തീനാളങ്ങൾ ഏറ്റുവാങ്ങി; കോടിയേരി ഇനി ഓർമ

 

സഖാവ് കോടിയേരി ഇനി ചരിത്രത്തിലേക്ക്. സാഗരത്തെയും ജനസാഗരത്തെയും സാക്ഷിയാക്കി കോടിയേരിയുടെ സംസ്‌കാരം നടന്നു. ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്താണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
മഹാരഥൻമാർ ഉറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണിൽ തീനാളങ്ങൾ പ്രിയ നേതാവിനെ ഏറ്റുവാങ്ങി. . കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിൽനിന്ന് ആയിരങ്ങങ്ൾ അണിചേർന്ന വിലാപയായത്രയായി കോടിയേരിയുടെ മൃതദേഹം മൂന്ന് മണിയോടെയാണ് പയ്യാമ്പലത്തെത്തിച്ചത്. വാഹനത്തിൽനിന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട് , എം എ ബേബി തുടങ്ങിയ മുതിർന്ന നേതാക്കൾ മൃതദേഹം തോളിലേറ്റി .ആ നേരം 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല; ജീവിക്കുന്നു ഞങ്ങളിലൂടെ ' എന്ന് ആയിരം കണ്ഠങ്ങളിൽ നിന്ന് ഒരേസമയം മുദ്രാവാക്യം ഉയരുന്നുണ്ടായിരുന്നു.
തുടർന്ന് മുൻ അഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന് പൊലീസ് പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു. മക്കളായ ബിനോയും ബീനിഷും അച്ഛന്റെ ചിതയ്ക്ക് തീ പകർന്നു.

വാക്കുകൾ ഇടറി, ദുഖം കടിച്ചമർത്തി; കോടിയേരിയുടെ അനുശോചന യോഗത്തിൽ പ്രസംഗം പാതിയിൽ നിർത്തി മുഖ്യമന്ത്രി

കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്‌കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തിൽ പ്രസംഗം പൂർത്തിയാക്കാതെ പാതിയിൽ നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വാക്കുകൾ ഇടറി, വികാര വായ്‌പോടെയായിരുന്നു പിണറായി പ്രസംഗത്തിലുടനീളം സംസാരിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ കാലം ഒപ്പമുണ്ടായിരുന്ന സഹോദരനെയാണ് മുഖ്യമന്ത്രിക്ക് നഷ്ടമായത്.
'ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാൽ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാൻ നേരത്തെ പറഞ്ഞതുപോലെ....... അവസാനിപ്പിക്കുന്നു,'- മുഖ്യമന്ത്രി പ്രസംഗം നിർത്തി. പിന്നീട് ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകളിൽ വിതുമ്പിക്കരഞ്ഞു.
പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാവുന്നുവെന്നത് വലിയ വേദനയാണ് നാടിന്റെ നാനാഭാഗത്തുള്ള ജനങ്ങൾക്കും ഉണ്ടാക്കിയത്. അവരെല്ലാം അദ്ദേഹത്തെ കാണാൻ ഓടിയെത്തി. ആ വികാരവായ്പ് ഞങ്ങളെയെല്ലാം വികാരത്തിലാക്കിയെന്ന് പിണറായി പറഞ്ഞു.
'ഇങ്ങനെയൊരു യാത്രയയപ്പ് പ്രതീക്ഷിച്ചതല്ല. എങ്ങനെ പറയണമെന്ന് അറിയില്ല. ചില കാര്യങ്ങൾ നമ്മുടെ കൈയ്യിൽ അല്ല. കോടിയേരിയുടെ ചികിത്സ തുടങ്ങിയപ്പോൾ നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ശരീരം അപകടകരമായ നിലയിലേക്ക് പോയിരുന്നു. എല്ലാ ശ്രമങ്ങളും നടത്തി. പരമാവധി ശ്രമിച്ചു. പലയിടത്തായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരുണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിക്കും ഡോക്ടർമാർക്കും പ്രത്യേകിച്ച് ഡോ പ്രമോദിനും നന്ദി.
'കോടിയേരിയുടെ വേർപാട് എല്ലാവരെയും വേദനിപ്പിച്ചു. ഈ കനത്ത നഷ്ടത്തിൽ എല്ലാ പാർട്ടികളും പക്ഷം ഇല്ലാതെ പങ്ക് ചേർന്നു. മനുഷ്യനന്മ അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണത്. ഇത് ഈ കാലഘട്ടത്തിൽ ആവശ്യം,'- എന്നും മുഖ്യമന്ത്രി പറഞ്ഞു.

അവസാന യാത്രയിൽ പ്രിയസഖാവിന്റെ ഭൗതികശരീരം തോളിലേറ്റി പിണറായിയും യെച്ചൂരിയും

മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തോളിലേറ്റി മുഖ്യമന്ത്രി പിണറായിയും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും. മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിലാണ് ഇരുവരും മുന്നിൽ നിന്ന് മൃതദേഹം തോളിലേറ്റിയത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം ആരംഭിച്ച വിലാപയാത്രയിൽ മുഖ്യമന്ത്രി അടക്കം കാൽനടയായി അനുഗമിച്ചിരുന്നു.
കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാൻ കണ്ണൂരിലെ വീട്ടിലേക്കും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. മൂന്നേകാൽ വരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരകത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.


കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ചു. വലിയ ജനക്കൂട്ടത്തിനിടയിലൂടെയാണ് ഗവർണർ എത്തിയത്. ആരിഫ് മുഹമ്മദ് ഖാനെ സംബന്ധിച്ചിടത്തോളം അടുപ്പമുണ്ടായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് അടുത്തായാണ് ഗവർണർ ഇരുന്നത്. ?ഗവർണറുടെ സന്ദർശനം പ്രമാണിച്ച് ചെറിയ തോതിൽ ജനങ്ങളെ നിയന്ത്രിച്ചിട്ടുണ്ടായിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഇന്ന് ഹർത്താൽ ആചരിച്ചു.

