പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു; ക്യാമ്പസ് ഫ്രണ്ട് ഉൾപ്പടെ 8 അനുബന്ധ സംഘടനകൾക്കും നിരോധനം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. അഞ്ചുവർഷത്തേക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്.
പോപ്പുലർ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരളഎന്നീ സംഘടനകളെയാണ് നിരോധിച്ചത്.ഈ സംഘടനകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിൻറെ അടിസ്ഥാനത്തിലാണ് നടപടി. നിയമം ലംഘിച്ച് ഈ സംഘടനകളിൽ പ്രവർത്തിച്ചാൽ 2 വർഷം വരെ തടവും ലഭിക്കാം .
രാജ്യത്തിൻറെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കൽപ്പത്തെയും തകർക്കുന്ന തരത്തിൽ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലർ ഫ്രണ്ടിന് ഉള്ളതെന്ന് നിരോധന ഉത്തരവിൽ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കുന്നു.

നിയമങ്ങൾ ഉപയോഗിച്ച് കർശനമായി നേരിടുകയാണ് വേണ്ടത്; നിരോധനം പ്രശ്‌നപരിഹാര മാർഗമല്ല: സിപിഐഎം, ആർഎസ്എസിനെയും നിരോധിക്കണമെന്ന് രമേശ് ചെന്നിത്തല

തീവ്രവാദ സ്വഭാവമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ സംഘടനകളെ രാജ്യത്തെ സ്ഥിരം നിയമങ്ങൾ ഉപയോഗിച്ച് കർശനമായി നേരിടുകയും ഭരണപരമായ ഉറച്ച നടപടികൾ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ) തീവ്രവാദ കാഴ്ചപ്പാട് പുലർത്തുകയും അവരുടെ ശത്രുക്കളെന്ന് കരുതുന്നവർക്കെതിരെ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന സംഘടനയാണ്. ഇവരുടെ തീവ്രവാദ വീക്ഷണത്തെ സിപിഐ എം ശക്തിയായി എതിർക്കുന്നു. ഇവരുടെ അക്രമസാക്തമായപ്രവർത്തനങ്ങളെ പാർടി എപ്പോഴും അപലപിച്ചിട്ടുണ്ട്.
എന്നാൽ യുഎപിഎ പ്രകാരം നിരോധിത സംഘടനയായി പിഎഫ്‌ഐയെ പ്രഖ്യാപിച്ചത് ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാർഗമല്ല. ആർഎസ്എസും മാവോയിസ്റ്റുകളും പോലുള്ള സംഘടനകൾക്ക് മുൻകാലങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം ഫലപ്രദമായിരുന്നില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം ശക്തികളെ നേരിടാൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ, ജനാധിപത്യ സ്വഭാവം നിലനിർത്തുകയെന്നത് ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരം വിനിയോഗിക്കുന്നവരുടെ പരമപ്രധാനമായ കർത്തവ്യമാണ്--പിബി വ്യക്തമാക്കി

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നന്നായെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുപോലെ ആർഎസ്എസിനെയും നിരോധിക്കണം. വർഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനും നടത്തുന്ന എല്ലാ ശ്രമങ്ങളെയും തങ്ങൾ എതിർക്കുന്നു എന്നും ചെന്നിത്തല ഭാരത് ജോഡോ യാത്രക്കിടെ പ്രതികരിച്ചു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ അംഗങ്ങളോടും അഭ്യർഥിക്കുന്നതായും അബ്ദുൽ സത്താർ പ്രസ്താവനയിലൂടെ അറിയിച്ചു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച ഇന്ത്യൻ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചതിന് പിന്നാലെ ഓഫീസുകൾ സീൽ ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് സംസ്ഥാനവും നീങ്ങും. കരുതൽ തടങ്കലും തുടരും. സംസ്ഥാനത്ത് സുരക്ഷയും ജാഗ്രതയും കർശനമാക്കി. മുഖ്യമന്ത്രി സ്ഥിതിഗതികളെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പോപ്പുലർ ഫ്രണ്ട് ശക്തമായ കേരളത്തിൽ അതീവ ജാഗ്രതയോടെയാണ് തുടർ നടപടികൾ.
പിഎഫ്‌ഐ അടക്കം നിരോധിച്ച മുഴുവൻ സംഘടനകളുടേയും ഓഫീസുകൾ പൂട്ടി സീൽ വെക്കും. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ജില്ലാ ഭരണകൂടവുമായി ചേർന്നാകും പൊലീസ് നടപടി. ഓഫീസുകളുടെ മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചുകഴിഞ്ഞു. സംഘർഷം ഒഴിവാക്കാൻ സുരക്ഷ കർശനമാക്കി. മുഴുവൻ ബറ്റാലിയൻ ഉദ്യോഗസ്ഥർക്കും തയ്യാറെടുക്കാൻ നിർദ്ദേശം നൽകി.
പിഎഫ്‌ഐ ഹർത്താലിലെ അക്രമസംഭവങ്ങളിൽ ഇതുവരെ 1800 ലേറെ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. 800 ലേറെ പേർ കരുതൽ തടങ്കലിലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ മുഖ്യമന്ത്രി സ്ഥിതി വിലയിരുത്തി. തുടർനടപടികളെ കുറിച്ച് പൊലീസ് മേധാവി വിശദമായ മാർഗ്ഗ നിർദ്ദേശം ഇറക്കും .


