Colors: Orange Color

 

കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം > ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്‌ത‌ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍തന്നെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എയര്‍പോര്‍ട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു കൂട്ടി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പൊതുവേ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. കോവിഡ് കേസുകള്‍ നിലവില്‍ ആയിരത്തില്‍ താഴെയാണ്. കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥിരമായി സാമ്പിളുകള്‍ അയച്ചു വരുന്നു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക വകഭേദത്തിനായി അയയ്ക്കും. ആശുപത്രി അഡ്മിഷന്‍, കിടക്കകള്‍, ഐസിയു ഉപയോഗം കൃത്യമായി എന്നിവ നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഇന്‍ഫ്‌ളുവന്‍സ കേസുകളും കോവിഡും റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതാണ്.

പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും പുതിയ കോവിഡ് വകഭേദം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രായമായവരും ആരോഗ്യ പ്രവര്‍ത്തകരും അനുബന്ധ രോഗമുള്ളവരും നിര്‍ബന്ധമായും കരുതല്‍ ഡോസ് എടുക്കേണ്ടതാണ്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. കാര്‍ത്തികേയന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. മീനാക്ഷി, അഡീഷണല്‍ ഡയറക്ടര്‍ ഡോ. സക്കീന, ഐ.എ.വി. ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍, സ്റ്റേറ്റ് പീഡ് സെല്‍ മേധാവി ഡോ. അനുജ, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഡോ. ചാന്ദിനി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മഞ്ജുശ്രി, ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, രാജീവ് ഗാന്ധി ബയോടെക്‌നോളജി സയന്റിസ്റ്റ് ഡോ. രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 


 അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായി വോട്ടണ്ണൽ ബുധനാഴ്ച

കോൺ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായി വോട്ടണ്ണൽ ബുധനാഴ്ച. എഐസിസി അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തീർന്നപ്പോൾ ശശി തരൂർ എത്രത്തോളം വോട്ട് നേടുമെന്നതാണ് സംസ്ഥാന കോൺഗ്രസ്സിലെ പ്രധാന ചർച്ച. പ്രചാരണത്തിലെ തരൂരിന്റെ മുന്നേറ്റം സമ്മതിക്കുന്ന മുതിർന്ന നേതാക്കളും സംസ്ഥാനത്ത് കൂടുതൽ വോട്ട് ഖാർഗെക്ക് തന്നെയാകുമെന്ന് ഉറപ്പിക്കുന്നു.
പാർട്ടി േേദശീയ അധ്യക്ഷനാകാൻ മലയാളി തരൂർ പോരിനിറങ്ങുമ്പോൾ മുതൽ സ്വന്തം നാട്ടിലെ നേതാക്കൾ മുഖം തിരിച്ചുതുടങ്ങിയിരുന്നു. തരൂരിനെ തുറന്നെതിർന്ന സംസ്ഥാനത്തെ മുതിർന്ന നേതാക്കളെല്ലാം പോളിംഗ് തീർന്നപ്പോൾ ഒരു കാര്യം സമ്മതിക്കുന്നു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് പോരാട്ടം തീരുമ്പോൾ തരൂർ പഴയ തരൂരല്ല. . ഖർഗെക്ക് വോട്ടുറപ്പിക്കാൻ സീനിയർ നേതാക്കൾ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. തരൂരിന് കേരളത്തിൽ നിന്നും പരമാവധി 30 വോട്ട് ഇതാണ് കേരളത്തിലെ ഖർഗെ അനുകൂലികളുടെ വിലയിരുത്തൽ.
മാറ്റത്തിന് അനുകൂലമായ കാറ്റ് കേരളത്തിലും വീശിയെന്നാണ് തരൂർപക്ഷം പറയുന്നത്. നാളെക്കൊരു വോട്ടെന്ന തരൂർ പ്രചാരണം യുവാക്കളിലും രണ്ടാം നിര നേതാക്കളിലും തരംഗമായെന്നാണ് തരൂർ അനുകൂലികളുടെ കണക്ക് കൂട്ടൽ. കേരളത്തിൽ നിന്നും 100 നും മുകളിൽ വോട്ടാണ് തരൂർ പക്ഷത്തിന്റെ പ്രതീക്ഷ
വോട്ടർപട്ടികയിലാകെ 310 പേർ. മൂന്ന് പേർ മരിച്ചു. സുഖമില്ലാത്തവർ 9, വിദേശത്തുള്ളവർ രണ്ട്. അഞ്ച് പേർ സംസ്ഥാനങ്ങളിലും രണ്ട് പേർ ജോഡോ യാത്രക്കിടെയും വോട്ട് ചെയ്തു. ബലാത്സംഗ കേസിൽ പ്രതിയായ ഒളിവിലുള്ള എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ എത്തിയില്ല. ആകെ പോൾ ചെയതത് 287 വോട്ടുകൾ. എല്ലാ പിസിസികളിലേയും ബാലറ്റ് പേപ്പറുകൾ ഒരുമിച്ചാക്കിയാവും വോട്ടെണ്ണുക എന്നതിനാൽ. കേരളം ആർക്കൊപ്പം നിന്നെന്ന് പ്രത്യേകം അറിയാനാകില്ല. ഈ സാഹചര്യത്തിൽ പ്രതീക്ഷക്കപ്പുറമുള്ള പിന്തുണ ഉറപ്പിക്കുകയാണ് ഇരുപക്ഷവും.

'വിമർശിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കും': ഭീഷണിയുമായി ഗവർണർ
ഗവർണർക്കെതിരെ വിമർശനം ഉന്നയിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന ഭീഷണിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ഉപദേശിക്കാം, വിമർശനം വേണ്ട. വിമർശിച്ചാൽ പുറത്താക്കുമെന്നാണ് ട്വിറ്ററിൽ ഗവർണർ കുറിച്ചത്.
മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും- ?ഗവർണർ ട്വീറ്റ് ചെയ്തു. ഗവർണറുടെ പ്രസ്താവന രാജ്ഭവൻ പിആർഒയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കേരള സർവകലാശാല സെനറ്റിലെ 15 സെനറ്റംഗങ്ങളെ ഗവർണർ പിൻവലിച്ചിരുന്നു.
ഗവർണർ വിമർശനങ്ങൾക്ക് അതീതനാണെന്ന് ഭരണഘടനയിലോ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലോ ഇല്ലെന്നിരിക്കെയാണ് ഗവർണറുടെ വിവാദ പ്രസ്താവന.
കേരള ഗവർണറുടെ പ്രസ്താവന ഭരണഘടന പദവിക്ക് യോജിക്കാത്തതതാണെന്ന് സിപിഐ എം പിബി. മന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം ഗവർണർക്ക് ഇല്ല. രാഷ്ട്രപതി ഇടപെട്ട് ഗവർണറെ തിരുത്തണമെന്നും പിബി പ്രസ്താവനയിൽ പറഞ്ഞു.
ഗവർണർ ഓഫീസിന്റെ അന്തസ്സിനെ താഴ്ത്തുന്ന തരത്തിൽ ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും വന്നിട്ടുള്ള പ്രസ്താവന ഗവർണർക്ക് തന്റെ ഇഷ്ട്ടത്തിനനുസരിച്ച് ഒരു മന്ത്രിയെ പിരിച്ചുവിടാമെന്ന് പറയുന്നതിന് തുല്യമാണ്. ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് രാഷ്ട്രപതി ഗവർണറെ തടയണം. ഏകാധിപത്യ അധികാരങ്ങൾ ഗവർണർ പദവിയിൽ ഇല്ല. പ്രസ്താവനയിലൂടെ ഗവർണറുടെ രാഷ്ട്രീയ പക്ഷം വെളിപ്പെടുത്തിയിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിനോടുള്ള വിദ്വേഷവും ഇതിലൂടെ വ്യക്തമാകുന്നു. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് ഗവർണറെ രാഷ്ട്രപതി തടയണമെന്നും പിബി ആവശ്യപ്പെട്ടു.

പടിയൂർ ഇക്കോ പ്ലാനറ്റിൽ കാരവൻ ടൂറിസം സാധ്യതകൾ പരിശോധിക്കും: മന്ത്രി മുഹമ്മദ് റിയാസ്

പടിയൂർ ഇക്കോ പ്ലാനറ്റിൽ കാരവൻ ടൂറിസത്തിന്റെ സാധ്യതകൾ പരിശോധിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പടിയൂരിൽ ഇക്കോ പ്ലാനറ്റ് പടിയൂർ-പഴശ്ശി ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽനെസ് ടൂറിസത്തിന് വലിയ പ്രചാരമാണ് യൂറോപ്യൻ രാജ്യങ്ങൾ നൽകുന്നത്. ഇതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കേരളം ശ്രമിക്കും. വെൽനെസ് ടൂറിസത്തിൽ അതിപ്രധാനമാണ് ആയൂർവ്വേദം. പടിയൂരിന് ഇക്കാര്യത്തിൽ ഏറെ സാധ്യതകളുണ്ട്. പടിയൂർ ഇക്കോ പ്ലാനറ്റിനെ മുൻനിർത്തി കർണ്ണാടകയിലെ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. അനുകൂല സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
പഴശ്ശി ജലസേചന പദ്ധതിയുടെ റിസർവോയറിന്റെ ഭാഗമായ 68 ഏക്കറോളം വരുന്ന പുൽത്തകിടി പ്രദേശത്താണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ട പ്രവൃത്തികൾക്ക് 5.66 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. തുടക്കത്തിൽ പടിയൂർ ടൗണിൽ നിന്ന് പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നവീകരിക്കും. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള 800 മീറ്റർ റോഡും സ്വകാര്യ വ്യക്തികളുടെ സ്ഥലവും പ്രയോജനപ്പെടുത്തി ഒരു കിലോമീറ്റർ റോഡ് എട്ട് മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് 1.35 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ബാക്കി തുക പൂന്തോട്ട നിർമാണത്തിനും പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കുന്നതിനും വിനിയോഗിക്കും. ബൊട്ടാണിക്കൽ ഗാർഡൻ, പൂന്തോട്ടം, പാർക്കുകൾ, പദ്ധതി പ്രദേശത്തെ തുരുത്തുകൾ ബന്ധിപ്പിച്ചുള്ള പാലങ്ങൾ, ബോട്ട് സർവീസ് എന്നിവയാണ് പ്രധാനമായും നടപ്പാക്കുന്നത്. ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയാകുന്ന മുറക്ക് രണ്ടാം ഘട്ടത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി ടൂറിസം വകുപ്പിന് കൈമാറും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. കിഡ്കിനാണ് നിർവ്വഹണ ചുമതല.
പഴശ്ശി റിസർവോയറും സ്റ്റേറ്റ് ഹൈവേയും തമ്മിൽ ചേരുന്ന പൂവ്വത്താണ് പ്രൊജക്ടിന്റെ എൻട്രൻസ് പോയിന്റായി വരിക. ഇവിടെ നിന്നും പഴശ്ശി ഡാമിലേക്ക് രണ്ടര കിലോമീറ്റർ ദൂരത്തിലും ഇരിട്ടി ടൗണിലേക്ക് എട്ട് കിലോമീറ്റർ ദൂരത്തിലും ബോട്ട് സർവ്വീസ്, ഏകദേശം ഒന്നരകിലോമീറ്റർ നീളത്തിൽ റോപ്പ് വേയും ഇതേ നീളത്തിൽ ചങ്ങാടം, സ്റ്റേറ്റ് ഹൈവേയിൽ നിന്നും റബ്ബർ ബോർഡ് സ്ഥലത്തിന്റെ അതിർത്തിയിലൂടെ മഞ്ചേരിപ്പറമ്പ് വരെ ഒന്നര കിലോമീറ്റർ ദൂരത്തിൽ ഡ്രൈവ് വേ, പഴശ്ശി ഡാം മുതൽ പൂവ്വംവരെ രണ്ടര കിലോമീറ്റർ ദൂരത്തിൽ മറ്റൊരു ഡ്രൈവ് വേ എന്നിവ പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. പഴശ്ശി അണക്കെട്ട്, അന്താരാഷ്ട്ര വിമാനത്തവളം, അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, സ്റ്റേറ്റ് ഹൈവേ, സർക്കാർ കിൻഫ്രക്കായി ഏറ്റെടുക്കുന്ന സ്ഥലം എന്നിവയാണ് പദ്ധതിയുടെ അനുകൂല ഘടകങ്ങൾ.
കെ കെ ശൈലജ എം എൽ എ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീൻ, വൈസ് പ്രസിഡണ്ട് ആർ മിനി, ജില്ലാ പഞ്ചായത്തംഗം എൻ പി ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ അനിത, ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ കെ എസ് ഷൈൻ, ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സാബു, സൂപ്രണ്ടിംഗ് എഞ്ചിനീയർ എസ് കെ രമേശൻ എന്നിവർ പങ്കെടുത്തു.

കൂളിക്കടവ് പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചു


അഞ്ചരക്കണ്ടി പുഴക്ക് കുറുകെ നിർമ്മിക്കുന്ന കൂളിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 2024 ഏപ്രിലോടെ പാലം നിർമ്മാണം പൂർത്തിയാക്കുമെന്നും നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനൽകിയ നാട്ടുകാർ നാടിന്റെ വികസനത്തിനായി മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.
മാങ്ങാട്ടിടം പഞ്ചായത്തിനെയും മട്ടന്നൂർ നഗരസഭയേയും ബന്ധിപ്പിക്കുന്ന കൂളിക്കടവ് പാലത്തിന് 6.4 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. 79.2 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലും നിർമ്മിക്കുന്ന പാലത്തിന് 20 മീറ്ററിൽ രണ്ട് സ്പാനും 19.6 മീറ്ററിൽ രണ്ട് സ്പാനുമാണുണ്ടാവുക. ഇരുവശത്തും 1.2 മീറ്റർ വീതിയിൽ നടപ്പാത, മാങ്ങാട്ടിടം, മട്ടന്നൂർ ഭാഗങ്ങളിൽ അനുബന്ധ റോഡുകൾ, പാർശ്വഭിത്തി, ഡ്രെയിനേജ് എന്നിവയും ഒരുക്കും. പൊതുമരാമത്ത് ഡിസൈൻ വിഭാഗമാണ് പാലം രൂപകൽപന ചെയ്തത്.
കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം കണ്ണൂർ എക്‌സിക്യുട്ടീവ് എഞ്ചിനീയർ കെ എം ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് കെ ശാന്തമ്മ ടീച്ചർ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ, വൈസ് ചെയർപേഴ്‌സൺ ഒ പ്രീത, സ്ഥിരം സമിതി അധ്യക്ഷ പി അനിത, കൗൺസിലർമാരായ എം രഞ്ചിത്ത് കുമാർ, എം ഷീബ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ ബഷീർ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് അംഗം എം മിനി, ജില്ലാ ആസൂത്രണ സമിതി അംഗം പി പുരുഷോത്തമൻ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ഉത്തരമേഖല കോഴിക്കോട് സൂപ്രണ്ടിങ് എഞ്ചിനീയർ പി കെ മിനി, കണ്ണൂർ ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ ജി എസ് ജ്യോതി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

അതിദാരിദ്ര്യം തുടച്ചുനീക്കും; ആദ്യഘട്ടത്തിൽ 64,006 കുടുംബങ്ങൾക്ക് സഹായം: മുഖ്യമന്ത്രി

 

തിരുവനന്തപുരം> സംസ്ഥാനത്തെ  അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചതായി  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ആദ്യഘട്ടമെന്ന നിലയില്‍ സഹായം ആവശ്യമുള്ള 64,006 കുടുംബങ്ങളെ  സർവെയിലൂടെ കണ്ടെത്തിയിട്ടുണ്ട്.  അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായ ഇന്ന്  ലോകത്തിലെ എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 


