ഹർത്താൽ അക്രമം: പോപ്പുലർ ഫ്രണ്ട് 5.06 കോടി നഷ്ടപരിഹാരം നൽകണം; 

 
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ബസുകൾക്കും ജീവനക്കാർക്കും നേരെ നടന്ന അക്രമങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ. ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.06 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു. ഹർത്താലിൽ 58 ബസ്സുകൾ തകർത്തെന്നും 10 ജീവനക്കാർക്ക് പരിക്കേറ്റെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ഹർത്താൽ അക്രമങ്ങൾക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാനായി കെഎസ്ആർടിസി അപേക്ഷ നൽകി.


ലഹരിവിരുദ്ധ ക്യാമ്പയിൻ തുടർപ്രക്രിയയാക്കും: മുഖ്യമന്ത്രി

ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ തുടർപ്രക്രിയയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവംബർ ഒന്നു വരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും സർവ്വകക്ഷിയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികൾക്ക് യോഗത്തിൽ പങ്കെടുത്തവർ പൂർണ്ണപിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു.
സ്‌കൂളുകളിൽ ബോധവൽക്കരണം ശക്തമാക്കും. ആവശ്യത്തിനു കൗൺസിലർമാർ ഉണ്ടാകും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാൻ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കണം നടത്തും. അതിഥി തൊഴിലാളികൾക്കിടയിൽ അവരുടെ ഭാഷയിൽ ബോധവൽക്കരണം നടത്തും. എൻഫോഴ്സ്മെന്റ് വിഭാഗങ്ങളായ പോലീസ്, എക്സൈസ്, നാർക്കോട്ടിക് സെൽ തുടങ്ങിയവ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. കനത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമം കൂടുതൽ കർക്കശമാക്കി. മയക്കുമരുന്ന് കേസിൽ പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കിക്കഴിഞ്ഞു. കേസിൽപ്പെട്ടാൽ നേരത്തെ സമാനമായ കേസിൽ ഉൾപ്പെട്ട വിവരവും കോടതിയിൽ സമർപ്പിക്കും. ഇതിലൂടെ കൂടുതൽ ശിക്ഷ ഉറപ്പിക്കാനാകും. കാപ്പ മാതൃകയിൽ ഇത്തരം കേസുകൾക്ക് ബാധകമായ നിയമം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതിർത്തികളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത ശക്തിപ്പെടുത്തും. സ്‌കൂളുകളിലും കടകളിലും ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ ഫോൺനമ്പർ ഉൾപ്പെടെയുള്ള പോസ്റ്ററുകൾ പ്രദർശിപ്പിക്കും. വിവരം നൽകുന്നവരുടെ കാര്യം രഹസ്യമാക്കി സൂക്ഷിക്കും. സ്‌കൂളുകളിൽ പുറത്തു നിന്നു വരുന്നവരുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഡി- അഡിക് ഷൻ സെന്ററുകൾ വ്യാപിപ്പിക്കും. സർക്കാർ ഉടമസ്ഥതയിലും സെന്ററുകൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും വകുപ്പ് മേധാവികളും പങ്കെടുത്തു.

 