ഒക്ടോബർ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി;

സംസ്ഥാനത്തെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ മൂന്നിന് അവധി നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോ?ഗം തീരുമാനിച്ചു. നവരാത്രിയോടനുബന്ധിച്ചാണ് അവധി. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കിൽ അതതു സ്ഥാപനങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.


നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നയാളാണ് പിണറായി വിജയൻ '; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗാംഗുലി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി.നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നയാളാണ് പിണറായി വിജയൻ.കേരളം മനോഹരമാണെന്നും ഗാംഗുലി പറഞ്ഞു.കേരള സർക്കാരിൻറെ നോ ടു ഡ്രഗ്‌സ് ക്യമ്പയിൻറെ ലോഗോ പ്രകാശനം ചെയ്ത് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു ഗാംഗുലി.

ട്വൻറി 20 ആവേശത്തിൽ അനന്തപുരി

ഇന്ത്യ ദക്ഷിണാഫ്രിക്ക 20-20 പരമ്പരയ്ക്കായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ഒരുങ്ങിക്കഴിഞ്ഞു.4.30 മുതൽ സ്റ്റേഡിയത്തിലേക്ക് കാണിൾ പ്രവേശിച്ചു. രാത്രി 7 മണിക്കാണ് മത്സരം തുടങ്ങിയത്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ത്രില്ലർ പോരിന് കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു.ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തോൽപിച്ച് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയും സംഘവും. വിരാട് കോഹ്ലി ഉൾപ്പടെ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം തകർപ്പൻ ഫോമിലാണ്. കാര്യവട്ടത്ത് നടന്ന ട്വൻറി 20 മത്സരങ്ങളിലെ വിജയ ചരിത്രവും ടീം ഇന്ത്യയുടെ സമ്മർദ്ദം കുറയ്ക്കുന്നുണ്ട്. അതേസമയം ടെംപ ബാവുമ നായകനായ ദക്ഷിണാഫ്രിക്കയും നല്ല ആത്മവിശ്വാസത്തിലാണ്.

25 ലക്ഷം പേർക്ക് ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് നടത്തി: മന്ത്രി വീണാ ജോർജ്

25 ലക്ഷം പേർക്ക് ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് നടത്തി: മന്ത്രി വീണാ ജോർജ് വാർത്തകളുമായി പി കെ ബൈജു ചേരുന്നു
ഹൃദ്രോഗം ഉൾപ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 25 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആകെ സ്‌ക്രീനിംഗ് നടത്തിയതിൽ 18.42 ശതമാനം പേർ ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 10.63 ശതമാനം പേർക്ക് രക്താതിമർദ്ദവും, 8.52 ശതമാനം പേർക്ക് പ്രമേഹവും, 3.82 ശതമാനം പേർക്ക് ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
എല്ലാ വർഷവും സെപ്റ്റംബർ 29-ാം തീയതിയാണ് ലോക ഹൃദയ ദിനമായി ആചരിക്കപ്പെടുന്നത്. 'എല്ലാ ഹൃദയങ്ങൾക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക' എന്നതാണ് ഈ വർഷത്തെ സന്ദേശം. പ്രായഭേദമന്യേ എല്ലാ സാമ്പത്തിക ശ്രേണിയിലുള്ളവർക്കും എല്ലാ പ്രദേശങ്ങളിലുള്ളവർക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ ആഹ്വാനം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മന്ത്രി വ്യക്തമാക്കി.