പ്രതികളിൽ 60 ശതമാനത്തിലേറെ വിദ്യാർഥികളും യുവാക്കളും ലഹരിക്കടത്ത്: രണ്ടുമാസത്തിനിടെ വലയിലായത് 139 പേർ

ലഹരി ഉൽപന്നങ്ങളുടെ കടത്തിനെതിരെ എക്‌സൈസും പൊലീസും പരിശോധന ശക്തമാക്കിയതോടെ വലയിലാവുന്നവരുടെ എണ്ണവും കൂടുന്നു. ജില്ലയിൽ രണ്ടുമാസത്തിനിടെ 139 പേർ മാരക ലഹരി ഉൽപന്നങ്ങളുമായി അറസ്റ്റിലായി. ആഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ 109 കേസുകളാണ് എക്‌സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തത്. ഇതിൽ 111 പേരെ പിടികൂടി. ആഗസ്റ്റിൽ 65ഉം സെപ്റ്റംബറിൽ 44 കേസുമാണ് ജില്ലയിലെടുത്തത്. പ്രതികളിൽ 60 ശതമാനത്തിലേറെ വിദ്യാർഥികളും യുവാക്കളുമാണ്. 2021-22 കാലയളവിൽ പ്രായ പൂർത്തിയാകാത്ത 18 കുട്ടികളും പിടിയിലായി.
പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു മാസത്തിനിടെ 28 പേരും മാരക ലഹരി ഉൽപന്നങ്ങളുമായി പിടിയിലായി. ഗ്രാമിന് ലക്ഷങ്ങൾ വിലവരുന്ന മെത്താംഫിറ്റാമൈൻ 1.37 കിലോയാണ് എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തത്. ഇതിനു മാത്രം വിപണിയിൽ ഏകദേശം അഞ്ചുകോടിയുടെ മുകളിൽ വിലവരും. ഇതുകൂടാതെ സംവേദനത്തിന്റെയും ചിന്തയുടെയും 'കില്ലർ' എന്ന അറിയപ്പെടുന്ന എൽ എസ് ഡി(ലൈസർജിക് ആസിഡ് ഡൈ ഈതൈലമൈഡ്) 1.76 ഗ്രാമും 0.78 ഗ്രാം എംഡിഎംഎയും പിടികൂടി. നൈട്രസൻ ടാബ് 11.64 ഗ്രാമും 14.5 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്.
പൊലീസ് നടത്തിയ പരിശോധനയിൽ 65 കിലേ കഞ്ചാവ്, 11 ഗ്രാം എംഡിഎംഎ, 0.13 ഗ്രാം ഹാഷിഷ്, 0.135 ഗ്രാം ബ്രൗൺഷുഗർ, 32.5 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തു. പിടിയിലാവുന്നവരിൽ 60
എക്‌സൈസ് വകുപ്പിന് കീഴിലെ റെയ്ഞ്ചുകളിൽ നിന്നും സ്‌ക്വാഡുകളായി തിരിച്ചാണ് സംഘം പരിശോധന നടത്തുന്നത്. കൂടാതെ പൊലീസിന്റെ സഹകരണത്തോടെ സംസ്ഥാന അതിർത്തികളിലും വാഹനങ്ങളിൽ കർശന പരിശോധന നടത്തുന്നുണ്ട്.


വരുമാനം 75 ലക്ഷം, സഞ്ചാരികൾ 4500 ആനവണ്ടി വിനോദയാത്ര സെഞ്ച്വറിയിലേക്ക്

ആഭ്യന്തര ടൂറിസത്തിന് പുതുമാനം നൽകിയ കണ്ണൂർ കെ എസ് ആർ ടി സിയുടെ വിനോദയാത്ര സെഞ്ച്വറിയിലേക്ക്. ഒക്ടോബർ 19ന് കൊച്ചിയിലെ ആഡംബര കപ്പലായ നെഫർറ്റിറ്റിയിലേക്ക് പുറപ്പെടുന്നതോടെയാണ് യാത്രകളുടെ എണ്ണം നൂറാകുക.
ബജറ്റ് ടൂറിസം സെല്ലിന്റെ ആദ്യവിനോദ യാത്ര 2022 ഫെബ്രുവരി 12ന് വയനാട്ടിലേക്കായിരുന്നു. നൂറാമത്തെ യാത്ര 19ന് പുലർച്ചെ 5.30ന് കണ്ണൂർ ഡിപ്പോയിൽ നിന്നും പുറപ്പെടും. വയനാട്ടിലേക്ക് 49, മൂന്നാർ 22, പൈതൽമല ഒമ്പത്, വാഗമൺ കുമരകം ഏഴ്, തിരുവനന്തപുരം-കുമരകം രണ്ട്, കൊച്ചിയിലെ ആഡംബരകപ്പലായ നെഫർറ്റിറ്റിയിലേക്ക് അഞ്ച്, നാലമ്പല യാത്ര നാല്, ആറന്മുള ഒന്ന് എന്നിങ്ങനെയാണ് ഇവതുവരെ നടത്തിയ യാത്രകളുടെ എണ്ണം.
സെപ്റ്റംബറിൽ മാത്രം 17 യാത്രകളാണ് കണ്ണൂരിൽ നിന്നു പൂർത്തിയാക്കിയത്. 4500 സഞ്ചാരികൾ ഇതുവരെ യാത്രയുടെ ഭാഗമായി. 75 ലക്ഷം രൂപയോളം ഇതുവരെ വരുമാനം ലഭിച്ചു. ചുരുങ്ങിയ ചെലവിൽ കേരളത്തിലെ ടൂറിസം പോയിന്റുകളിലൂടെ വിനോദയാത്ര സാധ്യമായതോടെയാണ് കൂടുതൽ പേർ കെ എസ് ആർ ടി സിയെ ആശ്രയിച്ചു തുടങ്ങിയത്.
കണ്ണൂർ ഡി ടി ഒ മനോജ്, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ സജിത്ത് സദാനന്ദൻ, ടൂർ കോ ഓർഡിനേറ്റർ ഇൻസ്‌പെക്ടർ കെ ജെ റോയി, ഡിപ്പോ കോ ഓർഡിനേറ്റർ കെ ആർ തൻസീർ, കൊമേഴ്ഷ്യൽ മാനേജർ എം പ്രകാശൻ എന്നിവരാണ് കണ്ണൂർ കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂറിസം സെല്ലിനെ നിയന്ത്രിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9496131288, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

അതിഥി തൊഴിലാളികൾക്കായി 'കവച്' ലഹരി വിരുദ്ധ ക്യാമ്പയിൻ

തൊഴിൽ നൈപുണ്യ വകുപ്പ് അതിഥി തൊഴിലാളികൾക്കായി 'കവച്' ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 18ന് രാവിലെ 10.30ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
സംസ്ഥാന സർക്കാരിന്റെ 'ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ്' ക്യാമ്പയിന്റെ ഭാഗമാണ് കവച്. ലഹരിക്കെതിരെയുള്ള സന്ദേശങ്ങളുമായി ജില്ലാ ലേബർ ഓഫീസ് പരിസരത്ത് നിന്ന് 18ന് രാവിലെ 9.30ന് ആരംഭിക്കുന്ന വിളംബര ജാഥയുടെ ഫ്ളാഗ് ഓഫും മന്ത്രി നിർവ്വഹിക്കും. സാധു ഓഡിറ്റോറിയത്തിൽ സമാപിക്കുന്ന ഘോഷയാത്രയിൽ ആയിരത്തോളം അതിഥി തൊഴിലാളികൾ പങ്കെടുക്കും. സംസ്ഥാനത്ത് ഒക്ടോബർ 15 മുതൽ 22 വരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വിപുലമായ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ബോധവൽക്കരണ വിളംബര ജാഥകൾ, മെഡിക്കൽ ക്യാമ്പുകൾ, അതിഥി തൊഴിലാളികളുടെ കലാപരിപാടികൾ തുടങ്ങിവ നടക്കും. അതിഥി തൊഴിലാളി ക്യാമ്പുകളിലും ജോലി സ്ഥലങ്ങളിലും ഉദ്യോഗസ്ഥരെത്തി ലഹരി വിരുദ്ധ സന്ദേശങ്ങൾ കൈമാറും. തൊഴിലാളികളുടെ മാതൃഭാഷയിലുള്ള പ്രചാരണ സാമഗ്രികളാണ് ഉപയോഗിക്കുക. സോഷ്യൽ മീഡിയ ക്യാമ്പയിനും നടക്കുന്നുണ്ട്. ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും. ലേബർ കമ്മീഷണർ ഡോ. കെ വാസുകി പ്രതിജ്ഞ ചൊല്ലി കൊടുക്കും. കെ സുധാകരൻ എം പി, മേയർ അഡ്വ. ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങിയവർ പങ്കെടുക്കും.

 

64 കേന്ദ്രങ്ങളിൽ പ്രദർശനം നടത്തി കുടുംബശ്രീ ചലച്ചിത്ര മേള

സ്ത്രീ സമൂഹത്തിന് വേറിട്ട കാഴ്ച്ചപ്പാട് സമ്മാനിക്കുന്ന കുടുംബശ്രീയുടെ 'വുമൺ ഫിലിം ഫെസ്റ്റ്' ശ്രദ്ധേയമാകുന്നു. ജില്ലാ കുടുംബശ്രീ മിഷനും ചലച്ചിത്ര അക്കാദമിയും ചേർന്ന് നടത്തുന്ന മേള ജില്ലയിലെ 64 കേന്ദ്രങ്ങളിൽ പ്രദർശനം പൂർത്തിയാക്കി. ജൂണിൽ ആരംഭിച്ച ഫെസ്റ്റ് 81 കേന്ദ്രങ്ങളിൽ പ്രദർശനം നടത്തി നവംബറിൽ സമാപിക്കും.
നഗരങ്ങളിൽ മാത്രം ഒതുങ്ങിയ ചലച്ചിത്രോത്സവങ്ങൾ കണ്ണൂരിന്റെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. സാമൂഹ്യ പ്രസക്തിയുള്ള സിനിമകളുടെ കൂട്ടായ സ്ത്രീ വായനക്കാണ് കുടുംബശ്രീ മിഷൻ അവസരമൊരുക്കുന്നത്. സ്ത്രീപക്ഷ സിനിമകളായ ബസന്തി, ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മാൻഹോൾ, ഒറ്റമുറി വെളിച്ചം, ഒഴിമുറി, ഹൈദി, ചിൽഡ്രൻ ഓഫ് ഹെവൻ, പെണ്ണിനെന്താ കുഴപ്പം, ഫോർ എ ബെറ്റർ ടുമാറോ, തിങ്കളാഴ്ച നിശ്ചയം തുടങ്ങിയവയാണ് പ്രദർശിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് നാല് മണി വരെയാണ് മേള. ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കുംടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം സുർജിത്ത് പറഞ്ഞു. ഇനി 17 കേന്ദ്രങ്ങളാണ് ബാക്കിയുള്ളത്. മലപ്പട്ടം പഞ്ചായത്തിൽ നടന്ന പ്രദർശനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ കെ പി സവിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സാമൂഹ്യ ഉപസമിതി കൺവീനർ എൽ എം ഉഷ, കുടുംബശ്രീ മിഷൻ ബ്ലോക്ക് പഞ്ചായത്ത് കോ-ഓർഡിനേറ്റർ എം സുജന എന്നിവർ പങ്കെടുത്തു.

 


ഖാദി ഗ്രാമ സൗഭാഗ്യയിൽ വിറ്റഴിക്കൽ മേള

പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിലെ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ വിറ്റഴിക്കൽ മേള ആരംഭിച്ചു. കേരള സ്പോർട്സ് കൗൺസിൽ പരിശീലകൻ ജയദീപ് ബാബുവിന് നൽകി കെ വി സുമേഷ് എം എൽ എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സിൽക്ക്, കോട്ടൺ സാരികൾക്ക് 50 ശതമാനം വരെ പ്രത്യേക കിഴിവും 20 ശതമാനം ഗവ. റിബേറ്റും ലഭിക്കും. ചൂരൽ കസേര, ഊഞ്ഞാൽ, സോഫ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവക്ക് 50 ശതമാനം വരെ കിഴിവുണ്ട്. ചടങ്ങിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ വി രാജേഷ്, പ്രൊജക്ട് ഓഫീസർ ഐ കെ അജിത്ത് കുമാർ, വില്ലേജ് ഇന്റസ്ട്രീസ് ഓഫീസർ കെ വി ഫാറൂഖ്, അസിസ്റ്റന്റ് രജിസ്ട്രാർ സോളി ദേവസ്യ, ബാദി ബോർഡ് സൂപ്രണ്ട് ടി വി വിനോദ് കുമാർ, ജൂനിയർ സൂപ്രണ്ട് ദീപേഷ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 29ന് മേള സമാപിക്കും.

 

 

പാപ്പിനിശ്ശേരി-പിലാത്തറ റോഡിൽ ഗതാതഗ നിയന്ത്രണം

പഴയങ്ങാടി പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാപ്പിനിശ്ശേരി-പിലാത്തറ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് ഒക്ടോബർ 23 മുതൽ ഒരു മാസത്തേക്ക് നിയന്ത്രണം. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പ്രവൃത്തി നടക്കുന്ന ഭാഗം പൂർണമായും അടച്ചിടും. പയ്യന്നൂർ ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കേണ്ട യാത്രക്കാർ ദേശീയപാതയിലൂടെ പോകണം. ട്രാൻസ്പോർട്ട് ബസുകൾക്ക് നിയന്ത്രണം ബാധകമല്ല. ഒരു മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കണമെന്ന് യോഗം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കലക്ടറേറ്റ് ചേമ്പറിൽ നടന്ന യോഗത്തിൽ എം വിജിൻ എം എൽ എ, എ ഡി എം കെ കെ ദിവാകരൻ, പി ഡബ്ല്യൂ ഡി പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ എം ഹരീഷ്, അസിസ്റ്റന്റ് എഞ്ചിനിയർ ജി എസ് ജ്യോതി എന്നിവർ പങ്കെടുത്തു.

ഹാപ്പിനസ് ഫെസ്റ്റ്: വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകളുടെ പ്രകാശനം നടന്നു
തളിപ്പറമ്പ് മണ്ഡലത്തിൽ ഡിസംബർ 18 മുതൽ 31 വരെ സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഓഫ് ഹാപ്പിനസ് പരിപാടിയുടെ ഭാഗമായി വെബ്സൈറ്റിന്റെയും സോഷ്യൽ മീഡിയ പേജുകളുടെയും പ്രകാശനം നടന്നു. കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങ് ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. പ്രകാശനം പ്രശസ്ത സിനിമാ താരം നിർമ്മൽ പാലാഴി നിർവഹിച്ചു.
സംഘാടകസമിതി ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി അബ്ദുൾ മജീദ്, സുനിജ ബാലകൃഷ്ണൻ, പി പി റെജി, തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, സിനിമ നിർമ്മാതാവ് മുരളി കുന്നുംപുറത്ത്, ജനറൽ കൺവീനർ എ നിശാന്ത്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പാച്ചേനി വിനോദ് എന്നിവർ പങ്കെടത്തു.

ഏകദിന ശിൽപ്പശാല 21ന്
തൊഴിൽ വകുപ്പിന്റെ സ്വയംതൊഴിൽ പദ്ധതികളുടെ ബോധവൽക്കരണത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21ന് ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ശിൽപ്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.
സ്വയംതൊഴിൽ പദ്ധതികളെക്കുറിച്ച് എംപ്ലോയ്മെന്റ് ഓഫീസർ കെ മുഹമ്മദ് അർഷാദ്, ബാങ്കിംഗ് നടപടികൾ സംബന്ധിച്ച് റുഡ്സെറ്റ് ഡയറക്ടർ കെ പി അരുൺ എന്നിവർ ക്ലാസെടുക്കും. വിവിധ സ്വയം തൊഴിൽ പദ്ധതികളുടെ അപേക്ഷ ഫോറം ശിൽപ്പശാലയിൽ വിതരണം ചെയ്യും. സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 04972700831 എന്ന നമ്പറിൽ ബന്ധപ്പെടുക.

