കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം > സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ (70) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാത്രി 8:30 ഓടെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ചെന്നൈയിൽ നിന്ന് ഉടനെ നാട്ടിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച 3 മണിക്ക് തലശ്ശേരിയിൽ.

രോഗബാധയെ തുടർന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആഗസ്റ്റ് 28ന് കോടിയേരി ചുമതല ഒഴിയുകയായിരുന്നു. 2022 മാർച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്.

ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമായിരിക്കെ എണ്ണമറ്റ പോരാട്ടങ്ങളിൽനിന്നുള്ള തീക്കരുത്താണ് കോടിയേരി ബാലകൃഷ്ണൻ എന്ന നേതൃശേഷിയുടെ അനുഭവസമ്പത്ത്. ഏതു പ്രതിസന്ധിയെയും നിറഞ്ഞ ചിരിയോടെ നേരിടും. ചിട്ടയായ സംഘടനാപ്രവർത്തനം, പാർടിയും ജനങ്ങളും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്‌കാന്തി, അചഞ്ചലമായ പാർടിക്കൂറ്, കൂട്ടായ പ്രവർത്തനത്തിനുള്ള നേതൃപാടവം. ഇവയെല്ലാം കോടിയേരിയിൽ ഉൾച്ചേരുന്നു.

2015ൽ ആലപ്പുഴ സമ്മേളനത്തിൽ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടർന്ന് 2018ൽ തൃശൂരിൽ ചേർന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടർന്ന് 2020 ൽ ഒരു വർഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. രോഗനില വഷളായതോടെ ആഗസ്റ്റിൽ ചുമതല ഒഴിഞ്ഞു. തുടർന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയിൽ സ്‌കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16ന് ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. കോളേജ് യൂണിയൻ ചെയർമാനായിരുന്നു. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ബിരുദവിദ്യാർഥിയായി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥിയായിരിക്കെ 1973ൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടർന്നു.

 

 


ചെങ്കൊടി ബിജെപിയെയും മോദിയെയും ഭയപ്പെടുത്തുന്നു: ഡി രാജ

 

ചെങ്കൊടി ബിജെപിയെയും മോദിയെയും വല്ലാതെ ഭയപ്പെടുത്തുന്നതായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കമ്മ്യുണിസ്റ്റുകൾ മുഖ്യ ശത്രുക്കൾ എന്ന മോദിയുടെ പ്രഖ്യാപനം ഇതിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്, പ്രതിപക്ഷ മുക്ത ഭാരതം പറഞ്ഞുനടന്നിരുന്നവർ ഇപ്പോൾ കമ്മ്യുണിസ്റ്റുകാരാണ് മുഖ്യശത്രുക്കളെന്ന് തുറന്നു പറഞ്ഞു. കമ്മ്യുണിസം അപകടകരമായ ആശയമാണെന്നാണ് മോദി പറയുന്നത്. അത് വന്യമായ കാട്ടുതീയാണെന്നും ആളിപടരുകയാണെന്നും പരിതപിക്കുന്നു. ഈ അപകടത്തെകുറിച്ച് മനസിലാക്കിയിരിക്കണമെന്നും ഉപദേശിക്കുന്നു. ആർഎസ്എസിനും ബിജെപിക്കും വെല്ലുവിളി കമ്മ്യുണിസ്റ്റുകാരാണെന്ന തിരിച്ചറിവിൽനിന്നാണ് ഭയാശങ്ക. മോദിമാർക്ക് കമ്മ്യുണിസം അപകടകരമായ ആശയമാകും. കാരണം അത് ലോകമാക പണിയെടുക്കുന്നവന്റെ ആശയമാണ്. ഡി രാജ പറഞ്ഞു.

