3 വർഷത്തിനുള്ളിൽ 3000 മെഗാവാട്ട്‌ ഊർജം: അനെർട്ട് പദ്ധതി നിർദേശങ്ങൾ അംഗീകരിച്ചു

 

തിരുവനന്തപുരം> പുനരുപയോഗ ഊർജ ഉൽപ്പാദനത്തിനായി അനെർട്ട് തയ്യാറാക്കിയ പദ്ധതി നിർദേശങ്ങൾ അംഗീകരിച്ചു. മൂന്നു വർഷത്തിനുള്ളിൽ 3000 മെഗാവാട്ട് അക്ഷയ ഊർജ സ്ഥാപിതശേഷി വർധിപ്പിക്കാൻ കഴിയുന്ന  രേഖയാണ് തയ്യാറാക്കിയത്. സൗരോർജം, കാറ്റ്, ഹൈഡ്രജൻ, ഇ-മൊബിലിറ്റി എന്നിവയാണ്‌ ശ്രദ്ധാകേന്ദ്രങ്ങൾ.ഓരോ പദ്ധതിയുടെയും വിശദാംശങ്ങളും സമയക്രമവും ഉൾക്കൊള്ളുന്ന പ്രവർത്തന രൂപരേഖ വികസിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.  രൂപരേഖ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും പുരോഗതി രേഖ മൂന്നുമാസത്തി ലൊരിക്കൽ സമർപ്പിക്കണമെന്നും അനെർട്ടിന്റെ പരമ്പര്യേതര ഊർജോൽപ്പാദനത്തിന്റെ റോഡ് മാപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
വ്യക്തിഗത കർഷകരുടെ കാർഷിക പമ്പ് സൗരോർജത്തിലേക്ക് മാറ്റുന്നതിന് ഗ്രിഡ്ബന്ധിത സൗരോർജ നിലയം സ്ഥാപിക്കും. തിരുവനന്തപുരത്തെ സോളാർ സിറ്റിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ എല്ലാ വീടുകളിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കും. എല്ലാ സർക്കാർ കെട്ടിടങ്ങളിലും റെസ്‌കോ മോഡിൽ സോളാർ പ്ലാന്റ് സ്ഥാപിക്കും. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പിന്തുണ നൽകും.
സാധ്യമായ എല്ലാ ആദിവാസി ഊരുകളിലും നാലുവർഷത്തിനുള്ളിൽ മൈക്രോ ഗ്രിഡുകൾ/ഹൈബ്രിഡ് പവർ പ്ലാന്റുകൾ സ്ഥാപിക്കും.
പച്ചക്കറികളും പഴങ്ങളും സംഭരിക്കാൻ 8 എംടി ശേഷിയുള്ള സോളാർ അധിഷ്ഠിത കോൾഡ് സ്റ്റോറേജ് സംവിധാനം പാലക്കാട് സ്ഥാപിക്കും. മീൻപിടിത്ത ബോട്ടുകളിൽ അനുബന്ധ വൈദ്യുത ആവശ്യങ്ങൾ നിറവേറ്റാൻ സോളാർ വിൻഡ് ഹൈബ്രിഡ് പവർപ്ലാന്റുകൾ സ്ഥാപിക്കും. ഐഐടി, എൻഐടി, സംസ്ഥാന–--കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്ന് പാലക്കാട് കുഴൽമന്ദത്ത് മികവിന്റെ കേന്ദ്രവും സ്ഥാപിക്കും. യോഗത്തിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി, അനെർട്ട് സിഇഒ നരേന്ദ്രനാഥ് വെല്ലൂരി തുടങ്ങിയവരും പങ്കെടുത്തു.

 

സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടി

തിരുവനന്തപുരം > സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കേടായിക്കിടക്കുന്നവ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത ക്യാമറകൾ മാറ്റി ഏറ്റവും ആധുനികമായവ വെക്കും. അമിത വേഗം, ട്രാഫിക്ക് നിയമ ലംഘനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പോലീസ് ക്യാമറകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് മുഖ്യമന്ത്രി ഇതിനുള്ള നിർദേശങ്ങൾ നൽകിയത്.

പ്രധാനാ റോഡുകൾ നിർമ്മിക്കുമ്പോൾ ആസൂത്രണ ഘട്ടത്തിൽത്തന്നെ ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതിയും  ഉറപ്പാക്കണം. നിശ്ചിത എണ്ണത്തിന് മുകളിൽ ഉപഭോക്താക്കൾ എത്തുന്ന എല്ലാ സ്ഥാപനങ്ങളും സി സി ടിവി ക്യാമറകൾ സ്ഥാപിക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളും  ചുരുങ്ങിയത് ഒരു മാസം സംഭരണ ശേഷിയുള്ള സിസിടിവി സ്ഥാപിക്കണം. ഇതിനാവശ്യമായ രീതിയിൽ പഞ്ചായത്ത്, മുനിസിപ്പൽ, പോലീസ് ആക്ടുകളിൽ ഭേദഗതി വരുത്തും. എംപി, എംഎൽഎ പ്രാദേശിക വികസനഫണ്ടുകൾ, തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ട് എന്നിവ ഉപയോഗിച്ച് ക്യാമറകൾ സ്ഥാപിക്കുന്നത് പരിഗണിക്കും.

വീടുകളിലും പൊതു സ്ഥലങ്ങളിലും വെക്കുന്ന സിസി ടിവികളിൽ നിന്നുള്ള ഫൂട്ടേജുകൾ ആവശ്യം വന്നാൽ പൊലീസിന് നൽകാനുള്ള സന്നദ്ധത വളർത്താനായി ബോധവൽക്കരണം നടത്തും. പൊലീസ്, മോട്ടോർ വാഹന വകുപ്പുകളിലെയും നാറ്റ്പാക്കിലെയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.

 

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്; കുട്ടിയുടെയടക്കം 2 പേരുടെ നില ഗുരുതരം

ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 44 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.്യു ഇതിൽ 2 പേരുടെ നില ഗുരുതരമാണ്.
44 പേരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിൽ 21 പേരാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ളത്. 35 വയസുകാരനേയും എട്ട് വയസുള്ള കുട്ടിയേയുമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത് ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. എട്ട് വയസുള്ള കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ല. എല്ലാ പ്രഥമ ശുശ്രൂഷയും നൽകി. ബസിന്റെ വലതുവശത്തെ സൈഡ് സീറ്റിലിരുന്ന കുട്ടിയുടെ തല റോഡിന്റെ സംരക്ഷണഭിത്തിയിൽ ഇടിക്കുകയായിരുന്നു.

കണിച്ചാർ ഉരുൾപൊട്ടൽ: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ നടപ്പിലാക്കും
.

ഇരിട്ടി താലൂക്കിലെ കണിച്ചാർ മേഖലയിൽ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സമർപ്പിച്ച പഠന റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്താൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കണിച്ചാർ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന ശ്രീലക്ഷ്മി, ന്യൂ ഭാരത് എന്നീ പാറമടകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരാനും തീരുമാനമായി. എൻഐടി, ഐ ഐ ടി തുടങ്ങിയ ഏജൻസികളുടെ പഠനത്തിന് വിധേയമായി മാത്രമേ പാറമടകൾ തുടർന്ന് തുറന്നു പ്രവർത്തിക്കുവാൻ അനുവാദം നൽകേണ്ടതുള്ളൂ എന്നും കലക്ടർ എസ് ചന്ദ്രശേഖറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളറ പണിയ കോളനി, മേലെ വെള്ളറ കുറിച്യ കോളനി എന്നിവിടങ്ങളിലേക്കുള്ള വഴിയിലെ തകർന്ന പാലങ്ങൾ പുനർനിർമ്മിക്കാൻ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മുഖാന്തിരം പ്രൊപ്പോസൽ സമർപ്പിക്കാൻ തീരുമാനിച്ചു. മേഖലയിൽ ഉരുൾ പൊട്ടലിൽ തകർന്നതും ഉപയോഗ്യശൂന്യമായതുമായ മറ്റു പാലങ്ങൾ ഏത് വകുപ്പിന് കീഴിലാണെന്ന് ഉറപ്പുവരുത്തി പുനർനിർമാണ പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത്, പൊതുമരാമത്ത് പാലങ്ങൾ എന്നീ വകുപ്പുകളെ ചുമതലപ്പെടുത്തി.

