കേരളാ കോണ്‍ഗ്രസ് എം യുഡിഎഫില്‍ നിന്ന് പുറത്തായതല്ല, പുറത്താക്കിയതാണെന്ന് ജോസ് കെ. മാണി എംപി. മാണിസാറിന്റെ അന്ത്യത്തിന് ശേഷം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്ത്യം എന്നതായിരുന്നു പലരുടെയും ലക്ഷ്യം അത് വ്യക്തമാകുകയാണ് ഇപ്പോള്‍. കഴിഞ്ഞ 40 വര്‍ഷക്കാലം ഐക്യജനാധിപത്യ മുന്നണിയോടൊപ്പം ഉയര്‍ച്ചയിലും താഴ്ചയിലും വിജയത്തിലുല്ലൊം ഒരുമിച്ചുനിന്ന കേരളാ കോണ്‍ഗ്രസ് ഒരിക്കലും യുഡിഎഫിന്റെ നിലപാടിനെ ചതിച്ചിട്ടില്ല. ചതി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്‌കാരമല്ലായെന്നും ജോസ് കെ. മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ. മാണി.

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ ധാരണയും പാലിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ത്രിതല പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള എല്ലാ ധാരണയും പാലിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ കാര്യത്തില്‍ അപ്രകാരമാണ് ധാരണ പാലിച്ചത്. പാര്‍ട്ടിക്കകത്തുള്ള ധാരണയ്ക്ക് രൂപരേഖയുണ്ട്. പക്ഷേ വെറും രണ്ട് മാസത്തേക്ക് വേണ്ടി, ജില്ലാ പഞ്ചായത്ത് പദവിക്ക് വേണ്ടി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുറത്താക്കി. പടിയടച്ച് ഞങ്ങളെ പുറത്താക്കുകയാണ് ചെയ്തത്. യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞു.

 പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ പരാജയപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടുപോയി. വ്യക്തമായി രേഖ മുന്നണിക്ക് കൊടുത്തു. അവിടെയാണ് പി.ജെ. ജോസഫ് രാഷ്ട്രീയ വഞ്ചന നടത്തിയത്. മാണിസാറിന്റെ രോഗവിവരം പുറത്തുവന്നപ്പോള്‍ മുതല്‍ കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാന്‍ പി.ജെ.ജോസഫ് ശ്രമിക്കുന്നുണ്ട്. ഒരു തെറ്റും ചെയ്യാത്ത കേരളാ കോണ്‍ഗ്രസ് എമ്മിനെ ഒരു ധാരണയുണ്ടെന്ന് ചമഞ്ഞ് പുറത്താക്കി. അതിനു ശേഷം പറയുന്നു രാഷ്ട്രീയ വഞ്ചനയാണെന്ന്. അങ്ങനെയാണെങ്കില്‍ പാലായില്‍ നടന്നത് എന്ത് വഞ്ചനയാണെന്നും ജോസ് കെ. മാണി ചോദിച്ചു.

Most Read

  • Week

  • Month

  • All