 

ദൃശ്യം മോഡൽ കൊലപാതകമെന്ന് സംശയം; ചങ്ങനാശ്ശേരിയിൽ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ
ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകമെന്ന് സംശയം. ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ചങ്ങനാശ്ശേരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ ആര്യാടു നിന്നും കാണാതായ ബിന്ദുമോന്റെ (43) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ സുഹൃത്തായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറയ്ക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാൻ ആകുമെന്ന് പൊലീസ് പറഞ്ഞു യുവാവിന്റെ മൃതദേഹം ചങ്ങനാശ്ശേരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ കുഴിച്ചിട്ട എന്ന സംശയത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാണായതായ വ്യക്തിയെ കുഴിച്ചിട്ട ശേഷം പ്രതലം കോൺക്രീറ്റ് ചെയ്തു എന്നുൾപ്പെടെയുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.


കെ എ ത്രിപാഠിയുടെ പത്രിക തള്ളി; അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ഖാർഗെയും തരൂരും തമ്മിൽ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമർപ്പിച്ച കെ എ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നൽകിയിരുന്നത്. സൂക്ഷമ പരിശോധനയിൽ ത്രിപാഠിയുടെ പത്രിക തള്ളിയതോടെ മത്സരം മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണെന്ന് വ്യക്തമായി.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, കെ എൻ ത്രിപാഠി എന്നിവരാണ് പത്രിക സമർപ്പിചിരിക്കുന്നത്. ഖാർഗെ പതിനാല് സെറ്റ് പത്രികയും തരൂർ അഞ്ച് സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയിൽ ത്രിപാഠിയുടെ പത്രിക തള്ളിയയായിരുന്നു. ഒപ്പിലെ പൊരുത്തക്കേടിനെ തുടർന്നാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഖാർഗെയും തരൂരും മാത്രമേ മത്സര രംഗത്തുള്ളുവെന്നും നാല് പത്രികകൾ തള്ളിപ്പോയി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കുമെന്നതിൽ സംസ്ഥാന നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമാണ് ഉള്ളത്. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്നും ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. അതേസമയം പിന്തുണ ഖാർഗെക്കാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാൻഡിന് സ്ഥാനാർത്ഥി ഇല്ലെന്ന് നേതൃത്വം വിശദീകരിച്ചതോടെ കൂടുതൽ പിന്തുണ കിട്ടുമെന്നാണ് തരൂരിന്റെ പ്രതീക്ഷ.

 2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദി


2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.5 ജി സേവനം യുവാക്കൾക്ക് വലിയ അവസരമൊരുക്കുമെന്ന് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും .രാജ്യം 5ജി ശക്തിയിൽ മുന്നോട്ടാണ്. വികസനത്തിനുള്ള വഴി തുറക്കും. ആദ്യ സേവനം 13 നഗരങ്ങളിൽ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലുള്ളതാണ് ഇന്റർനെറ്റ് സേവനം.
5 ജി രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചരിത്രദിനമാണ് ഇത് . ഇത് വികസനത്തിലേക്കുള്ള തുടക്കം മാത്രമാനിന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 13 ഇന്ത്യൻ നഗരങ്ങളിലാകും സേവനം ലഭ്യമാകുക. കേരളത്തിൽ അടുത്ത വർഷമേ 5ജി സേവനം ലഭ്യമാകൂ.
ന്യൂഡൽഹി, ജാംനഗർ, ചണ്ഡിഗഢ്, ചെന്നൈ, കൊൽക്കത്ത, ഗുരുഗ്രാം, പൂനെ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യം 5ജി എത്തുന്നത്. ഈ നഗരങ്ങളിൽ ഇന്നുമുതൽ തന്നെ അതിവേഗസേവനം ലഭ്യമാകുമെന്ന് എയർടെൽ അറിയിച്ചു. 2023 ഡിസംബറോടെ രാജ്യത്തെ മുഴുവൻ താലൂക്കുകളിലും സേവനം ലഭ്യമാക്കുമെന്ന് ജിയോയും അറിയിച്ചിട്ടുണ്ട്.
തുടക്കത്തിൽ താരിഫിൽ മാറ്റമുണ്ടാകില്ല. 4ജിയുടെ താരിഫിൽ തന്നെയാകും 5ജി സേവനവും ലഭിക്കുക. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, ശതകോടീശ്വരന്മാരായ റിലയൻസ് ജിയോയുടെ മുകേഷ് അംബാനി, എയർടെല്ലിന്റെ സുനിൽ ഭാരതി, വൊഡാഫോൺ ഐഡിയയുടെ കുമാർ മംഗളം ബിർള എന്നിവരെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു.

കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണം ആരംഭിച്ചു
കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിലാണ് സിംഗിൾ ഡ്യൂട്ടി ആദ്യം നടപ്പിലാക്കിയത്. ഉച്ചവരെയുള്ള 44 ഷെഡ്യൂളും സർവീസ് നടത്തി. 73 സർവീസുകളാണ് ആദ്യഘട്ടത്തിൽ സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കുക. അപാകതകൾ വന്നാൽ പരിശോധിക്കുമെന്ന് മാനേജ്‌മെൻറ് അറിയിച്ചിട്ടുണ്ട്. ആറ് മാസത്തിനകം സംസ്ഥാന വ്യാപകമായും സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കും.
8 മണിക്കൂറിൽ കൂടുതൽ ചെയ്യുന്ന ജോലിക്ക് അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ അധിക വേതനം നൽകും. നേരത്തെ 8 ഡിപ്പോകളിൽ നടപ്പിലാക്കാനായിരുന്നു ധാരണയെങ്കിലും തയാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.
ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ കോൺഗ്രസ് അനുകൂല ടിഡിഎഫ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും പിന്മാറി. ഇന്ന് മുതൽ പണിമുടക്ക് നടത്തുമെന്നായിരുന്നു കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നത്. പുതിയ ഡ്യൂട്ടി പരിഷ്‌കരണത്തിൽ പ്രതിഷേധിച്ചായിരുന്നു സമര പ്രഖ്യാപനം. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റും ഗതാഗത മന്ത്രിയും നിലപാടെടുത്തിരുന്നു. ഡയസ്‌നോൺ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ട് പോകുന്നതിടയാണ് ടിഡിഎഫ് പിൻമാറിയത്.

 