 

കൃഷിദർശൻ നവംബർ 22 മുതൽ 26 വരെ പിണറായിയിൽ

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും വകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിച്ച് പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്ന 'കൃഷി ദർശൻ' പ്രാദേശിക കാർഷിക വിലയിരുത്തലിന് നവംബർ 22ന് പിണറായി കൺവെൻഷൻ സെൻററിൽ തുടക്കമാവും. സംസ്ഥാനത്തെ രണ്ടാമത്തെ കൃഷിദർശൻ പരിപാടിയാണിത്. നവംബർ 26 വരെ നടക്കുന്ന കൃഷിദർശനിൽ കാർഷിക പ്രദർശനം, കൃഷിയിട സന്ദർശനം, കൃഷിക്കൂട്ട സംഗമം, കർഷക അദാലത്ത്, കാർഷിക സെമിനാർ, കർഷക ഗൃഹസന്ദർശനം തുടങ്ങിയവ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ എന്നിവർ പങ്കെടുക്കും. സമാപനസമ്മേളനവും കൃഷിക്കൂട്ടസംഗമവും നവംബർ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവംബർ 22ന് കാർഷിക പ്രദർശനത്തിന്റെ ഉദ്ഘാടനത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക.
കാർഷിക പ്രദർശനം: മൂല്യ വർധിത മേഖലയിലെ സംരംഭകത്വങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാർ ഗവേഷണ കേന്ദ്രങ്ങളിലെ നൂതന സാങ്കേതികവിദ്യകൾ, കാർഷിക യന്ത്രവത്ക്കരണ രംഗത്തെ നൂതന ആശയങ്ങൾ എന്നിവ ദൃശ്യമാക്കുന്ന അമ്പതോളം സ്റ്റാളുകൾ കാർഷിക പ്രദർശനത്തിന്റെ ഭാഗമായി നവംബർ 22 മുതൽ 26 വരെ പിണറായി കൺവെൻഷൻ സെൻററിൽ നടക്കും. പ്രദർശനത്തിന്റെ ഉദ്ഘാടനം 22ന് രാവിലെ 11.30 ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ നിർവ്വഹിക്കും. ആദ്യ ദിവസം രാവിലെ പൊതുവേദിയിൽ 'നാളികേര കൃഷിയും മൂല്യവർധിത ഉത്പന്നങ്ങളും' എന്ന വിഷയത്തിൽ സെമിനാർ ഉണ്ടാകും.


എച്ച് എസ് എ അറബിക് ഒഴിവുകളിൽ നിയമനം നടത്തണം: ന്യൂനപക്ഷ കമ്മീഷൻ

കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് അറബിക് തസ്തികയിലെ ഒഴിവുകളിലേക്ക് അടിയന്തിരമായി നിയമനം നടത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ കെ പി എസ് സിക്ക് നിർദേശം നൽകി. കമ്മീഷൻ അദാലത്തിൽ ഇരു ജില്ലകളിലെയും ഉദ്യോഗാർഥികളുടെ പരാതികളെ തുടർന്നാണ് നിർദേശം.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ 16 പരാതികൾ പരിഗണിച്ചു. രണ്ട് പരാതികൾ തീർപ്പാക്കി. ബാക്കിയുള്ളവയിൽ ബന്ധപ്പെട്ടവരോട് റിപ്പോർട്ട് തേടി. പുതിയ ഒരു പരാതി സ്വീകരിച്ചു. എ ഡി എം കെ കെ ദിവാകരനും അദാലത്തിൽ പങ്കെടുത്തു.

ചാല കട്ടിംഗ് റെയിൽവെ മേൽപാലത്തിന് 7.02 കോടിയുടെ പുതുക്കിയ ഭരണാനുമതി

കണ്ണൂർ ജില്ലയിലെ ചാലക്കുന്നിനെയും തോട്ടട പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചാല കട്ടിംഗ് റെയിൽവെ മേൽപാലത്തിന് 7.02 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയായി. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു ചാല കട്ടിംഗ് റെയിൽമെ മേൽപാലം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഏറെ തിരക്കുള്ള പ്രദേശമാണിത്. മേൽപാലത്തിൻറെ ആവശ്യം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും യുവജന വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർട്ടി നേതൃത്വവും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽക്കൊണ്ടുവന്നിരുന്നു.


ഗതാഗത നിയന്ത്രണം

മൂന്നാംപാലം പുനർ നിർമാണത്തിന്റെ ഭാഗമായി കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ നവംബർ 22 മുതൽ ഗതാഗത നിയന്ത്രണം. കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് വരുന്ന ചരക്ക് വാഹനങ്ങളും നീളം കൂടിയ വാഹനങ്ങളും ചാല സ്‌കൂൾ ഭാഗത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാല-തന്നട-പൊതുവാച്ചേരി-ആർവി മെട്ട-മൂന്നുപെരിയ വഴി കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ പ്രവേശിക്കണം. കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾ മൂന്നുപെരിയയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാറപ്രം-മേലൂർക്കടവ്-കാടാച്ചിറ വഴി കണ്ണൂരിലേക്ക് പോകണം. മറ്റു വാഹനങ്ങൾക്ക് മൂന്നാംപാലത്തെ സമാന്തര റോഡ് വഴി പോകാമെന്നും പി ഡബ്ലു ഡി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 കൂട്ടുകാരി' പദ്ധതിയുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്