അന്ധവിശ്വാസത്തിനെതിരെ നിയമം ഉടൻ; അനാചാരങ്ങൾ എതിർക്കപ്പെടേണ്ടത്: മുഖ്യമന്ത്രി

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിർക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത വിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിർക്കുന്നത്. അനാചാരങ്ങളെ എതിർക്കുമ്പോൾ അത് മതവിശ്വാസത്തിനെതിരാകുമോ എന്ന് ചിലർ ചിന്തിക്കുന്നെന്നും അനാചാരങ്ങളെ എതിർത്താൽ മതത്തെ എതിർത്തുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത് സംഘടനകളുടെ സാമൂഹ്യ ഇടപെടലിലൂടെയാണ്. അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവയ്ക്കെതിരെ നവോത്ഥാന നായകർ ഇടപ്പെട്ടു. നവോത്ഥാന നായകരിൽ എടുത്തു പറയാവുന്ന പേരാണ് മന്നത്ത് പദ്മനാഭന്റേത്. അദ്ദേഹം മന്നത്ത് പദ്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പദ്മനാഭൻ എന്നു മാത്രമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസങ്ങൾ തിരിച്ച് കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്. ജാതി പേരിനോട് ചേർക്കൽ ചിലർ വീണ്ടും തുടരുന്നുണ്ട്. നാടിന്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്നവർ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


ഡിജിറ്റൽ മാഗസിൻ പ്രകാശനവും എപിജെ ജൻമദിനാഘോഷവും


കണ്ണൂർ തെക്കീ ബസാറിലെ എപിജെ അബ്ദുൾ കലാം ലൈബ്രറിയുടെ ഡിജിറ്റൽ മാഗസിൻ പ്രകാശനവും എപിജെ ജൻമ ദിനാഘോഷവും നടത്തി. ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എപിജെ അബ്ദുൾ കലാമിനെ അനുസ്മരിച്ച് അക്കാദമിക്ക് പബ്ലിക്ക് ലൈബ്രറി നെറ്റ് വർക്ക് ട്രഷററും ചിൻമായ ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രേറിയനുമായ എം പി പ്രശാന്ത് സംസാരിച്ചു. ഇ കെ സിറാജ്, രാജീവൻ കാട്ടാമ്പള്ളി എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ ജയരാജൻ അധ്യക്ഷനായി. സെക്രട്ടറി പി കെ ബൈജു സ്വാഗതവും ജോ സെക്രട്ടറി വി കെ അഷിയാന അശ്രഫ് നന്ദിയും പറഞ്ഞു. ടൂറിസം പതിപ്പായാണ് ആദ്യ മാസിക പുറത്തിറങ്ങിയത്. എല്ലാ മാസവും വ്യത്യസ്ത വിഷയങ്ങളോടെ ഡിജിറ്റൽ മാസിക തയ്യാറാക്കും,

 

 

ടൂറിസ്റ്റ് ബസുകളിൽ മൂന്ന് ദിവസത്തിനകം പരിശോധന; വെള്ളനിറം മാത്രം പോര,നിയമവിരുദ്ധ ലൈറ്റും ശബ്ദവും പാടില്ലെന്ന് ഹൈക്കോടതി

എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി. ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും മറ്റ് ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിഷ്‌കർഷിച്ചു. നിയമലംഘനം കണ്ടെത്തിയാൽ മോട്ടോർ വാഹനവകുപ്പ് കടുത്ത നടപടിയെടുക്കണം. ടൂറിസ്റ്റ് ബസ് ഉടമകൾ പരിശോധനയുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സഹകരിച്ചില്ലെങ്കിൽ കോടതിലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. (ശിുെലരശേീി ശി ീtuൃശേെ യൗലെ െംശവേശി വേൃലല റമ്യ െമ്യെ െവശഴവ രീൗൃ)േ


വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകൾ, ഓട്ടോമൊബൈൽ ഷോസ് എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. മലപ്പുറം കെ.എം.ടി.സി കോളേജിലെ ഓട്ടോ ഷോ എക്സ്പോയിലെ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. എക്സ്പോക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചു. ഈ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഡിവിഷൻ ബഞ്ച് നിർദേശം നൽകി. എക്സ്പോയിലെ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ച വ്ളോഗർമാർക്കെതിരെയും നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.
കുട്ടികളുൾപ്പെടെ 9 പേർ മരിക്കാനിടയാക്കിയ വടക്കാഞ്ചേരി വാഹനാപകടവും കോടതി പരാമർശിച്ചു. അപകടത്തിൽ ഉൾപ്പെട്ട ബസിലെ ഡ്രൈവർ ക്യാബിനിൽ അടക്കം നിയമവിരുദ്ധ ലൈറ്റുകളെന്ന് ഹൈക്കോടതി പറഞ്ഞു.

 

എൽദോസിനെതിരെ കടുത്ത നടപടി  ഒക്ടോബർ 20-നകം വിശദീകരണം നൽകണമെന്ന് കെപിസിസി
ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയ്ക്ക് എതിരെ കർശന നടപടിക്കൊരുങ്ങി കെപിസിസി. ആരോപണ വിധേയനായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒക്ടോബർ 20-നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കത്ത് നൽകിയതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.
ഒരു പൊതുപ്രവർത്തകന്റെ പേരിൽ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്ന് വന്നത്.അതിനാൽ പ്രസ്തുത വിഷയത്തിലുള്ള എൽദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെ.പി.സി.സിക്ക് നിശ്ചിത സമയത്തിനകം നൽകണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും അധ്യാപകർ ശ്രദ്ധിക്കണം :സ്പീക്കർ എ എൻ ഷംസീർ

ക്ലാസ് മുറിയിലെ ഓരോ വിദ്യാർഥിയെയും അധ്യാപകർ പ്രത്യേകം മനസിലാക്കമെന്നും അവരുടെ സ്വഭാവരൂപീകരണത്തിൽ ശ്രദ്ധിക്കണമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
അധ്യാപകർ സിലബസ് മാത്രം നോക്കാതെ കുട്ടികളുടെ സ്വഭാവ സവിശേഷതകൾ കൂടി മനസിലാക്കണം. തെറ്റ് കണ്ടെത്തുകയാണെങ്കിൽ പരസ്യമായി വിചാരണ ചെയ്യാതെ രക്ഷിതാക്കളെ വിവരമറിയിക്കണമെന്നും സ്പീക്കർ പറഞ്ഞു.
തലശ്ശേരി വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയും പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾ പോലും ലഹരിക്ക് അടിമപ്പെടുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. രാഷ്ട്ര നിർമ്മാണത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കേണ്ടവരാണ് വിദ്യാർഥികൾ. അതിനാൽ സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെ ജാഗ്രതയോടെ മുന്നേറാൻ വിദ്യാർഥികൾക്കാകണം. മദ്യപിച്ചാൽ മറ്റുള്ളവർക്ക് മനസിലാകും. എന്നാൽ ഇന്ന് ഉപയോഗിച്ചാൽ മറ്റാർക്കും മനസിലാക്കാൻ കഴിയാത്ത തരത്തിലുള്ള മയക്കുമരുന്നാണ് വിപണിയിലുള്ളത് - സ്പീക്കർ കൂട്ടിച്ചേർത്തു.
കിഫ്ബി ഫണ്ടിൽ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് നേരത്തെയുള്ള കെട്ടിടത്തിന്റെ ഒന്നാം നില നിർമ്മിച്ചത്. ഒന്നാം നിലയിൽ ആറ് ക്ലാസ് മുറികളാണുള്ളത്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. മൂന്നരക്കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുക. കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ സംഗീത, കെ ഷാജി, വാർഡ് അംഗം എം ബാലൻ, കണ്ണൂർ ആർ ഡി ഡി പി വി പ്രസീത, ഡിഡിഇ ശശീന്ദ്ര വ്യാസ്, തലശ്ശേരി ഡി ഇ ഒ എ പി അംബിക, തലശ്ശേരി നോർത്ത് എ ഇ ഒ വി ഗീത, അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ ദീപക്, വടക്കുമ്പാട് ജി എച്ച്എസ്എസ് പ്രിൻസിപ്പൽ ടി ഒ ശശിധരൻ, പ്രധാനാധ്യാപകൻ ബാബു എം പ്രസാദ്, പിടിഎ പ്രസിഡണ്ട് കെ വി വിനോദ് കുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 
സ്‌കൂൾ-കോളേജ് കലോത്സവങ്ങളിൽ ഹരിത പെരുമാറ്റചട്ടം ഉറപ്പാക്കണം: ജില്ലാ കലക്ടർ

പ്ലാസ്റ്റിക് വിമുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം നിലവിലുള്ള സാഹചര്യത്തിൽ ജില്ലയിലെ സ്‌കൂൾ കോളേജ് കലോത്സവങ്ങൾ, ശാസ്ത്ര-കായിക മേളകൾ എന്നിവ സംഘടിപ്പിക്കുമ്പോൾ നിർബന്ധമായും ഹരിത പെരുമാറ്റചട്ടം പാലിക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു.
സ്‌കൂൾ മേളകൾക്ക് പുറമെ മറ്റ് ഉത്സവങ്ങൾക്കും ഹരിത പെരുമാറ്റചട്ടം ബാധകമാണ്. കച്ചവട സ്ഥാപനങ്ങൾ, ഭക്ഷണ വിൽപന ശാലകൾ എന്നിവയിലൊന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പാടില്ല. ഈ ജൂലൈ മുതൽ 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വ്യാപനവും നിരോധിച്ചതാണ്. സർക്കാർ പൊതു പരിപാടികൾക്കും ഹരിത പെരുമാറ്റ ചട്ടം ബാധകമാക്കി. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കും ഇത് സംബന്ധിച്ച ഉത്തരവ് നൽകി. ഹരിത പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി സംഘടിപ്പിക്കുന്ന മേളകളുടെ സംഘാടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ ഉത്തരവിൽ വ്യക്തമാക്കി.

ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 12 ന്; വോട്ടെണ്ണൽ ഡിസംബർ 8ന്

ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 12ന് നടത്തുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷൻ രാജീവ് കുമാർ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 8ന് നടക്കും. 68 സീറ്റാണ് ഹിമാചൽ പ്രദേശ് നിയമസഭയിലുള്ളത്.
കോവിഡ് ഭീഷണി വലിയ തോതിൽ നിലവിലില്ലെന്നും എന്നാലും ജാഗ്രത അനിവാര്യമാണെന്നും ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. മാർഗനിർദേശങ്ങൾ അതനുസരിച്ച് പുതുക്കും. 80 വയസുകഴിഞ്ഞവർക്കും കോവിഡ് രോഗികൾക്കും വീടുകളിൽ വോട്ട് ചെയ്യാം. സ്ഥാനാർഥികളുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ ലഭ്യമാകും.
വർഷത്തിൽ നാലുതവണ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിലവിൽ ഒരുതവണയാണ് ചേർക്കാൻ കഴിഞ്ഞിരുന്നത്.
അതേസമയം ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

ഈരാറ്റുപേട്ടയില്‍ ശശി തരൂര്‍ അനുകൂല പ്രകടനം

ഈരാറ്റുപേട്ട> എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ പ്രകടനം നടത്തി. ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം കടുവമുഴിയില്‍ നിന്നും ആരംഭിച്ച് ടൗണ്‍ ചുറ്റി അവസാനിച്ചു
ഇനി കാലാവസ്ഥ കുട്ടികളും പ്രവചിക്കും

കുട്ടിക്കളിയാണ് കാലാവസ്ഥ പ്രവചനമെന്ന് ഇക്കാലത്ത് ഒരാളും പറയില്ല. എന്നാൽ പാലയാട് ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികൾക്ക് കാലാവസ്ഥ പ്രവചനമെന്നത് ഒരു കളി പോലെയാണ്. ആസ്വദിച്ചും രസിച്ചും മനസ്സിലാക്കിയും ഗൗരവത്തോടെ ചെയ്യുന്ന ഒന്ന്. സ്‌കൂളിൽ സ്ഥാപിച്ച വെതർ സ്റ്റേഷനാണ് അതിനവർക്ക് സഹായം. കാറ്റിന്റെ ദിശയും മഴയുടെ വരവുമെല്ലാം മുൻകൂട്ടി അറിയാൻ ഈ വെതർ സ്റ്റേഷന്റെ സഹായത്തോടെ കാലാവസ്ഥ നിരീക്ഷിക്കുകയാണ് അവർ.
സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഭൂമിശാസ്ത്രം പഠന വിഷയമായുള്ള ജില്ലയിലെ 22 ഗവ. ഹയർസെക്കണ്ടറി സ്‌കൂളുകളിൽ വെതർ സ്റ്റേഷൻ തുടങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അരലക്ഷത്തിലേറെ രൂപ ചെവലിൽ പാലയാട് സ്‌കൂളിലും വെതർ സ്റ്റേഷൻ ആരംഭിച്ചത്. കാലാവസ്ഥ നിരീക്ഷണ സാധ്യതകളിലൂടെ ഭൂമിശാസ്ത്ര പാഠങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അന്തരീക്ഷസ്ഥിതി സൂക്ഷ്മമായി അറിയാനും കാലാവസ്ഥയെ കുറിച്ച് കൂടുതൽ ധാരണ ഉണ്ടാക്കാനും കാലാവസ്ഥ മാറ്റങ്ങൾ, വിവിധ അവസ്ഥകൾ എന്നിവ മനസിലാക്കാനും ഇതിലൂടെ സാധിക്കും. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങളുടെ സാധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും വെതർ സ്റ്റേഷന്റെ സഹായത്തോടെ കഴിയും. പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവിനപ്പുറം അന്തരീക്ഷ സ്ഥിതി നേരിട്ട് നിരീക്ഷിച്ച് പഠിക്കുന്നതിന്റെ ഗുണം കുട്ടികൾക്ക് ലഭിക്കും.
മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന മഴ മാപിനി, കാറ്റിന്റെ തീവ്രത അളക്കാൻ കപ്പ് കൗണ്ടറും അനിമോ മീറ്ററും, കാറ്റിന്റെ ദിശ മനസ്സിലാക്കാൻ വിൻഡ് വെയിൻ, അന്തരീക്ഷത്തിലെ ആർദ്രത അളക്കാൻ വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, രണ്ടു സമയങ്ങൾക്ക് ഇടയിലുള്ള കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താൻ സിക്സിന്റെ മാക്സിമം മിനിമം തെർമോമീറ്റർ, നിരീക്ഷണ കേന്ദ്രത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റീവൻ സൺസ്‌ക്രീൻ തുടങ്ങി അന്തരീക്ഷ നിരീക്ഷണത്തിനായി ഇന്ത്യൻ മെറ്ററോളജിക്കൽ വകുപ്പ് ഉപയോഗിക്കുന്ന തരത്തിലുള്ള നിരവധി ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ജോഗ്രഫി അധ്യാപകൻ പി പി മഹീഷിന്റെ നേതൃത്വത്തിലാണ് സ്‌കൂളിലെ വെതർ സ്റ്റേഷന്റെ പ്രവർത്തനം. സമഗ്രശിക്ഷാ കേരളത്തിനാണ് പദ്ധതിയുടെ ജില്ലയിലെ ഏകോപന ചുമതല.


