലാണ് പൊളിക്കൽ. കെട്ടിടാവശിഷ്ടം പരിസ്ഥിതിക്ക് ദോഷമാകാതെ നീക്കുമെന്ന് കലക്ടർ വി ആർ കൃഷ്ണതേജ പറഞ്ഞു.
റിസോർട്ട് പൊളിക്കലിന് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് നടപടികൾ. റിസോർട്ടും അതിലെ സാധനങ്ങളുടെയും വീഡിയോ മഹസറും തയ്യാറാക്കി.തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിക്കാൻ 2020 ജനുവരിയിലാണ് സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചത്. റിസോർട്ടിന്റെ പട്ടയഭൂമിയിൽപ്പെടാത്ത രണ്ട് ഹെക്ടറിലേറെ കഴിഞ്ഞദിവസം കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ഏറ്റെടുത്തിരുന്നു.

 

 

പുഴയഴകിൽ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി വരുന്നു

 

 

ജലടൂറിസത്തിനായി സംസ്ഥാന സർക്കാർ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നാറാത്ത് ഗ്രാമപഞ്ചായത്തിൽ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വളപട്ടണം പുഴയുടെ കൈവഴിയിലെ പുല്ലൂപ്പിക്കടവിൽ ജലസാഹസിക ടൂറിസം പദ്ധതിക്ക് 4.15 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.
വാട്ടർ റിക്രിയേഷൻ ടൂറിസം സംസ്ഥാനത്തെമ്പാടും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ജലഗതാഗത പാക്കേജുകൾ ആകർഷകമാക്കും. ജലപാത യാഥാർഥ്യമാക്കുന്നതിനൊപ്പം ടൂറിസം സാധ്യതകളും വളർത്തും. അതിൽ വലിയ പങ്ക് വഹിക്കാൻ കണ്ണൂർ ജില്ലക്ക് കഴിയും. വാട്ടർ സ്പോർട്സ് കേരളത്തിൽ വലിയ സാധ്യതയാണ്.
കോവിഡിന് ശേഷം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡിലേക്ക് കേരളം എത്താൻ പോവുകയാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിൽനിന്ന് മനുഷ്യന് ഒരു പ്രതികാര മനോഭാവം വരികയാണ്. മറ്റ് സംസ്ഥാനത്തേക്കോ, മറ്റ് രാജ്യങ്ങളിലേക്കോ പഴയതു പോലെ പോകാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ നാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ പലരും തിരിച്ചറിഞ്ഞു. ഇത് ആഭ്യന്തര ടൂറിസത്തിന് സഹായകമായി. യാത്ര ചെയ്യാൻ പറ്റാതെ വീർപ്പുമുട്ടിയ മനുഷ്യന്റെ പ്രതികാര മനോഭാവത്തോയെുള്ള ഈ യാത്രയെ ലോകം വിശേഷിപ്പിക്കുന്നത് റിവഞ്ച് ടൂറിസം എന്നാണ്. കോവിഡ് കാരണം വിദേശ സഞ്ചാരികളുടെ എണ്ണം കേരളത്തിൽ കുറഞ്ഞിരുന്നു. വിദേശ സഞ്ചാരികളെ കൊണ്ടുവരാൻ വിദേശ രാജ്യങ്ങളിൽ പോയി കേരള ടൂറിസത്തിന്റെ പ്രചാരണം നടത്തണം. വിദേശ സഞ്ചാരികൾ കേരളത്തിലേക്ക് വരുന്നതിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഫ്രാൻസ്. ഫ്രാൻസിലെ പാരീസിൽ നടക്കുന്ന എക്സ്പോയിൽ പങ്കെടുക്കുമ്പോൾ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത് ഒരു ലക്ഷം ഫ്രഞ്ച് പൗരൻമാരെ കേരളത്തിലേക്ക് ആകർഷിക്കുകയാണ്. അതിനായി നാല് ദിവസം പാരീസിൽ സന്ദർശനം നടത്തുന്നുണ്ട്. ഫ്രഞ്ച് ഭാഷ പഠിക്കുന്ന ഒരു പാട് കുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ഫ്രാൻസിൽനിന്ന് സഞ്ചാരികൾ വരുമ്പോൾ ഫ്രഞ്ച് പഠിക്കുന്ന വിദ്യാർഥികളെ ടൂറിസം ക്ലബ് അംഗങ്ങളാക്കി ട്രാവൽ ഗൈഡുകളാക്കും. അതിന് സർട്ടിഫിക്കറ്റ് നൽകുമെന്നും മന്ത്രി പറഞ്ഞു.

