വിജയകുമാര്‍ ബ്ലാത്തൂര്‍
നെയ്യപ്പം കാക്കകള്‍ കൊത്തി കൊണ്ട് പോവാതെ സൂക്ഷിക്കാന്‍ പറ്റാത്തത് അയ്യപ്പന്റെ കുഴപ്പവും അശ്രദ്ധയും കൊണ്ട് മാത്രമല്ല, കാക്കകള്‍ അത്രമേല്‍ സൂത്രശാലികളും സാമര്‍ത്ഥ്യക്കാരും ആയതു കൊണ്ടാണ്. തൊട്ടരികില്‍ വരെ വന്നിരിക്കാന്‍ കാക്കയെപ്പോലെ ധൈര്യമുള്ള ഏതു പക്ഷിയുണ്ട് നാട്ടില്‍?
തലയ്ക്ക് നല്ല മേട്ടം കൊടുത്ത് നായയെപ്പോലും ഓടിക്കും ഇവര്‍. കോര്‍വസ് ജീനസില്‍പ്പെട്ട ഈ പക്ഷി കുടുംബം മദ്ധ്യേഷ്യയില്‍ പരിണമിച്ച് ഉണ്ടായി പിന്നീട് ലോകം മുഴുവന്‍ പരന്നു. മനുഷ്യര്‍ കൂട്ടമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇവരില്‍ ചില സ്പീഷിസുകള്‍ അവര്‍ക്കൊപ്പം കൂടി. ശരീര വലിപ്പവുമായി തട്ടിക്കുമ്പോള്‍ ഏറെ വലിയ തലച്ചോറാണിവര്‍ക്കുള്ളത്. ബുദ്ധി ശക്തിയില്‍ ആള്‍ക്കുരങ്ങുകളോട് മത്സരിക്കും.
പേനക്കാക്ക, കാവതി കാക്ക, എന്നൊക്കെ വിളിപ്പേരുള്ള വീട്ടുകാക്ക (Corvsus plendens)
പേനക്കാക്ക, കാവതി കാക്ക, എന്നൊക്കെ വിളിപ്പേരുള്ള കഴുത്തും നെഞ്ചും ചാരനിറത്തിലുള്ള വീട്ടുകാക്ക (Corvsus plendens) ആണ് നമ്മുടെ നാട്ടിലെ പ്രധാന കാക്കയിനം. അവയേക്കാള്‍ അല്‍പ്പം വലിപ്പക്കൂടുതലുള്ള, മൊത്തം കടുംകറുപ്പ് നിറമുള്ള ബലിക്കാക്ക (Corvsu macrorhynchos culminatse) ആണ് രണ്ടാമത്തെ ഇനം. ഇരുവരും സാമൂഹ്യ ജീവിതം ഇഷ്ടപ്പെടുന്നവരാണ് . എന്തും തിന്നും, അഴുകിയ ശവം മുതല്‍ പുല്‍ച്ചാടി, മണ്ണിര, എലി, തവള, ഒച്ച്, മറ്റ് പക്ഷികളുടെ മുട്ട വരെ. ധാന്യങ്ങളും പഴങ്ങളും വിടില്ല. കൃഷിയിടങ്ങളില്‍ കാക്കകളെ പേടിപ്പിച്ചോടിക്കാന്‍ കോലങ്ങള്‍ കുത്തിവെയ്ക്കുന്ന രീതി വളരെ പണ്ട് മുതലേ ഉണ്ടായിരുന്നു. കപ്പല്‍ സഞ്ചാരങ്ങള്‍ ആരംഭിച്ചതോടെ ഭൂഖണ്ഡങ്ങള്‍ കടന്ന് എല്ലയിടങ്ങളിലും കാക്ക സ്പീഷിസുകള്‍ എത്തി. ഏതും തിന്ന് അതിജീവിക്കാനുള്ള കഴിവും സാമര്‍ത്ഥ്യവും ശത്രുക്കളുടെ കുറവും കൊണ്ട് കാക്ക