ന്യൂഡൽഹി

ജില്ലാവികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ (ഡിഡിസി) ഗുപ്‌കാർ ജനകീയമുന്നണിക്കുണ്ടായ വൻവിജയം ജമ്മു കശ്‌മീരിലെ ജനങ്ങൾക്ക്‌ വേണ്ടത്‌ എന്തെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമാണെന്ന്‌ സിപിഐ എം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനപങ്കാളിത്തം കാണിക്കുന്നത്‌ തട്ടിപ്പറിച്ച ഭരണഘടനഅവകാശങ്ങൾ തിരിച്ചുകിട്ടാൻവേണ്ടി ജനത ജനാധിപത്യരീതിയിൽ പോരാടുമെന്നതിന്റെ കൃത്യമായ സൂചനയാണെന്നും ജമ്മു കശ്‌മീർ സംസ്ഥാനകമ്മിറ്റി ചൂണ്ടിക്കാട്ടി.
ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി ഏകപക്ഷീയമായി പിൻവലിച്ചത്‌ അവിടത്തെ ജനങ്ങൾ ശരിവച്ചെന്നരീതിയിൽ സംഘടിതമായ പ്രചാരണം നടത്തിയ ബിജെപി സർക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന ഫലമാണിത്‌. ജമ്മുവിൽ ബിജെപി വൻവിജയം നേടിയെന്ന തരത്തിൽ ധ്രുവീകരണ നീക്കം തുടങ്ങിയിട്ടുണ്ട്‌. എന്നാൽ, തെരഞ്ഞെടുപ്പ്‌ഫലം വിശകലനം ചെയ്‌താൽ ബിജെപിയുടെ അവകാശവാദം തെറ്റാണെന്ന്‌ വ്യക്തമാകും.
ജമ്മുവിൽ ഗുപ്‌കാർ സഖ്യവും പാന്തേഴ്‌സ്‌പാർടിയും കോൺഗ്രസും ബിഎസ്‌പിയും സ്വതന്ത്രരും നിരവധി സീറ്റുകൾ ജയിച്ചിട്ടുണ്ട്‌. അവർക്കെല്ലാം നല്ല വോട്ട്‌ വിഹിതവുമുണ്ട്‌. ഇത്‌ തമസ്‌കരിച്ചാണ്‌ ഫലങ്ങൾ വളച്ചൊടിച്ച്‌ ധ്രുവീകരണമുണ്ടാക്കാനുള്ള നീക്കം.
ആഗസ്‌തിൽ ജനാധിപത്യവിരുദ്ധമായി തട്ടിപ്പറിച്ച അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാണ്‌ ജമ്മു കശ്‌മീർ ജനതയുടെ താൽപ്പര്യം. ആ താൽപ്പര്യം പ്രതിഫലിപ്പിക്കുന്ന ജനവിധി അംഗീകരിക്കാൻ സർക്കാരും ബിജെപിയും തയ്യാറാകണം. തികച്ചും സമാധാനപരമായി തെരഞ്ഞെടുപ്പ്‌ പ്രക്രിയയിൽ പങ്കെടുത്ത എല്ലാ ജനങ്ങളെയും സിപിഐ എം അഭിനന്ദിച്ചു.

Most Read

  • Week

  • Month

  • All