ഓരോ കിടപ്പു രോഗിയിലേക്കും വോളണ്ടിയർ സേവനം എത്തിക്കും: മന്ത്രി വീണാ ജോർജ്

ഓരോ കിടപ്പു രോഗിയിലേക്കും വോളണ്ടിയർ സേവനം എത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ കിടപ്പു രോഗികളുടെ എണ്ണം, മുതിർന്ന പൗരന്മാരിൽ പാലിയേറ്റീവ് കെയർ പരിചരണം ആവശ്യമുള്ളവരെ കണ്ടെത്തുക എന്നിവയ്ക്കായി നിർമിച്ച ശൈലി ആപ്പ് ഉപയോഗിച്ചുള്ള സർവേ ഈ സാമ്പത്തിക വർഷം പൂർത്തിയാകും. പാലിയേറ്റീവ് കെയർ സംവിധാനം മികച്ച രീതിയിൽ നടത്തുന്ന സംസ്ഥാനമാണ് കേരളം. അറുപതു വയസു കഴിഞ്ഞ ഓരോ വ്യക്തിയുടേയും ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.
സംസ്ഥാനത്തെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഓരോ ഫിസിയോ തെറാപ്പിസ്റ്റിനേയും ഓരോ നഴ്സിനേയും നിയമിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രികളും ഉൾപ്പെടെ 16 ആശുപത്രികളിൽ ജെറിയാട്രിക് വാർഡുകൾ സാക്ഷാത്കരിച്ചിട്ടുണ്ട്. വയോജന ദിനാചരണത്തോട് അനുബന്ധിച്ച് ആശുപത്രികളിൽ പ്രത്യേക ജെറിയാട്രിക് ക്ലിനിക്കുകൾ പ്രവർത്തിക്കും. വയോജനങ്ങളുടെ ഇത്തരം ചികിത്സാ സഹായത്തിനായി 13 ജില്ലകളിൽ രണ്ടു ലക്ഷം രൂപ വീതവും വയനാടിന് നാലു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലയിൽ അടൂർ ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ജെറിയാട്രിക് വാർഡുകൾ തുടങ്ങുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 22 കോടി രൂപ ചിലവിൽ ഒപി ബ്ലോക്ക് നിർമാണവും 22 കോടി രൂപ ചിലവിൽ ക്രിട്ടിക്കൽ യൂണിറ്റ് നിർമാണവും ആരംഭിക്കും. ഡയബറ്റിക് റെറ്റിനോപ്പതിക്കു വേണ്ടിയുള്ള ലേസർ ട്രീറ്റ്മെന്റ് സംവിധാനവും ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങളെ ആദരിച്ചു. മെഡിക്കൽ ക്യാമ്പ്, സ്‌ക്രീനിംഗ്, ബോധവത്ക്കരണ ക്ലാസ്, നേത്ര പരിശോധന ക്യാമ്പ് തുടങ്ങിയവയും സംഘടിപ്പിച്ചു. ഫെഡറൽ ബാങ്ക് ചികിത്സാ ഫണ്ടിൽ നിന്ന് അനുവദിച്ച അനസ്തേഷ്യ മെഷീൻ റീജണൽ ബ്രാഞ്ച് മാനേജർ ഫിലിപ്പ് എബ്രഹാം ആരോഗ്യമന്ത്രിക്ക് കൈമാറി.

വയോജന ദിനത്തിന്റെ ഭാഗമായി മുതിർന്ന് മെമ്പറെ ആദരിച്ചു

കണ്ണൂർ എപിജെ അബ്ദുൾ കലാം ലൈബ്രറി വയോജന ദിനത്തിന്റെ ഭാഗമായി മുതിർന്ന് മെമ്പറെ ആദരിച്ചു. വി പുരുഷോത്തമനെയാണ് താവക്കരയിലെ വീട്ടിലെത്തി ആദരിച്ചത്. ലൈബ്രറി സെക്രട്ടറി പി കെ ബൈജു. സി മാധവൻ തുടങ്ങിയവർ പങ്കെടുത്തു.


. ലോക വയോജന ദിനത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂനിയൻ കണ്ണൂർ കോർപ്പറേഷൻ നോർത്ത് , സൗത്ത് ഡിവിഷനുകൾ കണ്ണൂർ ബ്ലോക്ക് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണുർ പെൻഷൻ ഭവനിൽ നടന്ന പരിപാടി
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉൽഘാടനം ചെയ്തു. ടി. രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.കരുണാകരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടരി പി.പ്രഭാകരൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.വി.രാമചന്ദ്രൻ , മോഹനൻ മാവില, എം.ശ്രീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചും . ആർ. സുനിൽകുമാർ സ്വാഗതവും കെ.വി.ഗംഗാധരൻ നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടിയും ഉണ്ടായിരുന്നു.

സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള വയോ സേവന പുരസ്‌കാരം സാമൂഹ്യ നീതി വകുപ്പ് മന്ത്രി
ആർ. ബിന്ദു ടീച്ചറിൽ നിന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് ഏറ്റുവാങ്ങി.
കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തിയ വയോജന സൗഹൃദ പദ്ധതികൾക്കുള്ള അംഗീകാരമാണ് സാമൂഹ്യ നീതി വകുപ്പ് നൽകിയത്. സമ്മാനത്തുകയായ 1 ലക്ഷം രൂപ ജില്ലയിലെ പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമത്തിനായി മാറ്റി വെക്കുമെന്ന് പ്രസിഡന്റ് പിപി ദിവ്യ പറഞ്ഞു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സെക്രട്ടറി സതീഷ് ബാബു എന്നിവരും പങ്കെടുത്തു.