തേനൂറും മാങ്ങാട്ടിടം; തേൻ ഗ്രാമം പദ്ധതിക്ക് തുടക്കമായി

ശുദ്ധമായ തേൻ ഉൽപാദനം ലക്ഷ്യമിട്ട് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ തേൻ ഗ്രാമം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരാൾക്ക് രണ്ട് തേനീച്ചപ്പെട്ടികളാണ് നൽകുക . തെരെഞ്ഞെടുത്ത നൂറു കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ പെട്ടികൾ നൽകി. 19 വാർഡിൽ നിന്നും തെരഞ്ഞെടുത്ത അംഗങ്ങൾക്ക് രണ്ട് ദിവസത്തെ പരിശീലനവും നൽകിയിരുന്നു. ജനകീയസൂത്രണ പദ്ധതി പ്രകാരം 3.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഉൽപാദിപ്പിക്കുന്ന തേൻ നിലവിലുള്ള മാങ്ങാട്ടിടം ഹണി എന്ന ബ്രാന്റിൽ തന്നെയാണ് പഞ്ചായത്തിന്റെ സഹായത്തോടെ പുറത്തിറക്കുക. മാങ്ങാട്ടിടത്തെ 300 കുടുംബങ്ങൾ നേരത്തെ മുതൽ തേനീച്ച കൃഷി ചെയ്യുന്നുണ്ട്.
പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. രണ്ടു വർഷത്തിനുള്ളിൽ മുഴുവൻ വീടുകളിലും തേനീച്ച കൃഷി ആരംഭിക്കാനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡണ്ട് കെ ശാന്തമ്മ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ യശോദ, സി കെ ശ്രീജ, കൃഷി അസിസ്റ്റന്റുമാരായ എം വിപിൻ, ആർ സന്തോഷ് കുമാർ, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ആർ സതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

മണ്ണ്-ജല സംരക്ഷണത്തിനായി ജില്ലയിൽ നീരുറവ് നീർത്തട പദ്ധതി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീരുറവ് നീർത്തട പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കുന്നു. മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവയുടെ തനിമ നിലനിർത്താൻ വികസന പ്രവർത്തനങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വരുത്തുകയാണ് ലക്ഷ്യം. ഹരിത കേരളം മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ 664 ചെറു നീർത്തടങ്ങൾ ഉൾപ്പെടുന്ന നീർത്തട പദ്ധതി രേഖ പരിഷ്‌കരിച്ചാണ് വികസന പദ്ധതികൾ തയ്യാറാക്കുന്നത്. ഇതോടൊപ്പം ചെറു നീർത്തടങ്ങളുടെ അതിർത്തി ഡിജിറ്റൽ മാപ്പിൽ രേഖപ്പെടുത്തി തുടർ വികസന പ്രവർത്തനങ്ങൾ ഡിജിറ്റൽ മാപ്പുകളിൽ അടയാളപ്പെടുത്തും. വികസന സാധ്യതകൾ ഡിജിറ്റൽ രൂപത്തിൽ പരിശോധനക്ക് വിധേയമാക്കും. നീർത്തടങ്ങളിൽ ഒരു വർഷം കൊണ്ട് നടപ്പാക്കാൻ സാധിക്കുന്ന മണ്ണ്-ജലസംരക്ഷണ പ്രവർത്തനങ്ങളുടെ കർമ്മ പദ്ധതികളും തയ്യാറാക്കും. തൊഴിലുറപ്പ് പദ്ധതിക്ക് പുറമേ കൃഷി, മണ്ണ് ജലസംരക്ഷണം, ജലസേചനം, മൃഗസംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികൾ കൂടി ഉൾപ്പെടുത്തിയാണ് കർമ്മ പദ്ധതികൾ തയ്യാറാക്കുക. ചെറു നീർത്തടങ്ങളുള്ള തദ്ദേശ വാർഡുകളെ ഹരിത സമിതി വാർഡുകളാക്കും. ഒന്നിലധികം പഞ്ചായത്തുകൾ ഉൾപ്പെടുന്ന നീർത്തടങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കർമ്മ പദ്ധതി ആവിഷ്‌കരിക്കുക.
ഓരോ പഞ്ചായത്തിലെയും നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി അവയുടെ വൃഷ്ടിപ്രദേശങ്ങളിൽ അനുയോജ്യമായ പരിപാലന പ്രവൃത്തികൾ നടത്താൻ സമഗ്ര പദ്ധതി നടപ്പാക്കും. ഇതിനായി മുഴുവൻ പഞ്ചായത്തുകളിലും സാങ്കേതിക സമിതി യോഗങ്ങളും ആസൂത്രണവും ആക്ഷൻ പ്ലാൻ തയ്യാറാക്കലും നടത്തും.
ജില്ലയിലെ പഞ്ചായത്ത് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ശിൽപ്പശാല നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി സുരേന്ദ്രൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ സജീവൻ, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ, എഞ്ചിനീയർ സി ആർ ആതിര എന്നിവർ നേതൃത്വം നൽകി.


കയർ ഭൂവസ്ത്ര വിതാനം; സെമിനാർ സംഘടിപ്പിച്ചു
കണ്ണൂർ കയർ പ്രൊജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ കയർ ഭൂവസ്ത്ര വിതാനം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഒക്ടോബർ 14ന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു. സെമിനാറിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾ പങ്കെടുത്തു. കയർ ഭൂവസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ച് കയർ ഫെഡ് മാർക്കറ്റിംഗ് മാനേജർ ശ്രീവർധൻ നമ്പൂതിരിയും തൊഴിലുറപ്പ് പദ്ധതിയിലൂടെ കയർ ഭൂവസ്ത്രം എങ്ങനെ നടപ്പാക്കാം എന്ന വിഷയത്തിൽ ഇരിട്ടി ബ്ലോക്ക് ജോയിന്റ് ബി ഡി ഒ പി ദിവാകരനും ക്ലാസെടുത്തു. ബി ഡി ഒ ആർ സജീവൻ, കയർ പ്രൊജക്ട് ഓഫീസർ കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.


സ്നേഹത്തിന്റെ മധുരം പകർന്ന് സാന്ത്വന സദസ്
അന്തേവാസികൾക്ക് സ്നേഹത്തിന്റെ മധുരം പകർന്ന് കുടുംബശ്രീ ജില്ലാമിഷന്റെ സാന്ത്വന സദസ്. സ്നേഹിതാ ജൻഡർ ഹെൽപ്പ് ഡസ്‌ക്, അഴീക്കോട് ഗ്രാമപഞ്ചായത്ത് സിഡിഎസ്, ജിആർസി എന്നിവയുടെ സഹകരണത്തോടെയാണ് അഴീക്കോടെ ഗവ. വൃദ്ധ സദനത്തിൽ വയോജന സദസ് നടത്തിയത്.
നാടൻ പാട്ടുകളിലൂടെയും കവിതകളിലൂടെയും വയോജനങ്ങളോട് സംവദിച്ചപ്പോൾ അവർക്കത് പുത്തനുണർവ്വായി. അധ്യാപകനായ കെ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പാട്ടുകൾ അവതരിപ്പിച്ചത്. വയോജനങ്ങൾ ആടിയും പാടിയും ഇവർക്കൊപ്പംകൂടി.
ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി സരള ഉദ്ഘടനം ചെയ്തു . അഴീക്കോട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു . കുടുംബശ്രീ അഴീക്കോട് സി ഡി എസ് ചെയർപേഴ്സൺ സി പി പ്രീത, വൈസ് ചെയർപേഴ്സൺ സനില, വൃദ്ധസദനം സീനിയർ സൂപ്രണ്ട് ടി കെ നാസർ, സ്നേഹിത സ്റ്റാഫ് എം എസ് സൗമ്യ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് അഴീക്കോട് നടന്നത്. വിവിധ തദ്ദേശസ്ഥാപന പരിധികളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വയോജന സദസുകൾ നടക്കും.

സഹകരണ പരിശീലന കേന്ദ്രത്തിൽ തത്സമയ പ്രവേശനം
സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എംബിഎ ഫുൾടൈം 2022-24 ബാച്ചിലേക്കുള്ള തത്സമയ പ്രവേശനം ഒക്ടോബർ 17ന് നടക്കും. കണ്ണൂർ ചേനോളി ജംഗ്ഷനിലെ സഹകരണ പരിശീലന കേന്ദ്രത്തിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയാണ് തത്സമയ പ്രവേശനം നടക്കുക. 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതേവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും സീറ്റ് സംവരണം ലഭിക്കും. എസ് സി/എസ് ടി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 9447002106, 8547618290.


കാർഷിക യന്ത്രോപകരണ അറ്റകുറ്റപ്പണി: സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം കാർഷിക യന്ത്രോപകരണ അറ്റകുറ്റപ്പണിയിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വാഹന അറ്റകുറ്റപ്പണിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർ, വർക്ക് ഷോപ്പ് ജീവനക്കാർ, യന്ത്രങ്ങൾ നന്നാക്കുന്നവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. ട്രാക്ടർ അനുബന്ധ ഉപകരണങ്ങൾ, പവർടില്ലർ, ഗാർഡൻ ട്രില്ലർ, പമ്പ്സെറ്റ് എന്നിവയുടെ അറ്റകുറ്റപണികളിലാണ് പരിശീലനം.
അപേക്ഷഫോറം ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മാർഗ്ഗമോ പാലയാടിൽ പ്രവർത്തിക്കുന്ന കോക്കനട്ട് നഴ്സറി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയത്തിൽ ഒക്ടോബർ 31 നകം സമർപ്പിക്കണം. ഫോൺ: 9383472051, 9383472050.

കോഴിക്കോട് കായിക വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു; കോളേജിൽ സംഘർഷം
 കായികാധ്യാപകന്റെ പീഡനത്തിൽ മനം നൊന്ത് ഈസ്റ്റ് ഹിൽ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോളേജിൽ വിദ്യാർഥികൾ പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി. അധ്യാപകനെ മുറയിൽ അടച്ചിട്ട വിദ്യാർഥികൾ പുറത്തിരുന്ന് പ്രതിഷേധിക്കുകയാണ്.
വിദ്യാർഥിയുമായി ബന്ധപ്പെട്ട പരാതി അധ്യാപകൻ രക്ഷിതാക്കളെ അറിയിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് വിദ്യാർഥികളുടെ പരാതി. ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിയെ സഹപാഠികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

കൊച്ചുവേളിയിൽ ട്രെയിൻ എൻജിൻ പാളംതെറ്റി


കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെ എൻജിൻ പാളംതെറ്റി. വെള്ളിയാഴ്ച പുലർച്ചെ 2.45 ഓടെയാണ് സംഭവം. ഓൾസെയിന്റ് കോളേജിന് സമീപമാണ് പാളംതെറ്റിയത്. ആർക്കും പരിക്കില്ല. ഇലക്ട്രിക്ലൈൻ മാസ്റ്റിന് കേടുപാട് സംഭവിച്ചു.
കൊച്ചുവേളിയിൽനിന്നുള്ള ട്രെയിൻസർവീസുകളെ ബാധിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്നുള്ള ന്യൂഡൽഹി കേരള എക്സ്പ്രസും വൈകി. എൻജിൻ പാളത്തിൽനിന്ന് ഏറെ വെളിയിലേക്ക് പോയതിനാൽ വൈകിട്ടോടെയാണ് ഉയർത്താനായത്. റെയിൽവേ അന്വേഷണം ആരംഭിച്ചു.

ആശാരി മൊട്ട കുന്നുടിച്ചു മണ്ണ് എടുക്കുന്നു

കടമ്പുർ വില്ലജ് ജുക്കിസ് പാർക്ക് റോഡ് ആശാരി മൊട്ട കുന്നുടിച്ചു മണ്ണ് എടുക്കുന്നു. പലതവണ തടഞ്ഞിട്ടും ഇന്നും കുന്നിടിക്കൽ തുടർന്നു. പരാതിയെ തുടർന്ന് വില്ലേത് ഓഫീസറെത്തി പ്രവൃത്തി തടഞ്ഞു. എന്നാൽ ഇവർക്കെതിരെ നടപടി ഒന്നും സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.

മട്ടന്നൂർ സബ്ബ് ജില്ലാ സ്‌കൂൾ കലോൽസവം കൂടാളി ഹയർസെക്കന്ററി സ്‌കൂളിൽ 

മട്ടന്നൂർ സബ്ബ് ജില്ലാ സ്‌കൂൾ കലോൽസവം കൂടാളി ഹയർസെക്കന്ററി സ്‌കൂളിൽ നടക്കും. നവംബർ രണ്ടാം വാരമാണ് കലോൽസവം. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം രതീഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ ഉദ്ഘാടനം ചെയ്തു. എഇഒ ബാബു മാസ്റ്റർ പദ്ധതി വിശദീകരിച്ചു, ജനപ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, പൂർവ്വ അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

 

കണ്ണൂരിൽ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

കണ്ണൂർ> അന്തർസംസ്ഥാന പാതയിലെ കൊട്ടിയൂർ പാൽചുരത്തിൽ ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ലോറി ഡ്രൈവറുടെ സഹായിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. കര്‍ണാടകയില്‍ നിന്ന് പച്ചക്കറികളുമായി വന്ന ലോറിയാണ് മറിഞ്ഞത്. ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

 

ഹിജാബ് കേസ് വിശാല ബെഞ്ചിന് ; ഡിവിഷൻ ബെഞ്ചിൽ ഭിന്നവിധി


കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു.ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ചിൽ ഭിന്നവിധി വന്നതോടെയാണ് വിശാല ബെഞ്ചിന് വിട്ടത്. ഹർജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാരും പ്രത്യേകമാണ് വിധി പറഞ്ഞത്. ഹിജാബിന് വിലക്കേർപ്പെടുത്തിയ കർണാടക ഹൈക്കോടതി വിധി ജസ്റ്റിസ് ഹേമന്ത് ഗൂപ്ത ശരിവെച്ചു. എന്നാൽ ജസ്റ്റിസ് സുധാൻഷു ധൂലിയ വിധി റദ്ദാക്കുകയായിരുന്നു.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് നിരോധനം അനുവദിക്കുന്നുവെന്നും ഹിജാബ് ധരിക്കൽ ഇസ്ലാമിൽ നിർബന്ധമായ കാര്യമല്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വ്യക്തമാക്കി.എന്നാൽ കർണാടക ഹൈക്കോടതി തെറ്റായ പാതയാണ് സ്വീകരിച്ചതെന്ന് ജസ്റ്റിസ് ധൂലിയ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയിരുന്നത്. വിദ്യാർത്ഥിനികളും വിവിധ സംഘടനകളുമാണ് അപ്പീൽ നൽകിയത്.