 

കേരളം വിജ്ഞാന സമൂഹമായി പരിവർത്തനം ചെയ്യണം: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ മൂലധനം വിജ്ഞാനമാണെന്നും അതിവേഗം വിജ്ഞാന സമൂഹമായി ഉയരാൻ സംസ്ഥാനത്തിന് സാധിക്കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു. മലപ്പട്ടം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ പുതുതായി നിർമിച്ച ഹയർസെക്കണ്ടി ബ്ലോക്ക് ഒന്നാം നിലയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാന സമൂഹമായി ഉയരാൻ സാമൂഹിക സാംസ്‌കാരിക പശ്ചാത്തല സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം. ഇവ ലക്ഷ്യം വെച്ചാണ് സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. അതിന്റെ ഫലമായാണ് പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ വിദ്യാർഥികൾ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയിൽ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ചാണ് നിലവിലുള്ള ഹയർസെക്കണ്ടറി ബ്ലോക്കിന്റെ ഒന്നാംനില നിർമിച്ചത്. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ നേഹാൽ പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ചന്ദ്രൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ കെ സജിത, ബ്ലോക്ക് റിസോഴ്‌സ് സെന്റർ ബിപിഒ ടി ഒ സുനിൽകുമാർ, പ്രിൻസിപ്പൽ ഇൻചാർജ് പി കെ ദീപ, പ്രധാനാധ്യാപിക ഒ സി പ്രസന്നകുമാരി, പി ടി എ പ്രസിഡണ്ട് വി വി മോഹനൻ, മദർ പി ടി എ പ്രസിഡണ്ട് കെപി മിനി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


കാലിക്കടവ് ഗവ.ഹൈസ്‌കൂൾ കെട്ടിട നിർമാണ പ്രവൃത്തിയുടെ ശിലാസ്ഥാപനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു

കിഫ്ബി ഫണ്ടിൽ അനുവദിച്ച ഒരു കോടി രൂപയുടെ നിർമാണ പ്രവൃത്തിക്കാണ് തുടക്കമായത്. എട്ട് ക്ലാസ് മുറികളാണ് നിർമിക്കുക. ജില്ലാപഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ചെലവിൽ ഓഡിറ്റോറിയവും നിർമിക്കും. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് വി എം സീന,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.കെ കെ രത്‌നകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം പി പി ഷനോജ് മാസ്റ്റർ, കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജീവൻ പാച്ചേനി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി അനിത, തളിപ്പറമ്പ് സൗത്ത് എ ഇ ഒ സുധാകരൻ ചന്ത്രോത്ത്, ഹെഡ്മാസ്റ്റർ കെ സജികുമാർ, വാർഡ് മെമ്പർമാർ, അധ്യാപക രക്ഷാ കർതൃ സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


കാഞ്ഞിരക്കൊല്ലിയിലേക്ക് ട്രക്കിങ്ങ്

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16ന് കാഞ്ഞിരക്കൊല്ലിയിലേക്ക് സൗജന്യമായി ട്രക്കിംഗ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ ഏഴിന് മുൻപ് അപേക്ഷിക്കണം. വിലാസം സ്പെഷ്യൽ ഓഫീസർ , ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം, മുഴപ്പിലങ്ങാട്, എടക്കാട് പി ഒ, കണ്ണൂർ 670663. ഫോൺ 9895314639, 9895638164 ഇ മെയിൽ ിമമരെസമിിൗൃ@ഴാമശഹ.രീാ