. കാട്ടാനശല്യം തടയാൻ ആറളം ഫാം മേഖലയിൽ ആന മതിൽ നിർമാണം ഉടൻ ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ 2000 കുടുംബങ്ങളിലെ 8000ത്തോളം ജനങ്ങൾ കാട്ടാന ശല്യം കാരണം ഭീതിയിലാണെന്ന് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 13 വർഷത്തിനിടെ ആറളം പഞ്ചായത്തിലെ കേവലം ഒരു വാർഡായ ഈ പ്രദേശത്ത് 12 പേരാണ് ആനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം ഇവിടെ മൂന്ന് പേർ മരിച്ചു. ഫാമിലും പുനരധിവാസ മേഖലയിലുമായി 50ലധികം കാട്ടാനകളാണ് ഭീതി പരത്തുന്നത്.
2018ൽ ആനമതിൽ നിർമ്മിക്കാൻ 22 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. അതിൽ 11 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തു. മൂന്ന് മന്ത്രിമാർ ഉൾപ്പടെ പങ്കെടുത്ത് ആറളം ഫാമിൽ ചേർന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലും ആനമതിൽ പണിയാൻ തീരുമാനിച്ചിരുന്നു. എന്നാൽ നിർമ്മാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല. ഹൈക്കോടതി വിധിയും നിർമ്മാണം അനിശ്ചിതത്വത്തിലാക്കാൻ ഇടയാക്കി. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. ടി സരള, അഡ്വ. കെ കെ രത്നകുമാരി, സെക്രട്ടറി ഇൻചാർജ് ഇ എൻ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

 

തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി ഊരത്തൂരിൽ ജില്ലാ പഞ്ചായത്തിന്റെ എ ബി സി സെന്റർ

തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ ബി സി) സെൻറർ സജ്ജമായി. പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്തിലെ ഊരത്തൂരിൽ ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബർ നാലിന് രാവിലെ 11 മണിക്ക് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കും.
പ്രീഫാബ്രിക്കേറ്റഡ് രീതിയിലാണ് കെട്ടിടം നിർമ്മിച്ചത്. 100 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം രണ്ട് ശസ്ത്രക്രിയ നടത്താനുള്ള തിയറ്ററുകൾ, പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് മുറികൾ, ജീവനക്കാർക്കുള്ള ഡോർമെറ്ററി, എ ബി സി ഓഫീസ്, സ്റ്റോർ, മാലിന്യ നിർമ്മാർജന സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത വിധം വിജനമായ സ്ഥലത്താണ് സെന്റർ സ്ഥിതി ചെയ്യുന്നത്. രണ്ട് ഡോക്ടർമാർ, രണ്ട് ഓപ്പറേഷൻ തിയറ്റർ സഹായികൾ, 10 പട്ടിപിടുത്തക്കാർ, രണ്ട് ശുചീകരണ തൊഴിലാളികൾ എന്നിവരെയാണ് സെന്ററിൽ നിയമിച്ചിട്ടുള്ളത്. രണ്ട് ടീമുകളായാണ് ഇവർ പ്രവർത്തിക്കുക.
ത്തൂരിൽ ആരംഭിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ സെന്റർ