ആറിനം സംയുക്ത കർമ്മപദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ആറു പദ്ധതികൾ നടപ്പാക്കാൻ ജില്ലാ പഞ്ചായത്ത്. സ്ത്രീപദവി പഠനം, ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം, സ്മാർട്ട് ഐ, പത്താമുദയം, കണ്ണൂർ വിവര സഞ്ചയിക, കണ്ണൂർ ഫൈറ്റ് കാൻസർ എന്നിവയാണ് ജില്ലാതല സംയുക്ത പദ്ധതികളായി നടപ്പിലാക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോർപറേഷൻ, നഗരസഭകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് മേൽനോട്ടം വഹിക്കും. സ്ത്രീപദവി പഠനത്തിനായി കിലയുടെ നേതൃത്വത്തിൽ ഒക്ടോബർ 18ന് പരിശീലന പരിപാടി നടത്തും. തുടർന്ന് പൊതുചോദ്യാവലി തയ്യാറാക്കി സർവേക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറും. ഇതിനായി ഒരു കോടി രൂപ ആസൂത്രണ സമിതി മാറ്റിവെച്ചിട്ടുണ്ട്.
വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് 'ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം' പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണം, വിവിധ തലങ്ങളിൽ ഹ്രസ്യ ചിത്രങ്ങൾ/മൊബൈൽ വീഡിയോഗ്രാഫി മത്സരങ്ങൾ, ജില്ലാതല ട്രോൾമേക്കിങ് മത്സരങ്ങൾ, വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി നാടക/ സ്‌കിറ്റ് മത്സരങ്ങൾ നടത്തും. പ്രധാനപ്പെട്ട കവലകളിലും പ്രദേശങ്ങളിലും പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ബോർഡുകളും സ്ഥാപിക്കും. ക്യാംപയിന്റെ ഭാഗമായി പഞ്ചായത്തിലെ വാർഡുകളിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് ലഹരി വിരുദ്ധ നിരീക്ഷണം ശക്തമാക്കുമെന്നും പിപി ദിവ്യ പറഞ്ഞു. നഗരങ്ങളിലെ കടകളിൽ നിന്ന് ലഹരിഉൽപന്നങ്ങൾ പിടികൂടിയാൽ ഇനി കടയുടെ ലൈസൻസ് റദ്ദാക്കുമെന്നും അവർ പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പിടികൂടാനാണ് തദ്ദേശ സ്ഥാപനങ്ങളിൽ 'സ്മാർട്ട് ഐ' പദ്ധതി നടപ്പാക്കുന്നത്. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ചുരുങ്ങിയത് അഞ്ചിടങ്ങളിലെങ്കിലും സിസിടിവി സ്ഥാപിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം തുറന്ന് നിരീക്ഷിക്കും. കണ്ണൂർ ഗവ. എഞ്ചിനിയറിങ് കോളജാണ് പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നത്.
ജില്ലയിലെ 17നും 50നും ഇടയിലുള്ള എല്ലാവരെയും അഞ്ചുവർഷം കൊണ്ട് പത്താംതരം വിദ്യാഭ്യാസമുള്ളവരാക്കി മാറ്റുക, ജില്ലയെ സമ്പൂർണ സെക്കൻഡറി വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യ ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 'പത്താമുദയം' പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 10 മാസം നീളുന്ന പരിശീലന പരിപാടി നടത്തും.
ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും സമഗ്ര വിവര ശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് 'കണ്ണൂർ വിവര സഞ്ചയിക' പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയും ക്രോഡീകരിച്ച് ഓൺലൈൻ സംവിധാനത്തിലൂടെ ഏതു സമയത്തും ലഭിക്കുന്ന രീതിയിൽ വെബ് അധിഷ്ഠിതമായി ക്രമീകരിക്കുകായും ചെയ്യും. ഒക്ടോബറിൽ തുടങ്ങി 2023 ഫെബ്രുവരിയോടെ പദ്ധതി പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്.
കാൻസർ രോഗത്തെ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സക്കായുള്ള സമഗ്ര പരിപാടികൾ ആവിഷ്‌കരിക്കുക ലക്ഷ്യത്തോടെയാണ് 'കണ്ണൂർ ഫൈറ്റ് കാൻസർ' പദ്ധതി നടപ്പാക്കുന്നത്. തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ആശവർക്കർ, ജെപിഎച്ച്എൻ, ജൂനിയർ ഹെൽത്ത്ഇൻസ്‌പെക്ടർ എന്നിവരെ ഉൾപ്പെടുത്തി വാർഡ് തലങ്ങളിൽ സർവേയും ക്യാംപുകളും നടത്തും. പിഎച്ച്‌സി, എഫ്എച്ച്എസി വഴി കാൻസർ ഡിറ്റക്ഷൻ ക്ലിനിക്കുകൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ആറു പദ്ധതികൾ നടപ്പാക്കുന്നതോടെ മികച്ച ജില്ലയാക്കി കണ്ണൂരിനെ മാറ്റാനാകുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശനും പങ്കെടുത്തു.


കെ റെയിൽ അല്ല കൊ റെയിൽ; മനോരമയുടെ നുണ പൊളിച്ച് കെ റെയിൽ കോർപ്പറേഷൻ

കെ റെയിൽ എന്ന പേര് ദക്ഷിണ കൊറിയയിൽ നിന്നും മോഷ്ടിച്ചതാണെ മനോരമ വാർത്തയ്‌ക്കെതിരെ കെ റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ. ഠവല ഗീൃലമ ഞമശഹൃീമറ ഇീൃുീൃമശേീി ഗഛഞഅകഘ (കൊ റെയിൽ) എന്നാണ് അല്ലാതെ കെ റെയിൽ അല്ല. കെ റെയിൽ മെയ്ഡ് ഇൻ കൊറിയ അല്ല മെയ്ഡ് ഇൻ കേരളം ആണെന്ന് ഔദ്യോ?ഗിക ഫെയ്സ്ബുക്ക് പേജിലൂടെ കെ റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ വ്യക്തമാക്കി.
വായനക്കാരെ രസിപ്പിക്കുന്നതിന് വേണ്ടി എഴുതുമ്പോൾ വസ്തുതാപരമായ തെറ്റുകൾ പ്രചരിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. വായനക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള പത്രം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നും കുറിപ്പിൽ പറയുന്നു.


കണ്ണൂർ പോസ്റ്റ് മെട്രിക് ബോയ്‌സ് ഹോസ്റ്റലിന് ഇനി പുതിയ കെട്ടിടം

കണ്ണൂർ താണയിൽ പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കായുള്ള പോസ്റ്റ് മെട്രിക് ബോയ്‌സ് ഹോസ്റ്റലിന്റെ നിർമാണ പ്രവൃത്തി പൂർത്തിയായി. പട്ടികജാതി വികസന വകുപ്പിന് കീഴിൽ താണയിലെ പഴയ ഹോസ്റ്റലിനു സമീപമാണ് പുതിയകെട്ടിടം നിർമിച്ചത്. ഉദ്ഘാടനം ഒക്ടോബർ 24ന് പട്ടികജാതി-പട്ടികവർഗക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും.

ഉദ്ഘാടനം കഴിയുന്നതോടെ പഴയ കെട്ടിടത്തിൽ താമസിക്കുന്ന വിദ്യാർഥികൾ പുതിയ കെട്ടിടത്തിലേക്ക് മാറും. ജില്ലയിലെ ഏക പോസ്റ്റ് മെട്രിക് ഹോസ്റ്റലാണിത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബിരുദം, ബിരുദാന്തര ബിരുദം, മറ്റു ടെക്‌നിക്കൽ കോഴ്‌സുകൾക്ക് പോകുന്ന പട്ടിക ജാതി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്കായാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. നേരത്തെയുള്ള കെട്ടിടം കാലപ്പഴക്കം കാരണം പഴകിയതോടെ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് പുതിയ കെട്ടിടത്തിന് കിഫ്ബിയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ അനുവദിക്കുകയായിരുന്നു.
2018ൽ ഫണ്ട് അനുവദിച്ചെങ്കിലും കൊവിഡ് കാരണം നിർമാണ പ്രവൃത്തി നീണ്ടു. പുതിയ കെട്ടിടത്തിൽ മൂന്നു നിലകളിലായി ഒമ്പത് കിടപ്പു മുറികൾ, വിനോദം, വായന, രോഗ ശുശ്രൂഷ എന്നിവക്കുള്ള സ്ഥലം, വാർഡനും സന്ദർശകർക്കുമുള്ള മുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിംഗ് സ്ഥലം, ഭക്ഷണശാല, അടുക്കള എന്നിവയും സജീകരിച്ചിട്ടുണ്ട്. ഭാവിയിൽ സോളാർ പാനൽ, ലിഫ്റ്റ് എന്നിവ സ്ഥാപിക്കാനുള്ള സൗകര്യവുമുണ്ട്. 33 പേരാണ് നിലവിൽ ഇവിടെ താമസിക്കുന്നത്. പുതിയ ഹോസ്റ്റലിൽ 60 പേർക്ക് താമസിക്കാനാകും. താമസവും ഭക്ഷണവും സൗജന്യമാണ്. കൂടാതെ പ്രതിമാസം കോളേജിലേക്കുള്ള യാത്രാ ചെലവ്, വീടുകളിലേക്കുള്ള യാത്രാ ചെലവ് എന്നിവയും സർക്കാർ നൽകുന്നുണ്ട്. കണ്ണൂരിന് പുറമെ മലപ്പുറം, കോഴിക്കോട്, കാസർകോട്, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഈ ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്.

ചൊക്ലി ഗവ. കോളേജിൽ കോടിയേരി അനുസ്മരണം ഒക്ടോബർ 17ന്
ചൊക്ലി ഗവ. കോളേജ് സ്ഥാപക എം എൽ എ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം ഒക്ടോബർ 17ന് രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഡോ. പി ജെ വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തും.

സൈക്കിൾ യാത്രക്കാർ ശ്രദ്ധിക്കണം
രാത്രി കാലങ്ങളിൽ സൈക്കിൾ യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ റീജിയണൽ ട്രാൻസ്‌പോട്ട് ഓഫീസർ അറിയിച്ചു. സൈക്കിൾ യാത്രക്കാർ രാത്രി കാലങ്ങളിൽ കൂടുതലായി റോഡപകടങ്ങളിൽപ്പെടുന്ന സാഹചര്യത്തിലാണ് നിർദേശം.
യാത്ര ചെയ്യുമ്പോൾ സൈക്കിളിൽ നിർബന്ധമായും റിഫ്‌ളകടറുകൾ ഘടിപ്പിക്കുകയും മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഹെൽമറ്റ്, റിഫ്‌ളക്ടീവ് ജാക്കറ്റ് എന്നിവ നിർബന്ധമായും ധരിക്കണം. അമിത വേഗതയിൽ സൈക്കിൾ സവാരി നടത്തരുത്. സൈക്കിൾ പൂർണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകൾ ഇല്ലെന്നും ഉറപ്പാക്കണം.

ശിശുക്ഷേമ സമിതിയുടെ ലഹരിവിരുദ്ധ ക്യാമ്പയിൻ
വർധിച്ചു വരുന്ന ലഹരി മരുന്ന് ഉപയോഗത്തിനെതിരെ ശിശുക്ഷേമ സമിതി ക്യാമ്പയിൻ നടത്തും. എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ശിശുക്ഷേമ സമിതി വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.
സ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തി മയക്ക് മരുന്നുകൾക്കെതിരെ സ്‌കിറ്റ് മത്സരം സംഘടിപ്പിക്കും. പൊതു ഇടങ്ങളിലാണ് സ്‌കിറ്റ് അവതരിപ്പിക്കുക. ഇതിൽ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരെ പങ്കെടുപ്പിക്കും. നവംബർ 14ന് ഈ വർഷത്തെ ശിശുദിനം വിപുലമായി ആഘോഷിക്കും. സ്‌കൗട്ട് ആന്റ് ഗെയ്ഡ്‌സ്, എസ് പി സി, റെഡ്‌ക്രോസ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ശിശുദിന റാലിയും വിവിധ മത്സരങ്ങളും നടത്തും. 2020-21, 2021-22 വർഷത്തെ വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും യോഗം അംഗീകരിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഴീക്കോടൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി സുമേശൻ, വൈസ് പ്രസിഡണ്ട് മുടപ്പത്തി നാരായണൻ, ട്രഷറർ, കെ എം രസിൽരാജ് എന്നിവർ സംസാരിച്ചു.

അപേക്ഷ ക്ഷണിച്ചു
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്‌റു (വായ്പ തുക 100000 രൂപ വരെ, സബ്‌സിഡി 20 ശതമാനം), മൾട്ടി പർപ്പസ് ജോബ് ക്ലബ് (വായ്പ തുക 1000000 രൂപ വരെ, സബ്‌സിഡി 25 ശതമാനം) എന്നീ സ്വയം തൊഴിൽ പദ്ധതികൾക്കായി മട്ടന്നൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകക്കും അപേക്ഷ സമർപ്പിക്കാനും മട്ടന്നൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടുക. ഫോൺ: 0490 2474700.

സ്‌കിൽ ലോൺ മേള
കാനറ ബാങ്ക് അസാപ് കേരളയുമായി സഹകരിച്ച് വിദ്യാർഥികൾക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാർഥികൾക്കും സ്‌കിൽ ലോൺ നൽകുന്നു. നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കുമാണ് വായ്പ. 5000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് നൈപുണ്യ വായ്പ തുക. കോഴ്‌സ് കാലയളവിലും തുടർന്നുള്ള ആറ് മാസവും മൊറട്ടോറിയവും മൂന്നു വർഷം മുതൽ ഏഴു വർഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ടാകും.
ഇതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 14ന് കൃഷ്ണമേനോൻ സ്മാരക ഗവ. വിമൻസ് കോളേജിൽ സ്‌കിൽ ലോൺ മേള നടക്കും. അസാപ് കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കും എൻ എസ് ക്യൂ എഫ്/എൻ എസ് ഡി സി അംഗീകാരമുള്ള മറ്റു കോഴ്സുകൾക്കും ലോൺ ലഭിക്കും. ഫോൺ: 7907828369, 9495999627.

നെഹ്‌റു യുവകേന്ദ്ര യുവ ഉത്സവ് 2022
നെഹ്‌റു യുവകേന്ദ്ര കണ്ണൂരിന്റെ നേതൃത്വത്തിൽ എസ്.എൻ കോളേജിൽ സംഘടിപ്പിച്ച യുവ ഉത്സവ് 2022 എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടർ മിഷാൽ സാഗർ ഭരത് അദ്ധ്യക്ഷത വഹിച്ചു. യുവ ജനങ്ങളുടെ കല സാംസ്‌കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. യുവാക്കൾക്കായി കവിതാ രചന, പ്രസംഗമത്സരം, ഫോട്ടോഗ്രഫി, പെയിന്റിംഗ്, യുവ സംവാദ്, നാടോടിനൃത്തം ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം.
ചിത്രരചനാ മത്സരത്തിൽ അക്ഷയ ഷമീർ ഒന്നാം സ്ഥാനവും ആദിത് രാജേഷ് രണ്ടാം സ്ഥാനവും അഭിജിത്ത് എ.പി മൂന്നാം സ്ഥാനവും നേടി. പ്രസംഗ മത്സരത്തിൽ മുഹമദ് ബിലാൽ ഒന്നാം സ്ഥാനവും കാജൾ സജീവൻ രണ്ടാം സ്ഥാനവും വൈഷ്ണവി വിജയൻ മൂന്നാം സ്ഥാനവും നേടി. കവിതാ രചനയിൽ നിഖിൽ വി ഒന്നാം സ്ഥാനവും അജ്ഞന വി രണ്ടാം സ്ഥാനവും അഭിരാമി. വി ടി മൂന്നാം സ്ഥാനവും നേടി. ഫോട്ടോഗ്രാഫി മത്സരത്തിൽ അനുഗ്രഹ് എം ഒന്നാം സ്ഥാനവും നന്ദന വി. ആർ രണ്ടാം സ്ഥാനവും അഫ്‌നാൻ മൂന്നാം സ്ഥാനവും നേടി .നാടോടി നൃത്തത്തിൽ ചിന്മയ ആർട്‌സ് & സയൻസ് കോളേജ് ഫോർ വുമൺസ് ഒന്നാം സ്ഥാനവും കണ്ണൂർ എസ്സ് എൻ കോളേജ് രണ്ടാം സ്ഥാനവും നേടി . ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടിയവർ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല യുവ ഉത്സവിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും.
സമാപനചടങ്ങ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോ ഉദ്ഘാടനം ചെയ്തു. പ്രസംഗ മത്സര വിജയികൾക്ക് സമ്മാനത്തുകയായി യഥാക്രമം 5000,2000,1000 രൂപയും പ്രശക്തിപത്രവും നാടോടിനൃത്തം മത്സര വിജയികൾക്ക് സമ്മാനത്തുകയായി യഥാക്രമം 5000,2500,1250 രൂപയും പ്രശസ്തി പത്രവും കവിത രചന, മൊബൈൽ ഫോട്ടോഗ്രഫി, ജല ചായ മത്സരങ്ങൾക് സമ്മാനത്തുകയായി യഥാക്രമം 1000,750,500 രൂപയും പ്രശസ്തി പത്രവും യുവ സംവാദ് പരുപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച 4 പേർക് 1500 രൂപയും പ്രശസ്തി പത്രവും നൽകി . മത്സരങ്ങൾക്കു പുറമെ വിവിധ ക്ലബ്ബുകളിൽ നിന്നും കളരി, ചരട് കെട്ടി കളി എന്നിവയും അരങ്ങേരി. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ രമ്യ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, യുവജനക്ഷേമ ബോർഡ് ഓഫീസർ പ്രസീത കെ, എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ. കെ അജയകുമാർ ,നെഹ്‌റു യുവകേന്ദ്ര എ.പി.എസ് ടി എം അന്നമ്മ എന്നിവർ സംസാരിച്ചു.


