അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അനുകൂല നിലപാടുമായി യൂത്ത് കോൺഗ്രസ്. ക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് നിരവധി ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇന്ത്യൻ യൂത്ത് കോൺഗ്രസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കോൺഗ്രസ് എംഎൽഎയും വക്താവുമായ രൺദീപ് സിംഗ് സുർജേവാല, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരുടെയൊക്കെ പ്രസ്താവനകൾ പേജിൽ പങ്കുവച്ചിട്ടുണ്ട്

കാലങ്ങളായി രാജ്യത്ത് മാനവികത പടർത്താനുള്ള ചരടായി രാമൻ നിലകൊണ്ടിട്ടുണ്ട്. രാമദേവൻ ഒരു ആശ്രയവും സമർപ്പണവുമാണ്.’ ഒരു പോസ്റ്റിൽ യൂത്ത് കോൺഗ്രസ് പറയുന്നു. രാമൻ എല്ലാവർക്കും ഉള്ളതാണെന്നും ഗാന്ധി തൻ്റെ പ്രാർത്ഥനാ മന്ത്രത്തിൽ പോലും രാമനെയാണ് സ്മരിച്ചിരുന്നതെന്നും മറ്റൊരു പോസ്റ്റിൽ പറയുന്നു.

നേരത്തെ, രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. രാമൻ എല്ലാവർക്കുമൊപ്പം ഉണ്ടെന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പ്രിയങ്ക ഗാന്ധി കുറിച്ചു

“ധീരതയും ത്യാഗവും ലാളിത്യവും പരിത്യാഗവും സമർപ്പണവുമാണ് ദീനബന്ധു രാമൻ എന്ന പേരിൻ്റെ കാതൽ. രാമൻ എല്ലായിടത്തും എല്ലാവരിലും ഉണ്ട്. രാമദേവൻ്റെയും സീതാദേവിയുടെയും സന്ദേശവും അനുഗ്രഹവും കൊണ്ട്, ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്‌മയ്‌ക്കുമുള്ള അവസരമാണ്.”- പ്രിയങ്ക ഗാന്ധി കുറിച്ചു.

 

നാളെയാണ് രാമക്ഷേത്രത്തിൻ്റെ ഭൂമിപൂജ. ക്ഷേത്രത്തിൻ്റെ ശിലാസ്ഥാപനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിയ്ക്കും.ക്ഷേത്ര നിർമാണ ആരംഭ ചടങ്ങുകൾ അന്തർ ദേശീയ തലത്തിൽ തന്നെ വൻ ആഘോഷമാക്കാനാണ് രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ശ്രമം. സുരക്ഷാ മുന്നിറിയിപ്പുകളുടെ പശ്ചാത്തലത്തിലും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും കനത്ത സുരക്ഷയിലും ജാഗ്രതയിലുമാണ് ആണ് ചടങ്ങുകൾ നടക്കുക.

Most Read

  • Week

  • Month

  • All