 

 തെറ്റുകൾ തിരുത്താത്ത ഉദ്യോഗസ്ഥരോട് സന്ധിയില്ല: മന്ത്രി മുഹമ്മദ് റിയാസ്
തെറ്റായ പ്രവണതകൾ തിരുത്താത്ത ഉദ്യോഗസ്ഥരോട് സന്ധിയില്ലെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂരിൽ പി ഡബ്ല്യു ഡി കോംപ്ലക്സിന്റെ ഒന്നാംഘട്ട കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരന്നു അദ്ദേഹം. ജനജീവിതവുമായി ദൈനംദിന ബന്ധമുള്ള വകുപ്പാണ് പൊതുമരാമത്ത് വകുപ്പ്. അതിന്റെ ഓഫീസുകൾ പൊതുജനങ്ങൾക്ക് ആശ്വാസ കേന്ദ്രങ്ങളായി മാറണം. ഭൂരിപക്ഷം ഉദ്യോഗസ്ഥരും കരാറുകാരും കൃത്യമായും നല്ല നിലയിലും പ്രവർത്തിക്കുന്നവരാണ്. എന്നാൽ ഒരു ചെറുവിഭാഗം അങ്ങിനെയല്ല. ചില അവിശുദ്ധ സഖ്യങ്ങൾ ഇങ്ങനെയുണ്ടാവുന്നുണ്ട്. അത്തരക്കാരെ തിരുത്തി മുന്നോട്ട് പോകാനാണ് സർക്കാറിന്റെ ശ്രമം. തിരുത്താൻ തയ്യാറാവാത്തവരോട് സന്ധിയില്ല-മന്ത്രി പറഞ്ഞു. ജനങ്ങളുടെ പരാതികൾ സമയബന്ധിതമായി പരിഗണിക്കണം. ഓഫീസുകൾ ജനസൗഹൃദമാവണം. സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണം. ഓഫീസ് കെട്ടിടത്തിന്റെ മനോഹാരിത പോലെ തന്നെ പ്രധാനമാണ് ജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റവും-മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു.