മെട്രോ രണ്ടാംഘട്ടം 28 മാസത്തിനുള്ളിൽ പൂർത്തിയാക്കും: ലോക്നാഥ് ബെഹ്‌റ 
മെട്രോ രണ്ടാംഘട്ടം 28 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്‌റ. ഒരേസമയം പല ജോലികൾ നിർവഹിക്കുകയെന്ന ആശയമാണ് നടപ്പാക്കുക. ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് രാംകോ സിമന്റ്സുമായി ചേർന്ന് 'കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മാരിയറ്റിൽ നടന്ന പരിപാടിയിൽ എ അനിൽകുമാർ പിള്ള മോഡറേറ്ററായി. കേശവ ചന്ദ്രൻ, ജോസ് കുര്യൻ, വി സുരേഷ്, ഡോ. അനിൽ ജോസഫ്, എസ് സുരേഷ് എന്നിവർ പങ്കെടുത്തു. നിർമാണ മേഖലയിലെ സുസ്ഥിരതയുടെ പ്രാധാന്യം, ഹരിത നിർമിതിയ്ക്ക് സാമഗ്രികൾ ലഭ്യമാകാനുള്ള ബുദ്ധിമുട്ട്, ഭാവിയിലെ അടിസ്ഥാന സൗകര്യ വികസനം, നിർമാണത്തിൽ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ ചർച്ചയിൽ ഉയർന്നുവന്നു.


നരബലി: 3 പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു, ആളൂരിന്റെ വാദങ്ങൾ ഏശിയില്ല,

 


ഇലന്തൂർ ഇരട്ട നരബലി കേസിൽ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പന്ത്രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനായി 22 കാരണങ്ങളും പ്രോസിക്യൂഷൻ അവതരിപ്പിച്ചു. ഈ വാദം അംഗീകരിച്ചാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പ്രകാരം 12 ദിവസത്തെ പൊലീസ് കസ്റ്റഡി കോടതി അനുവദിച്ചത്. പ്രതികളെ പൊലീസ് ഭീഷണിപ്പെടുത്തി, നിർബന്ധിച്ച് മൊഴി കൊടുപ്പിച്ചു എന്നിവയായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. കൊല്ലപ്പെട്ട പത്മയെ തട്ടിക്കൊണ്ടുപോയതല്ല, അവർ സ്വമേധയാ ഷാഫിക്കൊപ്പം പോയാതാണെന്ന വാദവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ആളൂർ ഉന്നയിച്ചു. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിലല്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഈ വാദങ്ങൾ തള്ളിയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്. മൂന്ന് പ്രതികളുടെയും മുഖം മറച്ചേ തെളിവെടുപ്പിന് കൊണ്ടു പോകാവു എന്ന നിബന്ധന മാത്രമാണ് കോടതി മുന്നോട്ടു വച്ചത്.


ശ്രീകണ്ഠാപുരം റാഗിങ്; അടിയേറ്റ സ്‌കൂൾ വിദ്യാർഥിക്ക് കേൾവി ശക്തി കുറഞ്ഞു


ശ്രീകണ്ഠപുരത്ത് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കേൾവി ശക്തി കുറഞ്ഞു. പത്തു ദിവസങ്ങൾക്കു മുമ്പ് ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. അക്രമത്തിൽ ഒന്നിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റിരുന്നു എന്നാൽ ഒരു വിദ്യാർഥിയുടെ കേൾവി ശക്തിയാണ് ഭാഗികമായി നഷ്ടപ്പെട്ടത്.
പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടമായെത്തി വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽ പ്ലസ് വൺ വിദ്യാർത്ഥി ചികിത്സതേടി. മർദ്ദിക്കുന്നത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറംലോകമറിയുന്നത്.


കണ്ണൂർ ജവഹർ സ്റ്റേഡിയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറോഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി

 

 കണ്ണൂർ ജവഹർ സ്റ്റേഡിയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറോഷൻ ഓഫീസിലേക്ക് കായിക താരങ്ങളും നാട്ടുകാരും മാർച്ച് നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എസ്എൻ കോളേജ് പ്രിൻസിപ്പൾ പി അജയൻ, വിപി പവിത്രൻ, എകെ നാസ്സർ, പിപി ബിനീഷ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റേഡിയം നവീകരണത്തിന് കിഫ്ബിയിൽ നിന്ന് 13 കോടി രൂപ അനുവദിച്ചെങ്കിലും സാങ്കേതികത്വം പറഞ്ഞ് ഇത് ഉപയോഗിക്കാൻ കോർപ്പറേഷൻ തയ്യാറായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് മാർച്ച്

ക്യാൻസർ ബോധവൽക്കരണ ക്ലാസ്

മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ കൂടാളി പൊതുജന വായനശാല & ഗ്രന്ഥാലയത്തിൽ വനിത വേദിയുടെ ആഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.മലബാർ ക്യാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോക്റ്റർ ഹർഷ ഗംഗാധരൻ ക്ലാസ് എടുത്തു.വായനശാല പ്രസിഡന്റ് പി.കെ വേണുഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ പരിപാടി ഉത്ഘാടനം ചെയ്തു.വനിതവേദി കൺവീനർ പി പ്രഭാവതി, കൂടാളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴസൺ എം വസന്ത ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി ജലജ, ടി മഞ്ജുള, വായനശാല സിക്രട്ടറി പി കരുണാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

 

 

 

 


കൊച്ചിയിൽ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടു; നരബലിയെന്ന് സംശയം


കൊച്ചിയിൽ നിന്നും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതി പിടിയിൽ.സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.കൊച്ചി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്നാണു വിവരം.
മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദുമാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. സംഭവം നരബലിയാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
കടവന്ത്രയിലെ സ്ത്രീയെ കാണാതായ സംഭവത്തിലെ അന്വേഷണം തിരുവല്ലയിലേക്ക് നീങ്ങിയതോടെ കാലടിയിൽ നിന്നുള്ള മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തുകയായിരുന്നു. ഇവരിൽ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ആരുടേതാണ് മൃതദേഹമെന്ന് വ്യക്തമല്ല. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. വീടിന്റെ പുറകുവശത്താണ് കുഴിച്ചിട്ടത്.ലോട്ടറി വിൽപ്പനക്കാരിയായിരുന്ന റോസ്ലിയെ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഏജന്റ് കബളിപ്പിച്ച് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. അശ്ലീല സിനിമയിൽ അഭിനയിക്കാൻ എന്ന് പറഞ്ഞായിരുന്നു പണം വാഗ്ദാനം ചെയ്തതെന്നും പൊലീസ് പറഞ്ഞു
തൃശൂർ വടക്കഞ്ചേരി സ്വദേശിനി റോസ്ലി കാലടിയിൽ ലോട്ടറി കച്ചവടം നടത്തി വരവെയാണ് ഏജന്റ് മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്ലിയെ കട്ടിലിൽ കെട്ടിയിട്ട് തലയ്ക്കടിച്ചു. പിന്നീട് ലൈലയാണ് ആദ്യം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയതെന്നും പൊലീസ് പ്രതികരിച്ചു.
'ലൈലയാണ് റോസ്ലിയുടെ ശരീരത്തിൽ ആദ്യം മുറിവുകൾ ഉണ്ടാക്കിയത്. ശേഷം സ്വകാര്യ ഭാഗത്ത് കത്തി ഉപയോഗിച്ച് കുത്തി. ആ രക്തം വീട്ടിൽ തളിച്ചു. ഇതിലൂടെ വീട്ടിൽ ഐശ്വര്യമുണ്ടാകുമെന്നായിരുന്നു മുഹമ്മദ് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചത്', പൊലീസ് പറഞ്ഞു.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂ.
കടവന്ത്ര പൊലീസിൽ സെപ്തംബർ 26 നു രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പോലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകൾ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങൾ എന്ന് പ്രതികൾ മൊഴിനൽകിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസിൽ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലിൽ എത്തിയത്.
സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ തിരിച്ചറിയാനും പൊതു ശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം.
ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

 കേന്ദ്ര സർക്കാർ ജോലിക്ക് ഹിന്ദി; ഡിവൈഎഫ്ഐ യുവജന പ്രതിഷേധം സംഘടിപ്പിക്കും

ഹിന്ദി ഭാഷ അറിയാത്തവർക്ക് കേന്ദ്ര സർക്കാർ ജോലി നൽകരുതെന്ന അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച ശുപാർശകൾ രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും ഹനിച്ച് നാനാത്വത്തിൽ ഏകത്വമെന്ന മാനവികമായ കാഴ്ച്ചപ്പാടിനെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരായി നാളെ യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
കേന്ദ്ര റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ഹിന്ദിയിൽ മാത്രമാക്കാനും ഹിന്ദി അറിയുന്നവർക്ക് മാത്രമായി കേന്ദ്ര സർക്കാർ ജോലി പരിമിതപ്പെടുത്താനും നിർദ്ദേശമുണ്ട്. കേന്ദ്ര സർക്കാർ കത്തിടപാടും ഓഫീസ് പ്രവർത്തനവും ഹിന്ദി ഭാഷയിലേക്ക് മാറ്റുകയും കേന്ദ്ര സർവ്വകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും ഹിന്ദി മീഡിയം മാത്രമാക്കുക തുടങ്ങി ഭാഷാ പരമായ വേർതിരിവ് സൃഷ്ടിക്കുന്ന 112 ശുപാർശകളാണ് സമിതി നൽകിയിരിക്കുന്നത്.

യുവതിയുടെ പരാതി; എൽദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന യുവതിയുടെ പരാതിയിൽ കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, അതിക്രമിച്ച് കടന്നുകളഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയാണ് വകുപ്പുകൾ. കോവളം പൊലീസാണ് കേസെടുത്തത്. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. പരാതിക്കാരിയുടെ മൊഴി പൂർണമായും എടുക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൊഴിയെടുക്കുന്നതിനിടെ പരാതിക്കാരി സ്റ്റേഷനിൽ കുഴഞ്ഞുവീണിരുന്നു.

 ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ നവംബർ 9ന്

ദില്ലി: ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. തന്റെ പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ചു കൊണ്ടുള്ള ശുപാർശ ചീഫ് ജസ്റ്റിസ് യു.യു.ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി. ശുപാർശയുടെ പകർപ്പ് നിയുക്ത ചീഫ് ജസ്റ്റിസിന് രാവിലെ പത്തേ കാലിന് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചിൽ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ വച്ച് ചീഫ് ജസ്റ്റിസ് യു.യു. ലളിത് കൈമാറി. നവംബർ 9ന് ജസ്റ്റിസ് ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസാണ് ജ. ഡി.വൈ.ചന്ദ്രചൂഡ്. 2024 നവംബർ പത്തിന് വിരമിക്കുന്ന അദ്ദേഹത്തിന് രണ്ട് വർഷം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകും.

5481 കോടി രൂപ വായ്പ നൽകി കണ്ണൂർ ജില്ലയിലെ ബാങ്കുകൾ


2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജില്ലയിലെ ബാങ്കുകൾ വായ്പയായി വിതരണം ചെയ്തത് 5481 കോടി രൂപ. കാർഷിക മേഖലയിൽ 1898 കോടിയും എം എസ് എം ഇ മേഖലയിൽ 1124 കോടി രൂപയും വിതരണം ചെയ്തു. ജില്ലയിലെ ബാങ്കുകളുടെ ആകെ നിക്ഷേപം 56568 കോടിയും വായ്പ തുക 37372 കോടി രൂപയുമാണ്. 66 ശതമാനമാണ് വായ്പ നിക്ഷേപ അനുപാതം. മുദ്ര സ്‌കീമിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7288 ഗുണഭോക്താക്കൾക്കായി 94 കോടി രൂപ വിതരണം ചെയ്തു. വിദ്യാഭ്യാസ വായ്പയായി 1509 പേർക്ക് 29 കോടിയും ഭവന വായ്പയായി 5591 അക്കൗണ്ടുകളിലായി 264 കോടിയും ജില്ലയിലെ എല്ലാ ബാങ്കുകളും ചേർന്ന് വിതരണം ചെയ്തു.
ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക് ഹാളിൽ ചേർന്ന ജില്ലാതല അവലോകന യോഗം എ ഡി എം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. മുദ്രാവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ നൽകുന്നതിൽ ബാങ്കുകൾ കൂടുതൽ ശ്രദ്ധ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കനറാ ബാങ്ക് റീജ്യണൽ മേധാവി എ യു രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ലീഡ് ബാങ്ക് മാനേജർ ടി എം രാജ്കുമാർ, ആർബിഐ പ്രതിനിധി പി അശോക്, നബാർഡ് ഡിഡിഎം ജിഷി മോൻ എന്നിവർ സംസാരിച്ചു.

 

കൊച്ചി മെട്രോയിൽ സൗജന്യ വൈഫൈ; ഇനി യാത്ര ചെയ്യുമ്പോഴും ജോലി ചെയ്യാം

 

കൊച്ചി > കൊച്ചി മെട്രോ യാത്രക്കാർക്ക് മികച്ച സേവനങ്ങൾനൽകുന്നതിന്റെ ഭാഗമായി എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈ സർവ്വീസ് ഉദ്ഘാടനം ചെയ്‌തു. ആലുവ മുതൽ എസ് എൻ ജംഗ്‌ഷൻ വരെയുളള കൊച്ചി മെട്രോയിലെ യാത്രവേളകളിൽ സൗജന്യ വൈഫൈ ഉപയോഗിച്ച് യാത്രക്കാർക്ക് ഇനി മുതൽ ജോലി ചെയ്യുകയോ വിനോദപരിപാടികൾ ആസ്വദിക്കുകയോ ചെയ്യാനാകുമെന്ന് വൈഫൈ സർവ്വീസ് ഉദ്ഘാടനം ചെയ്‌ത് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.

നിലവിൽ 4ജി നെറ്റ് വർക്കിൽ പ്രവർത്തിക്കുന്ന വൈഫൈ 5ജി എത്തുന്നതോടെ അപ്ഗ്രേഡ് ചെയ്യും. വൈഫൈ ഉപയോഗിക്കുന്നവരുടെ ഡേറ്റ സുരക്ഷിതമാക്കാനുള്ള നടപടികൾ കെഎംആർഎൽ സ്വീകരിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായാണ് യാത്രക്കാർക്ക് ഈ സേവനം ലഭ്യമാവുക.

ഡിജിറ്റൽ ഇന്ത്യ ക്യാമ്പെയിൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎംആർഎൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ്ഷോർ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.  സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കാനാകുമെന്ന വിവരങ്ങൾ എല്ലാ ട്രെയിനുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. മൊബൈലിൽ വൈഫൈ ബട്ടൺ ഓൺ ചെയ്‌തതിനു ശേഷം ‘KMRL Free Wi-Fi’ സെലക്‌റ്റ് ചെയ്‌ത് പേരും മൊബൈൽ നമ്പരും നൽകുക. അടുത്ത പടിയായി ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് യാത്രക്കാർക്ക് കൊച്ചി മെട്രോ നൽകുന്ന സൗജന്യ വൈഫൈ സർവ്വീസ് ഉപയോഗിക്കാം.

