പാലക്കാട് തൃത്താലയില്‍ തോല്‍വി സമ്മതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാം. അവസാന ലാപ്പിലാണ് എല്‍ഡിഎഫിന്റെ എം ബി രാജേഷ് മുന്നിലെത്തിയത്. തൃത്താലയില്‍ എം ബി രാജേഷ് ലീഡ് തിരിച്ചുപിടിച്ചിരുന്നു. 2571 വോട്ടിന്റെ ലീഡാണ് അദ്ദേഹത്തിനുള്ളത്.
‘തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍.’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.അതേസമയം എം ബി രാജേഷിന്റെ വിജയത്തെ കുറിച്ച് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറും ഫേസ്ബുക്കില്‍ കുറിച്ചു. ‘എന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം..പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍..’ എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
തൃത്താലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായാണ് യുഡിഎഫിന്റെ വി ടി ബല്‍റാമും എല്‍ഡിഎഫിന്റെ എം ബി രാജേഷും രംഗത്തെത്തിയിരുന്നത്. ആദ്യ ഘട്ടത്തില്‍ തന്നെ നേരിയ ലീഡിനാണ് വി ടി ബല്‍റാം മുന്നില്‍ നിന്നിരുന്നത്. പിന്നീട് അല്‍പ നേരത്തെക്ക് വി ടി ബല്‍റാമിനെ സംശയത്തിലാക്കി എം ബി രാജേഷ് 84 വോട്ടിന് ചെറിയ മുന്നേറ്റം നടത്തി. എന്നാല്‍ വീണ്ടും വി ടി ബല്‍റാം ലീഡ് നില തിരിച്ചുപിടിച്ചു. 997 വോട്ടായിരുന്നു അദ്ദേഹത്തിന്റെ ലീഡ് നില. എന്നാല്‍ വീണ്ടും എം ബി രാജേഷ് മുന്നേറുകയായിരുന്നു. വി ടി ബല്‍റാം രണ്ട് തവണ ജയിച്ചു കയറിയ മണ്ഡലമാണ് തൃത്താല.