പൊതുഗതാഗതത്തെ സംരക്ഷിക്കാനും യുവാക്കൾ തൊഴിൽസാധ്യത വർധിപ്പിക്കാനും കേരളം ആരംഭിച്ച ഇലക്‌ട്രിക്‌ ബസ്‌ പദ്ധതി(ഇ മൊബിലിറ്റി)  അട്ടിമറിക്കാൻ പ്രതിപക്ഷത്തിന്റെ പെടാപ്പാട്‌. അടിക്കടി നുണക്കഥകൾ മെനയുകയും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ ഇത്‌ തട്ടിവിടുകയുമാണ്‌ ടീമിന്റെ ഇപ്പോഴത്തെ പ്രധാനപണി. എന്നാൽ വിവാദം ക്ലച്ച്‌ പിടിക്കാത്തതിന്റെ നിരാശ പ്രതിപക്ഷനേതാവിന്റെ വാർത്താസമ്മേളനങ്ങളിൽ പ്രകടം. പദ്ധതിയുടെ കൺസൾട്ടൻസി ജോലികൾ നിർവഹിക്കുന്ന പ്രൈസ്‌ വാട്ടർഹൗസ്‌ കൂപ്പർ കമ്പനി (പിഡബ്‌ള്യുസി) സെക്രട്ടറിയറ്റിനുള്ളിൽ ഓഫീസ്‌ തുടങ്ങിയെന്നുവരെ സ്ഥലകാലഭ്രമം സംഭവിച്ചവരെപ്പോലെ ചെന്നിത്തലയ്‌ക്ക്‌ പറയേണ്ടിവരുന്നതും ഇങ്ങനെയാണ്‌.

നടപടികൾ സുതാര്യം
പ്രാഥമിക പ്രവർത്തനങ്ങൾക്കുള്ള അനുമതിക്കായി ഹെസ്സ്‌ സമർപ്പിച്ച കരട്‌ ധാരണപത്രം ഗതാഗത സെക്രട്ടറിയുടെ കുറിപ്പോടെ 2018 ഡിസംബർ 20ന്‌ സർക്കാരിന് നൽകി. ഫയലിൽ നിയമ, ധനകാര്യ വകുപ്പിന്റെയും അഭിപ്രായം തേടാൻ 2019 ജനുവരി 20ന്‌ മുഖ്യമന്ത്രി  ഉത്തരവിട്ടു. നടപടിക്രമമനുസരിച്ച്‌, ഈ വകുപ്പുകളുടെ അഭിപ്രായത്തോടെ ഗതാഗത മന്ത്രി, മുഖ്യമന്ത്രി എന്നിവർ കണ്ട ഫയൽ, മന്ത്രിസഭ അംഗീകാരിച്ചാൽ മാത്രമേ മുന്നോട്ടുപോകാനാകുകയുമുള്ളു.

മാർച്ച്‌ ഏഴിന്‌ നിയമ വകുപ്പ്‌ കരട്  ധരണാപത്രത്തിൽ അവശ്യം ഭേദഗതിയോടെ ഫയൽ ഗതാഗത വകുപ്പിന് നൽകി. ഇതിൽ ധന വകുപ്പ്‌ പരിശോധനയിൽ മുന്നുകാര്യം മുന്നോട്ടുവച്ചു. ധാരണപത്രം ഒപ്പിടുന്നതിനുമുമ്പ്‌ എല്ലാകാര്യങ്ങളിലും കെഎഎൽ വ്യക്തമായ വിശദീകരണമെന്നായിരുന്നു ആദ്യനിർദേശം. ബസ്‌ വാങ്ങാൻ ടെൻഡർ വേണം. ഇതിനുള്ള ഫണ്ടിന്റെ സ്രോതസ്സ് അറിയിക്കാനും ആവശ്യപ്പെട്ട്‌ ഗതാഗത വകുപ്പിന് ഫയൽ മടക്കി.