 

 

കണ്ണൂർ വിമാനത്താവളത്തിൽ ആൻറി ഹൈജാക് മോക് ഡ്രിൽ

വിമാനം തട്ടിക്കൊണ്ടുപോയാൽ സ്വീകരിക്കേണ്ട നടപടികളുടെ കാര്യക്ഷമത പരിശോധിക്കാനായി കണ്ണൂർ വിമാനത്താവളത്തിൽ ആൻറി ഹൈജാക് മോക് ഡ്രിൽ നടത്തി. കൊച്ചി-മുംബൈ വിമാനം രണ്ടു പേർ തട്ടിക്കൊണ്ടുപോയി അവരുടെ ആവശ്യപ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കുന്നതായും അതിലെ മുഴുവൻ യാത്രക്കാരെയും കൂടിയാലോചനകളിലൂടെ രക്ഷപ്പെടുത്തുന്നതായും സങ്കൽപിച്ചാണ് മോക് ഡ്രിൽ നടത്തിയത്.
ഡെപ്യൂട്ടി കലക്ടർ ജോസഫ്, വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫ് ഡെപ്യൂട്ടി കമാൻഡൻറ് അനിൽ ദോണ്ഡ്യാൽ, എൻ എസ് ജി
ക്യാപ്റ്റൻ കൃഷ്ണ, തലശ്ശേരി എസിപി നിധിൻരാജ്, കിയാൽ എക്സിക്യുട്ടീവ് ഡയറക്ടർ കെ പി ജോസ്, എയർപോർട്ട് അതോറിറ്റി എടിസി ഇൻ ചാർജ് കെ മുഹമ്മദ് ഷാഹിദ്, കിയാൽ ചീഫ് സെക്യൂരിറ്റി ഓഫീസർ എം വി വേലായുധൻ എന്നിവർ നേതൃത്വം നൽകി. കേരള ഫയർ ഫോഴ്സ്, വിവിധ സർക്കാർ വകുപ്പുകൾ, എയർലൈനുകളുടെ ജീവനക്കാർ, ബിപിസിഎൽ തുടങ്ങിയവർ പങ്കാളികളായി.

 പ്രിയമേറി കെ എസ് ആർ ടി സി വിനോദയാത്ര പാക്കേജ്; സെപ്റ്റംബറിൽ 15.80 ലക്ഷം രൂപ നേടി

ആഭ്യന്തര ടൂറിസത്തിന് പുതുമാനം നൽകിയ കണ്ണൂർ കെഎസ്ആർടിസി സർവീസുകളോട് സഞ്ചാരികൾക്ക് പ്രിയമേറുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദ യാത്രകളിലൂടെ15.80 ലക്ഷം രൂപയാണ് സെപ്റ്റംബറിൽ കെഎസ്ആർടിസിക്ക് ലഭിച്ചത്. സെപ്റ്റംബറിൽ 17 വിനോദ യാത്രകളാണ് കണ്ണൂരിൽ നിന്നു പൂർത്തിയാക്കിയത്. വയനാട്ടിലേക്കും കൊച്ചിയിലെ ആഡംബരകപ്പലായ നെഫർറ്റിറ്റിയിലേക്കും നാല് തവണയും മൂന്നാർ, വാഗമൺ കുമരകം, പൈതൽമല എന്നിവിടങ്ങളിലേക്ക് മൂന്നുതവണ വീതവും സെപ്റ്റംബറിൽ വിനോദയാത്ര പോയി. 750 സഞ്ചാരികളാണ് കഴിഞ്ഞമാസം ഇതിന്റെ ഭാഗമായത്. ചുരുങ്ങിയ ചെലവിൽ കേരളത്തിലെ ടൂറിസം പോയിന്റുകളിലൂടെ വിനോദയാത്ര സാധ്യമായതോടെയാണ് കൂടുതൽ പേർ കെ എസ് ആർ ടി സിയെ ആശ്രയിച്ചു തുടങ്ങിയത്.
ഒക്ടോബറിലെ ടൂർ പാക്കേജും കെഎസ്ആർടിസി പുറത്തിറക്കി. മൂന്നാർ, നെഫർറ്റിറ്റി ആഡംബര കപ്പൽ, വാഗമൺ-കുമരകം, വയനാട്, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്കാണ് യാത്ര. മൂന്നാറിൽ 12 വർഷത്തിലൊരിക്കൽ പൂക്കൂന്ന നീലക്കുറുഞ്ഞി കാണാൻ അവസരം ലഭിക്കും. ഒക്ടോബർ 22ന് രാവിലെ പുറപ്പെട്ട് 25ന് രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് മൂന്നാർ പാക്കേജ്. നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രയ്ക്ക് ഒക്ടോബർ 23ന് രാവിലെ പുറപ്പെട്ട് 24ന് രാവിലെ തിരിച്ചെത്തും. ഒരാൾക്ക് 3850 രൂപയാണ് നൽകേണ്ടത്.
3900 രൂപയ്ക്കാണ് വാഗമൺ-കുമരകം ടൂർ പാക്കേജ്. 22ന് രാത്രി ഏഴിന് പുറപ്പെട്ട് 25ന് രാവിലെ തിരിച്ചെത്തും. വയനാട്ടിലെ തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര് പൈതൃകഗ്രാമം, ലക്കിടി വ്യൂ പോയിന്റ്, വാണി മ്യൂസിയം, പൂക്കോട് തടാകം എന്നിവിടങ്ങളിലേക്ക് നാല് നേരത്തെ ഭക്ഷണവും എൻട്രൻസ് ഫീയും ഉൾപ്പെടെ 1180 രൂപയാണ് ഈടാക്കുക. പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്ക് ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും സ്‌നാക്‌സും എൻട്രൻസ് ഫീയും ഉൾപ്പെടെ 750 രൂപയാണ് നൽകേണ്ടത് .
കണ്ണൂർ ഡി ടി ഒ മനോജ്, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ സജിത്ത് സദാനന്ദൻ, ടൂർ കോ ഓർഡിനേറ്റർ ഇൻസ്പെക്ടർ കെ ജെ റോയി, ഡിപ്പോ കോ ഓർഡിനേറ്റർ കെ ആർ തൻസീർ, കമേഴ്‌സ്യൽ മാനേജർ എംപ്രകാശൻ എന്നിവരാണ് കണ്ണൂർ കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്ലിനെ നിയന്ത്രിക്കുന്നത്. കടക്കെണിയിൽ നിന്നും കോർപ്പറേഷനെ കരകയറ്റുന്നതിനൊപ്പം ചെലവു കുറഞ്ഞ ടൂറിസം പോയിന്റുകൾ പരിചയപ്പെടുത്താനും സെല്ലിന് സാധ്യമാകുന്നുണ്ട്. ഫോൺ: 9496131288, 8089463675.

 ഫോക്കസ് ത്രീ: കണ്ണൂർ ജില്ലയിൽ 458 ബസുകൾക്കെതിരെ നടപടി, 3,09,250 രൂപ പിഴയീടാക്കി

ടൂറിസ്റ്റ്, സ്വകാര്യ ബസുകളിലെ നിയമ ലംഘനം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ നടത്തുന്ന പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിയിലായി. ഇതുവരെ 3,09,250 രൂപ പിഴയീടാക്കി. ഒക്ടോബർ ആറു മുതൽ 10 വരെയുള്ള അഞ്ചുദിവസത്തിനിടെ 458 ബസുകൾക്കെതിരെ നടപടിയെടുത്തു. വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശ പ്രകാരമാണ് ഫോക്കസ് ത്രീ എന്ന പേരിൽ വ്യാപക പരിശോധന നടത്തുന്നത്.
അനധികൃത ലൈറ്റുകൾ ഘടിപ്പിച്ച 122 ബസുകൾക്കെതിരെ നടപടിയെടുത്തു. 62 വാഹനങ്ങളിൽ എയർഹോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. നികുതി അടക്കാത്ത 32 ബസുകളും സ്പീഡ് ഗവർണർ ഒഴിവാക്കിയ ആറു ബസുകളും പിടികൂടി. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച നാലുപേർക്കെതിരെയും നടപടിയെടുത്തു. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഒൻപതുപേരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. കൂടാതെ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ, എയർ ഹോണുകൾ, ഡ്രൈവറുടെ കാഴ്ച മറിക്കുംവിധം കണ്ണാടികളിൽ തൂക്കിയിട്ട അലങ്കാര വസ്തുക്കൾ എന്നിവ ഉദ്യോഗസ്ഥർ അഴിച്ചുമാറ്റി. കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒയുടെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുന്നത്.

 ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തും;

ഇലക്ട്രിക് ബസ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. തുടർ ചർച്ചകൾക്കായി ഗോപിചന്ദ് ഹിന്ദൂജ ഡിസംബർ അവസാനം കേരളം സന്ദർശിക്കും. അതിനു മുന്നോടിയായ ചർച്ചകൾക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി.
അശോക് ലൈലൻറ് ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ഇപ്പോൾ കേന്ദ്രീകരിക്കുന്നുണ്ട്. കേരളത്തിൽ ഫാക്ടറി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് പ്രത്യേക സംഘത്തെ അയക്കാൻ നിശ്ചയിച്ചത്. അനുയോജ്യമായ സ്ഥലം ഉൾപ്പെടെ ഈ സംഘം സന്ദർശനം നടത്തി നിർദേശിക്കും. സൈബർ ക്രൈം നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഹിന്ദൂജ ഗ്രൂപ്പ് വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഐ ടി മാനവവിഭവശേഷി വിനിയോഗിക്കാൻ കഴിയുംവിധം കാമ്പസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം എന്നീ മേഖലകളിലും നിക്ഷേപ സാധ്യതകൾ പരിശോധിക്കും.
മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി രാജീവ്, നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ എം എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് , വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

കണ്ണൂർ ജവഹർ സ്റ്റേഡിയം സംരക്ഷണ സമിതിയായി

. സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന കൺവൻഷൻ സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ടിവി രാജേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, എസ്എൻ കോളേജ് പ്രിൻസിപ്പൾ പി അജയൻ, വിപി സനോജ്, വിപി പവിത്രൻ, എകെ നാസ്സർ, പിപി ബിനീഷ് തുടങ്ങിയവർ സംസാരിച്ചു. ഡോ പി അജയകുമാർ ചെയർമാനും ഒ കെ വിനീഷ് കൺവീനറുമായുള്ള സംരക്ഷണ സമിതി രൂപീകരിച്ചു. 13ന് ജവഹർ സ്റ്റേഡിയത്തിൽ നിന്ന് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും. സ്റ്റേഡിയം നവീകരണത്തിന് കിഫ്ബിയിൽ നിന്ന് 13 കോടി രൂപ അനുവദിച്ചെങ്കിലും സാങ്കേതികത്വം പറഞ്ഞ് ഇത് ഉപയോഗിക്കാൻ കോർപ്പറേഷൻ തയ്യാറായിട്ടില്ല.
ചലച്ചി്ത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രവും കുടുംബശ്രി ജില്ലാ മിഷനും സംഘടിപ്പിച്ച വുമൺ ഫെസ്റ്റിവലിൽ ഇന്ന് പന്ന്യന്നൂർ പഞ്ചായത്തിൽ പ്രദർശനം സംഘടിപ്പിച്ചു. സിഡിഎസ് നേതൃത്വത്തിൽ നടന്ന പ്രദർശനം ജില്ലാ പഞ്ചായത്ത് മെമ്പർ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം വി ബീന, കെ ബിന്ദു, എസ് ശ്രീജ,സഎം സുജാത എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച നിശ്ചയം, ഫ്രീഡ് ഫൈറ്റ്, ബസന്തി, എന്താ കുഴപ്പം തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ചു. നാളെ കുറുമാത്തൂർ പഞ്ചായത്തിൽ പ്രദർശനം നടക്കും. ജില്ലയിലെ 81 സിഡിഎസുകൾ കേന്ദ്രീകരിച്ചാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്.

 

 

 

ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു

അഞ്ച് വര്‍ഷത്തിനിടെ ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 458 കോടി: മന്ത്രി കെ രാധാകൃഷ്ണന്‍

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ സംസ്ഥാന ഖജനാവില്‍നിന്ന് 458 കോടിയോളം രൂപ ക്ഷേത്രങ്ങള്‍ക്കും ദേവസ്വങ്ങള്‍ക്കും വേണ്ടി ചെലവഴിച്ചതായി പട്ടികജാതി-പട്ടികവര്‍ഗക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ക്ഷേത്രകലാ അക്കാദമിയുടെ 2021ലെ പുരസ്‌കാര വിതരണവും ക്ഷേത്രകലാസംഗമവും പഴയങ്ങാടി മണ്ടൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ക്ഷേത്ര കലകളെയും ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളുമെല്ലാം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയുളള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെ സംരക്ഷണത്തിനും ജീവനക്കാരുടെ താല്‍പര്യ സംരക്ഷണത്തിനും എല്ലാ കാര്യങ്ങളും ചെയ്യുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. ക്ഷേത്രങ്ങളില്‍നിന്ന് ഇങ്ങോട്ട് പണം എടുക്കുകയെന്നത് സര്‍ക്കാറിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാ ക്ലാസിക് കലകളും സംഗീതവുമുണ്ടായത് മനുഷ്യന്റെ അധ്വാനത്തില്‍ നിന്നാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യന്റെ ഇച്ഛാശക്തിയാണ് കലയെയും സംഗീതത്തെയും വളര്‍ത്തിയത്. ക്ഷേത്രങ്ങള്‍ പോലും ഇന്ന് കാണുന്ന അവസ്ഥയിലേക്കെത്തിയത് മനുഷ്യന്റെ ഇച്ഛാശക്തി കൊണ്ടാണ്. കലകള്‍ ക്ഷേത്രത്തിന്റെ മതിലുകള്‍ക്കുള്ളില്‍ കുടുങ്ങിയിരുന്നുവെങ്കില്‍ അവ വളരില്ലായിരുന്നു. ഏത് കലയും ജനകീയവത്കരിക്കുമ്പോഴേ നിലനില്‍പുണ്ടാവൂ. ഗുരുവായൂര്‍ ക്ഷേത്രം ഇന്ന് അറിയപ്പെടാന്‍ കാരണം എല്ലാവര്‍ക്കും വേണ്ടി തുറന്നുകൊടുത്തതുകൊണ്ടാണ്. പാവപ്പെട്ടവരുടെ ക്ഷേത്രപ്രവേശനത്തിന് പിന്നില്‍ നടന്ന സമരങ്ങളുടെ ഓര്‍മകള്‍ നമുക്കുണ്ടാവണം. എല്ലാവര്‍ക്കും പ്രവേശനം ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ ക്ഷേത്രങ്ങളെല്ലാം അസ്തമിച്ചുപോവുമായിരുന്നു.
ക്ഷേത്രകലാ അക്കാദമിക്ക് ആസ്ഥാന മന്ദിരത്തിന് 50 സെന്റ് സ്ഥലം അനുവദിച്ചുനല്‍കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. അവിടെ ക്ഷേത്രകലാക്കാദമിയുടെ ആസ്ഥാനം പടുത്തുയര്‍ത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
2021ലെ ക്ഷേത്രകലാശ്രീ പുരസ്‌കാരം വാദ്യകലാകാരന്‍ പെരുവനം കുട്ടന്‍ മാരാര്‍ക്കും ക്ഷേത്രകലാ ഫെലോഷിപ്പ് നാട്യാചാര്യ ഗുരു എന്‍ വി കൃഷ്ണനും മന്ത്രി സമ്മാനിച്ചു. സംസ്ഥാനത്തെ 23 കലാകാരന്‍മാര്‍ക്ക് ക്ഷേത്രകലാ പുരസ്‌കാരങ്ങളും ഏഴ് പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരങ്ങളും നാല് പേര്‍ക്ക് യുവപ്രതിഭാ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് 25,001 രൂപയും ക്ഷേത്രകലാ ഫെലോഷിപ്പിന് 15,001 രൂപയും മറ്റ് പുരസ്‌കാരങ്ങള്‍ക്ക് 7500 രൂപയുമാണ് സമ്മാനത്തുക. പ്രശസ്തി പത്രവും ശില്‍പവും സമ്മാനിച്ചു.
എം വിജിന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുന്‍ എംഎല്‍എ ടി വി രാജേഷ് എന്നിവര്‍ മുഖ്യാതിഥികളായി. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ പി മനോജ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ കെ എച്ച് സുബ്രഹ്മണ്യന്‍, സെക്രട്ടറി കൃഷ്ണന്‍ നടുവിലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം ശ്രീധരന്‍, പി ഗോവിന്ദന്‍, ടി സുലജ, എ പ്രാര്‍ഥന, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, ബ്ലോക്ക് പഞ്ചായത്തംഗം കെ എം ശോഭ, വാര്‍ഡ് മെംബര്‍മാാരായ യു രാധ, എം ടി സബിത, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം എം വി ജനാര്‍ദനന്‍, ബോര്‍ഡ് തലശ്ശേരി ഏരിയ ചെയര്‍മാന്‍ ടി കെ സുധി, കേരള ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍, കെ പത്മനാഭന്‍, സിഎം വേണുഗോപാലന്‍, എ ബൈജു. പി പി ദാമോദരന്‍, എം വി രവി, എന്‍ വി ബൈജു, ഗോവിന്ദന്‍ കണ്ണപുരം, ചെറുതാഴം ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാവിലെ സോപാന സംഗീതത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വിവിധ ക്ഷേത്രകലകളുടെ സംഗമവും അരങ്ങേറി.ക്ഷേത്രകലാ സംഗമത്തില്‍ താരമായത് ഭിന്നശേഷി കലാകാരന്‍മാര്‍