കളിപ്പാട്ടം നിർമ്മിച്ച് സമ്മാനം നേടാൻ സ്വച്ഛ് ടോയിക്കത്തോൺ മത്സരം

കരകൗശല വസ്തുക്കൾ, കളിപ്പാട്ടങ്ങൾ എന്നിവ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും പഴയ കളിപ്പാട്ടങ്ങൾ നവീകരിച്ച് പുനർ ഉപയോഗിക്കാനും സ്വച്ച് ഭാരത് മിഷൻ ടോയ്ക്കത്തോൺ മത്സരം സംഘടിപ്പിക്കുന്നു. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളെ പ്രയോജനപ്പെടുത്തി പ്രാദേശികമായി പുതിയ ഉൽപന്നങ്ങളാക്കി മാറ്റുക, പുനരുപയോഗം വഴി മാലിന്യ ഉൽപാദനത്തിന്റെ അളവ് കുറയ്ക്കുക, സർക്കുലർ ഇക്കണോമി ആശയം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവർ ശിിീ്മലേശിറശമ.ാ്യഴീ്.ശി എന്ന പോർട്ടൽ വഴി നവംബർ 11ന് മുൻപ് രജിസ്റ്റർ ചെയ്യണം. വ്യക്തികൾക്കും സംഘമായും രണ്ടു വിഭാഗങ്ങളിലായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ ശുചിത്വമിഷൻ ഫേസ്ബുക്ക് പേജിൽ ലഭിക്കും.


കൊയ്ത്തുത്സവം സംഘടിപ്പിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചാല പാടശേഖരത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. കൃഷിയിലേക്കുള്ള താൽപര്യം ജനിപ്പിക്കാനും കാർഷിക സംസ്‌കാരം വീണ്ടെടുക്കാനുമാണ് ഇത്തരംപ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ ദാമോദരൻ പറഞ്ഞു.
ചാല മാർക്കറ്റിന് സമീപം ഒരേക്കർ സ്ഥലത്താണ് നെൽകൃഷി ഇറക്കിയത്. ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷിക്കായി ഉപയോഗിച്ചത്. ഒൻപത് ക്വിന്റൽ നെല്ല് ലഭിച്ചു. പഞ്ചാത്ത് വൈസ് പ്രസിഡണ്ട് സി പ്രസീത, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി രതീശൻ, കെ സുരേശൻ, വാർഡംഗം ഇ ബിന്ദു, കൃഷി ഓഫീസർ ശ്രുതി ലക്ഷ്മി എന്നിവർ സംബന്ധിച്ചു.


ഒന്നാകാൻ സായൂജ്യം വെബ്‌സൈറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 2600 പേർ

അവിവാഹിതർക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻ പിണറായി ഗ്രാമപഞ്ചായത്ത് ആരംഭിച്ച സായൂജ്യം മാട്രിമോണി വെബ്‌സൈറ്റിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 2600 പേർ. ഇതിൽ 2570 പുരുഷന്മാരും 30 സ്ത്രീകളുമാണ്. മനസറിഞ്ഞ് ഒന്നാകാം എന്ന സന്ദേശവുമായാണ് പദ്ധതി തുടങ്ങിയത്.
35 വയസ് കഴിഞ്ഞവർ, പങ്കാളി മരിച്ചവർ, നിയമപരമായി ബന്ധം വേർപെടുത്തിയവർ, പുനർവിവാഹം ആഗ്രഹിക്കുന്നവർ
തുടങ്ങിയവർക്ക് ജീവിതപങ്കാളിയെ കണ്ടെത്താത്താനാണ് സായൂജ്യം വെബ്‌സൈറ്റ് ആരംഭിച്ചത്. 25 വയസ് കഴിഞ്ഞ യുവതികൾക്കും രജിസ്റ്റർ ചെയ്യാം. 35 വയസ് കഴിഞ്ഞിട്ടും വിവിധ കാരണങ്ങളാൽ വിവാഹം നടക്കാത്ത ഒട്ടേറെപ്പേർ പഞ്ചായത്ത് പരിധിയിലുണ്ടെന്ന് സർവേയിലൂടെ കണ്ടെത്തിയിരുന്നു. ഇതോടെ പഞ്ചായത്ത് പ്രത്യേക സബ്കമ്മറ്റികൾ രൂപീകരിച്ച് വയസ് തിരിച്ചുള്ള പട്ടിക തയ്യാറാക്കി. തുടർന്നാണ് 'ഒന്നാകുന്ന മനസ്സ്, ഒന്നുചേരുന്ന കുടുംബബന്ധങ്ങൾ' എന്ന സന്ദേശവുമായി വെബ്‌സൈറ്റ് തയ്യാറാക്കിയത്. 35ന് മുകളിൽ പ്രായമുള്ള പുരുഷൻമാരും 25നും 35നുമിടയിലുള്ള സ്ത്രീകളുമാണ് കൂടുതലും രജിസ്റ്റർ ചെയ്തത്. മറ്റ് പഞ്ചായത്തുകളിലുള്ളവർക്ക് ഉൾപ്പടെ ഓൺലൈനായും പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം. തുടർന്ന് പങ്കാളിയെ കണ്ടെത്തിയാൽ വെബ്‌സൈറ്റിലെ ഫോൺ നമ്പറിലൂടെ പ്രസിഡണ്ടിനയോ വൈസ് പ്രസിഡണ്ടിനയോ ബന്ധപ്പെടണം. തുടർന്ന് പഞ്ചായത്ത് രൂപീകരിച്ച പ്രത്യേക കമ്മറ്റി ഇരുവർക്കും താൽപര്യമുണ്ടെങ്കിൽ നേരിട്ട് കാണാൻ അവസരമൊരുക്കും. തുടർന്ന് കൗൺസലിങ്ങും നൽകും. വെബ്‌സൈറ്റ് വഴി പങ്കാളികളെ കണ്ടെത്തുന്നവർക്കായി പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ സമൂഹ വിവാഹത്തിന് സൗകര്യമൊരുക്കുമെന്ന് പ്രസിഡണ്ട് കെ കെ രാജീവൻ പറഞ്ഞു.