സർക്കാരിനെതിരെയുള്ള നദ്ദയുടെ കള്ള പ്രചാരവേലകൾ കേരളം പുച്ഛിച്ച് തള്ളും: സിപിഐ എം
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെയുള്ള ജെ പി നദ്ദയുടെ കള്ള പ്രചാരവേലകൾ കേരള ജനത പുച്ഛിച്ച് തള്ളുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്തെ ഏറ്റവും അഴിമതി രഹിതമായ സംവിധാനമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു അഴിമതി ആരോപണം പോലും ഈ സർക്കാരിനെതിരായി മുന്നോട്ടുവെക്കാൻ ആർക്കും കഴിഞ്ഞിട്ടുമില്ല. എന്നിട്ടും അഴിമതി സർക്കാരെന്ന് സംസ്ഥാന സർക്കാരിനെ വിശേഷിപ്പിക്കുന്നത് തികഞ്ഞ രാഷ്ട്രീയ അന്ധതകൊണ്ട് മാത്രമാണ്.
കേരളം ഭീകര വാദികളുടെ താവളമായി മാറിയെന്നാണ് മറ്റൊരാരോപണം. എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് ഒരു വർഗ്ഗീയ കലാപം പോലും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. സംഘപരിവാർ വിവിധ തരത്തിലുള്ള സംഘർഷങ്ങൾ സംസ്ഥാനത്ത് കുത്തിപ്പൊക്കാൻ ശ്രമിച്ചപ്പോൾ അവയെ മുളയിലേ നുള്ളുന്നതിന് എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. വാട്സ്ആപ്പ് ഹർത്താലുകളെ പ്രതിരോധിച്ചുകൊണ്ട് മാതൃകാപരമായ പ്രവർത്തനമാണ് സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും മതസൗഹാർദം പുലരുന്ന സംസ്ഥാനത്തിന് നേരെയാണ് ഇത്തരമൊരു പ്രചരണം ഉയർത്തിയിട്ടുള്ളത്. നാട്ടിൽ കലാപമുണ്ടാക്കുന്നതിന് ബോധപൂർവ്വമായ പദ്ധതികൾ ഒരുക്കുന്നതിൽ ആർഎസ്എസാണ് മുമ്പന്തിയിലെന്ന് പകൽപോലെ വ്യക്തമാണ്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ആർ.എസ്.എസിന്റെ കൊലക്കത്തിക്കിരയായി കൊല്ലപ്പെട്ടത് 17 സിപിഐ എം സഖാക്കളാണെന്ന വസ്തുത കേരള ജനതക്കറിയാം. അവരുടെ മുന്നിൽ ഇത്തരം നട്ടാൽ പൊടിക്കാത്ത നുണകൾ നിലനിൽക്കുകയില്ലെന്ന് ബിജെപിയുടെ അഖിലേന്ത്യാ പ്രസിഡന്റ് മനസ്സിലാക്കണം.
സ്വർണ്ണക്കള്ളക്കടത്തിലെ അന്വേഷണം കേന്ദ്ര ഏജൻസികളാണ് നടത്തുന്നത്. സ്വർണ്ണം ആര് അയച്ചുവെന്നും, ആർക്ക് അയച്ചുവെന്നും ഇതുവരെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുന്ന സ്ഥിതിവിശേഷം ആരാണ് സൃഷ്ടിച്ചത് എന്ന് ആർക്കും അറിയാവുന്നതാണ്. സ്വപ്ന സുരേഷിന് സംരക്ഷണവും, പിന്തുണയും നൽകിക്കൊണ്ട് ഇല്ലാ കഥകൾ സൃഷ്ടിച്ച് മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള നീക്കത്തിന് പിന്നിൽ സംഘപരിവാർ ശക്തികളാണെന്ന് ഏവർക്കും അറിയാവുന്നതാണ്. ഇത്തരം കള്ളപ്രചാര വേലകൾക്ക് നേരത്തെ തന്നെ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ കൊടുത്ത മറുപടി കൊടുത്തതാണെന്നും സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിൽ പറഞ്ഞു.