എത്തിയ സ്ഥലത്തൊക്കെ സാമ്രാജ്യം സ്ഥാപിച്ചു. ശല്യക്കാരായാണ് പൊതുവെ കാക്കകളെ കണക്കാക്കുന്നതെങ്കിലും മാലിന്യങ്ങള്‍ കൊത്തി തിന്ന് വൃത്തിയാക്കുന്നതില്‍ ഇവര്‍ ഒന്നാം സ്ഥാനക്കാരാണ് . ആവശ്യം കഴിഞ്ഞുള്ള ഭക്ഷണം തന്ത്രപരമായി ഒളിവിടങ്ങളില്‍ സൂക്ഷിച്ചു വെക്കുന്ന ശീലമുണ്ട്. ദിവസവും കുളിച്ച്, തൂവലുകള്‍ കോതി വൃത്തിയാക്കി സുന്ദരരായി ജീവിക്കുമെങ്കിലും മനുഷ്യര്‍ക്കിടയില്‍ രോഗ സംക്രമണത്തിന് കാക്കകള്‍ കാരണക്കാരാകുന്നുണ്ട്.
ബലിക്കാക്ക (Corvsu macrorhynchos culminatse)
പത്ത് ചതുരശ്ര കിലോമീറ്ററോളം വിസ്താരത്തില്‍ ഇരതേടി സഞ്ചരിക്കുന്ന കാക്കക്കൂട്ടങ്ങളില്‍ ഇരുന്നൂറ് മുതല്‍ ആയിരക്കണക്കിന് വരെ അംഗങ്ങള്‍ ഉണ്ടാവും. അംഗങ്ങളെല്ലാം വൈകുന്നേരമാകുമ്പോള്‍ ഉയര്‍ന്ന ഒരു മരത്തിലോ മരക്കൂട്ടത്തിലോ ചേക്കേറാനായി പറന്നെത്തും. ചേക്കേറും മുമ്പ് തൊട്ടടുത്തുള്ള മരങ്ങളിലോ മൈതാനത്തോ കൂട്ടമായി വന്നിരുന്ന് ഒരു കശപിശ സമ്മേളനം ഉണ്ടാവും. എല്ലാവരും ഒന്നിച്ച് പ്രസംഗിക്കും. പിന്നെ സ്വിച്ചിട്ടപോലെ സമ്മേളനം പിരിച്ച് വിടും. ചേക്കേറിയാലും കുറേ നേരം കൂടി കശപിശ ശബ്ദം കേള്‍ക്കാം.. കൂടു കെട്ടുന്ന സമയത്ത് ഇവര്‍ ഏകാന്ത പ്രണയിനികളാകും. കൂട്ടത്തില്‍ നിന്ന് വിട്ട് തനിച്ചു കൂട് കെട്ടും. ഒരു മരത്തില്‍ ഒന്നിലധികം കൂടുകള്‍ ചിലപ്പോള്‍ കാണും. പെണ്‍കാക്കകള്‍ മൂന്നു വര്‍ഷം കൊണ്ടും ആണ്‍ കാക്കകള്‍ അഞ്ച് വര്‍ഷം കൊണ്ടും പ്രായപൂര്‍ത്തിയാകും. മുന്‍ വര്‍ഷം വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളും കൂടു കെട്ടാനും കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊണ്ടു കൊടുക്കാനും മാതാപിതാക്കളെ സഹായിക്കും. സന്താനോത്പാദന കാലം ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലമാണ്. മൂന്നു മുതല്‍ ഒന്‍പത് മുട്ടകള്‍ വരെ ഇടും. ഇരുപത് വര്‍ഷം വരെയാണ് കാക്കയുടെ ആയുസ്സ്.