ഇ കൊയർ ബാഗ് സെപ്തംബർ 20 ന് വിപണിയിലേയ്ക്ക്

പ്ളാസ്റ്റിക് ഗ്രോ ബാഗുകൾക്ക് ബദലായി കയർ ഉപയോഗിച്ച് നിർമ്മിച്ച ഇ കൊയർ ബാഗ് സെപ്തംബർ 20 ന് വിപണിയിലെത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്‌കരിച്ച കയർ ഉപയോഗിച്ച് ഗ്രോ ബാഗുകൾ നിർമ്മിക്കുന്നതിനുള്ള സാധ്യത തേടിയ ചഇഞങകയും എഛങകഘ ഉം സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ലരീശൃ ബാഗുകളെന്നും രാജീവ് പറഞ്ഞു.
പ്രത്യേക ഇനം കയർ ഉപയോഗിച്ച് നിർമ്മിച്ച വായുസഞ്ചാരമുള്ള പരിസ്ഥിതി സൗഹൃദ ഗ്രോ ബാഗുകൾ പുനരുപയോഗിക്കാവുന്നതും കൂടുതൽ കാലം ഈടു നിൽക്കുന്നതും പ്രകൃതിയോട് ഇണങ്ങിയതും ആണ്. ക്രോസ് സ്റ്റിച്ച് ചെയ്ത് ബലപ്പെടുത്തിയ കയർ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ പൂന്തോട്ടമോ പച്ചക്കറിത്തോട്ടമോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഏറെ അനുയോജ്യമാണിത്. പച്ചക്കറി, പഴങ്ങൾ, ഔഷധസസ്യങ്ങൾ, ഇൻഡോർ പ്ലാന്റുകൾ എന്നിവ വളർത്തുവാനും ഉപയോഗിക്കാം. വായു സഞ്ചാരം ഉറപ്പാക്കി വേരുകളുടെ അനായാസമായ വളർച്ചയെ സാധ്യമാക്കുന്നതിനാൽ വേരോട്ടം വർധിപ്പിച്ച് പുതിയ വേരുകൾ മുളയ്ക്കാൻ സഹായിക്കുകയും മികച്ച വിളവ് ഉറപ്പു നൽകുകയും ചെയ്യുന്നു.
വേനൽക്കാലത്തും ശൈത്യകാലത്തും കൃത്യമായ ഇൻസുലേഷൻ നൽകുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ബാഗുകൾ ഉപയോഗശേഷം കമ്പോസ്റ്റിങ്ങിലൂടെ മണ്ണിൽ തന്നെ ലയിപ്പിച്ചു കളയുകയും ചെയ്യാം. മനോഹരമായി രൂപകൽപ്പന ചെയ്ത ബാഗുകൾ പ്ലാസ്റ്റിക് ഗ്രോ ബാഗുകളിലെയോ മൺചട്ടികളിലെയോ പോലെ വേരുകൾ ചുറ്റിവളഞ്ഞു വളർച്ച മുരടിപ്പിക്കുന്നില്ല


.

കൊവിഡിനെ തുരത്താൻ പ്ലാസ്റ്റിക് ഫിലിം വികസിപ്പിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ

ലോകത്തെയൊന്നാകെ പിടിച്ചുകുലുക്കിയ മഹാമാരിയായ കൊവിഡിനു കാരണമായ സാർസ്-കോവി-2 ഉൾപ്പെടെയുള്ള വൈറസുകളെ നിർജീവമാക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഫിലിം വികസിപ്പിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ.
ഈ ഫിലിമിൽ സാധാരണ വെളിച്ചം പതിച്ചാൽ വൈറസുകൾ നശിക്കും. ആശുപത്രികളിൽ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മേശവിരിപ്പ്, കർട്ടൻ, ജീവനക്കാരുടെ കുപ്പായം എന്നിവയിൽ ഇതു പ്രയോഗിക്കാൻ കഴിയും.
അൾട്രാവയലറ്റ് വെളിച്ചം ആഗിരണംചെയ്യാൻ കഴിയുന്ന കണങ്ങളുടെ നേർത്ത ഒരുപാളി ഈ ഫിലിമിൽ പൂശിയിട്ടുണ്ട്. വെളിച്ചം പതിക്കുമ്പോൾ അവ റിയാക്ടീവ് ഓക്സിജൻ സ്പീഷീസ് ഉണ്ടാക്കും. ഓക്സിജനിൽനിന്നു രൂപംകൊള്ളുന്ന വൻ പ്രതിപ്രവർത്തനശേഷിയുള്ള രാസവസ്തുക്കളാണ് ആർ.ഒ.എസ്. ഇവയാണ് വൈറസുകളെ നിർജീവമാക്കുന്നതെന്ന് ഫിലിം വികസിപ്പിച്ച ബെൽഫാസ്റ്റ് ക്വീൻസ് സർവകലാശാലയിലെ ഗവേഷകർ പറഞ്ഞു. ഈ പ്ലാസ്റ്റിക് ഫിലിം മണ്ണിൽ അലിയുന്നതായതിനാൽ പാരിസ്ഥിതിക ദോഷമില്ലെന്നും അവർ പറഞ്ഞു.
.
ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്: പ്രതിനിധി രജിസ്‌ട്രേഷൻ തുടങ്ങി

വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഗ്രന്ഥാലയങ്ങൾക്ക് പുതിയ കാലത്തിനനുസരിച്ച് മാറ്റം വരുത്തണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്‌മെന്റ്, ജില്ലാ ലൈബ്രറി കൗൺസിൽ, കണ്ണൂർ സർവ്വകലാശാല എന്നിവയുടെ നേതൃത്വത്തിൽ ജനുവരി ഒന്നു മുതൽ മൂന്നു വരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിലെ പ്രതിനിധികളുടെ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവൻ ലൈബ്രറികളും ഡിജിറ്റലൈസ് ചെയ്യണം. കേരളത്തിന്റെ സാമൂഹിക പരിഷ്‌ക്കരണത്തിന് കരുത്ത് പകർന്നത് ഗ്രന്ഥാലയങ്ങളാണ്. സ്വാതന്ത്രസമരകാലത്തും നവോത്ഥാന പോരാട്ടങ്ങളിലും ഗ്രന്ഥാലയങ്ങൾ നിർണായക പങ്കാണ് വഹിച്ചത്. വായനയ്ക്കുമേൽ കഠാര വെക്കുന്ന പുതിയകാലത്ത് ഗ്രന്ഥാലയങ്ങൾ കൂടുതൽ ആർജ്ജവത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.


ഓണച്ചന്ത: ജില്ലയിൽ 1.25 കോടി വിറ്റുവരവുമായി കുടുംബശ്രീ

കൊവിഡ് കാലത്തിന് ശേഷം സജീവമായ ജില്ലയിലെ കുടുംബശ്രീ ഓണച്ചന്തകളിൽ ഇക്കുറി റെക്കോഡ് വിറ്റുവരവ്. സെപ്റ്റംബർ ഒന്നു മുതൽ ഏഴുവരെ നടന്ന വിപണന മേളയിൽ 1.25 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. ജില്ലയിലെ 81 കുടുംബശ്രീ സി ഡി എസ് പരിധിയിലെ 102 കേന്ദ്രങ്ങളിലാണ് ഇത്തവണ ഓണം വിപണന മേള നടന്നത്.
ജില്ലയിൽ ഓണം മേളകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. ശരാശരി 60-75 ലക്ഷം രൂപ വരെയായിരുന്നു ഇതുവരെയുള്ള ഓണക്കാല വിറ്റുവരവ്. കുടുംബശ്രീ ഓണ വിപണന മേളയിൽ ആദ്യമായാണ് ഒരു കോടിയലധികം രൂപയുടെ നേട്ടം കൈവരിക്കുന്നത്. ജില്ലയിലെ വിവിധ സിഡിഎസ് പരിധിയിലുൾപ്പെടുന്ന 2766 സംരംഭകരാണ് ഇത്തവണത്തെ വിപണന മേളകളിൽ പങ്കെടുത്തത്. കുടുംബശ്രീയുടെ വിവിധ സൂക്ഷ്മ സംരംഭ ഗ്രൂപ്പുകളുടെ ഉല്പന്നങ്ങൾക്കും ജെഎൽജി ഗ്രൂപ്പുകൾ ഉൽപാദിപ്പിക്കുന്ന നാടൻ കാർഷിക ഉല്പന്നങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മേളയിൽ 5.54 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി കുറുമാത്തൂർ ഗാമപഞ്ചായത്ത് സിഡിഎസ് ഒന്നാംസ്ഥാനം നേടി. 5.23 ലക്ഷം രൂപ വിറ്റുവരവ് നേടിയ പയ്യന്നൂർ നഗരസഭ സിഡിഎസ് രണ്ടാം സ്ഥാനവും 4.91 ലക്ഷം രൂപ നേടി കുത്തുപ്പറമ്പ് നഗരസഭ സിഡിഎസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പന്ന്യന്നൂർ, ശ്രീകണ്ഠപുരം, മട്ടന്നൂർ, പാനൂർ, പാട്യം, മാങ്ങാട്ടിടം, കണ്ണൂർ കോർപ്പറേഷൻ, വളപ്പട്ടണം എന്നീ സിഡിഎസുകളാണ് ഇത്തവണ ജില്ലയിൽ ഏറ്റവും ഉയർന്ന വിറ്റുവരവിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ വന്നത്. മേളയിൽ ഏറ്റവും കൂടുതൽ സംരംഭകരുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത് പാട്യം, കുറുമാത്തൂർ, മാങ്ങാട്ടിടം സിഡിഎസുകളാണ്.