നാളെ ലോക റാബിസ് ദിനം എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നായകളിൽ നിന്നും കടിയേറ്റ് വരുന്നവർക്കുള്ള ചികിത്സാ സംവിധാനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്. മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, ക്ലിനിക്ക്, വാക്സിനേഷൻ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവയുണ്ടാകും. ആന്റി റാബിസ് വാക്സിനും ഇമ്മുണോഗ്ലോബിലിനും ഈ ക്ലിനിക്കിലുണ്ടാകും. ചികിത്സയ്ക്കെത്തുന്നവർക്ക് അവബോധവും കൗൺസിലിംഗും നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ വർഷവും സെപ്റ്റംബർ 28ന് ലോക റാബിസ് ദിനം ആചരിക്കുന്നു. ഈ വർഷത്തെ ലോക റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ആർട്സ് കോളേജിൽ വച്ച് സെപ്റ്റംബർ 28ന് രാവിലെ 10.15 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച 'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത' എന്ന കാമ്പയിന്റെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലും അവബോധം ശക്തിപ്പെടുത്തുന്നതാണ്. വിദ്യാർത്ഥികളിലൂടെ അവബോധം കുടുംബങ്ങളിൽ വേഗത്തിലെത്തിക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ഭാഗമായാണ് ഇത്തവണത്തെ റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം കോളേജ് കാമ്പസിലാക്കിയത്.
ഏകാരോഗ്യം, പേവിഷബാധ മരണങ്ങൾ ഒഴിവാക്കാം' എന്നതാണ് ഈ വർഷത്തെ ലോക റാബീസ് ദിന സന്ദേശം. സംസ്ഥാനത്ത് നായകളിൽ നിന്നുള്ള കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഈ വർഷത്തെ ലോക റാബീസ് ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പേവിഷബാധയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനും മരണങ്ങൾ ഒഴിവാക്കുന്നതിനുമാണ് ആരോഗ്യ വകുപ്പ് പരിശ്രമിക്കുന്നത്. സർക്കാരിന്റെ വൺ ഹെൽത്ത് പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പേവിഷബാധ നിയന്ത്ര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നു. സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്സിൻ സൗകര്യമുള്ള 573 സർക്കാർ കേന്ദ്രങ്ങളാണുള്ളത്. ഇമ്മിണോഗ്ലോബുലിൻ നൽകുന്ന 43 സർക്കാർ സ്ഥാപനങ്ങളുമുണ്ടെന്നും മന്ത്രി പറഞ്ഞു.

 
ആശാ പരേഖിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരംമുതിർന്ന ബോളിവുഡ് നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.
ഇന്ത്യൻ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകൾക്കാണ് പുരസ്‌കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന സമ്മാനം രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും.അഭിനയരംഗത്തുനിന്ന് പിൻമാറി ടെലിവിഷൻ സീരിയൽ നിർമാണത്തിലേക്ക് തിരിഞ്ഞ ആശാ പരേഖ് സെൻസർ ഹേം സായാ, ലവ് ഇൻ ടോക്കിയോ, കന്യാദാൻ, ഗുൻഘട്ട്, ജബ് പ്യാർ കിസീ സേ ഹോതാ ഹേ, ദോ ബദൻ, ചിരാഗ്, സിദ്ദി തുടങ്ങിയവാണ് പ്രധാന സിനിമകൾ

കണ്ണൂരിൽ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി
പുല്ലൂപ്പിക്കടവിന് സമീപം പുഴയിൽ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി.കല്ലുകെട്ടുചിറ സ്വദേശി കക്കിരിച്ചാൽ പുതിയപുരയിൽ കെ പി സഹദി (25) ന്റെ മൃതദേഹമാണ് ചൊവ്വ രാവിലെ കണ്ടെത്തിയത്.
വള്ളുവൻകടവ് ഭാഗത്ത് കരയോട് ചേർന്ന് കിടക്കുന്ന മൃതദേഹം മത്സ്യതൊഴിലാളികളാണ് കണ്ടെത്തിയത്. സഹദിന്റെ സുഹൃത്തുക്കളായ അത്താഴക്കുന്ന് കല്ലുകെട്ടുചിറയിലെ കൊലപ്പാല വീട്ടിൽ റമീസ് (25), അത്താഴക്കുന്ന് കൗസർ സ്‌കൂളിന് സമീപത്തെ സഫിയ മൻസിലിൽ കെ പി അഷറുദ്ദീൻ എന്ന അഷർ (25) എന്നിവരുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച സഹദ് കെ എൽ അബ്ദുൾ സത്താർ ആൻഡ് കമ്പനിയിലെ ഡ്രൈവറാണ്. കല്ലുകെട്ടിച്ചിറയിലെ അബ്ദുള്ള- സീനത്ത് ദമ്പതികളുടെ മകനാണ്. സഹോദരൻ:സമദ്.