ടൂറിസം വകുപ്പിന്റെ തീർഥാടന ടൂറിസം പദ്ധതി

തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിന്റെയും ആറാട്ടുകുളത്തിന്റെയും ഉദ്ഘാടനം ഒക്ടോബർ നാലിന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് നിർവഹിക്കും. ടൂറിസം വകുപ്പ് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയതെന്ന് കെവി സുമേഷ് എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആരാധനാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വിനോദ സഞ്ചാര സാധ്യതകൾ മെച്ചപ്പെടുത്തുന്നതാണ് തീർഥാടക ടൂറിസം പദ്ധതിയെന്ന് എംഎൽഎ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ സരസ്വതി മണ്ഡപം ഉൾപ്പടെ തീർഥാടക വിനോദ കേന്ദ്രം പൂർത്തീകരിച്ചത്. വിജയദശമി ദിനത്തിൽ ഉൾപ്പെടെ പ്രതിവർഷം ഇരുപതിനായിരത്തോളം കുട്ടികളാണ് ഇവിടെ ആദ്യാക്ഷരം കുറിക്കാനെത്തുന്നത്. വർഷത്തിൽ എല്ലാ ദിവസവും എഴുത്തിനിരുത്തുന്ന ഈ ക്ഷേത്രത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പുറത്തുനിന്നുമായി നിരവധി പേർ എത്തുന്നുണ്ട്.
ക്ഷേത്രത്തിൽ തീർഥാടന ടൂറിസം പദ്ധതി നടപ്പിലാക്കാനായി 2021 ആഗസ്റ്റ് 11ന് എംഎൽഎ നിയമസഭാ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. തുടർന്ന് വിനോദ സഞ്ചാരവകുപ്പ് പദ്ധതി തയ്യാറാക്കി. ഫണ്ട് അനുവദിച്ച് ഒരു വർഷത്തിനകം തന്നെ ക്ഷേത്രത്തിൽ നവീകരണ പ്രവൃത്തി പൂർത്തിയായി.

ലഹരി വിരുദ്ധ ക്യാമ്പയിൻ: അഴീക്കോട് ആദ്യഘട്ടം പൂർത്തിയായി

വിദ്യാർഥികളിലും സ്‌കൂൾ പരിസരങ്ങളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ അഴീക്കോട് മണ്ഡലത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ആദ്യഘട്ടം പൂർത്തിയായി. മണ്ഡലത്തിലെ എല്ലാ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകളിലും കെ വി സുമേഷ് എം എൽ എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പള്ളിക്കുന്ന് എച്ച്എസ്എസ്, വളപട്ടണം എച്ച്എസ്എസ്, ഗവ. എച്ച്എസ്എസ് മീൻകുന്ന്, ഗവ. ഫിഷറീസ് എച്ച്എസ്എസ് അഴീക്കൽ, അഴീക്കോട് എച്ച്എസ്എസ്, അരോളി എച്ച്എസ്എസ്, പാപ്പിനിശ്ശേരി എച്ച്എസ്എസ്, ഗവ. എച്ച്എസ്എസ് കണ്ണാടിപ്പറമ്പ്, ഗവ. എച്ച്എസ്എസ് പുഴാതി, രാജാസ് എച്ച്എസ്എസ് ചിറക്കൽ എന്നിവിടങ്ങളിലാണ് യോഗങ്ങൾ ചേർന്നത്. സ്‌കൂളുകളിൽ നടപ്പാക്കേണ്ട കർമ്മ പദ്ധതി യോഗത്തിൽ തയ്യാറാക്കി.
സ്‌കൂളുകളിൽ അസംബ്ലി നടത്താനും പ്രധാന അധ്യാപകർ ക്ലാസുകളിൽ നേരിട്ടെത്തി ക്യാമ്പയിൻ വിശദീകരിക്കാനും പ്രത്യേകം ക്ലാസ് പിടിഎ യോഗം ചേരാനും തീരുമാനിച്ചു. സ്‌കൂളിന്റെ നേതൃത്വത്തിൽ മുന്നറിയിപ്പ് നോട്ടീസ് തയ്യാറാക്കി സമീപത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നൽകും. സ്‌കൂളിനു പുറത്ത് പൊലീസ്, എക്സൈസ് എന്നിവരുടെ ഹെൽപ് ലൈൻ നമ്പറടക്കം ഉൾപ്പെടുത്തി മുന്നറിയിപ്പ് ബോർഡ്, ക്ലാസ് മുറികളിൽ പ്രത്യേക പെട്ടി എന്നിവ സ്ഥാപിക്കും. അടുത്ത വർഷം മാർച്ച് വരെ നീളുന്ന പദ്ധതികളാണ് ക്യാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തത്. ലഹരി തടയാൻ സ്‌കൂളുകളിൽ എൻഎസ്എസ് വളണ്ടിയർമാർ, എൻസിസി, എസ്പിസി കേഡറ്റുകൾ എന്നിവർക്ക് പ്രത്യേകം പരിശീലനം നൽകും. ഇവരെ ഉപയോഗിച്ച് മറ്റ് വിദ്യാർഥികളെ ബോധവത്കരിക്കും. രണ്ടാംഘട്ടത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മതസംഘടന നേതാക്കൾ, യുവജന സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ജനകീയ യോഗവും സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കും. പഞ്ചായത്തുകളിൽ തുടർ കൂടിയാലോചന യോഗവും ചേരും.