 

കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി, തീരുമാനം ഏകകണ്ഠേന

Kanam Rajendran become CPI state secretary for third term

 
 
 

തിരുവനന്തപുരം: കാനം രാജേന്ദ്രൻ മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തിൽ മത്സരം ഇല്ലാതെ കാനം വീണ്ടും സെക്രട്ടറിയായി. പ്രകാശ് ബാബുവോ വിഎസ് സുനിൽകുമാറോ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു. എന്നാൽ സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാനം വിരുദ്ധ ചേരി ദുർബലമാകുന്നതാണ് കണ്ടത്. പ്രായപരിധി നിർദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി. സെൻട്രൽ എക്സിക്യൂട്ടീവ് അംഗമെന്ന നിലയിൽ പാർട്ടി കോൺഗ്രസ് കഴിയും വരെ കെഇക്ക് തുടരാം.  പരസ്യ പ്രതികരണങ്ങളുടെ പേരിൽ   കാപ്പിറ്റൽ പണിഷ്മെന്റ് വേണെന്ന പ്രതിനിധികളുടെ ആവശ്യം  നെഞ്ചിൽ കത്തി കുത്തി ഇറക്കുംപോലെ അനുഭവപ്പെട്ടെന്ന് വിടവാങ്ങൾ പ്രസംഗത്തിൽ കെഇ വികാരമിർഭരനായി. . പ്രായപരിധി പദവി വിവാദങ്ങളിൽ പരസ്യ പ്രതികരണങ്ങൾ നടത്തിയവർക്കെതിരെ പക്ഷ ഭേദമില്ലാതെയാണ്  ചർച്ചയിൽ പ്രതിനിധികൾ വിമഋശനമുന്നയിച്ചത്. പാർട്ടിയുടെ ഐക്യമാണ് പ്രധാനമെന്ന് മറുപടി പ്രസംഗത്തിൽ കാനം ഓർമ്മിപ്പിച്ചു

 

 

ദേശീയ ഗെയിംസ് : കേരളത്തിന് ഒരു മെഡൽ കൂടി

ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു മെഡൽ കൂടി. ഇന്ന് 3-3 ബാസ്‌ക്കറ്റ് ബോളിൽ കേരളം വെളളി നേടി. സ്റ്റെഫി നിക്സണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഫൈനലിൽ തെലങ്കാനയോട് 17-13ന് പരാജയപ്പെട്ടു.
ദേശീയ ഗെയിംസിൽ കിതയ്ക്കുകയാണ് കേരളം. 2015നെ അപേക്ഷിച്ച് മെഡൽവേട്ടയിൽ ബഹുദൂരം പിന്നിലാണ് കേരളം. നീന്തലിൽ ശാരീരിക അസ്വസ്ഥത മൂലം സജൻ പ്രകാശ് ഇറങ്ങാതിരുന്നത് കേരളത്തിന് തിരിച്ചടിയായി. വൈകിട്ട് നടക്കുന്ന വനിതകളുടെ ലോംഗ് ജംമ്പിൽ കേരള താരങ്ങൾ ഇറങ്ങും.
നീന്തലിൽ സജൻ പ്രകാശ് ഇറങ്ങാതിരുന്നത് തിരിച്ചടിയായി. 1500 മീറ്റർ ഫ്രീസ്റ്റൈലിലും, 4 ഗുണം 100 മീറ്ററിലും സജൻ ഇറങ്ങിയില്ല. വാട്ടർ പോളോയിൽ കേരള വനിത ടീം വിജയത്തോടെ തുടങ്ങി. കർണാടകയെ 23-1നാണ് കേരളം തോൽപ്പിച്ചത്.
വനിതകളുടെ ലോംഗ് ജംമ്പിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷയായ ആൻസി സോജൻ വൈകീട്ട് ഇറങ്ങും. നേരത്തെ പുരുഷൻമാരുടെ പതിനായിരം മീറ്ററിൽ സർവ്വീസസിന്റെ ഗുൽവീർ സിംഗ് സ്വർണം നേടി. വനിതകളുടെ 10000 മീറ്ററിൽ സൻജ്ഞീവനി ജാദവിനാണ് സ്വർണം.

 

സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റേ പാബൂവിന് വൈദ്യശാസ്ത്ര നൊബേൽ

 

പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിന് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ. സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റേ പാബൂവിനാണ് പുരസ്‌കാരം . വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ പരിണാമത്തിന്റെയും ജനിതക ഘടനയെ സംബന്ധിച്ച പഠനമാണ് സ്വാന്റേ പാബൂവിനെ സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്ന് നൊബേൽ പ്രൈസ് കമ്മിറ്റി അറിയിച്ചു.
മനുഷ്യൻ, മനുഷ്യന്റെ പൂർവ്വികർ, അല്ലെങ്കിൽ മനുഷ്യരുമായി വളരെ അടുത്ത ബന്ധമുള്ളവ എന്നിങ്ങനെ കണക്കാക്കപ്പെടുന്ന ജീവിവർഗ്ഗങ്ങളാണ് ഹോമിനിനുകളിൽ ഉൾപ്പെടുന്നത്. വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാര പ്രഖ്യാപനത്തിലൂടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്കുള്ള നൊബേൽ സമ്മാന പ്രഖ്യാപനത്തിന് തുടക്കമായി.

 

Most Read

  • Week

  • Month

  • All