ദിവാകരന് മറുപടി; സിപിഐയിൽ പ്രായപരിധി നടപ്പാക്കുമെന്ന് കാനംപാർടിയിൽ പ്രായപരിധി നടപ്പാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം കാനം രാജേന്ദ്രൻ . മുതിർന്ന നേതാവ് സി ദിവാകരനുള്ള മറുപടിയായാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രായപരിധി തീരുമാനിച്ചത് ദേശീയ കൗൺസിൽ ആണ്. ചിലരെ വെട്ടാൻ ആണ് പ്രായപരിധി എന്ന ആരോപണത്തിന് മറുപടി പറയേണ്ടത് ദേശീയ സെക്രട്ടറിയാണ്. പ്രായംകൊണ്ട് താൻ ജുനിയർ ആണ്.എന്നാൽ സംഘടനയിൽ അങ്ങിനെയല്ല. കേരളത്തിൽ നടപ്പാക്കും എന്ന് പറഞ്ഞ കാര്യം നടപ്പാക്കിയിരിക്കുമ. സെക്രട്ടറി സ്ഥാനത്തേക്ക് മൽസരം ഉണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് സമ്മേളനം ആണെന്നും കാനം പറഞ്ഞു.


കണ്ണൂരിന്റെ ടൂറിസം സാധ്യതകൾ തേടി ഡിടിപിസി
ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കണ്ണൂരിന്റെ ടൂറിസം സാധ്യതകൾ കണ്ടെത്താനും വിലയിരുത്താനും പാനൽ ചർച്ചയും വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണവും നടത്തി. കെടിഡിസി ലൂം ലാൻഡ് ഹോട്ടലിൽ നടന്ന പാനൽചർച്ചയും ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കെവി സുമേഷ് എംഎൽഎ നിർവഹിച്ചു. അസി. കലക്ടർ മിശാൽ സാഗർ ഭരത് അധ്യക്ഷനായി.
കണ്ണൂരിലെ വിനോദ സഞ്ചാരവും അക്കാദമിക കാര്യങ്ങളും, ജില്ലയിലെ ആതിഥ്യ മേഖലകൾ, ജലസാഹസികത, മാധ്യമങ്ങളും വിനോദയാത്രകളുടെ പ്രോത്സാഹനങ്ങളും എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. ടൂറിസം വകുപ്പ് ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ പി കെ സൂരജ്, അസി. ടൂറിസ്റ്റ്ഇൻഫർമേഷൻ ഓഫീസർ കെ.സി ശ്രീനിവാസൻ എന്നിവർ വിവിധ പാനൽ ചർച്ചകളിൽ മോഡറേറ്റർമാരായി.
കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കെഐടിടിഎസ് ട്രെയിനിങ് കോഡിനേറ്റർ സിപി ബീന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, ഡിടിപിസി സെക്രട്ടറിജെ കെ ജിജേഷ് കുമാർ, അഡ്വഞ്ചർ അക്കാദമി സ്‌പെഷൽ ഓഫീസർ പി പ്രണീത എന്നിവർ സംസാരിച്ചു.
പയ്യാമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ധർമടം ബീച്ച്, മീൻകുന്ന് ചാൽ ബീച്ച്, പയ്യാമ്പലം പാർക്ക്, ചൂട്ടാട് ബീച്ച്, പാലക്കാട് സ്വാമി മഠം പാർക്ക്, തലശ്ശേരി പീർ റോഡ്, ജവഹർ ഗട്ട് തലശ്ശേരി, സീ പാത്ത് വേ, ഡോ. ഹെർമൻ ഗുണ്ടർട്ട് മ്യൂസിയം തലശ്ശേരി, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ കേന്ദ്രങ്ങളിൽ ശുചികരണപ്രവർത്തനങ്ങളും നടത്തി. വിവിധ സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീ അംഗങ്ങളുടെയും വിവിധ കോളേജുകളിലെ ടൂറിസം ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്.


തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, നവീകരിച്ച ഒപി, ലാബ്, ഫാർമസി എന്നിവ നാടിന് സമർപ്പിച്ചു


തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, നവീകരിച്ച ഒപി, ലാബ്, ഫാർമസി എന്നിവയുടെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു. തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിയോട് ചേർന്ന് നിർമിച്ച റോഡിന്റെയും പൾമണറി റീഹാബിലിറ്റേഷൻ സെന്ററിന്റെയും ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു. പശ്ചാത്തല സൗകര്യങ്ങൾ ഒരുങ്ങുന്നതോടെ തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്താനുള്ള ഫലപ്രദമായ ഇടപെടൽ നടത്തുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. 45 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് താലൂക്കാശുപത്രിയുടെ വികസനത്തിനായി തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ ഒപി, എൻസിഡി ക്ലിനിക്, സ്‌പെഷ്യാലിറ്റി ഒപികൾ, ഫാർമസി, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, ഇസിജി റൂം, വിശാലമായ രണ്ട് കാത്തിരിപ്പ് മുറികൾ,ആംബുലൻസ് ഷെഡ് തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അർദ്രം മിഷന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം വഴി 1.45 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടങ്ങൾക്ക് പിറകിലായി നേരത്തേ നിർമ്മാണം പൂർത്തിയായ മെറ്റേണിറ്റി ബ്ലോക്കിലെ രണ്ടു നിലകളിൽ പുതിയ ഒ പി പ്രവർത്തിക്കും. നിലവിൽ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന വിവിധ ഒ പികളും ഇവിടെ സജ്ജീകരിക്കും. പ്രത്യേക ഒപി ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തിക്കും.
താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ തളിപ്പറമ്പ് നഗരസഭാ ഉപാധ്യക്ഷൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷയായി. ഡെപ്യൂട്ടി ഡി എം ഒ കെ പ്രീത റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ, തളിപ്പറമ്പ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ നബീസ ബീവി, എം കെ ഷബിത, പി പി മുഹമ്മദ് നിസാർ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ പി കെ അനിൽകുമാർ, തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രി സൂപ്രണ്ട് കെ ടി രേഖ തുടങ്ങിയവർ സംസാരിച്ചു.

 

ഔഷധസസ്യ ജൈവ വൈവിധ്യ പാർക്ക് നിർമ്മിച്ച് എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത്. അന്യം നിന്നു പോകുന്ന ഔഷധസസ്യങ്ങളുടെ പുനരുജ്ജീവനത്തിന് 'പുനർനവ' എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്.
പരമ്പരാഗത ചികിത്സക്ക് ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളുടെ ഗുണത്തെയും പ്രാധാന്യത്തെയും കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പഞ്ചായത്തിന്റെ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ ജൈവ വൈവിധ്യ ബോർഡ് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. മാതമംഗലത്തിന് സമീപം ചേനോത്ത് വയലിൽ പഞ്ചായത്തിന്റെ 50 സെന്റ് സ്ഥലത്താണ് പാർക്ക് ഒരുക്കിയത്. ആദ്യഘട്ടത്തിൽ 101 ഇനങ്ങൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നിലവിൽ മുന്നൂറിലധികം വൈവിധ്യമാർന്ന സസ്യങ്ങളുടെ 500 ചെടികളാണ് ഇവിടെ നട്ടു പിടിപ്പിച്ചു. . മുക്കുറ്റി, തഴുതാമ, തിരുതാളി, നിലപ്പന, ഉഴിഞ്ഞ, കറുക, പൂവാങ്കുരുന്ന്, കയ്യൂന്നി തുടങ്ങിയ ഇതിൽ ചിലത് മാത്രമാണ്. ഔഷധിയിൽ നിന്നും പ്രദേശവാസികളിൽ നിന്നുമാണ് ആവശ്യമായ തൈകൾ ശേഖരിച്ചത്. സന്ദർശകരുടെ സംശയനിവാരണത്തിനായി ചെടികൾക്ക് സമീപം ആവയുടെ ശാസ്ത്രീയ നാമം, കുടുംബം, ഗുണഫലങ്ങൾ എന്നിവ എഴുതിയ ബോർഡ് ഉടൻ സ്ഥാപിക്കും. വിശ്രമിക്കാൻ മുളയിൽ നിർമ്മിച്ച ഇരിപ്പിടങ്ങൾ, നടപ്പാതകൾ എന്നിവയും ഒരുക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ബയോ ഡൈവേഴ്‌സിറ്റി കമ്മറ്റിക്കാണ് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ മേൽനോട്ട ചുമതല. പാർക്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

 

കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്.