ദേശീയ സന്നദ്ധ രക്തദാനദിനാചരണവും രക്തദാന ക്യാമ്പും

ദേശീയ സന്നദ്ധ രക്തദാനദിനാചരണും രക്തദാന ക്യാമ്പും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള അധ്യക്ഷത വഹിച്ചു. കുടുംബകോടതി ജഡ്ജി അജിത്കുമാർ മുഖ്യാതിഥിയായി. ഡിഎംഒ (ആരോഗ്യം) ഡോ. കെ നാരായണ നായക്, ഡെപ്യൂട്ടി ഡി എം ഒ ഡോ. എം പ്രീത, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. കെ സി ഷഹിദ, കണ്ണൂർ സബ്ജഡ്ജ് വാച്ചാൽ രാജീവൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രാജീവൻ, ദേശീയ ആരോഗ്യദൗത്യം ജില്ലാ കോ ഓർഡിനേറ്റർ ഡോ. അനിൽകുമാർ, കണ്ണൂർ മുൻസിഫ് ജഡ്ജ് വിഷ്ണു, കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ഹംസക്കുട്ടി, സെക്രട്ടറി അഡ്വ. സജിത്ത്, ജില്ലാ ലാബ് ഓഫീസർ വി രേഖ തുടങ്ങിയവർ സംസാരിച്ചു. രക്തദാനത്തിന് മുമ്പിൽനിന്ന് സംഘടനകളെ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു.

കണ്ണൂർ ദസറ: ബസുകൾക്ക് അഡീഷ്ണൽ ട്രിപ്പ് അനുവദിക്കുന്നു

കണ്ണൂരിൽ നിന്നും വിദൂര സ്ഥലങ്ങളിൽ നിന്നുമുള്ള ജനങ്ങൾക്ക് കണ്ണൂർ ദസറയിൽ പങ്കെടുക്കുന്നതിന് സൗകര്യമൊരുക്കാൻ നിലവിൽ സർവീസ് നടത്തുന്ന ബസുകൾക്ക് അവസാന ട്രിപ് കഴിഞ്ഞ ശേഷം അതേ റൂട്ടിൽ ഒരു അഡിഷ്ണൽ ട്രിപ് അനുവദിക്കുന്നു. താൽപര്യമുള്ള ബസ് പെർമിറ്റ് ഹോൾഡർ അപേക്ഷ നൽകണമെന്ന് ആർ ടി ഒ അറിയിച്ചു.

കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലം പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ മൂന്ന് മുതൽ അഞ്ച് വരെ പാലത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്‌സി. എഞ്ചിനീയർ അറിയിച്ചു. കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് വരുന്ന വാഹനങ്ങൾ ചാല സ്‌കൂളിനടുത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാല-തന്നട-പൊതുവച്ചേരി-ആർ വി മെട്ട വഴി മൂന്നുപെരിയ വഴി കണ്ണൂർ-കൂത്തുപറമ്പ് റോഡിലേക്കും കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾ മൂന്നുപെരിയയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാറപ്രം-മേലൂർക്കടവ്-കാടാച്ചിറ വഴി കണ്ണൂരിലേക്കും പോകേണ്ടതാണ്.