ചെറിയോരു തലയിലെ വലിയോരു ബുദ്ധി
ദാഹിച്ച് അലയുന്ന കാക്ക കൂജയുടെ അടിത്തട്ടില്‍ ഇത്തിരി വെള്ളം കണ്ട്, ചരല്‍കല്ലുകള്‍ കൊത്തി അതിലിട്ട് ജലനിരപ്പുയര്‍ത്തി വെള്ളം കുടിച്ച് പറന്നുപോയ ഈസോപ്പ് കഥ കേള്‍ക്കാത്ത ആരുമുണ്ടാവില്ല. പക്ഷെ ഇത് വെറും ഗുണപാഠ കഥ മാത്രമല്ലെന്ന് 2009 ല്‍ എത്തോളജിസ്റ്റായ നിക്കോള ക്ലൈടണ്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചു. കൂടാതെ കാക്കകള്‍ ഉള്‍പ്പെട്ട കോര്‍വിഡ് കുടുംബത്തിലെ മറ്റ് പക്ഷികള്‍ക്കും ഈ ബുദ്ധി ശക്തിയുണ്ടെന്നും കണ്ടു. കാക്ക വെറും കിളിയല്ല എന്ന അറിവ് പണ്ടേ മനുഷ്യര്‍ക്ക് ഉണ്ടായിരുന്നു. കാക്കയുടെ തല ചെരിച്ചുള്ള കള്ളനോട്ടം നമ്മെ അസ്വസ്ഥപ്പെടുത്തും. വളരെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള സ്കില്ലും ഓര്‍മ്മ ശക്തിയും തലച്ചോറിലെ ഹിപ്പോകാമ്പസിന്റെയും അമിഗ്ഡലയുടെയും വികാസം വഴി ആര്‍ജ്ജിച്ചതാണ്. പല സംസ്കാരങ്ങളിലും കാക്ക പരേതാത്മാക്കളുമ്മായി ബന്ധപ്പെട്ട ജീവിയാണ്. നമ്മുടെ നാട്ടിലും ബലിക്കാക്കകള്‍ മരിച്ച് പോയ കാരണവ·ാരുടെയും പിതൃക്കളുടെയും ആത്മാണെന്ന് വിശ്വസിച്ച് അവര്‍ക്ക് ചോറു നല്‍കുന്ന ചടങ്ങ് ഇപ്പോഴും ഉണ്ട്. മരണത്തിന്റെയും അപശകുനത്തിന്റെയും ചിഹ്നമായി കഥകളികളിലും സിനിമകളിലും കാക്കകള്‍ വന്നുകൊണ്ടിരിക്കും.
കാലഡോണിയന്‍ കാക്ക ന്യൂ കാലഡോണിയയില്‍ ഉള്ള കാക്കകള്‍
തെക്ക് പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ന്യൂ കാലഡോണിയയില്‍ ഉള്ള കാക്കകള്‍ (Corvsu moneduloidse) ആണ് പക്ഷികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടിയ ബുദ്ധിശക്തി പ്രകടിപ്പിക്കുന്നതായി പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളത്. മരംകൊത്തികള്‍ ഇല്ലാത്ത ആ ദ്വീപില്‍ മരപ്പൊത്തുകളിലെയും വിള്ളലുകളിലെയും പ്രാണികളേയും പുഴുക്കളേയും ഈ കാക്കകളാണ് ഭക്ഷണമാക്കുന്നത്. ഇലകള്‍ അടര്‍ത്തി ചില്ലക്കമ്പുകള്‍ മുറിച്ച് കുത്തിയെടുക്കാനുള്ള ഉപകരണം ഉണ്ടാക്കും ഈ കാക്കകള്‍. നീളന്‍ കമ്പുകള്‍ കടിച്ച്പിടിച്ച് അവ കൊണ്ട് കുത്തിയിളക്കി അതില്‍ പിടിപ്പിച്ച് പ്രാണികളെ വലിച്ചെടുത്ത് ശാപ്പിടും. കൂടാതെ ചെറിയ കമ്പുകളെ ഒടിച്ചെടുത്ത് കൊക്കപോലെ ഉപകരണം ഉണ്ടാക്കി അതുപയോഗിച്ച് കൊളുത്തി ചിള്ളിയെടുക്കാനും ഇവര്‍ക്ക് സാധിക്കും. മനുഷ്യരെ കൂടാതെ ആള്‍ക്കുരങ്ങുകളും ആനകളും മാത്രമാണ് ഇത്രയും വിദഗ്ദമായ ഉപകരണങ്ങള്‍ ഭാവന ചെയ്ത് ഉണ്ടാക്കാന്‍ കഴുവുള്ളവര്‍. പരിണാമ ഘട്ടങ്ങളില്‍ ജീവികളിലെ ബുദ്ധി വികാസവും ഉപകരണങ്ങളുടെ കണ്ടെത്തലും നിരമ്മാണവും തമ്മിലുള്ള ബന്ധത്തെപറ്റി പഠിക്കാന്‍ ഈ കാക്കകളെയാണ് ശാസ്ത്രലോകം ഇപ്പോള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. വന്യതയില്‍ അവര്‍ക്ക് പരിചിതമല്ലാത്ത ലോഹ കമ്പികള്‍ നല്‍കിയപ്പോള്‍ അവ വളച്ച് കൊക്കകളുണ്ടാക്കി ആഴമുള്ള പാത്രത്തിന്റെ അടിയിലുള്ള മാംസക്കഷണം കൊളുത്തിയെടുക്കുന്നതായി കണ്ടു.
ഒരു ഉപകരണം ഉപയോഗിച്ച് മറ്റൊന്നുണ്ടാക്കി അതുപയോഗിച്ച് തീറ്റ സമ്പാധിക്കുന്ന കൂടുതല്‍ സങ്കീര്‍ണ്ണമായ ‘മെറ്റാþ ടൂള്‍‘ രീതിയും ഇവ വിജയകരമായി ചെയ്യുന്ന പരീക്ഷണം കണ്ടാല്‍ നമ്മള്‍ അമ്പരന്നു പോകും.. ഇടുങ്ങിയ ഗ്ലാസ് പാളികള്‍ക്കിടയില്‍ മാംസക്കഷണം വെച്ചിട്ടുണ്ടാകും.. ഒരു കമ്പിക്കൂടിനുള്ളില്‍ നീളമുള്ള ഒരു ചുള്ളിക്കമ്പും വേറൊരിടത്ത് കയറില്‍ ഞാഴ്തിയ ചെറിയ കമ്പും സ്ഥാപിച്ചു. കാക്ക എല്ലാം ഒരുപ്രാവശ്യം നോക്കിയ ശേഷം ചെറിയ കമ്പ് അഴിച്ചെടുത്ത് അതുപയോഗിച്ച് വലിയകമ്പ് കൂടില്‍ നിന്നും ചിള്ളിയെടുത്ത്, ആ നീളന്‍ കമ്പുകൊണ്ട് ഇറച്ചിക്കഷണം എടുത്ത് കഴിച്ചു. ചെറിയ കമ്പ് കൊണ്ട് ഇറച്ചിക്കഷണം കിട്ടില്ല എന്ന അറിവ് ട്രയല്‍ ആന്റ് ഏറര്‍ രീതിയിലല്ലാതെ എത്രവേഗം കക്ക തീരുമാനിച്ചു എന്നത് ശരിക്കും അതുഭുതാവഹമാണ്. കൂടാതെ കൊത്തിപ്പൊട്ടിക്കാന്‍ വിഷമമുള്ള വാല്‍നട്ട് പോലുള്ളവ ടാര്‍ റോഡിലേക്ക് കൃത്യമായ ഉയരത്തില്‍ നിന്ന് ഇട്ട് പൊട്ടിച്ച് (അധികം ഉയരത്തില്‍ നിന്ന് ഇട്ടാല്‍ എല്ലാം ചിതറിപ്പോകും എന്നവര്‍ക്ക് അറിയാം) കൊത്തി തിന്നാന്‍ അവര്‍ക്കറിയാം. ട്രാഫിക്ക് ജംഗ്ഷണുകളില്‍ കൃത്യമായി റെഡ് സിഗ്നല്‍ വരുന്നതിനനുസരിച്ച് റോഡില്‍ കുരുക്കള്‍ ഇട്ട് വാഹനങ്ങള്‍ കയറി ഇറങ്ങുന്നത് വഴി പൊട്ടിച്ച് കഴിക്കുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഞ്ച് വരെ അക്കം ഓര്‍മ്മിക്കാനും എണ്ണാനും ഇവര്‍ക്ക് കഴിയും.