സ്ത്രീകളും കുട്ടികളും നേരിടുന്ന മാനസിക സമ്മർദങ്ങൾ അകറ്റാൻ 'കൂട്ടുകാരി' പദ്ധതിയുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. മാനസിക-ശാരീരിക പ്രശ്‌നങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ സി ഡി പി ഓഫീസിൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ സേവനം ലഭിക്കും. ഇതിനായി പ്രത്യേക കൗൺസിലറെ നിയമിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഇതിനായി രണ്ടു ലക്ഷം രൂപ മാറ്റിവെച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുൾ നിസാർ വായിപ്പറമ്പ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി വി അജിത, കെ വി സതീശൻ, അംഗങ്ങളായ പി പ്രസീത, പി ഒ ചന്ദ്രമേഹനൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിമ കുഞ്ചാൽ, സി ഡി പി ഓഫീസർ സി ദിവ്യ എന്നിവർ സംസാരിച്ചു.


ജില്ലാതല കായിക മത്സരം 20ന്

ജില്ലാ കുടുംബശ്രീ മിഷൻ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ട്രൈബൽ മേഖലയിലെ കുട്ടികൾക്കും യുവതീയുവാക്കൾക്കുമായി ജില്ലാതല കായിക മത്സരം അത്ലോസ്-22 സംഘടിപ്പിക്കുന്നു. നവംബർ 20ന് രാവിലെ 10 മണിക്ക് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്യും. ധർമ്മശാലയിലെ കെ എ പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സി ഡി എസുകളിൽ നിന്നായി 500 ഓളം കായികതാരങ്ങൾ പങ്കെടുക്കും. വൈകീട്ട് 4.30ന് ഡോ.വി ശിവദാസൻ എം പി സമ്മാനദാനം നിർവഹിക്കും.

ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി 

ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സൊസൈറ്റി പ്രസിഡണ്ടും ജില്ലാ കലക്ടറുമായ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി വി പി കിരൺ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ എം ബാലചന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സൊസൈറ്റി വൈസ് പ്രസിഡണ്ടുമാരായ ബി പി റൗഫ്, ഗൗരി നമ്പ്യാർ, ജോ. സെക്രട്ടറി എം കെ മൃദുൽ, ആർ സുനിൽ കുമാർ, കെ രമേശൻ, ഇ വി ജി നമ്പ്യാർ, എം ബാലകൃഷ്ണൻ, വി ബാബു, പി വി രത്നാകരൻ എന്നിവർ സംസാരിച്ചു
ജില്ലാ കളക്ടർ പ്രസിഡണ്ടും വി പി കിരൺ സെക്രട്ടറിയുമായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു രക്ഷാധികാരികൾ-യു കെ ബി നമ്പ്യാർ, പി സി മിത്രൻ, ഗൗരി നമ്പ്യാർ, പ്രഭ വേണുഗോപാൽ. വൈസ് പ്രസിഡണ്ടുമാർ-ബി പി റൗഫ്, ഡോ. കെ സി വത്സല, ജോ. സെക്രട്ടറിമാർ-എം കെ മൃദുൽ, ഇ ജി ഉണ്ണികൃഷ്ണൻ. ട്രഷറർ-കെ എം ബാലചന്ദ്രൻ. എക്സി. കമ്മിറ്റി ആംഗങ്ങൾ-കെ സുലൈമാൻ, ടി പി വിജയൻ, ടി വേണുഗോപാൽ, പി വി രത്നാകരൻ, സി എച്ച് പ്രദീപ് കുമാർ, സി അബ്ദുൾ ജലീൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ.

 

സെമിനാർ റജിസ്ട്രഷൻ ആരംഭിച്ചു. 
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന അധികാര വികേന്ദ്രീകരണവും നവകേരള നിർമ്മിതിയും എന്ന വിഷയത്തിൽ ഡിസംബർ 3, 4 തീയ്യതികളിൽ നടക്കുന്ന സെമിനാർ റജിസ്ട്രഷൻ ആരംഭിച്ചു. ഡിസംബർ2 ന് ജനകീയാസൂത്രണ പ്രവർത്തക സംഗമം നടക്കും. മന്ത്രി എം.ബി. രാജേഷ്, ഡോ. തോമസ് ഐസക്ക്, പ്രൊഫ. പി.കെ രവിന്ദ്രൻ , ഫ്രൊഫ. ടി.പി കുഞ്ഞികണ്ണൻ, ഡോ . എസ്.എം വിജയാനന്ദ് തുടങ്ങിയ 18 പേർ പ്രബന്ധം അവതരിപ്പിക്കും.
ഓൺ ലൈൻ റജിസ്ട്രഷൻ കില കണ്ണൂർ ജില്ലാ കോർഡിനേറ്റർ പി.വി. രത്‌നാകരൻ നിർവഹിച്ചു. കൺവീനർ കെ.കെ. സുഗതൻ സെമിനാർ കാര്യപരിപാടി വിശദീകരിച്ചു. പി.പി. ബാബു സ്വാഗതവു ടി.വി നാരായണൻ നന്ദിയും പറഞ്ഞു.