തുടർന്ന്‌, യോഗത്തിൽ വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ തീരുമാനിച്ചു. ബസ് പോർട്ടുകളും ലോജിസ്റ്റിക് പോർട്ടുകളും തയ്യാറാക്കാനുള്ള കൺസൾട്ടൻസികളെയും ക്ഷണിച്ചു. ഇതോടെ തിരുവനന്തപുരംമുതൽ ഏറണാകുളംവരെ പിഡബ്‌ള്യുസിയെയും കോട്ടയംമുതൽ മലപ്പുറംവരെ കെപിഎംജിയെയും വടക്കൻ ജില്ലകളിൽ ഏണസ്‌റ്റ്‌ ആൻഡ്‌ എങ്ങിനെയും പദ്ധതി രേഖാ തയ്യാറാക്കലിന്‌ ചുമതലപ്പെടുത്തി ഉത്തരവിറക്കുകയും ചെയ്‌തു. ഇലക്‌ട്രിക് ബസ് നിർമാണ ഇക്കോ സിസ്റ്റം നിർമിക്കുന്നതിന്‌ വിശദ പദ്ധതിരേഖ തയ്യാറാക്കലിനുള്ള പിഡബ്‌ള്യുസി നിർദേശം പരിശോധിക്കാനും തീരുമാനിച്ചു.

ഓഫീസ്‌ തുറക്കൽ ഫയലിൽ മാത്രം
വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട ഏജൻസികൾക്കായി സെക്രട്ടറിയറ്റിൽ ഒരു ഓഫീസ്‌ (വാല്യു മാനേജുമെന്റ്‌ ഓഫീസ്‌)  എന്ന നിർദേശം ഗതാഗത സെക്രട്ടറിയാണ്‌ മുന്നോട്ടുവച്ചത്‌. 2018 സെപ്‌തംബർ 27ന്‌ മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിർദേശത്തിൽ ഒരു ഏജൻസിയുടെയും പേരും പറഞ്ഞിരുന്നില്ല.  ഇതുവരെ ഫയലിൽ അന്തിമ തീരുമാനമായിട്ടില്ല. മന്ത്രിസഭായോഗവും പരിഗണിച്ചിട്ടില്ല.

കൺസൾട്ടൻസികൾ കേന്ദ്രത്തിന്റേത്‌
കേന്ദ്ര സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്‌സ്‌ സെന്ററിന്റെ ഉപകമ്പനിയായ നിക്‌സിയുടെ പട്ടികയിൽപ്പെട്ടിട്ടുള്ള കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക്‌ രാജ്യത്ത്‌ ഏത്‌ ജോലി ഏൽപ്പിക്കുന്നതിനും ടെൻഡർ നടപടികൾ പാലിക്കേണ്ടതില്ലെന്നാണ്‌ കേന്ദ്ര സർക്കാർ വ്യവസ്ഥ. നിക്‌സി നിർദേശിച്ച സ്ഥാപനങ്ങൾക്കാണ്‌ കൺസൾട്ടൻസി ചുമതല നൽകിയത്‌. ഹെസ്സ് കമ്പനിയുടെ കാര്യത്തിൽ - ധനവകുപ്പിന്റെ അഭിപ്രായത്തിനുശേഷം പുതിയ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. വിശദ പദ്ധതിരേഖ തയ്യാറാക്കിയാൽമാത്രമേ തുടർനടപടികൾക്കാകൂ. ഉതിന്‌ ഉത്തരവിറങ്ങിയതല്ലാതെ നടപടികളുണ്ടായിട്ടില്ല.

ഇ മൊബിലിറ്റി
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മൂവായിരം ഇലക്‌ട്രിക്‌ ബസ്‌ പുറത്തിറക്കാൻ ഉദ്ദ്യേശിച്ച്‌ കേരളം തുടങ്ങിയ പദ്ധതിയാണ്‌ ഇ മൊബിലിറ്റി. ആറായിരം കോടി രൂപയാണ്‌ പ്രതീക്ഷിത അടങ്കൽ. സ്വിറ്റ്സർലൻഡ്‌ കമ്പനി ഹെസ്സ് പദ്ധതിക്ക്‌ മുതൽമുടക്കാൻ താൽപ്പര്യപ്പെട്ട്‌ മുന്നോട്ട്‌ വന്നു. കെഎസ്‌ആർടിസി, കെൽ, കെഎഎൽ, കെൽട്രോൺ തുടങ്ങിയ സർക്കാർ കമ്പനികളുമായും ബസ് ബോഡി നിർമാണ മേഖലയിലെ സ്വകാര്യ കമ്പനികളുമായും പ്രാഥമിക ചർച്ചകളും നടത്തി. ഇറക്കുമതി ചെയ്യുന്ന ഒരു ഷാസി ഉപയോഗിച്ച്‌ കെഎഎല്ലിൽ ബസിന്റെ ബോഡി നിർമിച്ചിറക്കാൻ തീരുമാനിച്ചു. പരീക്ഷണം വിജയിച്ചാൽ വിപണനാടിസ്ഥാനത്തിൽ ഉൽപ്പാദനം നടത്തും.

Most Read

  • Week

  • Month

  • All