വയനാട് മാനന്തവാടിയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെടുത്തു . പോപ്പുലർ ഫ്രണ്ട് നേതാവ് സലീമിന്റെ ടയറുകടയിൽ നിന്നാണ് നാല് വടിവാളുകൾ കണ്ടെത്തിയത്.എരുമത്തെരുവിലെ എസ് & എസ് ടയറുകടയിലായിരുന്നു പൊലീസ് പരിശോധന. സലീമിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് ജില്ലയിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും, സ്ഥാപങ്ങളിലും പോലിസ് പരിശോധന തുടരുന്നു. പാലക്കാട് ഡിവൈഎസ്പി വി. കെ. രാജുവിന്റെ നേതൃത്വത്തിൽ ആണ് റെയ്ഡ്. ഹർത്താൽ ദിനത്തിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് പോലിസ് പരിശോധന.
കൽമണ്ഡപം. ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട് . എന്നിവിടങ്ങളിലാണ് അഞ്ചു മണിയോടെ പോലിസ് സെർച്ച് തുടങ്ങിയത്.

ദസറ ആഘോഷ തിമിർപ്പിൽ കണ്ണൂർ നഗരം 

 

 

ദസറ ആഘോഷ തിമിർപ്പിൽ കണ്മൂർ നഗരം. നഗരത്തിലാകെ വിവിധ തരം ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. നഗരത്തിലെ വിവിധ ക്ഷേത്രങ്ങൽ പ്രത്യേക പൂജാ കർമങ്ങൾക്ക് പുറമെ സാംസ്‌കാരിക പരിപാടികളും കലാപരിപാടികളും നടക്കുന്നുണ്ട്. കണ്ണൂർ കോർപ്പറേഷന്റെയും ഡിടിപിസിയുടെയും നേതൃത്വത്തിൽ ടൗൺ സ്‌ക്വയറിലും കലാപാരിപാടികളുണ്ട്.


പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണം കേന്ദ്രം, സംഘടിപ്പിക്കുന്ന ഗവർണറും ഭരണഘടനയും' സെമിനാർ 29 ന്
സംഘപരിവാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യൻ ഭരണഘടന നിരന്തരം വിവിധ തരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയെ അടിസ്ഥാനമാക്കി അധികാരത്തിലേറുകയും അത് സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തവരാണ് ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
ജനങ്ങൾക്ക് ഇഷ്ടമുള്ള മതവിശ്വാസം ആകാമെന്ന് ഉറപ്പ് നൽകിയ ഭരണഘടന രാഷ്ട്രം യാതൊരു മതത്തിൻറെയും ഭാഗമാവുകയില്ലയെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പുതിയ പാർലമെൻറ് മന്ദിരത്തിൻറെ മുകളിൽ ദേശീയ ചിഹ്നത്തിൻറെ അനാഛാദന ചടങ്ങിലും, ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രത്തിൻറെ ശിലാസ്ഥാപന ചടങ്ങിലും ഭരണഘടന പദവി വഹിക്കുന്ന പ്രധാനമന്ത്രിയും പ്രസിഡണ്ടും, മുഖ്യമന്ത്രിയും ഗവർണറുമെല്ലാം ഒരു പ്രത്യേകം മതത്തിൻറെ മതപരമായ ചടങ്ങോടെയാണ് പങ്കെടുത്തത്. മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നീക്കമാണിതെന്നും ജയരാജൻ പറഞ്ഞു.
ഈയൊരു പശ്ചാത്തലത്തിലാണ്, പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രം'ഗവർണറും ഭരണഘടനയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. 2022 സപ്തംബർ 29 ന് വൈകുന്നേരം 4.30 ന് ജില്ലാപഞ്ചായത്ത് ഹാളിലാണ് സെമിനാർ. ഭരണഘടനാ വിദഗ്ദനും, പ്രഭാഷകനുമായ ഡോ: സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ എൻ.സി.പി നേതാവ് കൂടിയായ അഡ്വ. പി എം സുരേഷ്ബാബു കൂടി പങ്കെടുക്കും.

Most Read

  • Week

  • Month

  • All