ഗ്രോബാഗിന് ഇനി പഞ്ചായത്ത് സബ്‌സീഡിയില്ല; 
ഗ്രോബാഗിന് ഇനി പഞ്ചായത്ത് സബ്‌സീഡിയില്ല; അടുക്കളത്തോട്ടങ്ങളിലേക്ക് എച്ച്ഡിപിഇ ചെടിച്ചട്ടികൾ വാർത്തകളുമായി വിദ്യ പ്രതീഷ് ചേരുന്നു
വീടിന്റെ ടെറസിലും മുറ്റത്തുമുള്ള അടുക്കളത്തോട്ടങ്ങളിലേക്ക് ഗ്രോബാഗുകളേക്കാൾ കൂടുതൽ കാലം ഈടു നിൽക്കുന്നതും പരിസ്ഥിതി സൗഹാർദവുമായ ഹൈ ഡെൻസിറ്റി പോളി എത്തിലിൻ (എച്ച്ഡിപിഇ) ചെടിച്ചട്ടികൾ വാങ്ങാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകി ഉത്തരവായി. ഇതിനുള്ള മാർഗനിർദേശവും പുറപ്പെടുവിച്ചു.
അടുക്കളത്തോട്ടം ടെറസ് ഗാർഡൻ പച്ചക്കകറി കൃഷ് എന്നിവയ്ക്ക് ഗ്രോബാഗിന് പകരം എച്ചച്ഡിപിഇ ചെടിച്ചട്ടി പ്രോത്സഹിപ്പിക്കണമെന്നുമുള്ള നിവേദനം സർക്കാരിന് ലഭിച്ചിരുന്നു. ഇവ പരിശോധിക്കാൻ തദ്ദേശ മന്ത്രി എംബി രാജേഷ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇവയുടെ ഗുണമേന്മ, ഉപയോഗിക്കുന്നതിലെ പ്രയോഗികത എന്നിവയെക്കുറിച്ച് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി (സിഐപിഇടി)യുടെ റിപ്പോർട്ട് തേടിയ ശേഷമാണ് സർക്കാർ തീരുമാനം.
അഞ്ച് വർഷം ഈടുനിൽക്കുന്നതാണെന്നും എഫ്എസ്എസ്എഐ സ്റ്റാൻഡേർഡ് പ്രകാരം പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതാണെന്നുമായിരുന്നു സിഐപിഇടി റിപ്പോർട്ട്. കൂടാതെ കൃഷിവകുപ്പും സമാന നടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്. കൃഷി വകുപ്പ് പദ്ധതികളിൽ ഗ്രോബാഗ് ഉപയോഗിക്കുന്നത് നിർത്തലാക്കുന്നതിന്റെ ഭാഗമായി മൺചട്ടികൾ, കയർ പിത്ത് ചട്ടികൾ, എച്ച്ഡിപിഇ ചട്ടികൾ എന്നിവ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.
ഇതിന്റെയും കൂടി അടിസ്ഥാനത്തിലാണ് തദ്ദേശ ഭരണവകുപ്പ് ഉത്തരവ്.10 ഇഞ്ച് ഉയരവും 10--12 വ്യാസവും അഞ്ച് എംഎം കനവും 450 ഗ്രാം തൂക്കവുമുള്ള എച്ച്ഡിപിഇ ചെടി ചട്ടികൾ വാങ്ങാനാണ് അനുമതി. ഇവ ടെണ്ടർ നടപടിയിലൂടെയാകണം വാങ്ങേണ്ടത്. ഇവയിൽ നിറയ്‌ക്കേണ്ട മണ്ണിനും വളത്തിനും 60 രൂപ അധികമായി നൽകാം. ചെടിചട്ടികൾക്ക് അഞ്ച് വർഷ ഗ്യാരണ്ടി ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ നിഷ്‌കർഷിക്കുന്നു.

 

Most Read

  • Week

  • Month

  • All