കാക്കനോട്ടം
കാക്കയുടെ ചെരിഞ്ഞ് നോട്ടം വളരെ പ്രശസ്തമാണ്. കാക്കയ്ക്ക് ഒരു കണ്ണ് കണ്ടു കൂട, അതുകൊണ്ടാണ് ഇവ അങ്ങിനെ നോക്കുന്നത് എന്നാണ് വിശ്വാസം. ശ്രീരാമന്‍ ചിത്രകൂടത്തില്‍ സീതാദേവിയുടെ മടിയില്‍ തലവെച്ച് ഉറങ്ങുമ്പോള്‍ ഇന്ദ്രപുത്രനായ ജയന്തന്‍ കാക്കയുടെ രൂപത്തില്‍ വന്ന് സീതയെ കൊത്തി മുറിവേല്‍പ്പിച്ചത്രെ! ഉറക്കം കഴിഞ്ഞുണര്‍ന്ന ശ്രീരാമന്‍ ചോരയൊലിച്ചു നില്‍ക്കുന്ന സീതയെ കണ്ടു കാര്യം മനസിലാക്കി. തൊട്ടടുത്തൂള്ള പുല്ലു പറിച്ച് കാക്കയുടെ നേരെ എറിഞ്ഞപ്പോള്‍ കണ്ണില്‍ തറച്ച് ഒരുഭാഗത്തെ കാഴ്ചപോയെന്നാണ് കെട്ടുകഥ. “വല്ലഭന് പുല്ലും ആയുധം“ എന്ന ഭാഷാപ്രയോഗം നിലവില്‍ വന്നത് ഈ കഥയില്‍ നിന്നാണ്. വളരെ സൂക്ഷ്മമായും ശ്രദ്ധയോടെയും പരിസരം നിരീക്ഷിക്കുന്ന ശീലക്കാരാണ് കാക്കകള്‍. കാഴ്ചകളെയും വ്യക്തികളെയും ഓര്‍ത്തു വെക്കുന്നതില്‍ കാക്കകള്‍ അസാമാന്യ കഴിവുള്ളവരാണ്. ആളുകളൂടെ മുഖം ഇവ എങ്ങനെ ഇത്ര കൃത്യമായി ഓര്‍ത്തു വെക്കുന്നു എന്ന കാര്യത്തെക്കുറിച്ച് അറിയാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂട്ടത്തിലാര്‍ക്കെങ്കിലും ദുരനുഭവം ഉണ്ടായാല്‍ സംഘാംഗങ്ങളൊക്കെയും കൂടിച്ചേര്‍ന്ന് അനുതാപവും ആശങ്കയും ദേഷ്യവും പ്രകടിപ്പിക്കും. ആയുസ് കാലമത്രയും ആ അനുഭവവും സ്ഥലവും അവ ഓര്‍ത്തു വെക്കും 250 വ്യത്യസ്ഥ തരം കരച്ചില്‍ ശംബദങ്ങളിലൂടെ ആശയ കൈമാറ്റം ഇവ വളരെ സ്പഷ്ടമായി നടത്തുന്നുണ്ട്. കൂട്ടത്തിലെ മറ്റ് അംഗങ്ങളോട്ട് ഉയര്‍ന്ന ഒച്ചയിലും കുടുംബാംഗങ്ങളോട് താഴ്ന്ന ശബദത്തിലും ഇവ കാകാ ശബ്ദത്തിന്റെ വ്യത്യസ്ഥ സാദ്ധ്യതകള്‍ ഉപയോഗിക്കും. . അതിന്റെ കുഞ്ഞുങ്ങളെ അപായപ്പെടുത്തിയ ആളുകളെ എത്ര വലിയ ജനക്കൂട്ടത്തിനിടയില്‍ നിന്നും മുഖം കണ്ട് തിരിച്ചറിയാനും ആക്രമിക്കാനും ഇവയ്ക്ക് കഴിയും.