വുമൺ ഫിലീം ഫെസ്റ്റ് നാളെ ഇരിട്ടിയിൽ

ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രവും കുടുംബശ്രീ ജില്ലമിഷനും സംഘടിപ്പിക്കുന്ന വുമൺ ഫിലീം ഫെസ്റ്റ് നാളെ രാവിലെ പത്ത് മുതൽ ഇരിട്ടി മുൻസിപ്പൽ ഹാളിൽ സിനിമാ പ്രദർശനം നടത്തും. സ്ത്രീപക്ഷ സിനിമകളായ , ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, പെണ്ണിനെന്താ കുഴപ്പം, തിങ്കളാഴ്ച നിശ്ചയം തുടങ്ങിയവയാണ് പ്രദർശനത്തിനൊരുക്കിയിരിക്കുന്നത്. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായയാണ് പ്രദർശനം. ഇന്ന് കീഴല്ലൂർ പഞ്ചാത്തിൽ പ്രദർശനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി ഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷയായി.
കെ മനോഹരൻ മാസ്റ്റർ , ജിഷ പി കെ , റോജ, സിന്ധു കെ പി എന്നിവർ സംസാരിച്ചു. ചലച്ചിത്ര അക്കാദമിയുടെ ബുക്ക് ഫെസ്റ്റും നടക്കുന്നുണ്ട്.


പോത്ത് ഗ്രാമം പദ്ധതിയുമായി പാപ്പിനിശ്ശേരി പഞ്ചായത്ത്
പോത്ത് ഗ്രാമം പദ്ധതിയിലൂടെ പോത്തുവളർത്തലിൽ കർഷകർക്കു മുന്നിൽ മികച്ച സാധ്യതകൾ തുറന്നിട്ട് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കർഷകർക്ക് ആശ്വാസമാവുന്ന ഈ പദ്ധതി നടപ്പാക്കിയത്. 2021ൽ പ്രത്യേക പദ്ധതി പ്രകാരം പഞ്ചായത്തിൽ 14 പോത്ത് കുട്ടികളെ വിതരണം ചെയ്തിരുന്നു. തുടർന്ന് കൂടുതൽ പേർ ആവശ്യക്കാരായി എത്തിയതോടെ 20 പേർക്ക് ആറ് മുതൽ 10 വരെ മാസം പ്രായമുള്ള മുറ ഇനത്തിൽപെട്ട പോത്ത് കുട്ടികളെയാണ് കൈമാറിയത്. ഒരു പോത്തിന് 6000 രൂപ സബ്ഡിസി നൽകിയിരുന്നു. ഉയർന്ന രോഗ പ്രതിരോധ ശേഷിയും ഏത് കാലാവസ്ഥയേയും അതിജീവിക്കാനുള്ള കഴിവും മുറ ഇനത്തിന്റെ പ്രത്യേകതയാണ്. പത്ത് മാസം കൊണ്ട് ഇവയുടെ ഭാരം ശരാശരി മൂന്നിരട്ടി വർധിച്ചു. പരമാവധി രണ്ട് വർഷം വരെ വളർത്തി മാംസാവശ്യത്തിന് കൈമാറാനാണ് മിക്ക കർഷകരും ഉദ്ദേശിക്കുന്നത്.

Most Read

  • Week

  • Month

  • All