താളം വിടാതെ അവര്‍ കൊട്ടിക്കയറിയത് ഹൃദയത്തിലേക്ക്...ഇരു കൈയ്യിലും ചെണ്ടക്കോല് മാറിയെടുത്ത് ചെമ്പടമേളത്തില്‍ കൊട്ടിക്കയറിയ ഒമ്പത് വയസ്സുകാരന്‍ പി ടി ശബരീനാഥ് സംസ്ഥാന ക്ഷേത്ര കലാ അക്കാദമി അവാര്‍ഡ് ദാനച്ചടങ്ങിലെ താരമായി. ശബരീനാഥ് ഉള്‍പ്പെടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഏഴ് വിദ്യാര്‍ഥികളാണ് ചെണ്ടമേളത്തില്‍ വിസ്മയം തീര്‍ത്തത്. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനാണ് ശബരി. ക്ഷേത്ര കലാ അക്കാദമിയുടെയും മാടായി ബിആര്‍സിയുടെയും നേതൃത്വത്തില്‍ പരിശീലനം നേടിയവരാണ് ഈ വാദ്യകലാകാരന്മാര്‍. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനും മേളപ്രമാണി പെരുവനം കുട്ടന്‍മാരാരും വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.
പ്രമുഖ ചെണ്ടവാദ്യകലാകാരന്‍ വിജിന്‍ കാന്ത് വയലപ്രയുടെ ശിക്ഷണത്തിലാണ് ഇവര്‍ അസുരവാദ്യത്തെ വരുതിയിലാക്കിയത്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരും പഠനത്തിലും സംസാരത്തിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. മുഹമ്മദ് അബ്ഷീര്‍, എസ് സനൂജ്, പി വി അനന്തു, വി നിഖില്‍, എം പി പ്രജിത്, കെ വി വിഷ്ണു, പി ടി ശബരീനാഥ് എന്നിവരാണ് സംഘത്തില്‍. 60 ഓളം ക്ലാസുകളിലൂടെയാണ് പരിശീലനം നല്‍കിയത്. 2018ല്‍ പരിശീലനം നേടിയ സംഘം നിരവധി വേദികളില്‍ ചെണ്ടമേളം അവതരിപ്പിച്ചിട്ടുണ്ട്.
മണ്ടൂരില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ പ്രമുഖ കലാകാരന്മാരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. അക്കാദമി വിദ്യാര്‍ഥികളുടെ സ്വാഗത നൃത്തത്തോടെ ആരംഭിച്ച പരിപാടിയില്‍ പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളം, ചെറുതാഴം ചന്ദ്രനും സംഘവും ചേര്‍ന്നവതരിപ്പിച്ച പഞ്ചവാദ്യം, കുമ്പള പാര്‍ത്ഥി സുബ്ബ യക്ഷഗാന കലാക്ഷേത്രയുടെ യക്ഷഗാനം, ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൃഷ്ണനാട്ടം, എളവൂര്‍ അനിലിന്റെ ചാക്യാര്‍കൂത്ത്, സോപാന സംഗീതം, അക്കാദമി വിദ്യാര്‍ഥികളുടെ ഓട്ടന്‍തുള്ളല്‍ എന്നിവയും അരങ്ങേറി.
 

 

പോപ്പുലർ ഫ്രണ്ട്‌ ഹര്‍ത്താല്‍ അക്രമം; ഇതുവരെ 361 കേസുകള്‍, ഇന്ന് അറസ്റ്റിലായത് 18 പേര്‍

 

തിരുവനന്തപുരം > പോപ്പുലർ ഫ്രണ്ട്‌ ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 18 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2608 ആയി. ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്‌തു.

 

വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ.

തിരുവനന്തപുരം സിറ്റി –- 25, 70
തിരുവനന്തപുരം റൂറൽ  – 25, 201
കൊല്ലം സിറ്റി – 27, 198
കൊല്ലം റൂറൽ – 15, 171
പത്തനംതിട്ട – 18, 143
ആലപ്പുഴ – 16, 159
കോട്ടയം – 27, 411
ഇടുക്കി – 4, 54
എറണാകുളം സിറ്റി – 8, 95
എറണാകുളം റൂറൽ – 18, 101
തൃശൂർ സിറ്റി – 13, 27
തൃശൂർ റൂറൽ – 28, 51
പാലക്കാട് – 7, 94
മലപ്പുറം – 34, 283
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറൽ – 29, 119
വയനാട് – 07, 117
കണ്ണൂർ സിറ്റി  –  26, 126
കണ്ണൂർ റൂറൽ – 10, 32
കാസർഗോഡ് – 6, 63
സമ്പൂർണ്ണ ദേശിയ പാതാ വികസനം 2025 ഓടെ

തലശ്ശേരി മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കും:  മന്ത്രി പി എ മുഹമ്മദ് റിയാസ്


 തലശ്ശേരി മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊടുവള്ളി ബാലത്ത് ,മുഴപ്പിലങ്ങാട് ,താഴെചൊവ്വ എന്നിവിടങ്ങളിൽ ' ബൈപ്പാസ് നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭൂമിയേറ്റടുക്കുന്നത് മുതൽ ദേശീയപാതാ വികസനത്തിനായി ഫലപ്രദമായ ഇടപെടാലാണ് സംസ്ഥാന സർക്കാർ നടത്തിയത്. 5580 കോടി രൂപയാണ് ഭൂമിയേറ്റടുക്കാൻ വിനിയോഗിച്ചത്. രണ്ടാഴ്ചയിലൊരിക്കൽ ദേശീയപാതാ വികസന പ്രവൃത്തികൾ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.ജില്ലാതല പരിശോധന വേറെ നടത്തും.മുഖ്യമന്ത്രിയും പരിശോധനയിൽ പങ്കെടുക്കും. വടകര മുതൽ കണ്ണൂർ ജില്ലയിലാകെ നിയമസഭാ മണ്ഡല അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.2024 ഓടെ കണ്ണൂർ ജില്ലയിലെ ദേശീയപാതാ വികസന പ്രവർത്തികൾ പരിപൂർണ്ണമായും പൂർത്തിയാക്കാൻ കഴിയും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ 6 വരി പാത വികസനം 2025 ഓടെ പൂർത്തീകരിക്കും. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു 'ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് റെയിൽവെ അധികൃതരുമായി പ്രത്യേക ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഫീൽഡ് വിസിറ്റ് സംബന്ധിച്ച് സൂപ്രണ്ടിംഗ് എഞ്ചിനിയർമാർ രേഖാമൂലം മന്ത്രിയെ അറിയിക്കേണ്ടതുണ്ട്. മാസത്തിൽ ഒരിക്കൽ സൂപ്രണ്ടിംഗ് എഞ്ചിനിയർമാർ റോഡിലൂടെ സഞ്ചരിച്ച് പരിശോധന നടത്തണം. ഉദ്യോഗസ്ഥരെ മോണിറ്റർ ചെയ്യാൻ ഉദ്യോഗസ്ഥ തലത്തിൽ സംവിധാനമൊരുക്കും മന്ത്രി അറിയിച്ചു.
.പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എൻ എച്ച് എഐറീജിയണൽ ഓഫീസർ ബി എൽ മീണ, പ്രൊജക്ട് ഡയരക്ടർ അഭിഷേക് തോമസ് വർഗ്ഗീസ്, മറ്റ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ മന്ത്രിയെ അനുഗമിച്ചുതട്ടുകടയിൽ നിന്ന് ചായയും പഴംപൊരിയും; മന്ത്രിയോടൊപ്പം കേരളത്തിൻ്റെ നാടൻ രുചി അറിഞ്ഞ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ.

കണ്ണൂർ ജില്ലയിലെ ദേശീയപാത വികസന പ്രവർത്തനത്തിൻ്റെ പുരോഗതി പരിശോധിക്കുന്നതിനിടയിൽ മന്ത്രി മുഹമ്മദ് റിയാസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും തട്ടുകടയിൽ കയറി ചായയും പഴംപൊരിയും കഴിച്ചത് കണ്ട് നിന്നവർക്കും കൗതുകമായി.

കേരളത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരാണ്  ദേശീയപാത വികസന അതോറിറ്റിയുടെ ചുമതലയിൽ ഉള്ളത്. ബനാന ഫ്രൈ എന്ന് പ്രത്യേകം പറഞ്ഞു പരിചയപ്പെടുത്തിയാണ് മന്ത്രി അവർക്ക് പഴം പൊരി എടുത്ത് കൊടുത്തത്.

ദേശീയപാത വികസന പ്രവർത്തനത്തിൻ്റെ പുരോഗതി പരിശോധിക്കുമ്പോഴും നമ്മുടെ നാടൻ  രുചികൾ കേരളത്തിന് പുറത്തുള്ളവർക്ക് പരിചയപ്പെടുത്തി ടൂറിസം വകുപ്പിൻ്റെ ചുമതല കൂടി നിർവ്വഹിക്കുകയാണ് മന്ത്രി. കോഴിക്കോട് ജില്ലയിലെ വടകര മുതൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ വരെയുള്ള ദേശീയപാത വികസന പ്രവർത്തനത്തിൻ്റെ പുരോഗതിയാണ് മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിച്ചത് .
 

തിരുവനന്തപുരം > ടൂറിസ്‌റ്റ്‌ ബസുകൾക്ക്‌ ചൊവ്വാഴ്‌ച മുതൽ ഏകീകൃത കളർകോഡ്‌ നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. ജൂണിലാണ്‌ ഏകീകൃതനിറം നിലവിൽവന്നത്‌. വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്‌റ്റ്‌ ബസിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിൽ(ഇസിയു) അനധികൃതമായി മാറ്റം വരുത്തിയതായി മോട്ടോർ കണ്ടെത്തിയിട്ടുണ്ട്‌.

 

ഇതിന് കൂട്ടുനിന്ന വാഹന ഡീലർ, വർക്ക്ഷോപ്പ് ജീവനക്കാർ എന്നിവരിൽ ആരാണെന്ന്‌ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കുന്നതിന്‌ പൊലീസിൽ പരാതി നൽകാൻ പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒയെ ചുമതലപ്പെടുത്തി. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള പരിശോധന തുടരും.

വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയിൽനിന്നും ഒരു രൂപമാറ്റത്തിന് 10,000 രൂപ വീതമായി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവരും പങ്കെടുത്തു.

 

 

പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ അച്യുതന്‍ അന്തരിച്ചു

 

കോഴിക്കോട്>  കേരള  ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍  സംസ്ഥാന പ്രസിഡന്റും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന ബിലാത്തിക്കുളം അമൂല്യത്തില്‍ ഡോ.എ അച്യുതന്‍ (91)  അന്തരിച്ചു.  വാര്‍ധക്യസഹജമായ അസുഖം മൂലം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ തിങ്കള്‍ പകല്‍ 12നായിരുന്നു അന്ത്യം.
 
വിസ്‌കോണ്‍സ് സര്‍വകലാശാലയില്‍ നിന്ന്  സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് ഐഐടി യില്‍ നിന്ന് ഡോക്ടറേറ്റും നേടി. പൊതുമരാമത്ത് വകുപ്പിലും തൃശൂര്‍, തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജുകളിലും കോഴിക്കോട് റീജിയണല്‍ എഞ്ചിനിയറിങ് കോളേജിലും അധ്യാപകനായിരുന്നു. കലിക്കറ്റ്  സര്‍വകലാശാലയില്‍ ഡീന്‍, അക്കാദമിക് സ്റ്റാഫ്, കോളേജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

യുജിസി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് , കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡ് എന്നിവയുടെ വിദഗ്ദ സമിതികളിലും വിവിധ സര്‍വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫാക്കല്‍റ്റി, അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും അംഗമായിരുന്നു.

 പ്ലാച്ചിമട ജനകീയ അന്വേഷണ കമീഷന്‍, എന്‍ഡോസള്‍ഫാന്‍ അന്വേഷണ കമ്മീഷന്‍ തുടങ്ങിയവയില്‍ അംഗമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്രഗതി, ഒരേ ഒരു ഭൂമി  എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു .പത്ത് പുസ്തകങ്ങളും നൂറിലധികം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  
 
പരിസ്ഥിതിപഠനത്തിന് ഒരാമുഖം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: സുലോചന.  മക്കള്‍:  ഡോ. അരുണ്‍ (കാനഡയില്‍ വിഎല്‍എസ്‌ഐ ഡിസൈന്‍ എന്‍ജിനീയര്‍),  ഡോ. അനുപമ എ മഞ്ജുള (മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ പാത്തോളജി വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍). സഹോദരങ്ങള്‍:  സത്യഭാമ (തൃശൂര്‍), ഡോ. എ ഉണ്ണികൃഷ്ണന്‍ ( നാഷനല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രാഫി ലാബ് ഡയറക്ടര്‍).  

ടൂറിസ്‌റ്റ്‌ ബസുകൾക്ക്‌ നാളെമുതൽ കളർകോഡ്‌ നിർബന്ധം: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം > ടൂറിസ്‌റ്റ്‌ ബസുകൾക്ക്‌ ചൊവ്വാഴ്‌ച മുതൽ ഏകീകൃത കളർകോഡ്‌ നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. ജൂണിലാണ്‌ ഏകീകൃതനിറം നിലവിൽവന്നത്‌. വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്‌റ്റ്‌ ബസിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിൽ(ഇസിയു) അനധികൃതമായി മാറ്റം വരുത്തിയതായി മോട്ടോർ കണ്ടെത്തിയിട്ടുണ്ട്‌.

ഇതിന് കൂട്ടുനിന