കാക്കേ കാക്കേ കൂടെവിടെ?
മഹാകവി ഉള്ളൂര്‍ എഴുതി പ്രശസ്തമാക്കിയ ‘കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ‘ എന്ന ചോദ്യപ്പാട്ട് നമ്മളെല്ലാവരും ചെറുപ്പത്തില്‍ പാടിപ്പഠിച്ചിട്ടുണ്ട്.. ഇവര്‍ മരക്കൊമ്പുകളില്‍ പലതരം വസ്തുക്കള്‍ കൊണ്ട് കൂടു കെട്ടും. ലഭ്യമായ എന്തും എന്നുവേണമെങ്കില്‍ പറയാം. ഇലക്ട്രിക്ക് വയറുകള്‍, നാരുകള്‍, ചുള്ളിക്കൊമ്പുകള്‍, എന്നിവയൊക്കെ ഉപയോഗിക്കും. ചാരനിറമുള്ള പുള്ളികളോടു കൂടിയ നീല നിറമുള്ള മനോഹര മുട്ടകളിണിവയുടേത് കൂടുണ്ടാക്കാന്‍ മടിച്ചിയായ കുയില്‍ തക്കം നോക്കി കാക്ക കൂട്ടില്‍ മുട്ടയിടും. ഒന്നുമറിയാതെ കാക്ക ആ മുട്ടയ്ക്ക് മേലെയും അടയിരുന്ന് വിരിയിക്കും. വിരിഞ്ഞിറങ്ങുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്ക് പറക്കമുറ്റിയാലും മാസങ്ങളോളം സ്നേഹവും കരുതലും പരിലാളനവും കാക്ക കുടുംബം നല്‍കും.
കാകതാലീയ ന്യായം
ചക്ക വീണ് മുയല്‍ ചത്തത് പോലെ യാദൃശ്ചികമായുണ്ടായ സംഭവങ്ങളെ പരസ്പരം ബന്ധിപ്പിച്ച് കാര്യകാരണങ്ങളായി പറയുന്ന സൂത്ര ന്യായമാണിത്. പനങ്കീഴില്‍ കാക്ക പാറിവന്നിരുന്നതും പനങ്കാക്ക (താലീയം) വീണതും ഒപ്പം സംഭവിച്ചതിനെ തമ്മില്‍ പരസ്പരം ഘടിപ്പിച്ച് പറയുന്ന ഒരു ന്യായമാണിത്. ഇതുപോലെ തന്നെ ‘കാകദന്തഗവേഷണ ന്യായം ‘ കൂടിയുണ്ട്. കാക്കക്ക് പല്ലില്ലാത്തതിനാല്‍ ഇല്ലാത്ത ഒരു സാധനത്തെയോ ,അസാദ്ധ്യമായ കാര്യത്തെയോ വൃഥാവില്‍ അന്വേഷിക്കുന്ന പരിപാടിയെയാണ് ഇങ്ങനെ പറയുക.