പാലപ്പിള്ളിയിൽ പേയിളകിയ പശുവിനെ വെടിവച്ചു കൊന്നു

പാലപ്പിള്ളി എച്ചിപാറയിൽ പേയിളകിയ പശുവിനെ വെടിവച്ചു കൊന്നു. പേയിളകിയെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു പശു. എച്ചിപ്പാറ ചക്കുമ്മൽ കാദറിന്റെ പശുവിനെയാണ് വെടിവെച്ച് കൊന്നത്. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനി നിവാസി പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവർക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളർത്തുമൃഗങ്ങൾക്കും തോട്ടത്തിൽ മേയുന്ന പശുക്കൾക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.
പ്രദേശത്ത് കടിയേറ്റ വളർത്തു നായകളെ അനിമൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നിരീക്ഷിച്ചുവരികയായിരുന്നു. ഒപ്പം ഖാദറിന്റ പശുവിനെയും നിരീക്ഷണത്തിലാക്കി. ഇതിനിടെ വനം വകുപ്പ് ജീവനക്കാരന്റെ വീട്ടിലെ വളർത്തുനായ് രണ്ടാഴ്ച മുമ്പ് ചത്തിരുന്നു. പിന്നിട് പേയിളകിയതിന്റെ ലക്ഷണങ്ങൾ കാണിച്ച പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കാൻ ആരംഭിച്ചു. ഇതോടെ പോലീസ്, വെറ്റിനറി, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടി.
ഒടുവിൽ അധികൃതരുടെ സാന്നിധ്യത്തിൽ വെടിവെക്കാൻ ലൈസൻസുള്ള വടക്കൊട്ടായി സ്വദേശി ആന്റണി പശുവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ജില്ലാതല സംഘാടക സമിതിയായി

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ കെ രത്നകുമാരി, ടി സരള, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി അരുൺ, ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ, അസി.കോ ഓർഡിനേറ്റർ ടി വി ശ്രീജൻ തുടങ്ങിയവർ പങ്കെടുത്തു. പട്ടികജാതി പട്ടികവർഗ കോളനികൾ, തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികൾ, ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ, മറ്റ് പിന്നോക്ക മേഖലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തുക.

 

നിയമസഭാ സ്പീക്കർനാളെ കണ്ണൂർ ജില്ലയിൽ

നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നാളെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.15ന് കെ വി സുധീഷിന്റെ ഗൃഹസന്ദർശനം, മൂന്നുപെരിയ, പെരളശ്ശേരി, 10ന് ടി പത്മനാഭന്റെ വസതി, കണ്ണൂർ, 10.30ന് പ്രസ് മീറ്റ്, കണ്ണൂർ പ്രസ് ക്ലബ്, 11.30ന് സി എം ടി യോഗം, പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ്, തലശ്ശേരി, 12.30ന് ജലജീവൻ മിഷൻ യോഗം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ്, തലശ്ശേരി, ഉച്ച ഒരു മണി - മലബാർ ക്യാൻസർ സെന്ററിൽ സ്വീകരണവും വിവിധ പദ്ധതി പുരോഗതി അവലോകന യോഗവും, രണ്ട് മണി- സ്വീകരണ യോഗം തലശ്ശേരി താലൂക്ക് ഓഫീസ്, 2.30- മിനി ഡിഡിസി, തലശ്ശേരി, 4.30- സ്വീകരണം, തലശ്ശേരി ബിഷപ്പ് ഹൗസ്, 5.30ന് പൗര സ്വീകരണം, തലശ്ശേരി പുതിയ ബസ് സ്റ്റാന്റ്.

Most Read

  • Week

  • Month

  • All