തിരുവനന്തപുരം
കോൺഗ്രസിൽ നീറിപ്പുകയുകയായിരുന്ന ഗ്രൂപ്പ്‌ പോര്‌ പരസ്യ ഏറ്റുമുട്ടലിലേക്ക്‌ നീങ്ങിയതോടെ മുസ്ലിംലീഗ്‌ അടക്കമുള്ള ഘടക കക്ഷികളുടെ നെഞ്ചിടിപ്പ്‌ ഉയരാൻ തുടങ്ങി.  ആശങ്കയും നിരാശയും മുസ്ലിംലീഗ്‌ മറച്ചുവയ്‌ക്കുന്നില്ല.  കൂടിയാലോചനപോലും കൂടാതെ ബെന്നി ബഹനാനെ യുഡിഎഫ്‌ കൺവീനർ സ്ഥാനത്തുനിന്ന്‌ മാറ്റിയതിൽ ലീഗിനും ആർഎസ്‌പിക്കും എതിർപ്പുണ്ട്‌. 

താനറിയാതെ യുഡിഎഫിൽ ഇലയനങ്ങില്ലെന്ന്‌ കരുതിയിരുന്ന പി കെ കുഞ്ഞാലിക്കുട്ടി ഏറെ ക്രുദ്ധനാണ്‌. ജോസ്‌ കെ മാണി പക്ഷത്തെ തിരികെ എത്തിക്കാൻ നടത്തിയ ശ്രമം മനപ്പൂർവം വിഫലമാക്കിയെന്നാണ്‌ കുഞ്ഞാലിക്കുട്ടി കരുതുന്നത്‌. അതിനു പിന്നാലെയാണ്‌ എം എം ഹസ്സനെ കൺവീനറാക്കാൻ ഹൈക്കമാൻഡിന്‌ ശുപാർശ നൽകിയശേഷം ബെന്നി ബഹനാനോട്‌ രാജി ആവശ്യപ്പെട്ടത്‌. ജോസ്‌ കെ മാണിയുടെ കേരള കോൺഗ്രസിനെ യുഡിഎഫിൽനിന്ന്‌ പുറത്താക്കിയെന്ന്‌ ബെന്നി ബഹനാനെക്കൊണ്ട്‌ പരസ്യമായി പറയിപ്പിച്ചത്‌ രഹസ്യ അജൻഡയുടെ ഭാഗമാണെന്നാണ്‌ കുഞ്ഞാലിക്കുട്ടി കരുതുന്നത്‌. വി എം സുധീരനെ പുകച്ച്‌ പുറത്തുചാടിച്ചശേഷമാണ്‌ എം എം ഹസ്സനെ ഇടക്കാല കെപിസിസി അധ്യക്ഷനാക്കിയത്‌. ഇതിൽ അരിശമുള്ള വി എം സുധീരൻ വിഭാഗം ഇപ്പോഴും ഇടഞ്ഞുനിൽക്കുകയാണ്‌. ഹൈക്കമാൻഡിനു മുമ്പിൽ പരാതിയുമായി ടി എൻ പ്രതാപൻ ചെന്നത്‌ ഇതിന്‌ തെളിവാണ്‌.

 


 

 

എം എം ഹസ്സന്‌ പകരക്കാരനായി വന്ന മുല്ലപ്പള്ളി രാമചന്ദ്രൻ പരമ്പരാഗത ഗ്രൂപ്പുകൾക്കു പുറമെ സ്വന്തം ഗ്രൂപ്പ്‌ കരുപ്പിടിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. കെപിസിസി പുനഃസംഘടനയിലടക്കം ഈ ഗൂഢലക്ഷ്യം അദ്ദേഹം പുറത്തെടുത്തു. ഗ്രൂപ്പുകളുടെ ഭാഗമായി നിന്നവരുൾപ്പെടെ നിരവധി ഭാരവാഹികളെ മുല്ലപ്പള്ളി സ്വന്തംനിലയ്‌ക്ക്‌ കുത്തിത്തിരുകി. ഇതുകൂടാതെ ഹൈക്കമാൻഡിൽ പിടിയുള്ള കെ സി വേണുഗോപാലും അനുയായികളെ ഉൾപ്പെടുത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാർപോലും കാണാത്ത പട്ടികയാണ്‌ പുറത്തിറങ്ങിയത്‌.

പുനഃസംഘടനയ്‌ക്കെതിരായ എംപിമാരുടെ പരാതിയിൽ കഴമ്പുണ്ടെന്ന്‌ എഐസിസി നേതൃത്വം വിലയിരുത്തിയതോടെ കെപിസിസി നേതൃത്വം അങ്കലാപ്പിലാണ്‌. ഏതാനും പേരെക്കൂടി ഉൾപ്പെടുത്തി തർക്കംതീർക്കാനുള്ള ഫോർമുലയാണ് മുല്ലപ്പള്ളി മുന്നോട്ടുവയ്‌ക്കുന്നത്‌.

Most Read

  • Week

  • Month

  • All